news-details
മറ്റുലേഖനങ്ങൾ

യുഗാന്ത്യചിന്തകള്‍ പഴയനിയമത്തില്‍

പഴയ നിയമത്തില്‍ യുഗാന്ത്യചിന്തകളേ ഇല്ലെന്നു പറയുന്ന ചില പഴയനിയമ പണ്ഡിതന്മാരുണ്ട്. യുഗാന്ത്യചിന്തകള്‍ എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് മുഖ്യമായും മരിച്ചവരുടെ ഉയിര്‍പ്പിനെയും നവയുഗ  ആഗമനത്തെയും പറ്റിയുള്ള പ്രതീക്ഷകളാണ്. പഴയനിയമത്തിന്‍റെ അന്തിമഘട്ടത്തോടെയാണ് മരിച്ചവരുടെ ഉയിര്‍പ്പിനെയും നവയുഗ ആഗമനത്തെയും പറ്റിയുള്ള ചിന്തകള്‍ പൊന്തിവരുന്നതെന്നതു വാസ്തവം തന്നെ. മരണാനന്തരം നിഴല്‍ സമാനമായ ഒരു അസ്തിത്വത്തെപ്പറ്റി മാത്രമേ ആരംഭദശകളില്‍ ഇസ്രായേല്‍ ജനതയ്ക്കു ചിന്തിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ അസ്തിത്വത്തെ പ്രതീക്ഷയോടെയല്ല, പ്രത്യുത ഭയത്തോടെയാണ് അവര്‍ കണ്ടിരുന്നത്. ദൈവത്തിലുള്ള വിശ്വാസത്തിലൂടെ ഇസ്രായേല്‍ പ്രത്യാശിച്ചത്, ആദ്യമൊക്കെ ദൈവത്തിന്‍റെ സംരക്ഷണത്തിന്‍ കീഴിലുള്ള സൗഭാഗ്യപൂര്‍ണ്ണമായ ഒരു ഭൗതികജീവിതമായിരുന്നു. ദാനിയേല്‍, മക്കബയാര്‍, ജ്ഞാനം തുടങ്ങിയ പുസ്തകങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ വെളിപാടുചിന്തയിലാണ് ആദ്യമായി ഐഹികജീവിതാനന്തര ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ നാം കണ്ടുമുട്ടുന്നത് എന്നു പറയാം. എങ്കിലും പ്രവാചകന്മാര്‍ ദൈവത്തില്‍നിന്നുള്ള രക്ഷാകരമായ ഒരു ഭാവിയെക്കുറിച്ച് ഇസ്രായേല്‍ ജനതയോട് പലപ്പോഴും പറയുന്നുണ്ട്. ഭാവിരക്ഷയെക്കുറിച്ച് പ്രവാചകന്മാര്‍ നല്കിയിരുന്ന ഈ സന്ദേശങ്ങളില്‍ യുഗാന്ത്യചിന്തകള്‍ കാണുന്നവരാണ് ഇന്നു പ്രാമാണികരായ പല പഴയനിയമപണ്ഡിതന്മാരും. ആദ്യമൊക്കെ ഈ ലോകത്തിലും ചരിത്രത്തിലും തന്നെ സംഭവിക്കാന്‍ പോകുന്ന ഒരു കാര്യമായിട്ടാണ് ഈ രക്ഷാകരഭാവിയെ ചരിത്രകാരന്മാര്‍ കണ്ടിരുന്നത്. എന്നാല്‍, വരാന്‍പോകുന്ന ഭാവിരക്ഷയുടെ മുന്നോടിയായി നിര്‍ണ്ണായകമായ ഒരു മാറ്റം ലോകത്തിലും ചരിത്രത്തിലും അവര്‍ പ്രതീക്ഷിച്ചു. കാലക്രമത്തില്‍ മാത്രമാണ് ലോകത്തിനും ചരിത്രത്തിനും അതീതമായ ഒരു ഭാവിയെക്കുറിച്ച് അവര്‍ ചിന്തിച്ച് തുടങ്ങിയത്.

ഇസ്രായേലിനു ചുറ്റും ജീവിച്ചിരുന്ന പൗരാണിക ജനതകളുടെ പ്രപഞ്ചവീക്ഷണം ഒരു തരം മിത്തിക്കല്‍ ചിന്താഗതിയായിരുന്നു. അതായത്, ഈ പ്രപഞ്ചവും അതിലെ ക്രമങ്ങളുമെല്ലാം നിരന്തരമായ ഒരാവര്‍ത്തനമാണ്. സസ്യങ്ങളും ജന്തുക്കളും മനുഷ്യരുമെല്ലാം ഈ ആവര്‍ത്തനപ്രക്രിയയുടെ ഭാഗമായിരുന്നു. അവര്‍ക്ക് അവ അസ്തിത്വത്തിലേക്കു വരുന്നു, വളരുന്നു, വളരാനും ഇല്ലാതാകാനും പിന്നെയും അസ്തിത്വത്തിലേക്കു വരാനും വേണ്ടി. അങ്ങനെ, ചാക്രികവും ആവര്‍ത്തനാത്മകവുമായ ഒരു പ്രപഞ്ചവീക്ഷണമായിരുന്നു അവരുടേത്. എല്ലാറ്റിനും വിശുദ്ധമായ ഒരു ആരംഭമുണ്ടെന്നും ആ ആരംഭത്തിലേക്കു മടങ്ങിവരുന്നതാണ് പൂര്‍ണ്ണതയെന്നും അവര്‍ കരുതി. ഈ ചിന്തയില്‍ യുഗാരംഭവും യുഗാന്ത്യവും ഒന്നുതന്നെയായിത്തീരുന്നു. ഭാവിക്കോ ചരിത്രത്തിനോ ഈ ചിന്തയില്‍ സ്ഥാനമില്ല. കാരണം ചരിത്രത്തിന് ഇവിടെ യാതൊരു ലക്ഷ്യവുമില്ല. എന്നാല്‍, ഇസ്രായേല്‍ ജനതയുടെ പ്രപഞ്ചവീക്ഷണം ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷ നിറഞ്ഞതും ചരിത്രപരവുമായിരുന്നു. ഈജിപ്തിന്‍റെ അടിമത്തത്തിലമര്‍ന്നിരുന്ന തങ്ങളുടെ വംശത്തെ മോചിപ്പിക്കുകയും ഭ ദ്രമായ ഒരു ഭാവി വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങുകയും തങ്ങളുടെ രക്ഷ ഉറപ്പാക്കുകയും ചെയ്യുന്നവനായി ഇസ്രായേല്‍ ജനത ദൈവത്തെ അനുഭവിച്ചറിഞ്ഞു. ഈ അനുഭവത്തിലും വിശ്വാസത്തിലും നിന്നാണ് പഴയനിയമത്തിലെ യുഗാന്ത്യചിന്തകളുടെ ഉത്ഭവവും. ആദ്യമെല്ലാം ഈജിപ്തില്‍ നിന്നുള്ള മോചനം, സീനായ് മലയില്‍ വെച്ചുണ്ടായ ഉടമ്പടി തുടങ്ങിയ ഗതകാലരക്ഷാകരസംഭവങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു യാഹ്വേയിലുള്ള ഇസ്രായേലിന്‍റെ  വിശ്വാസം. എന്നാല്‍ കാലക്രമത്തില്‍ ഭാവിയില്‍ വരാനിരിക്കുന്ന രക്ഷയ്ക്കായിത്തീര്‍ന്നു ഊന്നല്‍.

ജനതകളില്‍നിന്നും ദൈവം ഇസ്രായേലിനെ തിരഞ്ഞെടുക്കുകയും ഉടമ്പടിയിലൂടെ സ്വന്തം ജനമാക്കുകയും ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവം വാഗ്ദാനങ്ങളില്‍ എപ്പോഴും വിശ്വസ്തനാണ്. ഇസ്രായേലും ഉടമ്പടി പാലിക്കയും തങ്ങളെ തിരഞ്ഞെടുത്തു സ്വന്തമാക്കിയ ദൈവത്തിന്‍റെ നേര്‍ക്ക് വിശ്വസ്തരായി വര്‍ത്തിക്കുകയും വേണം. ഭാവിയെപ്പറ്റിയുള്ള സുരക്ഷിതത്വവും ഉറപ്പുമായി ഈ വിളിയെ തെറ്റിദ്ധരിച്ചുകൂടാ. ദൈവത്തിന്‍റെ വിളിയും തിരഞ്ഞെടുപ്പും അവകാശമായി ഉയര്‍ത്തിക്കാട്ടാനുള്ളതുമല്ല. ഇസ്രായേല്‍ക്കാരില്‍ ദൃശ്യമായ ഈ വിധത്തിലുള്ള ചിന്തയെയും അവകാശവാദത്തെയും പ്രവാചകന്മാര്‍ വിമര്‍ശിക്കുന്നുണ്ട്. ദൈവവുമായുള്ള ഉടമ്പടി പാലിക്കുന്നില്ലെങ്കില്‍ ദൈവത്തിന്‍റെ ദിവസം രക്ഷയുടെ ദിവസമല്ല. പ്രത്യുത വിധിയുടെ ദിവസമാകും. ദൈവത്തോടുള്ള അവിശ്വസ്തതയുടെ ഫലമായി ശിക്ഷയും നാശവും വന്നുചേരും. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രവാചകന്മാര്‍ ഈ മുന്നറിയിപ്പു നല്കുന്നുണ്ട്. അതേസമയം ദൈവം ഉടമ്പടിയില്‍ വിശ്വസ്തനായതുകൊണ്ട് ശിക്ഷയും നാശവും അന്തിമയാഥാര്‍ത്ഥ്യമായിരിക്കില്ല. വിധിക്കുശേഷം ദൈവത്തില്‍ നിന്ന് ഒരു പുതിയ രക്ഷ കൈവരും. ഗതകാല രക്ഷാകരസംഭവങ്ങളെ അതിശയിക്കുന്നതായിരിക്കും ഈ പുതിയ രക്ഷ. ആമോസ് പ്രവാചകന്‍ ഈ പുതിയ രക്ഷയെ കാണുന്നത് ഒരു പുതിയ ഉടമ്പടിയായിട്ടാണ്. അങ്ങനെ പഴയ രക്ഷാകരസംഭവങ്ങളോടു സാദൃശ്യമുള്ളതും എന്നാല്‍ അവയെ വെല്ലുന്നതുമായിരിക്കും ഈ പുതിയ രക്ഷ.

ഇസ്രായേലിന്‍റെ അവിശ്വസ്തതയ്ക്കും പാപത്തിനും ശിക്ഷയായി വന്നുചേരുമെന്നു പ്രവാചകന്മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്ന വന്‍ദുരന്തത്തെ ബാബിലോണ്‍ പ്രവാസത്തില്‍ ഇസ്രായേല്‍ ജനത ദര്‍ശിച്ചു. രണ്ടാം ഏശയ്യാ പ്രവാചകനും ഈ ചിന്താഗതിയെ ശരിവെക്കുകയും സമൂലമായ ഒരു നവീകരണവും അവര്‍ പ്രവചിച്ചിരുന്നു. ഈ നവീകരണം ഉടനടി സംഭവിക്കുമെന്നും ജനങ്ങളെല്ലാം പ്രതീക്ഷിച്ചു. എന്നാല്‍ പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയവരെ കാത്തിരുന്നത് കഠിനമായ ഇച്ഛാഭംഗമാണ്. ഇസ്രായേലിന്‍റെ പഴയ പ്രതാപമൊക്കെ ഒരു ഓര്‍മ്മ മാത്രമായി അവശേഷിച്ചു. നിരാശ നിഴല്‍ വീശിയ ഈ സാഹചര്യത്തില്‍ ഇസ്രായേല്‍ ജനതയെ ആശ്വസിപ്പിക്കാനും ദൈവത്തിലുള്ള അവരുടെ വിശ്വാസവും പ്രത്യാശയും ഉജ്ജീവിപ്പിക്കാനുമായി മുന്നോട്ടു വന്ന ചിലരുടെ ചിന്തകളും ലിഖിതങ്ങളുമാണ് 'വെളിപാടുചിന്ത' എന്ന പേരില്‍ അറിയപ്പെടുന്ന ബൈബിള്‍ സാഹിത്യരൂപം. 'ദ്വൈതചിന്ത' എന്നും 'അതീന്ദ്രീയ യുഗാന്ത്യചിന്ത' എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. പുതിയനിയമത്തെയും സ്വാധീനിച്ചിട്ടുള്ള ഒരു ചിന്താഗതിയാണ് ഇത്. പഴയനിയമത്തില്‍ ഈ വെളിപാടു ചിന്ത നാം കാണുന്നതു ദാനിയേലിന്‍റെ പുസ്തകത്തിലാണ്. വെളിപാടു യുഗാന്ത്യചിന്തകള്‍ അവതരിപ്പിക്കുന്ന ഒട്ടേറെ പുസ്തകങ്ങള്‍ പഴയനിയമവും പുതിയനിയമവുമായി ബന്ധപ്പെട്ട് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ദാനിയേലിന്‍റെ പുസ്തകം മാത്രമേ ഔദ്യോഗികമായി പഴയനിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. പുതിയനിയമത്തിലെ വെളിപാടിന്‍റെ പുസ്തകവും ഈ ചിന്താഗതിയില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. സുവിശേഷത്തിലെ ചില ഭാഗങ്ങളിലും വെളിപാടു യുഗാന്ത്യചിന്തകള്‍ നാം കാണുന്നുണ്ട്. (ഉദാ. മര്‍ക്കോസ് 13, മത്തായി 24).

വെളിപാടു യുഗാന്ത്യചിന്തകളെ ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിക്കാന്‍ വിഷമമാണെങ്കിലും സംക്ഷിപ്തമായി ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാം. നാം ജീവിക്കുന്ന ഈ യുഗത്തില്‍ നിന്ന് മൗലികമായി ഭിന്നമായ ഒന്നാണു വരാനിരിക്കുന്ന യുഗം. വരും യുഗം അഥവാ വരാനിരിക്കുന്ന ലോകം പെട്ടെന്ന് അപ്രതീക്ഷിതമായി സ്വര്‍ഗ്ഗത്തില്‍നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരും. മനുഷ്യന് അതിന്‍റെ വരവിനുവേണ്ടി ഒന്നുംചെയ്യാന്‍ കഴിയുകയില്ല. ദൈവത്തിന്‍റെ പ്ലാനും പദ്ധതിയുമനുസരിച്ചു മാത്രമായിരിക്കും അതു സംഭവിക്കുക. എന്നാല്‍ വെളിപാടു ദര്‍ശകന് ദൈവത്തിന്‍റെ ഈ പദ്ധതിയെപ്പറ്റി ചില ഉള്‍ക്കാഴ്ചകള്‍ ലഭിക്കുന്നു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ വരാനിരിക്കുന്ന യുഗത്തിന്‍റെ മുന്നോടി. ഭയങ്കരമായ ഭൂമികുലുക്കവും സൂര്യചന്ദ്രന്മാരുടെ തമസ്കരണവും നക്ഷത്രങ്ങളുടെ ഭൂമിയിലേക്കുള്ള പതനവുമെല്ലാമായിരിക്കും അതിന്‍റെ അടയാളങ്ങള്‍. ഈ  യുഗത്തിന്‍റെയും ഈ ലോകത്തിന്‍റെയും അവസാനമായിരിക്കും അത്. അതോടെ 'ഒരു പുതിയ ആകാശവും പുതിയ ഭൂമിയും' സംജാതമാകുകയും ചെയ്യും. ഈ ചിന്തയില്‍ പഴയ ലോകവും പുതിയ ലോകവും തമ്മിലും പഴയ യുഗവും പുതിയ യുഗവും തമ്മിലുമുള്ള മൗലികമായ അന്തരം മുന്‍നിര്‍ത്തിയാണ് ഇതിനെ ദ്വൈതയുഗാന്ത്യചിന്ത, അതീന്ദ്രീയ യുഗാന്ത്യചിന്ത എന്നെല്ലാം വിളിക്കുന്നത്.

പ്രവാചകന്മാരുടെ ചരിത്രാത്മക ചിന്തയ്ക്കു വിരുദ്ധവും പഴയനിയമം വെളിപ്പെടുത്തുന്ന രക്ഷാകരചരിത്രത്തിന്‍റെ അന്യവത്കരണവുമായി കരുതി വെളിപാട് യുഗാന്ത്യചിന്തകളെ തള്ളിപ്പറയുന്ന ചില പഴയനിയമ പണ്ഡിതന്മാരുണ്ട്. എന്നാല്‍ ഇത് അതിശയോക്തിപരമായ ഒരു നിലപാടായിട്ടാണ് മറ്റു പഴയനിയമപണ്ഡിതന്മാര്‍ വിലയിരുത്തുക. വെളിപാടുചിന്തയും പ്രവാചകചിന്തയും തമ്മിലുള്ള ബന്ധത്തെ നിഷേധിക്കാനാവില്ല. വെളിപാടു യുഗാന്ത്യചിന്ത പ്രതീകാത്മക ചിന്തയാണ്. ഈ ചിന്തകള്‍ ഉപയോഗിച്ച് പ്രതീകങ്ങളെ പ്രതീകങ്ങളായി കാണാതെ അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കിയതും  അനേകം പ്രതീകങ്ങളില്‍ ചിലതുമാത്രം സ്വീകരിക്കുകയും മറ്റു പലതും തിരസ്കരിക്കുകയും ചെയ്തുകൊണ്ട് ഒരു സമ്പൂര്‍ണ്ണയുഗാന്ത്യദൈവശാസ്ത്രം തീര്‍ക്കുവാന്‍ ശ്രമിക്കുകയും ചെയ്തതാണ് പല തെറ്റിദ്ധാരണകള്‍ക്കും കാരണമായത്. വെളിപാടു യുഗാന്ത്യചിന്ത പ്രവാചകയുഗാന്ത്യചിന്തയുടെ തുടര്‍ച്ചതന്നെയാണ്. വെളിപാടു ചിന്ത രൂപംകൊള്ളുകയും വ്യാപിക്കുകയും ചെയ്ത പശ്ചാത്തലവും കണക്കിലെടുക്കേണ്ടതുണ്ട്. ബാബിലോണ്‍ പ്രവാസം കഴിഞ്ഞു മടങ്ങിവന്ന ഇസ്രായേല്‍ വിശ്വാസം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയ കാലത്താണ് വെളിപാട് യുഗാന്ത്യചിന്ത ഉയര്‍ന്നുവന്നത്.

"ദൈവത്തിന്‍റെ ദിനം" വേഗം സമാഗതമാകുമെന്നും ഇസ്രായേലിന്‍റെ നഷ്ടപ്രതാപം വിനാവിളംബം പുനസ്ഥാപിക്കപ്പെടുമെന്നുമുള്ള തീവ്രമായ പ്രതീക്ഷയില്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയ ജനതയ്ക്ക് പുതിയ സാഹചര്യങ്ങള്‍ ഇച്ഛാഭംഗവും നിരാശയും ജനിപ്പിക്കുന്നതായിരുന്നു. പലരുടെയും വിശ്വാസം തന്നെ ഇളകിയാടി. ദൈവം തങ്ങളെ കൈവിട്ടെന്നും തന്‍റെ രക്ഷാകരവാഗ്ദാനങ്ങളെ പിന്‍വലിച്ചെന്നുമുള്ള ചിന്ത പടര്‍ന്നു പിടിച്ചു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ വിശ്വാസവും പ്രത്യാശയും ശക്തിപ്പെടുത്താന്‍ വെളിപാടു ചിന്തകര്‍ രംഗത്തുവന്നത്. ദൈവം അവരെ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും തന്‍റെ വാഗ്ദാനങ്ങള്‍ അവിടുന്നു നിറവേറ്റുക തന്നെ ചെയ്യുമെന്നും രക്ഷാകരപദ്ധതി പൂര്‍ത്തിയാക്കുമെന്നും ജനത്തിന് ഉറപ്പു നല്‍കുകയായിരുന്നു അവരുടെ ലക്ഷ്യം. ദൈവം സ്ഥാപിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്ന 'പുതിയ ആകാശവും പുതിയ ഭൂമിയും' ഈ പരിശ്രമത്തില്‍ അവര്‍ക്ക് ആവേശവും പ്രചോദനവുമായി. അതുപോലെ മരിച്ചവരുടെ ഉയിര്‍പ്പിനെപറ്റിയുള്ള പ്രതീക്ഷ വരുംതലമുറകള്‍ക്ക് വിശിഷ്യ പുതിയ നിയമത്തിനു കൈമാറിയത് വെളിപാടു യുഗാന്ത്യചിന്തകരാണ്. അതിനാല്‍, ദൈവനിവേശിതമായ ബൈബിളിന്‍റെ അനന്യമായ ഒരു ഭാഗം തന്നെയാണ് ഈ വെളിപാടു യുഗാന്ത്യചിന്തയും. ഒട്ടേറെ അനുകരണങ്ങളും അതികാല്പനിക ലിഖിതങ്ങളുമുണ്ടായതു നാം തിരിച്ചറിയണമെന്നു മാത്രം.   

You can share this post!

വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദ്ദം നേരിടാന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts