news-details
മറ്റുലേഖനങ്ങൾ

വിശുദ്ധ കുര്‍ബാന - ജീവിതബലിയും ജീവിതക്രമവും (ഭാഗം 1)

ക്രൈസ്തവ ജീവിതനവീകരണം ലക്ഷ്യമാക്കിയാണല്ലോ ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2004 ഒക്ടോബര്‍ മുതല്‍ 2005 ഒക്ടോബര്‍ വരെ ഒരു ദിവ്യകാരുണ്യവര്‍ഷമായി പ്രഖ്യാപിച്ചത്. മാര്‍പാപ്പായുടെ ഈ ലക്ഷ്യം ദിവ്യകാരുണ്യവര്‍ഷാചരണത്തിലൂടെ എത്രമാത്രം സാക്ഷാത്കരിക്കപ്പെട്ടുവെന്നും ക്രൈസ്താവാദ്ധ്യാത്മികതയുടെ വളര്‍ച്ചയ്ക്ക് അത് എത്രമാത്രം സഹായകമായി എന്നും പരിചിന്തനം ചെയ്യുന്നത് ഉപകാരപ്രദമായിരിക്കുമെന്നു തോന്നുന്നു.

വിശുദ്ധ  കുര്‍ബാനയെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍

വിശുദ്ധ കുര്‍ബാനയുടെ അര്‍ത്ഥവും അന്തസ്സത്തയുമെന്തെന്ന് വ്യക്തമായി മനസ്സിലാക്കിയാല്‍ മാത്രമേ വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ട പരിപാടികള്‍ ക്രിസ്തീയ ജീവിതനവീകരണത്തിലേക്കും ആദ്ധ്യാത്മികതയുടെ വളര്‍ച്ചയിലേക്കും നയിക്കുകയുള്ളൂ. വിശുദ്ധ കുര്‍ബാന എന്താണെന്ന കാര്യത്തില്‍, പലര്‍ക്കും അത്ര വ്യക്തതയില്ലെന്നതാണ് വാസ്തവം. വിശുദ്ധ കുര്‍ബാന ഒരു ബലിയാണ്. ആരാധനക്രമമാണ്. ആരാധനക്രമത്തിന്‍റെ കേന്ദ്രബിന്ദുവാണ്. എന്നെല്ലാം നാം പറയാറുണ്ട്. ഇതെല്ലാം ശരിയാണെങ്കിലും, എന്താണ് ഈ ബലി, എന്താണ് ഈ ആരാധനക്രമം, എന്ന കാര്യങ്ങളില്‍ വളരെ ഭാഗികമായ ധാരണകള്‍ അഥവാ തെറ്റിദ്ധാരണകള്‍ തന്നെയാണ് പലരും വച്ചുപുലര്‍ത്തുന്നത്.

