ആദിമനൂറ്റാണ്ടുകളില്‍ ക്രൈസ്തവര്‍ വി. കുര്‍ബാന അഥവാ 'അപ്പംമുറിക്കല്‍ ശുശ്രൂഷ' ആചരിച്ചപ്പോള്‍ (അപ്പ. 2:42-46, 20:7-11, 27:35, ഗ കോറി. 10:16), യേശുവിന്‍റെ ജീവിതവും വാക്കുകളും പ്രവൃത്തികളും പീഡാസഹനവും മരണവും ഉയിര്‍പ്പും അനുസ്മരിക്കുകയും അവിടുത്തെപ്പോലെ പിതൃഹിതം നിറവേറ്റിക്കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാനും സ്വയം ചെലവഴിക്കാനുമുള്ള സന്നദ്ധതയോടെ യേശു ആരംഭിച്ച ആ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും വിരുന്നില്‍ പങ്കുചേരുകയുമായിരുന്നു. അപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ യേശു തന്നെ തങ്ങളുടെ മധ്യേ സന്നിഹിതനാണെന്നും ഈ വിരുന്നിലെ ഭക്ഷണപാനീയങ്ങളിലൂടെ അവിടുന്നു സ്വയം തങ്ങള്‍ക്കു നല്കുന്നുവെന്നുമുള്ള ആഴമേറിയ അവബോധം അവര്‍ക്കുണ്ടായിരുന്നു. പരസ്പരസ്നേഹത്തിനും സാഹോദര്യത്തിനും പങ്കുചേരലിനും അപ്പംമുറി ശുശ്രൂഷയില്‍ അവര്‍ കൊടുത്ത പ്രാധാന്യം അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളിലും ആദിമസഭാപിതാക്കളുടെ എഴുത്തുകളിലും നിന്നു വളരെ വ്യക്തമായി ഗ്രഹിക്കുവാന്‍ കഴിയും. യേശുവിനെക്കുറിച്ചും യേശുവിലൂടെയുള്ള രക്ഷാകരകര്‍മ്മത്തെക്കുറിച്ചും പിതാവായ ദൈവത്തിനു നന്ദി പറയുക അപ്പംമുറി ശുശ്രൂഷയിലെ മുഖ്യമായ ഒരു ഭാഗമായിരുന്നു. കാലക്രമത്തില്‍ അപ്പംമുറി ശുശ്രൂഷ എന്ന പേരിനുപകരം 'നന്ദി പ്രകാശിപ്പിക്കല്‍' എന്നര്‍ത്ഥമുള്ള 'യൂക്കറിസ്റ്റ്യാ' എന്ന പേര് വി. കുര്‍ബാനയാചരണത്തിന് ഉപയോഗിച്ചുതുടങ്ങി. അപ്പോഴൊന്നും ഈ ആചരണത്തെ അനുഷ്ഠാനപരമായ ഒരു ബലി ആയി അവര്‍ കരുതിയിരുന്നില്ല.
പുതിയ നിയമത്തിലെ ക്രൈസ്തവരുടെ ബലിയെ 'സ്തുതിപ്പിന്‍റെ ബലി'യും 'ദൈവേഷ്ടത്തിനു വിധേയമായ ജീവിത'വുമായിട്ടാണ് ആദിമ ക്രൈസ്തവര്‍ കണ്ടിരുന്നത്(റോമാ 12: 1-2, 1 പത്രോ. 2: 5). ക്രൈസ്തവരുടെ ബലികള്‍ എങ്ങനെയുള്ളതാണെന്നു ഹെബ്രായര്‍ക്കുള്ള ലേഖനവും വ്യക്തമാക്കുന്നുണ്ട്. ആദ്യമായി പഴയനിയമത്തിലെ അനുഷ്ഠാനപരമായ ബലികള്‍ക്ക് ഇനി സാധ്യതയില്ല എന്നു ലേഖനകര്‍ത്താവു സൂചിപ്പിക്കുന്നു. (9: 1-28, 10:1-4). ക്രിസ്തു എന്നെന്നേയ്ക്കുമായി അര്‍പ്പിച്ച ഏകബലിയെപ്പറ്റി പറഞ്ഞശേഷം (10: 1-18), ക്രൈസ്തവരുടെ ബലി എന്താണെന്നതിനുള്ള വ്യക്തമായ സൂചനകള്‍ അദ്ദേഹം നല്കുന്നു. "അവനിലൂടെ നമുക്ക് എല്ലായ്പ്പോഴും ദൈവത്തിനു സ്തുതിയുടെ ബലി - അവന്‍റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ - അര്‍പ്പിക്കാം. നന്മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്" (13: 15-16). ആദിമ ക്രൈസ്തവരും സഭാപിതാക്കന്മാരും പുതിയ നിയമത്തിന്‍റെ ഈ ഉള്‍ക്കാഴ്ചയില്‍ ഉറച്ചുനില്‍ക്കുന്നു. കൊല്ലോദൂസ് ചക്രവര്‍ത്തിയുടെ കാലത്ത് (180-192) രക്തസാക്ഷിയായി മരിച്ച അപ്പോളോണിയൂസ്, തന്നെ ചോദ്യം ചെയ്ത ജഡ്ജിയുടെ മുന്‍പില്‍ വച്ച് പ്രസ്താവിക്കുകയുണ്ടായി: 'രക്തരഹിതവും പരിശുദ്ധവുമായ ഒരു ബലി ഞാനും എല്ലാ ക്രൈസ്തവരും സര്‍വ്വശക്തനായ ദൈവത്തിനു സമര്‍പ്പിക്കുന്നു... പ്രാര്‍ത്ഥനയുടെ രൂപത്തിലാണ് ഞങ്ങളുടെ ഈ ബലി.' ക്രൈസ്തവര്‍ ദൈവത്തിന് അര്‍പ്പിക്കുന്നത് ഭൗതികമോ മനുഷ്യനിര്‍മ്മിതമോ ആയ ബലിവസ്തുക്കളല്ല, പ്രത്യുത പ്രാര്‍ത്ഥനയും കൃതജ്ഞതാപ്രകടനവും കുറ്റമറ്റ തങ്ങളുടെ ജീവിതവുമാണെന്നത്രേ ബര്‍ണബാസ് പ്രസ്താവിക്കുന്നത്. ബലിയര്‍പ്പണമില്ലാത്ത ക്രൈസ്തവര്‍ നിരീശ്വരരാണെന്ന വിജാതീയരുടെ വിമര്‍ശനത്തോടു പ്രതികരിച്ചുകൊണ്ട് വി. ജസ്ററിന്‍ പറഞ്ഞു: "ഞങ്ങള്‍ക്കു കിട്ടിയിരിക്കുന്ന പാരമ്പര്യമനുസരിച്ച് ഭക്ഷണപാനീയങ്ങളായി ദൈവം സൃഷ്ടിച്ചിട്ടുള്ളവയെ തീയിലെരിയിപ്പിച്ചു നശിപ്പിക്കുന്നതിനു പകരം, അവയെ ഉപയോഗിക്കുകയും അവയ്ക്കുവേണ്ടി ആഘോഷപൂര്‍വ്വമായ പ്രാര്‍ത്ഥനകളിലും ഗാനങ്ങളിലും കൂടെ അവിടുത്തേക്കു നന്ദി പറയുകയും ചെയ്യുന്നതാണ് ദൈവത്തിന് ഏറ്റവും അനുയോജ്യമായ ആരാധന."(അുീഹ. 13, 3). അത്തനാഗൊരസ്സിന്‍റെ വാക്കുകളില്‍, "എല്ലാറ്റിന്‍റെയും സ്രഷ്ടാവും പിതാവുമായവനു രക്തമോ ദഹിപ്പിക്കപ്പെടുന്ന കൊഴുപ്പിന്‍റെ ധൂപമോ പൂക്കളുടെയും ദഹനബലികളുടെയും സുഗന്ധമോ ഒന്നും ആവശ്യമില്ല. കാരണം അവിടുന്നു തന്നെയാണ് സമ്പൂര്‍ണസുഗന്ധവും ഒന്നിന്‍റെയും ആവശ്യമില്ലാത്തവനും തന്നില്‍ത്തന്നെ മതിയായവനും. ആകാശങ്ങളുടെയെല്ലാം സ്രഷ്ടാവായ അവിടുത്തെ ഏറ്റുപറയുന്നതും ശുദ്ധമായ കൈകള്‍ അവിടുത്തെ പക്കലേക്ക് ഉയര്‍ത്തുന്നതുമാണ് ഏറ്റവും വലിയ ബലി." (ടൗുുഹശരമശേീ 13. 13, 3). ഇതേ ആശയങ്ങള്‍ തന്നെ ഡയോഗ്നെറ്റൂസിനുള്ള എഴുത്തിലും നാം കാണുന്നുണ്ട്. ആദിമലത്തീന്‍ സഭാപിതാക്കന്മാരുടെ പ്രതിനിധിയെന്ന നിലയില്‍ മിനുസിയൂസ് ഫെലിക്സിന്‍റെ വാക്കുകള്‍ മാത്രം എടുത്തു പറയട്ടെ: "ഒരു നല്ല ഹൃദയം, പാവനമായ പ്രകൃതം, നിഷ്കളങ്കമായ ചിന്തകള്‍ - ഇവയാണ് ദൈവത്തിനു പ്രീതികരമായ ബലിയും കാഴ്ചകളും, നീതിപ്രവര്‍ത്തിക്കുന്നവനാണ് ദൈവത്തിനു നൈവേദ്യം അര്‍പ്പിക്കുന്നത്, വഞ്ചനയില്‍ നിന്ന് അകന്നുനില്‍ക്കുന്നവന്‍ അവിടുത്തെ പ്രീതിക്ക് പാത്രമാകുന്നു. അപകടത്തില്‍ നിന്ന് ഒരുവനെ രക്ഷിക്കുന്നവന്‍ ഉദാത്തമായ ബലിയാണ് ദൈവത്തിന് അര്‍പ്പിക്കുക. അവയാണ് ഞങ്ങളുടെ ബലികളും ദൈവാരാധനയും. നീതിയാണ് ദൈവഭക്തിയുടെ മാനദണ്ഡം" (അുീഹ. 32:23).
വിശുദ്ധ കുര്‍ബാനയാഘോഷത്തെപ്പറ്റി പറയുമ്പോള്‍ ആദിമസഭാപിതാക്കന്മാര്‍ ചിലപ്പോള്‍ ബലിയുടെ ഭാഷ ഉപയോഗിച്ചിരുന്നെങ്കിലും അനുഷ്ഠാനപരമായ ഒരു ബലിയായി അവര്‍ ഒരിക്കലും വി. കുര്‍ബാനയെ കണ്ടിരുന്നില്ല. ദൈവമായ വചനത്തോടുള്ള പ്രാര്‍ത്ഥനയിലൂടെ അപ്പവും വീഞ്ഞും അവതീര്‍ണ്ണനായ പുത്രന്‍റെ ശരീരവും രക്തവുമായിത്തീരുന്നുവെന്ന് വി. ജെസ്റ്റിന്‍ പറയുന്നുണ്ട്. എന്നാല്‍, ഇതിനെ ഒരു ബലിയായിട്ടല്ല അദ്ദേഹം കണ്ടത്. വി. ഇറനേവൂസും ആരംഭത്തില്‍ പ്രാര്‍ത്ഥനകളെയും സത്പ്രവൃത്തികളെയും ദൈവജ്ഞാനത്തെയും ദൈവഹിതത്തിന്‍റെ നിറവേറ്റലിനെയുമാണ് ക്രൈസ്തവരുടെ ബലിയായി പരിഗണിക്കുന്നത്. എന്നാല്‍, ബലിയെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ ഈ ആത്മീയമായ കാഴ്ചപ്പാട് കാലക്രമത്തില്‍ അനുഷ്ഠാനപരമായ ബലിസങ്കല്പവുമായി സംയോജിക്കുകയും വി. കുര്‍ബാനയാചരണത്തെപ്പറ്റിയുള്ള ചിന്തയില്‍ ക്രമേണ ആദ്യത്തേത് രണ്ടാമത്തേതിനു വഴിമാറുകയാണുണ്ടായത്. ഈ മാറ്റത്തിനുള്ള മുഖ്യകാരണം, ക്രിസ്തുനാഥന്‍റെ രക്ഷാകരപ്രവര്‍ത്തനത്തെയും ക്രൈസ്തവജീവിതത്തെയും ആരാധനയെയും അതിന്‍റെ അവശ്യഭാഗമായ വി. കുര്‍ബാനയാചരണത്തെയും വ്യാഖ്യാനിക്കാന്‍ പര്യാപ്തമായ വാക്കുകള്‍ ബലിയുടെ ഭാഷയിലും, അതിനുള്ള മോഡലുകള്‍ പൗരാണികബലിയനുഷ്ഠാനങ്ങളിലും കണ്ടെത്താന്‍ കഴിഞ്ഞുവെന്നതാണെന്നു പറയാം. കര്‍ത്താവിന്‍റെ ശരീരമാകുന്ന അപ്പത്തെയും രക്തമാകുന്ന വീഞ്ഞിനെയും ലോകം മുഴുവനിലുമുള്ള സഭ യേശുവിന്‍റെ നാമത്തില്‍ പിതാവിന് അര്‍പ്പിക്കുന്ന പുതിയ ഉടമ്പടിയിലെ പുതിയ ബലിയായി ഇറനേവൂസ് വ്യാഖ്യാനിക്കുന്നു. അദ്ദേഹത്തിന്‍റെ പിന്നാലെ വന്ന സഭാപിതാക്കന്മാരും ദൈവശാസ്ത്രജ്ഞന്മാരും ഈ രീതിയില്‍ത്തന്നെ ചിന്തിക്കാന്‍ തുടങ്ങി. അപ്പവും വീഞ്ഞും കര്‍ത്താവിന്‍റെ ശരീരവും രക്തവുമായി മാറുകയും അത് സഭ യേശുവിന്‍റെ നാമത്തില്‍ ബലിയായി പിതാവിന് അര്‍പ്പിക്കുകയും ചെയ്യുന്നതാണ് വി. കുര്‍ബാനയെന്ന കാഴ്ചപ്പാട് അങ്ങനെ നിലവില്‍ വന്നു.
അനുഷ്ഠാനപരമായ ഒരു ബലിയായി വി. കുര്‍ബാനയെ മനസ്സിലാക്കിയതോടെ മുമ്പ് ഭവനങ്ങളില്‍ നടത്തിയിരുന്ന വി. കുര്‍ബാനയാചരണം വിജാതീയരുടെ ക്ഷേത്രങ്ങളുടെ മോഡലില്‍ പണിതീര്‍ത്ത ദൈവാലയങ്ങളിലേക്കു മാറ്റപ്പെട്ടു. വിശിഷ്യ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ കാലത്തോടെ ധാരാളം ദൈവാലയങ്ങള്‍ പണിതുയര്‍ത്തപ്പെടുകയുണ്ടായി. വി. കുര്‍ബാനയാചരണം ഭക്ഷണമേശയില്‍നിന്ന് അള്‍ത്താരകളിലേക്കു മാറി. ആദ്യമാദ്യം ഈ അള്‍ത്താരകള്‍ ജനങ്ങള്‍ക്ക് അടുത്തും ജനാഭിമുഖവുമായിരുന്നു. ക്രമേണ അവ ജനങ്ങളില്‍നിന്ന് അകന്നും ഭിത്തിക്ക് അഭിമുഖവുമായി. അങ്ങനെ ആദിമ ക്രൈസ്തവര്‍ക്ക് വി. കുര്‍ബാനയെപ്പറ്റിയും ബലിയെപ്പറ്റിയുമുണ്ടായിരുന്ന മൗലികവും ആത്മീയവുമായ കാഴ്ചപ്പാടു മിക്കവാറും നഷ്ടപ്പെടുകയും വി. കുര്‍ബാന അനുഷ്ഠാനപരമായ ഒരു ബലിയാണെന്ന തെറ്റിദ്ധാരണ പരക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഈ തെറ്റിദ്ധാരണയാണ് ഇന്നും പല ക്രൈസ്തവരും വച്ചുപുലര്‍ത്തുന്നത്.
വി. കുര്‍ബാന അനുഷ്ഠാനപരമായ ബലിയല്ലെന്നും 'ഓര്‍മ്മയാചരണ'ത്തിലൂടെ ഉള്ള യേശുവിന്‍റെ ജീവിതബലിയുടെ പുനരവതരണമാണെന്നും മുമ്പത്തെ ലക്കങ്ങളില്‍ വ്യക്തമാക്കിയിരുന്നല്ലോ.
അനുഷ്ഠാനപരമായ ബലികള്‍ എന്നതുപോലെതന്നെ, അനുഷ്ഠാനപരമായ പൗരോഹിത്യവും ക്രൈസ്തവവിശ്വാസത്തിന് അന്യമാണ്. പുതിയ നിയമത്തില്‍ ഒരിടത്തും അനുഷ്ഠാനപരമായ പൗരോഹിത്യത്തെപ്പറ്റി പറയുന്നില്ല. മാത്രമല്ല, അനുഷ്ഠാനപൗരോഹിത്യത്തെ സൂചിപ്പിക്കുന്ന ഗ്രീക്കുഭാഷയിലെ വശലൃലൗെ, ലത്തീന്‍ഭാഷയിലെ മെലലൃറീെ തുടങ്ങിയ പുരോഹിത സംജ്ഞകള്‍ പുതിയനിയമവും ആദിമസഭാപിതാക്കന്മാരും ബോധപൂര്‍വ്വം ഒഴിവാക്കുന്നു. ക്രൈസ്തവ സമൂഹത്തില്‍ നേതൃത്വം കൊടുക്കുന്നവരെ കുറിക്കുന്ന വാക്കുകള്‍ മൂപ്പന്‍, ശുശ്രൂഷി, മേലന്വേഷകന്‍ തുടങ്ങിയവയാണ്. പൗലോസ് ശ്ലീഹാ സ്ഥാപിച്ച സഭാസമൂഹങ്ങളില്‍ പ്രവാചകന്മാര്‍, അധ്യാപകര്‍ തുടങ്ങിയവരുമുണ്ടായിരുന്നു. എന്നാല്‍, കാലക്രമത്തില്‍ വി. കുര്‍ബാനയാചരണത്തിന്‍റെ അധ്യക്ഷസ്ഥാനം വഹിച്ച സഭാ മൂപ്പന്മാരുടെ ശുശ്രൂഷയും പ്രവാചകന്മാര്‍, അധ്യാപകന്മാര്‍ എന്നിവരുടെ ശുശ്രൂഷയും ഏറെക്കുറെ ഒന്നായിത്തീര്‍ന്നു. അങ്ങനെ സഭാമൂപ്പന്മാര്‍ക്കു സഭയില്‍ കൂടുതല്‍ പ്രാമുഖ്യം കൈവന്നു. അവരില്‍ തിരഞ്ഞെടുപ്പിലൂടെയോ സ്വന്തം കഴിവിലൂടെയോ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന വ്യക്തിയാണ് മേലന്വേഷകന്‍ ആയത്. മൂപ്പന്മാരോടൊപ്പം അദ്ദേഹമാണ് ഓരോ സമൂഹത്തെയും നയിച്ചത്. അദ്ദേഹമാണ് പലപ്പോഴും വി. കുര്‍ബാനയാചരണത്തില്‍ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നത്. ചിലപ്പോള്‍ സഹമൂപ്പന്മാരും ഈ ശുശ്രൂഷ ചെയ്തിരുന്നു. വി. കുര്‍ബാനയാചരണത്തിന് അധ്യക്ഷസ്ഥാനം വഹിച്ച വ്യക്തികള്‍, മറ്റു പല ശുശ്രൂഷികളുടെയും കാര്യത്തിലെന്നപോലെ, കൈവയ്പും പ്രാര്‍ത്ഥനയും വഴിയാണ് ഈ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ടത്. അതുവഴി പരിശുദ്ധാത്മാവ് അവരുടെമേല്‍ ആവസിച്ച്, തങ്ങളുടെ ശുശ്രൂഷയ്ക്ക് അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
ഹെബ്രായര്‍ക്കുള്ള ലേഖനം മാത്രമാണ് ബൈബിളില്‍ യേശുവിനെ പുരോഹിതനായി ചിത്രീകരിക്കുന്നത്. യഹൂദരുടെ പ്രധാന പുരോഹിതന്‍ ആണ്ടിലൊരിക്കല്‍ കുഞ്ഞാടിന്‍റെ രക്തവുമായി ദൈവാലയത്തിലെ ശ്രീകോവിലില്‍ പ്രവേശിച്ച് അവിടെ പാപമോചനത്തിനായി ദൈവത്തിനു ബലി അര്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. ഈ പതിവിനെ ഉപജീവിച്ചാണ് യഹൂദക്രൈസ്തവര്‍ക്കുവേണ്ടി എഴുതിയ ഹെബ്രായലേഖകന്‍ യേശുവിനെ സ്വന്തം രക്തവുമായി സ്വര്‍ഗീയദൈവാലയത്തിന്‍റെ ശ്രീകോവിലില്‍ പ്രവേശിച്ച് അവിടെ ദൈവത്തിനു ബലിയര്‍പ്പിക്കുന്ന പ്രധാന പുരോഹിതനായി ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍, യേശുവിന്‍റെ ബലി മരണശേഷം സ്വര്‍ഗീയദൈവാലയത്തിലെ ശ്രീകോവിലില്‍ ആയിരുന്നില്ല. പ്രത്യുത ജീവിതകാലത്തുതന്നെ ദൈവത്തിനുള്ള സമ്പൂര്‍ണമായ സ്വയം സമര്‍പ്പണമായിരുന്നുവെന്ന് നമുക്കറിയാം. ഈ ജീവിതബലിയുടെ അര്‍പ്പകനും ബലിവസ്തുവുമെന്ന നിലയില്‍ യേശുവിനെ 'പുരോഹിതന്‍' എന്നു വിശേഷിപ്പിക്കുന്നതില്‍ അപാകതയില്ലെന്നു പറയാം. എന്നാല്‍, യശുവിന്‍റെ ബലി അനുഷ്ഠാനപരമായ ബലികളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നുവെന്നും അവിടുന്ന് ഒരു അനുഷ്ഠാനപുരോഹിതനെ ആയിരുന്നില്ല എന്നുമുള്ള വസ്തുത വിസ്മരിച്ചു കൂടാ. യേശുവിന്‍റെ ജീവിതബലി ഇന്നു സഭാസമൂഹത്തില്‍, 'അനുസരണത്തിലൂടെ' പുനരവതരിക്കപ്പെടുമ്പോള്‍, ഈ സമൂഹത്തിലെ അംഗങ്ങളും വിശിഷ്യ അതിനു നേതൃത്വം നല്കുന്നവരും യേശുവിന്‍റെ ഈ പ്രത്യേക പൗരോഹിത്യത്തില്‍ പങ്കുചേരുന്നുവെന്നു പറയാം. എന്നാല്‍ ഇത് അനുഷ്ഠാനപൗരോഹിത്യത്തില്‍നിന്നു തികച്ചും വ്യത്യസ്തമത്രേ. എങ്കിലും കൈവയ്പു ശുശ്രൂഷ വഴി പുരോഹിതരായിത്തീരുകയും വി. കുര്‍ബാനയാചരണത്തില്‍ അപ്പത്തെയും വീഞ്ഞിനെയും യേശുവിന്‍റെ ശരീരരക്തങ്ങളാക്കി മാറ്റുവാനുള്ള ശക്തിയും അധികാരവും ലഭിക്കുകയും അങ്ങനെ സത്താമാറ്റം അള്‍ത്താരയില്‍ സന്നിഹിതമാകുന്ന യേശുവിന്‍റെ ശരീരരക്തങ്ങളെ ദൈവത്തിനു ബലിയായി അര്‍പ്പിക്കുകയും ചെയ്യുന്ന അനുഷ്ഠാനപുരോഹിതരായിട്ടാണ് വി. കുര്‍ബാനയാചരണത്തിനു നേതൃത്വം നല്‍കുന്നവരെ വിശ്വാസികള്‍ ഇന്നും കാണുന്നത്. ഈ തെറ്റിദ്ധാരണ തിരുത്താന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പരിശ്രമിക്കുകയുണ്ടായെങ്കിലും, ഈ പരിശ്രമം കാര്യമായ വിധത്തില്‍ ഇനിയും വിജയത്തിലെത്തിയിട്ടില്ലെന്നതാണ് വാസ്തവം.