ദൈവശാസ്ത്രത്തില്‍ പൊതുവേ പ്രാന്തവത്ക്കരിക്കപ്പെട്ടിരുന്ന യുഗാന്ത്യചിന്തകള്‍ കേന്ദ്രസ്ഥാനത്തെത്തിയതും ആകമാന ദൈവശാസ്ത്രത്തിന്‍റെ പരിപ്രേക്ഷ്യം തന്നെ ആയിത്തീര്‍ന്നതും കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്താണ്. പഴയനിയമത്തില്‍ ഇസ്രായേലിനു ലഭിച്ച ദൈവികവെളിപാടിന്‍റെയും പുതിയ നിയമത്തില്‍ യേശുവിന്‍റെ ഉത്ഥാനത്തെപ്പറ്റിയുള്ള പ്രഘോഷണത്തിന്‍റെയും പശ്ചാത്തലം ബൈബിളില്‍ ആഴത്തില്‍ വേരോടിച്ചിട്ടുള്ള യുഗാന്ത്യ പ്രതീക്ഷകളാണെന്ന തിരിച്ചറിവാണ് ഈ പ്രവണതയ്ക്ക് പ്രചോദനമായിത്തീര്‍ന്നത്.
1892ല്‍ ജര്‍മ്മന്‍കാരനായ ജോണ്‍വൈസ് പ്രസിദ്ധീകരിച്ച 'ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്‍റെ പ്രഘോഷണം' എന്ന പുസ്തകമാണ് യുഗാന്ത്യത്തെക്കുറിച്ചുള്ള പുതിയ ചിന്താധാരയ്ക്കു തുടക്കം കുറിച്ചതെന്നു പറയാം. യേശു പ്രസംഗിച്ച ദൈവരാജ്യം മനുഷ്യത്വത്തെപ്പറ്റി ഉള്‍ക്കാഴ്ച നല്കുന്ന ഒരു ആന്തരിക യാഥാര്‍ത്ഥ്യം മാത്രമാണെന്ന ലിബറല്‍ ദൈവശാസ്ത്രവീക്ഷണത്തിനെതിരെയുള്ള ഒരു പ്രതികരണമായിരുന്നു ഈ പുസ്തകം. വൈസിന്‍റെ കാഴ്ചപ്പാടില്‍ 'വെളിപാടുചിന്ത' യുടെയും 'യുഗാന്ത്യചിന്ത'യുടെയും വെളിച്ചത്തിലല്ലാതെ പുതിയനിയമത്തെ മനസ്സിലാക്കാനേ സാധ്യമല്ല. യേശുവിന്‍റെ പ്രഘോഷണത്തിന്‍റെ കേന്ദ്രബിന്ദുവാണ് ദൈവരാജ്യം. അത് ഒരു വലിയ പ്രതിസന്ധിയും വിധിയുമായി മുകളില്‍നിന്ന് ഭൂമിയിലേക്ക് അയക്കപ്പെടാന്‍ പോകുന്ന ദൈവത്തിന്‍റെ ദാനമാണ്. ഒരു ഭാവി സംഭവമായിട്ടാണ് യേശു ദൈവരാജ്യത്തെ കണ്ടത്. ദൈവരാജ്യത്തിന്‍റെ ആഗമനവും ലോകാവസാനവും ഒന്നിച്ചായിരിക്കും സംഭവിക്കുക. ഇത് എത്രയുംവേഗം സംഭവിക്കാന്‍വേണ്ടി തന്‍റെ ജീവന്‍ തന്നെ യേശു ലോകരക്ഷയ്ക്കായുള്ള മോചനദ്രവ്യമായി നല്‍കി. ഇതായിരുന്നു വൈസിന്‍റെ നിഗമനങ്ങള്‍.
1906ല്‍ ആല്‍ബര്‍ട്ട് ഷൈറ്റ്സര്‍ പ്രസിദ്ധീകരിച്ച് "റൈമാറൂസ് മുതല്‍ വ്റെഡവരെചരിത്രപുരുഷനായ യേശുവിനുവേണ്ടിയുള്ള അന്വേഷണം' എന്ന പുസ്തകം ജോണ്‍ വൈസിന്‍റെ ആശയങ്ങളെ പിന്താങ്ങുക മാത്രമല്ല, കുറെക്കൂടി വികസിപ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് അനതിവിദൂരഭാവിയില്‍ നടക്കാന്‍ പോകുന്ന ഒരു സംഭവമായിട്ടാണ് യേശു ദൈവരാജ്യത്തിന്‍റെ ആഗമനം വിഭാവനം ചെയ്തത്. ദൈവം വിനാവിളംബം ഇടപെട്ട് ലോകത്തിനും ചരിത്രത്തിനും അവസാനം കുറിക്കുമെന്നതായിരുന്നത്രേ യേശുവിന്‍റെ പ്രതീക്ഷ. ഈ പ്രതീക്ഷയില്‍ നിന്നാണ് അവിടുത്തെ പ്രഘോഷണത്തിന് അത്രമാത്രം അടിയന്തരസ്വഭാവം കൈവന്നത്. ദൈവരാജ്യത്തിന്‍റെ വരവ് ത്വരിതപ്പെടുത്തി ഉടമ്പടി സംഭവിപ്പിക്കാന്‍ വേണ്ടി യേശു ഒരു വിധത്തില്‍ പറഞ്ഞാല്‍, തന്‍റെ മരണത്തെ വിളിച്ചുവരുത്തുകയായിരുന്നു. ഇങ്ങനെപോയി ഷൈറ്റ്സറുടെ ചിന്താരീതി.
സുവിശേഷം അടിസ്ഥാനപരമായി യുഗാന്ത്യോന്മുഖസന്ദേശമാണെന്നും ലോകത്തെയും ചരിത്രത്തെയും അതു നിര്‍ണായകമായി വിധിച്ച് ആത്യന്തികമായി രക്ഷയിലേക്ക് ആനയിക്കുമെന്നുള്ള വിശ്വാസത്തിന്‍റെ ബോധ്യത്തെ യുഗാന്ത്യചിന്തകളുടെ കാതലായി കാണിച്ചുതന്നത് ഇവര്‍ രണ്ടുപേരുമാണ്. എന്നാല്‍ യുഗാന്ത്യചിന്തകളെ ക്രിസ്തുവിനു മുന്‍പുള്ള മൂന്നാലു നൂറ്റാണ്ടുകളില്‍ പ്രാബല്യത്തില്‍ വന്ന 'വെളിപാട്' ചിന്തയുമായി കൂട്ടിക്കുഴച്ചത് അവര്‍ക്കു പിണഞ്ഞ ഒരബദ്ധമാണ്. വെളിപാടു ചിന്തകളെ യേശു പൊതുവെ അവഗണിക്കുകയാണ് ചെയ്തത്. അവിടുന്നു പ്രാധാന്യം നല്‍കിയത് പഴയനിയമത്തിലെ പ്രവാചകശൈലിയിലുള്ള യുഗാന്ത്യചിന്തകള്‍ക്കാണ്. ഇവ തമ്മില്‍ സാരമായ വ്യത്യാസമാണുള്ളത്. അതുപോലെതന്നെ, യേശു പ്രഘോഷിച്ച ദൈവരാജ്യം അപ്പാടെ ഒരു ഭാവി യാഥാര്‍ത്ഥ്യമാണെന്നു പറയുന്നതും ശരിയല്ല. വര്‍ത്തമാനകാലത്തെ സൂചിപ്പിക്കുന്ന കാര്യങ്ങളും അവിടുന്നു പ്രഘോഷിച്ച ദൈവരാജ്യത്തിന്‍റെ അവിഭാജ്യഘടകങ്ങളാണ്. (ഉദാ. ലൂക്കാ 11:20; 17:21).
1922ല്‍ പോള്‍ ആള്‍ട്ടഹൗസ് എഴുതിയ 'അന്തിമയാഥാര്‍ത്ഥ്യങ്ങള്‍' എന്ന പുസ്തകം മറ്റൊരു കാഴ്ചപ്പാടാണ് യുഗാന്ത്യത്തെപ്പറ്റി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍ യുഗാന്ത്യവൈദ്യശാസ്ത്രം യുഗാന്തത്തില്‍ ദൈവം ചെയ്യുവാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റിയുള്ള പ്രതിപാദനമല്ല. ദൈവം നമ്മുടെ മുമ്പിലല്ല, മുകളിലാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ചരിത്രത്തിന്‍റെ അവസാനത്തിലല്ല, അതിലുപരിയായിട്ടാണ് ദൈവം നമ്മെയും നാം ദൈവത്തെയും സമീപിക്കുകയും കണ്ടുമുട്ടുകയും ചെയ്യുക. ഏതു സമയത്തെയും സമയത്തിന്‍റെ അന്ത്യമായിട്ടു വേണം കാണുവാന്‍.
കാള്‍ബാര്‍ത്തും ഏറെക്കുറെ ഈ രീതിയിലാണ് യുഗാന്ത്യത്തെപ്പറ്റി ചിന്തിക്കുന്നത്. 1919ല്‍ അദ്ദേഹമെഴുതിയ റോമാക്കാര്‍ക്കുള്ള ലേഖനത്തിന്‍റെ വ്യാഖ്യാനത്തില്‍, ലോകവും ദൈവവും തമ്മിലും സമയവും നിത്യതയും തമ്മിലുമുള്ള അടിസ്ഥാനപരമായ അന്തരത്തിന് അദ്ദേഹം ഊന്നല്‍ നല്‍കുന്നു. ദൈവം തന്നെയാണ് മനുഷ്യന്‍റെ മേലും ലോകത്തിന്‍റെ മേലുമുള്ള വിധിയും അവയുടെ അന്ത്യവും. ഇത് ഓരോ നിമിഷവും സംഭവിച്ചുകൊണ്ടാണിരിക്കുന്നത്.
വൈസും ഷൈറ്റ്സറും മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചത് യേശുവിന്‍റെ ദൈവരാജ്യപ്രഘോഷണത്തിന്‍റെ ഭാവികാല സൂചനകളിലാണെങ്കില്‍ സി. എച്ച്. ഡോഡ് അതിന്‍റെ വര്‍ത്തമാനകാല സൂചനകളിലാണ് ശ്രദ്ധയൂന്നുന്നത്. ഒരു ഭാവികാല സംഭവമായിട്ടല്ല പിന്നെയോ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ തന്നെ സന്നിഹിതമാകുന്ന യാഥാര്‍ത്ഥ്യമായിട്ടാണ് ഡോഡിന്‍റെ വീക്ഷണത്തില്‍ യേശു ദൈവരാജ്യത്തെ കാണുന്നത്. യേശുവും അവിടുത്തെ പ്രവര്‍ത്തനങ്ങളും ദൈവരാജ്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. യേശുവിന്‍റെ വിളിക്ക് മനുഷ്യര്‍ നല്കുന്ന പ്രത്യുത്തരം തന്നെയാണ് അവരുടെ വിധിയായിത്തീരുക. 'സാക്ഷാത്കരിക്കപ്പെട്ട യുഗാന്ത്യദൈവശാസ്ത്രം' എന്നാണ് ഡോഡിന്‍റെ ചിന്താരീതി അറിയപ്പെടുന്നത്.
ദൈവരാജ്യം ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണോ, അതോ ഭാവികാല യാഥാര്‍ത്ഥ്യമാണോ എന്ന ചോദ്യംതന്നെ ഉദിക്കുന്നില്ല റൂഡോള്‍ഫ് ബുള്‍ട്ട്മന്, കാരണം സമയവുമായി ബന്ധപ്പെടുത്തിയല്ല അദ്ദേഹം യുഗാന്ത്യത്തെ കാണുന്നത്. ചരിത്രത്തിന്‍റെ കാലികമായ അവസാനമല്ല യുഗാന്ത്യം സൂചിപ്പിക്കുന്നത്. ചരിത്രത്തിന്‍റെ അര്‍ത്ഥം അടങ്ങിയിരിക്കുന്നത് യുഗാന്ത്യത്തിലാണ്. ഓരോ നിമിഷത്തിനുമുണ്ട് യുഗാന്ത്യപരമായ അര്‍ത്ഥം. ക്രിസ്തുസംഭവം യുഗാന്ത്യസംഭവമാണ്. കാരണം ക്രിസ്തു സംഭവത്തില്‍ മനുഷ്യന്‍ തന്‍റെ അന്ത്യത്തെയാണ് അഭിമുഖീകരിക്കുന്നത്. മനുഷ്യന്‍ തനിക്കായി സൃഷ്ടിക്കാമെന്ന് വ്യാമോഹിക്കുന്ന ചരിത്രവും ഭാവിയുമെല്ലാം ഈ യുഗാന്ത്യസംഭവത്തിനു മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്നു. അവിടെയാണ് പഴയ മനുഷ്യന്‍റെ അന്ത്യവും പുതിയ മനുഷ്യന്‍റെ പുനര്‍ജനിയും. ഭാവിയിലേക്കുള്ള ഈ തുറവി സ്നേഹമാണ്. അതൊരു പുതുസൃഷ്ടിയാണ്. ബുള്‍ട്ട്മാന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ 'സ്നേഹമാണ് മരിച്ചവരുടെ ഉയിര്‍പ്പ.്' 'അസ്തിത്വപരമായ യുഗാന്ത്യചിന്ത' എന്നാണ് ബുള്‍ട്ട്മാന്‍റെ യുഗാന്ത്യചിന്ത അറിയപ്പെടുക. മാനുഷികമാനങ്ങള്‍ക്കു പ്രാധാന്യം നല്കുന്നുണ്ടെങ്കിലും പ്രാപഞ്ചികമാനങ്ങളെ അവഗണിക്കുന്നുവെന്നതാണ് ഈ യുഗാന്ത്യചിന്തയുടെ പരിമിതി.
ബുള്‍ട്ട്മാന്‍റെ ആശയങ്ങളോടു പ്രതികരിച്ചുകൊണ്ട് ഓസ്കാര്‍ കുള്‍മന്‍ രൂപം കൊടുത്ത യുഗാന്ത്യചിന്ത അവലംബിക്കുന്നത് രക്ഷാകരചരിത്രത്തെയാണ്. ഈ യുഗാന്ത്യചിന്ത കാലവും ചരിത്രവുമായി അവശ്യം ബന്ധപ്പെട്ടിരിക്കുന്നു. ബൈബിളിലെ രക്ഷാകരചരിത്രം ആരംഭത്തില്‍ നിന്ന് ഒരു ഋജുരേഖപോലെ പുരോഗമിക്കുന്ന ഒന്നാണ്. പഴയനിയമത്തിലെ യുഗാന്ത്യചിന്ത ഊന്നല്‍ നല്കിയത് ചരിത്രത്തിന്‍റെ അവസാനത്തിനാണെങ്കില്‍, ക്രിസ്തീയ യുഗാന്ത്യചിന്ത ഊന്നല്‍ നല്‍കുന്നത് ചരിത്രത്തിന്‍റെ മധ്യത്തിനത്രേ. ഈ മധ്യം ക്രിസ്തുവാണ്. ക്രിസ്തുവിന്‍റെ വരവോടുകൂടി രക്ഷാകരചരിത്രം അവസാനിക്കുകയല്ല ചെയ്തത്. പിന്നെയോ സൃഷ്ടിമുതല്‍ ദ്വീതീയാഗമനം വരെയുള്ള രക്ഷാകരചരിത്രത്തില്‍ ഒരു പുതിയ ഘട്ടം സംജാതമാകുകയാണ് ചെയ്തത്. ക്രിസ്തുവിനും ദ്വിതീയാഗമനത്തിനും ഇടയ്ക്കുള്ള ഈ സമയം സഭയുടെ സമയമാണ്. ഗതകാല രക്ഷയും വരുംകാലരക്ഷയും തമ്മിലുള്ള ബന്ധം പൂര്‍ത്തീകരിക്കപ്പെട്ട രക്ഷയും ഇനിയും പൂര്‍ത്തീകരിക്കപ്പെടാനുള്ള രക്ഷയും തമ്മിലുള്ള ആയതി (ടെന്‍ഷന്‍) ആയിട്ടാണ് കുള്‍മന്‍ പരിഗണിക്കുന്നത്.
ബുള്‍ട്ട്മാന്‍റെ അസ്തിത്വപരമായ യുഗാന്ത്യചിന്തയോടുള്ള മറ്റൊരു പ്രതികരണമായിരുന്നു യുര്‍ഗന്‍ മോള്‍ട്ട്മന്‍ 1964ല്‍ പ്രസിദ്ധീകരിച്ച 'പ്രത്യാശയുടെ ദൈവശാസ്ത്രം' (Theology of Hope) തന്‍റെ യുഗാന്ത്യചിന്തയില്‍ ബുള്‍ട്ട്മാന്‍ ക്രിസ്തീയവിശ്വാസത്തെ ലോകചരിത്രത്തിന്‍റെ അര്‍ത്ഥത്തെപ്പറ്റിയുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തി ഒരു സ്വകാര്യ വിഷയമാക്കുന്നതിനെതിനെ വിമര്‍ശിച്ചുകൊണ്ടാണ് മോള്‍ട്ട്മാന്‍ തന്‍റെ യുഗാന്ത്യചിന്ത അവതരിപ്പിക്കുന്നത്. മോള്‍ട്ട്മാന്‍റെ ജീവിതത്തിലെ യുഗാന്ത്യചിന്തയുടെ ശ്രദ്ധാകേന്ദ്രം വര്‍ത്തമാനകാലമോ ഒരു ഗതകാലമധ്യബിന്ദുവോ നഷ്ടപ്പെട്ടുപോയ ഒരു പറുദീസായോ ഒന്നുമല്ല. പിന്നെയോ മനുഷ്യന്‍റെയും ലോകത്തിന്‍റെയും ഭാവിയാണ്. ക്രിസ്തീയ യുഗാന്ത്യചിന്ത മോഹനമായ ഒരു ഭാവിയാണ് മനുഷ്യന്‍റെ നേര്‍ക്ക് വെച്ചുനീട്ടുന്നത്. എന്നാല്‍ ഈ മോഹനഭാവിക്കു കടകവിരുദ്ധമാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം. ബൈബിളിന്‍റെ യുഗാന്ത്യ പ്രഘോഷണം ശ്രവിക്കുന്നതുവഴിയാണ് ഈ വൈരുദ്ധ്യത്തെപ്പറ്റിയുള്ള അവബോധമുണ്ടാകുന്നത്. ഈ അവബോധം ഇന്നത്തെ ലോകത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവയെ തകിടം മറിച്ചുകൊണ്ട് ബൈബിള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ ഭാവിയെപ്പറ്റിയുള്ള അവബോധത്തിലേക്കു വരാന്‍ നമ്മെ സഹായിക്കണം. മനുഷ്യകുലത്തോടൊത്ത് വേദനിക്കുന്ന രക്ഷകന്‍റെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്, അവിടുന്നു വാഗ്ദാനം ചെയ്യുന്ന നവ്യലോകസൃഷ്ടിക്കായി പ്രയത്നിക്കാനുള്ള വിളിയും ദൗത്യവുമാണ് ബൈബിളിന്‍റെ യുഗാന്ത്യോന്മുഖസന്ദേശം. രാഷ്ട്രീയ യുഗാന്ത്യചിന്ത എന്നാണ് മോള്‍ട്ട്മാന്‍റെ ചിന്താധാര അറിയപ്പെടുക.
ക്രിസ്തീയവിശ്വാസത്തെയും ദൈവശാസ്ത്രത്തെയും യുഗാന്ത്യചിന്തകളെയും സ്വകാര്യവത്കരിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുന്ന മറ്റൊരു ദൈവശാസ്ത്രജ്ഞനാണ് ജോണ്‍ ബാപ്റ്റിസ്റ്റ് മെറ്റ്സ്. ചരിത്രപരതയില്ലാത്ത വെറും സൈദ്ധാന്തികമായ ദൈവശാസ്ത്രത്തെ അദ്ദേഹം എതിര്‍ക്കുന്നു. ഗൃഹാതുരത്വത്തോടെ ഗതകാലത്തെ ഉറ്റുനോക്കുകയല്ല, പ്രാവര്‍ത്തികബോധത്തോടെ ഭാവിയെ കരുപ്പിടിപ്പിക്കുകയാണ് ദൈവശാസ്ത്രവും യുഗാന്ത്യചിന്തകളും ചെയ്യേണ്ടത്. ലോകത്തെ ഇന്നു നാം കാണുന്നത് ദൈവകരങ്ങളില്‍ നിന്നു വന്നതുപോലെയല്ല, പിന്നെയോ മനുഷ്യന്‍ തന്നെ അര്‍ത്ഥവും രൂപവും നല്കുന്ന ലോകമായിട്ടാണ്. ധ്യാനാത്മകമായ ഒരു ബന്ധമല്ല, പ്രവൃത്തിപരമായ ഒരു ബന്ധമാണ് ലോകത്തോടു നമുക്കു ഇന്നുള്ളത്. ദൈവത്തെ ഇന്നു നാം കണ്ടെത്തുന്നത് അചേതനമായ വസ്തുക്കളിലോ സ്ഥലങ്ങളിലോ അല്ല, പ്രവൃത്തിപരമായ ഒരു ബന്ധമാണ് ലോകത്തോട് ഇന്നു നമുക്കുള്ളത്. പിന്നെയോ മനുഷ്യരുടെ ഭാവിക്കുവേണ്ടിയുള്ള പ്രതീക്ഷയിലും പ്രവര്‍ത്തനങ്ങളിലുമാണ്. ബൈബിളിന്‍റെ യുഗാന്ത്യചിന്തകളില്‍ അധിഷ്ഠിതവും അതേസമയം വിമര്‍ശനാത്മകവും സമൂഹബദ്ധവുമായ ഒരു ദൈവശാസ്ത്രത്തിനു മാത്രമേ ഈ പ്രതീക്ഷയ്ക്കൊത്ത് ഉയരാനും പ്രവര്‍ത്തിക്കാനും കഴിയുകയുള്ളൂ. മനുഷ്യഭാവി പണിതുയര്‍ത്താനെന്ന പേരില്‍ പൊന്തിവരുന്ന പ്രത്യയശാസ്ത്രങ്ങളെയും സാമൂഹ്യഘടനകളെയും വിമര്‍ശനാത്മകമായി വിലയിരുത്താനും അപകടങ്ങള്‍ തിരിച്ചറിയാനും ദൈവശാസ്ത്രത്തിനു സാധിക്കണം. എങ്കില്‍ മാത്രമേ ആത്യന്തികമായി ദൈവം സംജാതമാക്കുന്ന ഭാവിയിലേക്കു മനുഷ്യചരിത്രത്തെ നയിക്കാന്‍ അതിനു സാധിക്കുകയുള്ളൂ.
മോള്‍ട്ട്മാന്‍റെയും മെറ്റ്സിന്‍റെയും യുഗാന്ത്യചിന്തകളാണെന്നു പറയാം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ രൂപംകൊണ്ട വിമോചന ദൈവശാസ്ത്രത്തിനു പ്രചോദനമായത്. വിമോചനപ്രക്രിയയിലുള്ള പങ്കുചേരലില്‍ നിന്നുതന്നെയാണ് വിമോചനദൈവശാസ്ത്രത്തിന്‍റെ വിചിന്തനങ്ങള്‍ ആരംഭിക്കുന്നത്. ഈ വിചിന്തനങ്ങളുടെയെല്ലാം ഉറച്ച അടിത്തറ ബൈബിളിന്‍റെ യുഗാന്ത്യചിന്തകളാണ്. യേശുവിന്‍റെ പ്രഘോഷണത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്ന 'ദൈവരാജ്യം' വിമോചനദൈവശാസ്ത്രത്തിന്‍റെയും മുഖ്യപ്രതീകമാണ്. ക്രിസ്തീയ വിശ്വാസത്തിനു രാഷ്ട്രീയസാമൂഹ്യഘടനകളുമായുള്ള ബന്ധം സൂചിപ്പിക്കാന്‍ പര്യാപ്തമായ ഒരു പ്രതീകമത്രെ ഇത്.
പരമ്പരാഗതമായ യുഗാന്ത്യദൈവശാസ്ത്രത്തില്‍ പ്രത്യക്ഷപ്പെടാത്ത പ്രശ്നങ്ങളും ചോദ്യങ്ങളുമാണ് ഇന്നു യുഗാന്ത്യദൈവശാസ്ത്രം വിചിന്തനം ചെയ്യുന്നതെന്ന് വ്യക്തമായിരിക്കുമല്ലോ. പരമ്പരാഗതമായി, വ്യക്തികളുടെ അന്ത്യവും രക്ഷയുമായിരുന്നു യുഗാന്ത്യദൈവശാസ്ത്രം വിചിന്തനം ചെയ്തതെങ്കില്‍ ഇന്ന് മനുഷ്യകുലത്തിന്‍റെയും പ്രപഞ്ചത്തിന്‍റെയും ചരിത്രത്തിന്‍റെയുമെല്ലാം അന്തിമമായ അര്‍ത്ഥവും ലക്ഷ്യവുമാണ് അതു വിചിന്തനം ചെയ്യുന്നത്. അതുപോലെ തന്നെ വിശ്വാസവും രാഷ്ട്രീയ-സാമൂഹികപ്രക്രിയകളുമായുള്ള ബന്ധവും യുഗാന്ത്യചിന്തകളുടെ സുപ്രധാനമായ ചര്‍ച്ചാവിഷയമാണ്.