അനുഷ്ഠാനപരമായ ബലിയല്ല

ബലിയുടെ കാര്യം തന്നെ എടുക്കാം. വി. കുര്‍ബാന യേശുവിന്‍റെ കുരിശിലെ രക്തരൂക്ഷിതമായ ബലിയുടെ രക്തരഹിതമായ ആവര്‍ത്തനമാണ് എന്നത്രേ പലരും ധരിച്ചുവച്ചിരിക്കുന്നത്. എന്താണ് യേശുവിന്‍റെ ബലി എന്ന കാര്യത്തില്‍ത്തന്നെ ഗൗരവമേറിയ ഒരു തെറ്റിദ്ധാരണയാണ് ഇവിടെ നാം കാണുക. കുരിശില്‍ കിടന്ന്, പീഡകളനുഭവിച്ച് മരിക്കുന്ന യേശു. മരണത്തിലൂടെ വേര്‍തിരിക്കപ്പെട്ട തന്‍റെ ശരീരവും രക്തവും ബലിയായി പിതാവിനു സമര്‍പ്പിച്ചുവെന്നും ഈ ബലിയില്‍ സംപ്രീതനായ പിതാവ് മനുഷ്യരുടെ പാപങ്ങള്‍ക്കു പരിഹാരമായി ഈ ബലി  സ്വീകരിച്ചുകൊണ്ട് അവര്‍ക്കു പാപമോചനവും രക്ഷയും നല്‍കുന്നുവെന്നുമാണ് പലരുടെയും ധാരണ. ഇവിടെ അവര്‍ യേശുവിന്‍റെ ബലിയെ മനസ്സിലാക്കുന്നത് വിജാതീയരുടെയും യഹൂദരുടെയും രീതിയിലുള്ള അനുഷ്ഠാനപരമായ ഒരു ബലി ആയിട്ടാണ്. ഇത് യേശുവിന്‍റെ ബലിയെപ്പറ്റിയുള്ള അതിഗുരുതരമായ ഒരു തെറ്റിദ്ധാരണയത്രേ. യേശുവിന്‍റെ ബലി അടങ്ങിയിരിക്കുന്നത്, അവിടുന്നു തന്‍റെ ശരീരവും രക്തവും പിതാവിനു കാഴ്ചകൊടുത്തതിലല്ല. അവിടുന്ന് അനുഷ്ഠാനപരമായ ഒരു ബലി ഒരിക്കലും അര്‍പ്പിച്ചിട്ടേയില്ല.

പിന്നെയെന്തിലാണ് യേശുവിന്‍റെ ബലി അടങ്ങിയിരിക്കുന്നത്? പഴയനിയമത്തില്‍ അനുഷ്ഠാനപരമായ ബലികളായിരുന്നു യഹൂദരുടെ ആരാധനക്രമത്തില്‍ മുഖ്യപങ്കുവഹിച്ചിരുന്നത്. ഇങ്ങനെയുള്ള ബലികള്‍ കാലക്രമത്തില്‍ വെറും അനുഷ്ഠാനക്രിയകളായി അധപ്പതിച്ചുപോയി. ബലികളുടെ ഈ അധപ്പതനത്തെയും ബാഹ്യവത്ക്കരണത്തെയും പ്രവാചകന്മാര്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. (ഉദാ. ഏശ. 1:11-13, ജെറെ. 6: 20, 7: 22-23, ഹോസി. 6:6). ജറൂസലേം ദൈവാലയം നശിപ്പിക്കപ്പെടുകയും ഇസ്രായേല്‍ക്കാര്‍ ബാബിലോണിയായില്‍ പ്രവാസികളായി ജീവിക്കുകയും ചെയ്യേണ്ടിവന്നപ്പോഴാണ്, ദൈവാരാധനയുടെ അന്തസ്സത്ത കാഴ്ചകളും ബലികളും അര്‍പ്പിക്കുന്നതിലല്ല, പ്രത്യുത ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റിക്കൊണ്ടുള്ള ജീവിതത്തിലാണ് അടങ്ങിയിരിക്കുന്നത് എന്ന അവബോധത്തിലേക്ക് ഇസ്രായേല്‍ക്കാര്‍ കടന്നുവന്നത്. ദൈവത്തിന്‍റെ ഇഷ്ടം അവര്‍ കണ്ടത് സഹോദരങ്ങളെ സ്നേഹിക്കുന്നതിലും സര്‍വ്വോപരി പീഡിതര്‍ക്കും ക്ലേശിതര്‍ക്കും മര്‍ദ്ദിതര്‍ക്കുമെല്ലാം തുണയാകുന്നതിലുമാണ്. ബാബിലോണ്‍ പ്രവാസം അവസാനിക്കുകയും ജെറുസലേം നഗരവും ദൈവാലയവും പുനരുദ്ധരിക്കപ്പെടുകയും ചെയ്തതോടെ വീണ്ടും അനുഷ്ഠാനപരമായ ബലികളിലേക്കും ആരാധനക്രമത്തിലേക്കും അവര്‍ മടങ്ങിപ്പോയി. യേശുവിന്‍റെ കാലത്തും അനുഷ്ഠാനപരമായ ഈ ബലികളും ആരാധനക്രമവും തുടര്‍ന്നുപോന്നു. എന്നാല്‍, യേശു ഒരിക്കലും അനുഷ്ഠാനപരമായ ബലികളില്‍ പങ്കെടുത്തതായി കാണുന്നില്ല. മാത്രമല്ല, പ്രവാചകന്മാരോടൊപ്പം അനുഷ്ഠാനപരമായ ബലികളെ അവിടുന്നു വിമര്‍ശിക്കുകയും ചെയ്യുന്നു. (മത്താ. 9:13, 12:7, മര്‍ക്കോ. 12:33). ജെറൂസലേം ദൈവാലയത്തില്‍ നിന്ന് ആടുമാടുകളെ വില്ക്കുന്ന കച്ചവടക്കാരെ ചാട്ടവാറുമേന്തി പുറത്താക്കിയപ്പോള്‍, അനുഷ്ഠാനപരമായ ബലികളെ അസാധ്യമാക്കുകയാണ് അവിടുന്നു ചെയ്തത്. കാരണം പുറത്തു വില്‍ക്കപ്പെടുന്ന ആടുമാടുകള്‍ അശുദ്ധവും ബലിയര്‍പ്പണത്തിന് ഉതകാത്തവയുമായിരുന്നല്ലോ. വിജാതിയരുടെയും ഇസ്രായേക്കാരുടെയും ബലികള്‍പോലെ അനുഷ്ഠാനപരമായ ഒരു ബലി ആയിരുന്നില്ല യേശുവിന്‍റേത് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

ഹെബ്രായലേഖനത്തിലെ സൂചന

എങ്ങനെയുള്ളതായിരുന്നു യേശുവിന്‍റെ ബലി എന്നതിന് ചില സൂചനകള്‍ ഹെബ്രായക്കാര്‍ക്കുള്ള ലേഖനം നല്‍കുന്നുണ്ട്. "ഇതിനാല്‍ അവന്‍ ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍ അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു. ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്ന് സംപ്രീതനായില്ല. അപ്പോള്‍ പുസ്തകത്തിന്‍റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു." (ഹെബ്രാ. 10: 5-7). ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റിക്കൊണ്ടുള്ള - അയല്‍ക്കാരനെ വിശിഷ്യ അവശതയനുഭവിക്കുന്നവനെ സ്നേഹിച്ചും സേവിച്ചും അവന്‍റെ മോചനത്തിനും സൗഭാഗ്യത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടുള്ള ജീവിതം തന്നെയാണ് ബലിയുടെ അന്തസ്സത്തയെന്ന പ്രവാചകന്മാരുടെ വീക്ഷണം ഹെബ്രായര്‍ക്കുള്ള ലേഖനവും ഇവിടെ ഊന്നിപ്പറയുന്നു. യേശുവിന്‍റെ ഏകബലിയോടുകൂടെ അനുഷ്ഠാനപരമായ ബലികള്‍ക്കെല്ലാം അന്ത്യം കുറിക്കപ്പെട്ടുവെന്നും ലേഖനം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്.

യേശുവിന്‍റെ ജീവിതബലി

യേശുവിന്‍റെ ബലി പ്രഥമവും പ്രധാനവുമായി അവിടുത്തെ മരണമല്ല, പ്രത്യുത അവിടുത്തെ ജീവിതമാണ്. ആ ജീവിതത്തിന്‍റെ പരിണതഫലവും പര്യവസാനവും മാത്രമായിരുന്നു അവിടുത്തെ മരണം. അതിനാല്‍ യേശുവിന്‍റെ കുരിശിലെ ബലി എന്നു പറയുന്നതും അത്ര ശരിയല്ല. യേശുവിന്‍റെ ബലി അവിടുത്തെ ജീവിതമാണ് - ജീവിതബലിയാണ്. പിതാവിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹത്തിനു തന്നെത്തന്നെ നിരുപാധികം ഏല്പിച്ചുകൊടുത്തുകൊണ്ട്, അവിടുത്തെ ഇഷ്ടം നിറവേറ്റുകയെന്ന ഒരേയൊരു ലക്ഷ്യത്തിനുവേണ്ടി മാത്രം ജീവിച്ച, പ്രവര്‍ത്തിച്ച, സഹിച്ച യേശുവിന്‍റെ ആ സ്നേഹവും അനുസരണവും സ്വയാര്‍പ്പണവും അതിന്‍റെയെല്ലാം പര്യവസാനവും പരിണതഫലവുമായ മരണവുമാണ് അവിടുത്തെ ജീവിതബലി. ദൈവത്തിന്‍റെ ഇഷ്ടം മനുഷ്യരുടെ - ഓരോ മനുഷ്യന്‍റെയും എല്ലാ മനുഷ്യരുടെയും - സമഗ്രമായ മോചനവും സമ്പൂര്‍ണമായ സൗഭാഗ്യവുമാണെന്ന അവബോധത്തില്‍ ജീവിതം മുഴുവനും ഈ മോചനത്തിനും സൗഭാഗ്യത്തിനും വേണ്ടി യേശു ഉഴിഞ്ഞുവെച്ചു. എല്ലാവിധ അടിമത്തങ്ങളിലും ബന്ധനങ്ങളിലും ദുരിതങ്ങളിലും വേദനകളിലും നിന്നു മനുഷ്യരെ മോചിപ്പിക്കുകയെന്നത് പിതാവിന്‍റെ കല്പനയും തന്‍റെ ജീവിതദൗത്യവുമായി അവിടുന്നു മനസ്സിലാക്കി. നസറത്തിലെ സിനഗോഗില്‍വെച്ചു  നടത്തിയ കന്നിപ്രസംഗത്തില്‍തന്നെ തന്‍റെ ഈ നിയോഗവും ലക്ഷ്യവും യേശു വ്യക്തമാക്കുന്നുണ്ട്. "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ 4: 18-19). ഈ ദൗത്യനിര്‍വ്വഹണമായിരുന്നു തുടര്‍ന്നുള്ള യേശുവിന്‍റെ ജീവിതം മുഴുവനും.

മനുഷ്യന്‍ അനുഭവിക്കുന്ന ദാരിദ്ര്യവും രോഗങ്ങളും ബഹുമുഖമായ വേദനകളും പീഡനങ്ങളുമെല്ലാം ദൈവഹിതത്തിനെതിരായ തിന്മകളാണെന്ന് യേശു തിരിച്ചറിഞ്ഞു. ഈ വേദനകളും വ്യാധികളുമൊന്നും ജീവിതത്തിന്‍റെ അനിവാര്യതകളല്ലെന്നും സ്വാര്‍ത്ഥതയുടെയും പാപത്തിന്‍റെയും പരിണതഫലങ്ങളാണെന്നും അവിടുത്തേക്കറിയാമായിരുന്നു. ദരിദ്രനോട് സദ്വാര്‍ത്ത അറിയിച്ച യേശു, സമ്പന്നരുടെ സ്വാര്‍ത്ഥതയെയും പണക്കൊതിയെയും രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട സാമൂഹ്യവ്യവസ്ഥിതികളുടെയും മതസാമുദായിക സംവിധാനങ്ങളുടെയും ചൂഷണസമ്പ്രദായങ്ങളെ അവിടുന്ന് നിഷ്ക്കരുണം വെളിച്ചത്തുകൊണ്ടുവന്നു. മനുഷ്യരെ അശുദ്ധരും അധഃകൃതരുമായി മുദ്രയടിക്കുകയും ഭ്രഷ്ടു കല്പിക്കുകയും ചെയ്യുന്ന മതനിയമങ്ങളുടെ അനീതിയെ അവിടുന്ന് ചോദ്യം ചെയ്തു. ഇങ്ങനെ അയിത്തം കല്പിക്കപ്പെട്ടവരും അശുദ്ധരുമെല്ലാമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും ഊട്ടുമേശ പങ്കിടുന്നതിനും അവിടുന്ന് തെല്ലും മടിച്ചില്ല. അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്ന കുഷ്ഠരോഗികളെ തൊടുന്നതുവഴി നിയമദൃഷ്ട്യാ അശുദ്ധനാകുമെന്നറിഞ്ഞുകൊണ്ടുതന്നെ അവരെ തൊടാനും സുഖപ്പെടുത്താനും അവിടുന്ന് മടിക്കുന്നില്ല. യഹൂദസമുദായത്തില്‍ വിലയും നിലയും ഇല്ലാതിരുന്ന രണ്ടാംകിടക്കാരും അവഗണിക്കപ്പെട്ടവരും അവഹേളിക്കപ്പെട്ടവരുമായിരുന്നു സ്ത്രീകള്‍. ഈ വിവേചനത്തിനെതിരെ യേശു ശക്തിയായി പ്രതിഷേധിക്കുകയും തന്‍റെ ശിഷ്യസമൂഹത്തില്‍ അവരെ സ്വീകരിക്കുകയും ചെയ്യുന്നു. വിവാഹമോചനത്തിന്‍റെ കാര്യത്തിലും പാപിനിയെ കല്ലെറിയാന്‍ കൊണ്ടുവന്ന സംഭവത്തിലുമെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള പുരുഷമേധാവിത്വസമൂഹത്തിന്‍റെ അനീതിയെയും അക്രമവാസനയെയും ശക്തിയായി ചോദ്യംചെയ്യുന്നു യേശു. മനുഷ്യന്‍ നിയമത്തിനുവേണ്ടിയല്ല, നിയമം മനുഷ്യനുവേണ്ടിയാണെന്നു പറഞ്ഞുകൊണ്ട്, മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിനും നന്മയ്ക്കുമെതിരായി നിന്ന നിയമങ്ങളെ അവിടുന്നു തിരസ്കരിക്കുന്നു. ദരിദ്രരെ ചൂഷണം ചെയ്തുകൊണ്ട് ജറുസലേം ദൈവാലയത്തില്‍ മതമേധാവികളും സമൂഹനേതാക്കളും കൂടി നടത്തിയ കൊള്ളക്കച്ചവടത്തെ എതിര്‍ക്കുകയും കച്ചവടക്കാരെ  ചാട്ടവാര്‍ ഏന്തി പുറത്താക്കുകയും ചെയ്തു. പാപത്തെ വെറുത്തെങ്കിലും, പാപികളെ അവിടുന്ന് സ്നേഹിക്കുകയും കരുണാര്‍ദ്രമായ പെരുമാറ്റത്തിലൂടെ ദൈവത്തിനുവേണ്ടി അവരെ നേടിയെടുക്കുകയും ചെയ്തു.

യേശുവിന്‍റെ എതിരാളികള്‍

പാവപ്പെട്ടവരോടും പതിതരോടും ചൂഷിതരോടുമെല്ലാമുള്ള യേശുവിന്‍റെ ഉള്ളടുപ്പവും സഹവാസവും സമൂഹത്തിലെ പ്രബലര്‍ക്കും മതമേധാവികള്‍ക്കുമൊന്നും ഇഷ്ടമായില്ലെങ്കില്‍ അത്ഭുതപ്പെടാനില്ലല്ലോ. അവരുടെ ദൃഷ്ടിയില്‍ നിയമം കാക്കാത്തവരെല്ലാം പാപികളായിരുന്നു. "പാപികളും ചുങ്കക്കാരും" എന്ന  പരിഹാസപ്പേരിലാണ് താഴെക്കിടയിലുള്ളവരും സമുദായഭ്രഷ്ടരുമെല്ലാം അറിയപ്പെട്ടിരുന്നത്. അവരോടു സമ്പര്‍ക്കം പുലര്‍ത്തുകയും ഭക്ഷണമേശ പങ്കിടുകയും ചെയ്ത യേശു 'പാപികളുടെയും ചുങ്കക്കാരുടെയും സുഹൃത്ത്' എന്ന് പരിഹസിക്കപ്പെട്ടു. സമൂഹത്തിന്‍റെ താഴെക്കിടയില്‍ കിടന്ന് നരകയാതന അനുഭവിച്ചിരുന്ന അനേകരെ തന്‍റെ സ്നേഹവും സമ്പര്‍ക്കവും വഴി മനുഷ്യത്വത്തിലേക്കും ദൈവത്തിങ്കലേക്കും കൈപിടിച്ചുയര്‍ത്തിയ യേശുവിന് ഈ പരിഹാസമൊന്നും ഒരു വിഷയമായിരുന്നില്ല. പിതാവില്‍ നിന്നു ലഭിച്ച ദൗത്യം താന്‍ നിറവേറ്റുകയാണെന്ന ഉത്തമബോധ്യത്തോടെ യേശു മുന്നേറി. എല്ലാ മനുഷ്യരുടെയും മോചനവും സൗഭാഗ്യവുമാണ് തന്‍റെ ദൗത്യമെങ്കിലും ചിലര്‍ ഈ മോചനത്തിന്‍റെയും രക്ഷയുടെയും സുവിശേഷത്തിനെതിരെ ഹൃദയം കൊട്ടിയടച്ചു. മറ്റുള്ളവര്‍ ഈ സുവിശേഷം സ്വീകരിച്ചു. മാനസാന്തരത്തിലേക്കും രക്ഷയിലേക്കും വന്നു. അങ്ങനെ യേശുവിനു ചുറ്റും എളിയവരും ദരിദ്രരും സാധാരണക്കാരുമായ ഒരു ചെറുപറ്റം അനുയായികളും പ്രമുഖരും പ്രബലരുമായ ഒരു വലിയ ഗണം എതിരാളികളുമുണ്ടായി. തന്‍റെ ജീവന്‍തന്നെ അപകടത്തിലാണെന്നറിഞ്ഞിട്ടും പിതാവില്‍ നിന്നുള്ള തന്‍റെ ദൗത്യം നിര്‍വഹിക്കുന്നതില്‍നിന്നു യേശു അണുവിട വ്യതിചലിച്ചില്ല. പ്രബലരായ എതിരാളികള്‍ അവിടുത്തെ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തി. ഈ ഗൂഢാലോചനയുടെ ഫലമായിരുന്നു അവിടുത്തെ അറസ്റ്റും വിസ്താരമെന്ന പ്രഹസനവും കുരിശില്‍ തൂക്കിക്കൊല്ലാനുള്ള വിധിയുമെല്ലാം.

യേശുവിന്‍റെ പെസഹാവിരുന്ന്

യേശു എന്തിനുവേണ്ടി നിലകൊണ്ടുവോ അതെല്ലാം അവിടുത്തെ കുരിശുമരണത്തോടെ നശിക്കുമെന്നും അവിടുന്ന് കൊണ്ടുവന്ന മൂല്യങ്ങളും പ്രചരിപ്പിച്ച ആശയങ്ങളുമെല്ലാം അവിടുത്തോടൊപ്പം അപ്രത്യക്ഷമാകുമെന്നും ശത്രുക്കള്‍ കരുതി. പക്ഷേ അവിടെയാണ് അവര്‍ക്കു തെറ്റുപറ്റിയത്. കുരിശില്‍കിടന്ന് രക്തം ചിന്തി, വേദനിച്ച് ഇഞ്ചിഞ്ചായി മരിക്കേണ്ടിവന്നപ്പോള്‍പോലും യേശു തന്‍റെ പിതാവിനോടും അങ്ങ് ഏല്പിച്ച ദൗത്യത്തോടും വിശ്വസ്തത പുലര്‍ത്തി. മരണത്തിന്‍റെ നിഗൂഢതയില്‍പോലും അചഞ്ചലമായ വിശ്വസ്തതയിലും സ്നേഹത്തിലും പിതാവിനു സ്വയം വിട്ടുകൊടുത്ത യേശുവിന്‍റെ ഈ ജീവിതവും അതിന്‍റെ പര്യവസാനവും പാരമ്യവുമായ മരണവുമാണ് യേശുവിന്‍റെ ബലി - ജീവിതബലി. ഈ ബലിക്കുള്ള പിതാവിന്‍റെ പ്രത്യുത്തരമായിരുന്നു യേശുവിന്‍റെ ഉയിര്‍പ്പിക്കല്‍. ഉയിര്‍പ്പിക്കപ്പെട്ട യേശു ഇപ്പോള്‍ പിതാവിന്‍റെ മഹത്വത്തിലാണ്. അതേസമയം അവിടുന്ന് നമ്മോടൊപ്പവുമാണ്. അവിടുത്തെ അനുയായികളായ നമ്മളും അവിടുന്നു ചെയ്തതുപോലെ, പിതാവിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹവും മാപ്പും സ്വീകരിച്ചുകൊണ്ട് നമ്മെത്തന്നെ പിതാവിന് ഏല്പിച്ചുകൊടുക്കണമെന്നും പിതാവിന്‍റെ ഇഷ്ടമനുസരിച്ച് നമ്മുടെ സഹോദരങ്ങളുടെ സമഗ്രവിമോചനത്തിനും സൗഭാഗ്യത്തിനും വേണ്ടി നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും നമ്മെത്തന്നെ ചെലവഴിക്കുകയും ചെയ്യണമെന്നും യേശു ആഗ്രഹിച്ചു. അതിനു പ്രചോദനവും കരുത്തും പകര്‍ന്ന് നമ്മെ പ്രാപ്തരാക്കിത്തീര്‍ക്കുന്നതിനാണ് മരണത്തിന്‍റെ തലേന്ന് തന്‍റെ അനുയായികളോടൊത്ത് യേശു പെസഹാവിരുന്ന് ആചരിച്ചതും തന്‍റെ ഓര്‍മ്മയ്ക്കായി അതാചരിക്കുവാന്‍ കല്പിച്ചതും.

യേശുവിന്‍റെ ഓര്‍മ്മയാചരണം

പെസഹാവിരുന്ന് യഹൂദരെ സംബന്ധിച്ചിടത്തോളം അവരുടെ രക്ഷാകരചരിത്രത്തിന്‍റെ കേന്ദ്രസംഭവമായ ഈജിപ്തിലെ അടിമത്തത്തില്‍നിന്നുള്ള മോചനത്തിന്‍റെയും സീനായ് മലയില്‍ യാഹ്വേയുമായി നടന്ന രക്ഷാകര ഉടമ്പടിയുടെയും ഓര്‍മ്മയാചരണം ആയിരുന്നു. ചരിത്രത്തിലെ രക്ഷാകരസംഭവങ്ങള്‍ അവര്‍ക്ക് വെറും ഗതകാലസംഭവങ്ങളായിരുന്നില്ല. ഓര്‍മ്മയാചരിക്കുന്ന സമൂഹത്തില്‍ അവ വീണ്ടും സന്നിഹിതമാകുന്നുവെന്നും ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്കും അവയില്‍ പങ്കുകൊള്ളുവാനും രക്ഷയിലേക്ക് വരുവാനും കഴിയുമെന്നും അവര്‍ വിശ്വസിച്ചിരുന്നു. മരണത്തിനുമുമ്പ് യേശു ശിഷ്യരോടുകൂടി അന്ത്യഅത്താഴം കഴിച്ചപ്പോള്‍, അത് ഒരു പുതിയ പെസഹായും ഒരു പുതിയ ഓര്‍മ്മയാചരണവുമാകണമെന്ന് അവിടുന്ന് അഭിലഷിച്ചു. തന്‍റെ ജീവിതത്തിന്‍റെ -ജീവിതബലിയുടെ - ഒരു പ്രതീകമായിട്ടാണ്, സംക്ഷിപ്തരൂപമായിട്ടാണ് ഈ അന്ത്യഅത്താഴത്തെ അവിടുന്ന് വിഭാവനം ചെയ്യുന്നത്. അതുകൊണ്ടാണ് സ്വയം ദാനത്തിന്‍റെയും വിനീതസേവനത്തിന്‍റെയും അടയാളമായി ശിഷ്യരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് ഈ അത്താഴം അവിടുന്ന് ആരംഭിക്കുന്നത്. ഭക്ഷണത്തിനിടയ്ക്ക് അപ്പമെടുത്ത് മുറിച്ച് "ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്‍റെ ശരീരമാണ്"(ലൂക്കാ 22:19) എന്നു പറഞ്ഞ് അവര്‍ക്കു കൊടുത്തപ്പോള്‍, തന്‍റെ ശരീരം മറ്റുള്ളവര്‍ക്ക് അപ്പമാകാന്‍വേണ്ടി, ജീവനേകാന്‍ വേണ്ടി മുറിക്കപ്പെട്ടതിനെ, ചെലവഴിക്കപ്പെട്ടതിനെ, ഓര്‍മ്മിപ്പിച്ചുകൊണ്ട്, അപ്രകാരം തന്നെ ചെയ്യുവാന്‍ അവരെ ആഹ്വാനം ചെയ്യുകയാണ് യേശു ചെയ്തത്. അതുപോലെതന്നെ, വീഞ്ഞുനിറഞ്ഞ പാനപാത്രമെടുത്ത്, "ഈ പാനപാത്രം നിങ്ങള്‍ക്കു വേണ്ടി ചിന്തപ്പെടുന്ന എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്" (ലൂക്കാ 22:20)എന്നു പറഞ്ഞുകൊണ്ട് ശിഷ്യര്‍ക്ക് കൊടുത്തപ്പോള്‍, താന്‍ ചെയ്തതുപോലെ മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ചെലവഴിച്ച്, സ്വയം കൊടുത്തുകൊണ്ട് ഇല്ലാതാകേണ്ടി വന്നാല്‍പ്പോലും അതിനു തയ്യാറാകാന്‍ അവരെ ആഹ്വാനം ചെയ്യുകയായിരുന്നു. "എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍" (ലൂക്കാ 22:19)എന്നു പറഞ്ഞപ്പോള്‍, ഇതൊരു പുതിയ പെസഹാ, പുതിയ ഓര്‍മ്മയാചരണം ആണെന്ന സൂചന അവിടുന്നു തരുന്നു. ഈ പെസഹാവിരുന്നാചരണത്തില്‍ തന്‍റെ ഓര്‍മ്മയാചരിക്കുവാന്‍ ഒത്തുചേരുന്നവരോടുകൂടി തന്‍റെ അരൂപി എന്നുമുണ്ടായിരിക്കുമെന്നും തന്‍റെ ജീവിതംപോലെ അവരുടെ ജീവിതവും ഒരു ബലിയായിത്തീരാന്‍ പിതാവിനു പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ടതും പിതാവിന്‍റെ ഇഷ്ടമനുസരിച്ച് മനുഷ്യരുടെ സമഗ്രമായ മോചനത്തിനും സൗഭാഗ്യത്തിനുംവേണ്ടി ഉഴിഞ്ഞുവയ്ക്കപ്പെട്ടതുമായിത്തീരാന്‍ തന്‍റെ അരൂപി അവരില്‍ വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന ഉറപ്പാണ് യേശു നല്കുന്നത്.

You can share this post!

വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദ്ദം നേരിടാന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts