news-details
മറ്റുലേഖനങ്ങൾ

ദാരിദ്ര്യാരാധനയോ ആന്തരിക നിസ്സംഗതയോ?

(1956ല്‍ സര്‍ദാര്‍ കെ. എം. പണിക്കര്‍ ശാന്തിനികേതനില്‍ നടത്തിയ പ്രസംഗത്തിന് മറുപടിയെന്ന നിലയില്‍ അതേവര്‍ഷംതന്നെ ജൂലൈ ലക്കം അസ്സീസിയില്‍ ഫാ. ബര്‍ക്കുമാന്‍സ് എഴുതിയ ലേഖനം)


ഏതാനും മാസങ്ങള്‍ക്കു മുന്‍പ് സര്‍ദാര്‍ കെ. എം. പണിക്കര്‍ ശാന്തിനികേതനില്‍ വച്ച് ചെയ്ത ഒരു പ്രസംഗറിപ്പോര്‍ട്ട് പത്രങ്ങളില്‍ കാണുകയുണ്ടായി. അതിലെ ഒരു പ്രസ്താവന ഏതാണ്ട് ഇപ്രകാരമായിരുന്നു.

"ലളിതജീവിതമെന്നും മറ്റും പറഞ്ഞ് ഭാരതീയരെ ദാരിദ്ര്യത്തിലും താഴ്ന്ന ജീവിതനിലവാരത്തിലും നിറുത്തിക്കൊണ്ടുപോകുന്നത് വെറും മൗഢ്യമാണ്. ലോകം ഭൗതികമായ നേട്ടങ്ങളില്‍ ഇരമ്പി മുന്നേറുമ്പോള്‍ ഭാരതീയര്‍ മാത്രം, സല്‍ഫലങ്ങളനുഭവിക്കാതെ പട്ടിണിയില്‍ കഴിഞ്ഞുകൂടണമെന്നോ? ഭൗതികസംസ്കാരത്തിന്‍റെ സുഭഗഫലങ്ങള്‍ നമ്മളും മറ്റു രാജ്യക്കാരെപ്പോലെ അനുഭവിക്കുകയാണു വേണ്ടത്. ഈ ലളിത ജീവിതത്തിന്‍റെ വേദാന്തം ഏതാണ്ട് ഒരു ദാരിദ്ര്യാരാധന (worship of povetry) ആയിത്തീര്‍ന്നിരിക്കുകയാണ്."

ഞാനിവിടെ ഉപയോഗിച്ചത് അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ പ്രത്യക്ഷപ്പെട്ട ആശയമെന്നല്ലാതെ അദ്ദേഹം ഉപയോഗിച്ച  അതേ വാക്കുകളല്ല.

ഫ്രാന്‍സിസ്കന്‍ ജീവിതമാര്‍ഗത്തിന്‍റെ അടിത്തറയെന്നു പറയത്തക്കവണ്ണം ഗാഢമായ ഒരു ആദര്‍ശമാണല്ലോ ദാരിദ്ര്യത്തിന്‍റെ വേദാന്തം. ഭാരതത്തിലെ ഒരു പ്രമുഖചിന്തകനും, നമ്മുടെ നാട്ടുകാരനുമായ സര്‍ദാര്‍ പണിക്കരുടെ ചിന്താര്‍ഹമായ ഈ പ്രസ്താവനയെ അസ്സീസിയുടെ കാഴ്ചപ്പാടിലൂടെ സാമാന്യമായി ഒന്നു നിരീക്ഷിക്കുവാനേ ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നുള്ളൂ.

സര്‍ദാറിന്‍റെ പ്രസ്താവനയില്‍ പ്രത്യക്ഷമായിക്കാണുന്ന ആശയം സദ്ദുദേശപരമെന്നൂഹിക്കുന്നതില്‍ തെറ്റില്ല. പട്ടിണികൊണ്ടു വലയുന്ന അനേകായിരം ജനങ്ങളുള്ള നമ്മുടെ നാട് സാമ്പത്തികമായി ഇനിയും ഉയരേണ്ടതാണ്. അങ്ങനെയുള്ള ഭൗതികമായ ഉന്നമനത്തിനു പറ്റിയ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍  സ്വീകരിക്കുകയും വേണം. മറ്റു രാജ്യങ്ങളെല്ലാം നമ്മള്‍ സ്വീകരിക്കുകയും വേണം. മറ്റു രാജ്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നമ്മള്‍ മാത്രം പുരാണസൂക്തികള്‍ ആമന്ത്രണം ചെയ്തുകൊണ്ടു പട്ടിണിപ്പാവങ്ങളായിക്കഴിയുന്നത് ഭോഷത്വമാണ്. ഇമ്മാതിരിയുള്ള പ്രായോഗികമായ ഒരുപദേശം അസ്വീകാര്യമായി വിവേകമുള്ളവരാരും കരുതികയില്ലതന്നെ. പട്ടിണിയെ ഇല്ലാതാക്കി ന്യായമായ ഭൗതിക സുഖസൗകര്യങ്ങളന്വേഷിക്കുന്നത് ക്രൈസ്തവ ധര്‍മ്മത്തിനെതിരല്ലെന്നു പറയേണ്ടതില്ലല്ലോ.

എന്നാല്‍ പിന്നെ എന്താണിവിടെ പ്രശ്നവിഷയമായുള്ളതെന്നു ചോദിച്ചേക്കാം, പറയാം. ശ്രീ പണിക്കരുടെ പ്രസ്താവന പ്രത്യക്ഷത്തില്‍ ഏറ്റവും സ്വീകാര്യമെങ്കിലും, അദ്ദേഹത്തെപ്പോലെ സമുന്നതനായ ഒരു വ്യക്തിയില്‍ നിന്നു പുറപ്പെടുമ്പോള്‍, നമ്മെ ഗാഢമായി ചിന്തിപ്പിക്കുന്ന ചില പ്രശ്നങ്ങളുള്‍ക്കൊള്ളുന്നതായിക്കാണാം. ഭാരതീയ സംസ്കാരത്തിന്‍റെ ഉറവിടമെന്നു വ്യവഹരിക്കപ്പെടുന്ന ശാന്തിനികേതനില്‍വച്ച്, ഒരു ബിരുദദാനസമ്മേളനത്തില്‍ അവിടെക്കൂടിയ വിദ്വജ്ജനസമൂഹത്തോടാണ് അദ്ദേഹം സംസാരിച്ചത്. തീര്‍ച്ചയായും ചിന്തിച്ചു തയ്യാറെടുത്തു ചെയ്ത ഒരു പ്രസ്താവനതന്നെയായിരിക്കണം അത്. ഭാരതീയ സംസ്കാരമെന്തെന്നു നല്ല നിശ്ചയമുള്ള ആളാണ് സര്‍ദാര്‍ പണിക്കര്‍. ആ സംസ്കാരത്തില്‍ വളരെ വ്യക്തമായി മിന്നിത്തിളങ്ങുന്ന ഒരാദര്‍ശമാണ് ലളിതജീവിത രീതി എന്നു ഞാന്‍ വിശ്വസിക്കുന്നു. പരിഷ്കൃതമെന്നു പറയപ്പെടുന്ന മറ്റനേകം രാജ്യങ്ങള്‍ക്കായി, നേരെ നിവര്‍ന്നുനിന്ന്, സംഭാവന ചെയ്യുവാന്‍ ഭാരതത്തിനുള്ള മഹത്തായ ഒരാദര്‍ശം തന്നെയാണ് തനിഭാരതീയമായ ഈ ലളിതജീവിതരീതി. ആ ജീവിതരീതിക്കു രൂപം കൊടുത്ത തത്വശാസ്ത്രത്തെതന്നെയല്ലയോ ശ്രീ പണിക്കര്‍ വെല്ലുവിളിക്കുന്നത് എന്നാണെനിക്കു തോന്നിയ സംശയം. ഒരു ചിന്തകനായ സര്‍ദാറിന്‍റെ വാക്കുകള്‍ക്ക് അര്‍ഹിക്കുന്ന വില നമ്മള്‍ കല്പിച്ചേ മതിയാകൂ.

കുറച്ചുകാലമായി സര്‍ദാര്‍ പണിക്കരുടെ ചിന്താഗതിയില്‍ വന്നുചേര്‍ന്നിട്ടുള്ള ചെമപ്പു ഛായ കണ്ടു പരിചയിച്ചിട്ടുള്ളവര്‍ക്ക്, അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ ഭാരതത്തിനന്യമായ ഒരു ഭൗമികദര്‍ശനം വളര്‍ന്നു തഴച്ചിട്ടില്ലയോ എന്നു ബലമായ സംശയവുമുണ്ട്. ഈ പശ്ചാത്തലത്തില്‍വച്ചു നോക്കുമ്പോളാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനയിലൊളിഞ്ഞു കിടക്കുന്ന അബദ്ധചിന്താഗതി പ്രത്യക്ഷപ്പെടുന്നത്.

ഭാരതത്തിലെ പട്ടിണിയില്‍ നിന്ന് ഉദ്ധരിക്കുന്നതിനുള്ള ഒരു ഉദ്ബോധനമാണ് ആ പ്രസ്താവനയെങ്കില്‍ അത് സര്‍വ്വദാ സ്വാഗതാര്‍ഹം തന്നെ. ഭാരതത്തിന്‍റെ സാമ്പത്തിക നില അഭിവൃദ്ധിപ്പെടുന്നതിനുവേണ്ടി ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ സഹായമന്വേഷിക്കുകയും നവീനോപകരണങ്ങളുപയോഗിക്കുകയും ചെയ്യുവാന്‍ മാത്രമാണ് സര്‍ദാര്‍ ഉപദേശിക്കുന്നതെങ്കില്‍ നമ്മള്‍ അദ്ദേഹത്തിനു നന്ദി പറയണം.

എന്നാല്‍ ആര്‍ഷഭാരതത്തിന്‍റെ സംസ്കാരത്തെപ്പറ്റി സ്ഥാനത്തും അസ്ഥാനത്തും ഉദ്ഘോഷിച്ചുകൊണ്ടും ഭാരതീയാദര്‍ശം മറ്റു രാജ്യങ്ങള്‍ക്കുപോലും മാര്‍ഗ്ഗദീപമാണെന്നു വീമ്പടിച്ചുകൊണ്ടും നടക്കുന്ന എണ്ണപ്പെട്ട നേതാക്കന്മാരുടെ ഇടയില്‍ നിന്നൊരാള്‍ നേരെ തിരിഞ്ഞുനിന്നുകൊണ്ടു ലളിതജീവിത വേദാന്തത്തെ അപഹസിക്കുകയാണെങ്കില്‍ അതൊരത്ഭുതം തന്നെ.

ലളിതജീവിതം എന്നു പറയുമ്പോള്‍ പാപ്പരത്തമോ, പഞ്ഞത്തമോ ആണെന്നു തെറ്റിദ്ധരിക്കേണ്ട. ലളിതജീവിതരീതി ഭാരതീയമെങ്കില്‍, നമുക്കതില്‍ തികച്ചും അഭിമാനം കൊള്ളാം. ഏതായാലും ആ ജീവിതരീതന തികച്ചും ക്രൈസ്തവവും അതിനാല്‍ തികച്ചും ഫ്രാന്‍സിസ്കനുമാണെന്നുള്ളത് നിസ്തര്‍ക്കമാണ്. ലളിതജീവിതരീതി, സമ്പത്തിനെ വെറുക്കുകയല്ല, അതിന്‍റെ ഉപയോഗത്തെ നിയന്ത്രിക്കുകയത്രേ. ആ ജീവിതരീതിക്കു പ്രേരണ  നല്‍കുന്നത് ലുബ്ധോ, ദ്രവ്യാഗ്രഹമോ അല്ല. അങ്ങനെയായാല്‍ അതൊരു ആദര്‍ശമേ അല്ല. അധപ്പതനമാണ്. ധനമുണ്ടെങ്കിലും ധനത്തോട് ഒട്ടിച്ചേരാത്തതും സുഖസൗകര്യങ്ങളുണ്ടെങ്കിലും അമിതത്വവും ആഡംബരത്വവും ഉപേക്ഷിക്കുന്നതുമായ ഒരു ആന്തരികനിസ്സംഗതയാണ് ലളിതജീവിതത്തിനു പ്രേരണ നല്‍കുന്നത്. ഈ ഉല്‍കൃഷ്ടാദര്‍ശത്തെ ദാരിദ്ര്യാരാധനയെന്നു താറടിച്ചു തള്ളിക്കളഞ്ഞു കൂടാ. ഗാഢമായി ആലോചിച്ചാല്‍ ഇപ്പറഞ്ഞ വിധത്തിലുള്ള ഒരു മനോഭാവം സര്‍വ്വത്ര സ്വീകാര്യമാകുമ്പോള്‍ മാത്രമേ ലോകത്തില്‍ യഥാര്‍ത്ഥ സൗഭാഗ്യവും സമാധാനവും കൈവരികയുള്ളൂ എന്നു കാണാം.

ഫ്രാന്‍സിസ്കന്‍ ജീവിതത്തിലെ മര്‍മ്മപ്രധാനമായ ഒരു ഘടകമാണ് മേല്‍പ്പറഞ്ഞ ആന്തരികമായ നിസ്സംഗതയും അതിന്‍റെ ഫലമായ ലളിതജീവിതവും. സര്‍ദാറിന്‍റെ ചിന്താഗതി ഒരു പക്ഷേ ഇപ്പോഴദ്ദേഹത്തെ ആകര്‍ഷിക്കുന്ന തനി ഭൗതികസിദ്ധാന്തത്തില്‍ നിന്നല്ലേ പുറപ്പെട്ടതെന്നു ബലമായി സംശയിക്കണം. 

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts