ദൈവത്തില്‍ നിന്നുള്ള രക്ഷ യുഗാന്ത്യത്തില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന പഴയനിയമത്തിന്‍റെ പ്രതീക്ഷതന്നെയാണ് പുതിയനിയമത്തിലുള്ളത്. എന്നാല്‍, ഒരു കാര്യത്തില്‍ പഴയനിയമവും പുതിയനിയമവും തമ്മില്‍ സാരമായ അന്തരമുണ്ട്. പഴയനിയമത്തിനു യുഗാന്ത്യരക്ഷാകരസംഭവം ഭാവിയില്‍ നടക്കാനിരിക്കുന്ന കാര്യമാണ്. പുതിയനിയമത്തിനാകട്ടെ യുഗാന്ത്യവും രക്ഷാകരസംഭവവും യേശുവിന്‍റെ വരവിലൂടെ യാഥാര്‍ത്ഥ്യമായ, സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. പഴയനിയമത്തില്‍ പ്രവാചകന്മാരിലൂടെ ദൈവം വാഗ്ദാനം ചെയ്ത രക്ഷയുടെ കാലത്താണ് തങ്ങള്‍ ജീവിക്കുന്നതെന്ന അവബോധത്തിലാണ് യേശുവിനെ മിശിഹായും രക്ഷകനുമായി ഏറ്റുപറയുന്ന ക്രൈസ്തവസമൂഹം ജീവിക്കുന്നത്. യേശുവിലൂടെ കൈവന്ന രക്ഷയുടെ വിശ്വവ്യാപകവും സാര്‍വ്വത്രികവുമായ പ്രകാശനവും വിജയവും മുന്നില്‍കണ്ടുകൊണ്ടാണ് അവര്‍ ചരിത്രത്തിലൂടെ മുന്നേറുന്നത്.
യുഗാന്ത്യത്തെ വര്‍ത്തമാനകാലയുഗാന്ത്യവും ഭാവികാല യുഗാന്ത്യവുമായിട്ടാണു പുതിയനിയമം കാണുന്നത്. അതേസമയം, രണ്ടും ഒരേയൊരു യുഗാന്ത്യസംഭവത്തിന്‍റെ ഭാഗമാണുതാനും. വര്‍ത്തമാനകാലയുഗാന്ത്യം ഭാവി യുഗാന്ത്യത്തിന്‍റെ മുന്നോടിയും അച്ചാരവും ഭാവിയുഗാന്ത്യം വര്‍ത്തമാനകാല യുഗാന്ത്യത്തിന്‍റെ തുടര്‍ച്ചയും സമ്പൂര്‍ണസാക്ഷാത്ക്കാരവുമാണ്. അതിന്‍റെ അര്‍ത്ഥം ഭാവി യുഗാന്ത്യത്തില്‍ നൂതനമോ വിസ്മയകരമോ ആയി യാതൊന്നുമില്ല. മരിച്ചവരുടെ ഉയിര്‍പ്പും ലോകത്തിന്‍റെ വിധിയും പ്രപഞ്ചം മുഴുവന്‍റെയും മേലുള്ള ദൈവത്തിന്‍റെ ഭരണവുമെല്ലാം മനുഷ്യന്‍റെ പ്രതീക്ഷകള്‍ക്കും ഭാവനകള്‍ക്കും അതീതമായ നൂതനാനുഭവങ്ങള്‍ തന്നെയായിരിക്കും. എന്നാല്‍, അതെല്ലാം ദൈവകുമാരന്‍റെ മനുഷ്യാവതാരത്തിലും പ്രവര്‍ത്തനങ്ങളിലും കുരിശുമരണത്തിലും ഉയിര്‍പ്പിലും അധിഷ്ഠിതവുമാണ്. അതിന്‍റെ പൂര്‍ണസാക്ഷാത്ക്കാരവുമായിരിക്കും അതു വെളിപ്പെടുത്തുന്നത്. ഈ ഭാവിയുഗാന്ത്യം മുന്‍നിര്‍ത്തിയുള്ളതാണ് ക്രിസ്തീയജീവിതം മുഴുവനും. അതാണ് ക്രൈസ്തവനു ദിശാബോധവും ലക്ഷ്യവും നല്‍കുന്നത്.
യേശുവിന്‍റെ യുഗാന്ത്യസന്ദേശം
രണ്ടാം ഏശയ്യാ പ്രവാചകനിലൂടെ ദൈവം നല്കിയ യുഗാന്ത്യരക്ഷയുടെ വാഗ്ദാനങ്ങള്‍ തന്നിലൂടെ നിറവേറിക്കൊണ്ടിരിക്കുന്നുവെന്ന അവബോധം യേശുവിന്‍റെ പ്രഘോഷണത്തില്‍ തെളിഞ്ഞുകാണാം. ഈ രക്ഷയുടെ പ്രതീകവും രത്നച്ചുരുക്കവുമാണ് അവിടുന്നു പ്രഘോഷിക്കുന്ന ദൈവരാജ്യം. തന്നിലും തന്‍റെ പ്രവര്‍ത്തനങ്ങളിലും കൂടി ഈ ദൈവരാജ്യം ആരംഭിച്ച്, വളര്‍ന്ന്, സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് യേശു പലപ്രാവശ്യം സൂചിപ്പിക്കുന്നുണ്ട്. (ഉദാ. മത്താ. 12:18, ലൂക്കാ 11:20). അതിന്‍റെ പൂര്‍ണ്ണതയിലും മഹത്വത്തിലും അതു വെളിവാകുന്നത് ഭാവിയുഗാന്ത്യത്തിലായിരിക്കും. ദൈവത്തിന്‍റെ കര്‍തൃത്വവും എല്ലാ മനുഷ്യരുടെയും സമഗ്രവും സര്‍വ്വതോമുഖവുമായ രക്ഷയുമാണ് ഈ ദൈവരാജ്യത്തിന്‍റെ സര്‍വ്വപ്രധാനമായ ലക്ഷ്യവും ലക്ഷണവും. എല്ലാവര്‍ക്കും വിശിഷ്യ ദരിദ്രര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും പാപികള്‍ക്കുമെല്ലാം യേശുവിലൂടെ ദൈവം ഇന്നു കാരുണ്യവും രക്ഷയും വച്ചുനീട്ടിക്കൊണ്ടിരിക്കുന്നുവെന്നതാണ് അവിടുത്തെ വര്‍ത്തമാനകാലയുഗാന്ത്യപ്രവര്‍ത്തനം. ഈ രക്ഷാകരയുഗാന്ത്യപ്രവര്‍ത്തനം ഇന്നു നിഗൂഢവും പ്രതീകാത്മവുമാണ്. വിശ്വാസത്തിന്‍റെ കണ്ണുകള്‍കൊണ്ടു മാത്രമേ നമുക്ക് ഇന്ന് അതു കാണാനാവൂ. എന്നാല്‍, ഭാവിയുഗാന്ത്യത്തില്‍ ലോകം മുഴുവനിലും എല്ലാവര്‍ക്കും മുമ്പാകെ അതു വ്യക്തവും സ്പഷ്ടവുമായി പ്രകാശിപ്പിക്കപ്പെടും. മനുഷ്യന്‍റെ ഇന്നത്തെ തീരുമാനങ്ങളെയും പ്രവൃത്തികളെയും ആശ്രയിച്ചിരിക്കും അവന്‍റെ ഭാവി രക്ഷ. അതിനാല്‍ ഇന്നുള്ള ഓരോ നിമിഷവും നിര്‍ണ്ണായകമായ രക്ഷയുടെ നിമിഷമാണ്. ഭാവി യുഗാന്ത്യസംഭവങ്ങള്‍ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ കൃത്യമായി എപ്പോഴാണ് അതു സംഭവിക്കുന്നതെന്നു പറയാന്‍ യേശു വിസമ്മതിക്കുന്നു. പീഡനങ്ങളും ദുരന്തങ്ങളും ഭാവി യുഗാന്ത്യത്തിന്‍റെ അടയാളങ്ങളും മുന്നോടികളുമത്രേ. എന്നാല്‍ വെളിപാടു ചിന്തകരുടെ രീതിയില്‍ അന്ത്യത്തെപ്പറ്റി കണക്കുകൂട്ടലുകള്‍ നടത്തുന്നതിനുള്ള ഉപാധികളല്ല അവ. ഭാവി യുഗാന്ത്യത്തെപ്പറ്റി വെളിപാടു ചിന്തകള്‍ പൊതുവേ വിവരിക്കുന്ന സംഭവപരമ്പരകള്‍ വി. മര്‍ക്കോസിന്‍റെ സുവിശേഷത്തിലും സമാന്തരസുവിശേഷങ്ങളിലും നാം കാണുന്നുണ്ട്. ഉദാഹരണമായി, യുദ്ധങ്ങള്‍ (മര്‍ക്കോസ് 13:8), മതപീഡനങ്ങള്‍(മര്‍ക്കോ 13: 9-13), സൂര്യചന്ദ്രന്മാരുടെ തമസ്കരണവും നക്ഷത്രങ്ങളുടെ ആകാശത്തുനിന്നുള്ള പതനവും(മര്‍ക്കോ. 13:24), ആകാശശക്തികളുടെ ഇളകിയാടല്‍(മര്‍ക്കോ 13. 25), അതുപോലെ മത്താ. 24: 1-36, ലൂക്കാ 21: 5-36, വെളി. 6:1-15 കാണുക. എന്നാല്‍, അവ സുവിശേഷകന്മാര്‍തന്നെ വെളിപാടു ചിന്തകരില്‍ നിന്ന് കടം കൊണ്ടതാണെന്നും യേശുവിന്‍റെ യുഗാന്ത്യസന്ദേശത്തിന്‍റെ ഭാഗമല്ലെന്നുമാണ് പ്രമുഖരായ ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.
യേശുവിന്‍റെ യുഗാന്ത്യസന്ദേശം വ്യാഖ്യാനിക്കുകയും വരുംതലമുറകള്‍ക്ക് കൈമാറുകയും ചെയ്യുക തന്‍റെ ദൗത്യമായി ആദിമസഭ കരുതി. ജറൂസലേമിലെ ആദിമക്രൈസ്തവ സമൂഹത്തിന്‍റെ ആത്മാവബോധമായിരുന്നു, പരിശുദ്ധാരൂപിയുടെ ആഗമനത്തിന്‍റെ ഫലമായി അത് യുഗാന്ത്യരക്ഷയുടെ അടയാളങ്ങളും അനുഗ്രഹങ്ങളും നിറഞ്ഞ മെസിയാനിക്കു സമൂഹമായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്നത്(അപ്പ. 2:15-33, 2:46, 3:24). അതേ സമയം രക്ഷയുടെ പൂര്‍ണ്ണസാക്ഷാത്ക്കാരം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും അവര്‍ക്കറിയാമായിരുന്നു.
പൗലോസിന്‍റെ വീക്ഷണത്തില്‍
പൗലോസ് ശ്ലീഹായെ സംബന്ധിച്ചിടത്തോളം 'കര്‍ത്താവിന്‍റെ ദിനം' എന്നു പ്രവാചകന്മാര്‍ പറഞ്ഞിരുന്നത് ക്രൈസ്തവര്‍ പ്രതീക്ഷിക്കുന്ന ക്രിസ്തുവിന്‍റെ പ്രത്യാഗമനത്തിന്‍റെ ദിനമാണ്. (പ്രത്യക്ഷീകരണം അഥവാ 'പറൂസിയാ' എന്ന വാക്കും ക്രൈസ്തവര്‍ ഈ ദിവസത്തെ കുറിക്കുവാന്‍ ഉപയോഗിച്ചിരുന്നു.) (1തെസ. 2:19, 3:13...). ഈ ദിവസം വളരെ അടുത്തായി കഴിഞ്ഞിരിക്കുന്നുവെന്നും (1 തെസ. 4:13-18), തന്‍റെ ജീവിതകാലത്തുതന്നെ അതു വന്നെത്തുമെന്നുമായിരുന്നു പൗലോസിന്‍റെ പ്രതീക്ഷ. (ഫിലി. 4:5). കര്‍ത്താവിന്‍റെ ദിവസത്തിനു തൊട്ടുമുന്‍പുള്ള കാലം സമാന്തരസുവിശേഷങ്ങളിലെന്നപോലെ തന്നെ, ദുരിതങ്ങളുടെയും കൊടിയ വിപത്തുകളുടെയും കാലമായിട്ടാണ് വി. പൗലോസും കാണുന്നത്. (1 കൊറി 7:26). എന്നാല്‍ ഈ സമസ്ത സൃഷ്ടികളുടെയും വീണ്ടെടുപ്പിനുവേണ്ടിയുള്ള പ്രപഞ്ചത്തിന്‍റെ മുഴുവന്‍ ഈറ്റുനോവത്രെ (റോമാ 8:22). ക്രിസ്തുവിന്‍റെ പ്രത്യാഗമനത്തിനുമുന്‍പ് അവിടുത്തെ അനുയായികളെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പരീക്ഷയുടെ പീഡനങ്ങളും ദുരിതങ്ങളുമാണ് അവ ( 2 തെസ. 1:4-7). അവസാനവിധിയില്‍ പീഡകള്‍ക്ക് അവ ശിക്ഷയും പീഡിതര്‍ക്കു വിമോചനവും മഹത്വീകരണവുമായിത്തീരും.
ഭാവിയുഗാന്ത്യങ്ങളെപ്പറ്റിയുള്ള സൂചനകളില്‍ വെളിപാടു ചിന്തകരുടെ പ്രതീകങ്ങളും ബിംബങ്ങളും പൗലോസും ഉപയോഗിക്കുന്നുണ്ട്. (1 തെസ. 4: 14-17). എന്നാല്‍, ഒരു നിമിഷത്തിനുള്ളിലായിരിക്കും എല്ലാം സംഭവിക്കുക (1 കോറി. 15: 52). മരണത്തിന്‍റെ മനുഷ്യന്‍ രൂപാന്തരീകരണത്തിന്‍റെ രഹസ്യത്തിലൂടെ ദൈവത്തിന്‍റെ സമ്പൂര്‍ണസൃഷ്ടിയായ പുതുജീവനിലേക്കു കടന്നുവരും. നശ്വരമായിരുന്നത് അനശ്വരമായിത്തീരും(1 കോറി. 15:53, 2 കോറി 5:4). ഉയിര്‍പ്പില്‍ ദൈവം ഓരോ മനുഷ്യനും അവിടുത്തെ ഇഷ്ടമനുസരിച്ചുള്ള പുതുശരീരം നല്‍കുന്നു ( 1 കോറി. 15:38). അത് എങ്ങനെയാണെന്ന് നമുക്കു മനസ്സിലാക്കുവാന്‍ സാധ്യമല്ല. വിത്തില്‍ നിന്നു പൊട്ടിമുളച്ചുവരുന്ന പുതുജീവന്‍റെയും പുതുശരീരത്തിന്‍റെയും സാദൃശ്യത്തിലൂടെ ഇത് ഏതാണ്ടു വ്യക്തമാക്കുവാന്‍ പൗലോസ് പരിശ്രമിക്കുന്നുണ്ട്.
ക്രിസ്തുവിന്‍റെ ഉയിര്‍പ്പില്‍ അധിഷ്ഠിതമാണ് മറ്റെല്ലാവരുടെയും ഉയിര്‍പ്പ് (1കൊറി. 15: 3-22). ക്രിസ്തുവിനോടുകൂടി പാപത്തിനു മരിച്ച് അവിടുത്തോടുകൂടി ഉയിര്‍പ്പിന്‍റെ ജീവനില്‍ പങ്കുചേരുന്ന എല്ലാവരിലും അവിടുത്തെ ഉയിര്‍പ്പിന്‍റെ ശക്തി ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തനനിരതമാണ്. എന്നാല്‍, അതിന്‍റെ യുഗാന്ത്യപൂര്‍ണ്ണത കര്‍ത്താവിന്‍റെ പ്രത്യാഗമനത്തിലായിരിക്കും കൈവരുക. അതിനാല്‍ 'മാറാനാത്ത' - കര്‍ത്താവേ വേഗം വരേണമേ- എന്നു നെടുവീര്‍പ്പിട്ടുകൊണ്ട് നാം കാത്തിരിക്കുന്നു.
ചില സമൂഹങ്ങളില്‍ വിശിഷ്യ കോറിന്തോസിലെ സഭയില്‍, പ്രത്യക്ഷപ്പെടുന്ന അനാരോഗ്യകരമായ ചില പ്രവണതകളെ പൗലോസ് തിരുത്തുന്നുണ്ട്. "പൂര്‍ത്തിയാക്കാല്‍ അത്യുത്സാഹം" എന്നു പറയപ്പെടുന്ന ഒരു തരം പാഷണ്ഡവാദം ഈ സമൂഹങ്ങളിലെ ചിലരുടെ ക്രൈസ്തവവിശ്വാസത്തെ കലുഷിതമാക്കി. ജ്ഞാനസ്നാനത്തില്‍ ക്രൈസ്തവന്‍റെ ഉയിര്‍പ്പ് നടന്നു കഴിഞ്ഞുവെന്നും അവന്‍ ഇനിയൊരിക്കലും മരിക്കുകയില്ലെന്നും ചിലര്‍ പഠിപ്പിച്ചു. ഒരു തരം വര്‍ത്തമാനകാല യുഗാന്ത്യചിന്തയായിരുന്നു അവരുടേത്. തങ്ങള്‍ മഹത്വീകൃതനായ ക്രിസ്തുവുമായി സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്തയില്‍, ഭൗതികമായ എല്ലാറ്റിനെയും എന്നുവേണ്ടാ ദരിദ്രരെയും രോഗികളെയും ക്രൂശിതനായ യേശുവിനെപ്പോലും അവര്‍ അവജ്ഞയോടെയാണു വീക്ഷിച്ചത്. മഹത്വീകൃതനായ കര്‍ത്താവ് ക്രൂശിതനായ യേശു തന്നെയാണെന്നും, കുരിശിന്‍റെ നിഴലില്‍ തന്നെ പ്രതീക്ഷയോടെ തുടര്‍ന്നു ജീവിക്കാനും സഹനത്തിലൂടെ മഹത്വത്തിലേക്കു പ്രവേശിക്കാനും ക്രൈസ്തവര്‍ ഇനിയും കടപ്പെട്ടവനാണെന്നും പൗലോസ് അവരെ ഓര്‍മ്മിപ്പിക്കുന്നു.
യോഹന്നാന്‍റെ കാഴ്ചപ്പാടില്‍
വി. യോഹന്നാന്‍റെ യുഗാന്ത്യചിന്ത പൊതുവേപറഞ്ഞാല്‍, വര്‍ത്തമാനകാല യുഗാന്ത്യചിന്തയാണ്(യോഹ. 3:18, 5:24, തുടങ്ങിയ വചനങ്ങള്‍ കാണുക). വിശ്വാസത്തിലൂടെ ഒരുവന്‍ ജീവനിലേക്കും അവിശ്വാസത്തിലൂടെ വിധിയിലേക്കും ശിക്ഷയിലേക്കും കടന്നിരിക്കുന്നു. സഹോദരനെ സ്നേഹിക്കുന്നവര്‍ മരണത്തില്‍നിന്നു ജീവനിലേക്കു വന്നിരിക്കുന്നു(യോഹ. 3:14). സഹോദരസ്നേഹമാണ് പുതുയുഗത്തിന്‍റെയും പുതുജീവന്‍റെയും പ്രതീകവും യാഥാര്‍ത്ഥ്യവും. വിശ്വാസത്തിലും സ്നേഹത്തിലും പുതുയുഗം സന്നിഹിതമായിരിക്കുന്നു.
അതേസമയം, ഭാവിയുഗാന്ത്യചിന്തകളുമായി ബന്ധപ്പെട്ട പ്രസ്താവനകളും യോഹന്നാന്‍റെ സുവിശേഷത്തില്‍ കാണാന്‍ കഴിയും. ഉദാ. "കല്ലറകളിലുള്ളവരെല്ലാം അവന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു" (യോഹ. 5:28, 6:27, 12:25, 14:2). യോഹന്നാന്‍റെ യുഗാന്ത്യചിന്തയിലും ഭാവിയിലെ പൂര്‍ണസാക്ഷാത്കാരത്തിനുവേണ്ടി വിശ്വാസത്തോടെയുള്ള കാത്തിരിപ്പുണ്ട്. വിശ്വസിക്കുന്നവന് ജീവനുണ്ട്, പക്ഷേ അദൃശ്യതയില്‍ അത് ആവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ഭാവി യുഗാന്ത്യത്തിലാണ് അത് അനാവരണം ചെയ്യപ്പെടുക.
ലോകത്തിലേക്കുള്ള യേശുവിന്‍റെ വരവാണ് യോഹന്നാന്‍റെ യുഗാന്ത്യചിന്തയുടെ പ്രഭവസ്ഥാനം. അതുതന്നെയാണ് യുഗാന്ത്യസംഭവവും.യേശുവിനോടുകൂടി വിധിയും രക്ഷയും ലോകത്തിലേക്കു വരുന്നു. ദൈവത്തില്‍ നിന്നു ലോകത്തിലേക്കു വരുന്ന സ്നേഹവും പ്രകാശവും തന്നെയാണ് അവിടുത്തെ വിധി. അതു സ്വീകരിക്കാത്തവന്‍ അന്ധകാരത്തില്‍ വസിക്കുന്നു. അന്ധകാരത്തെ ലോകത്തില്‍ നിന്നകറ്റി, ലോകത്തെ പ്രകാശപൂരിതവും സ്നേഹമയവുമാക്കുന്നതിനു വേണ്ടിയാണ് യേശു വന്നത്. പ്രകാശത്തിനുവേണ്ടി, സ്നേഹത്തിനുവേണ്ടി മനുഷ്യന്‍ ഇന്നു തീരുമാനമെടുക്കണം. യേശുവിന്‍റെ വരവ് ഈ തീരുമാനത്തെ സാധ്യമാക്കുന്നു. പരിശുദ്ധാത്മാവിലൂടെ ഇന്നും സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് യേശുവിന്‍റെ വരവ്. അവിടുത്തെ വാക്കുകളെയും പ്രവൃത്തികളെയും പരിശുദ്ധാത്മാവ് ഓര്‍മ്മിപ്പിക്കുകയും വരാനിരിക്കുന്ന മഹത്വത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നു.
കാതോലികലേഖനങ്ങളും വെളിപാടും
ക്രിസ്തുവിന്‍റെ ഒന്നാമത്തെ രണ്ടാമത്തെയും വരവിനിടയ്ക്കാണ് തങ്ങള്‍ ജീവിക്കുന്നതെന്ന ആദിമക്രൈസ്തവസമൂഹങ്ങളുടെ അവബോധം ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ എഴുതപ്പെട്ട പുതിയനിയമപുസ്തകങ്ങളില്‍ വ്യക്തമായി കാണുവാന്‍ കഴിയും. ഉദാഹരണമായി, 1 പത്രോ.1:7-13, 4:5, യാക്കോ. 5:8, ഹെബ്രാ. 10:25-37. പത്രോസിന്‍റെ രണ്ടാമത്തെ ലേഖനം ദ്വീതിയാഗമനത്തെയും അന്ത്യവിധിയെയും നിഷേധിക്കയോ പരിഹസിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ്(2 പത്രോ. 3:3-13 കാണുക.) വെളിപാടു പുസ്തകത്തിന്‍റെ മുഖ്യവിഷയം തന്നെ യുഗാന്ത്യരക്ഷയുടെ സാക്ഷാത്ക്കാരമാണ്. എന്നാല്‍, അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയുമാണ് അതു വിവരിച്ചിരിക്കുന്നത്. "ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്‍റെ ദാസന്മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്തുവിനു നല്‍കിയ വെളിപാട്" എന്ന ആമുഖത്തോടെ ആരംഭിക്കുന്ന വെളിപാടുപുസ്തകം അവസാനിക്കുന്നത് 'ആമ്മേന്‍, കര്‍ത്താവായ യേശുവേ വരണമേ" എന്ന ഉല്‍ക്കടമായ ആത്മദാഹത്തോടെയാണ്. യേശുവിലൂടെ ദൈവം മനുഷ്യര്‍ക്കു നല്‍കുന്ന യുഗാന്ത്യരക്ഷയെ പരാജയപ്പെടുത്താനായി തിന്മയുടെ ശക്തികള്‍ നടത്തുന്ന പോരാട്ടവും വിശ്വാസികള്‍ക്കു നേരിടേണ്ടിവരുന്ന പരീക്ഷകളും യേശുവിന്‍റെ അന്തിമവിജയവും വിശ്വാസത്തില്‍ നിലനില്‍ക്കുന്നവരുടെ രക്ഷയുമാണ് ആമുഖത്തിനും അന്തിമ വാക്യത്തിനുമിടയ്ക്ക് പ്രതീകങ്ങളിലൂടെയും സാദൃശ്യങ്ങളിലൂടെയും വെളിപാടുപുസ്തകം വിവരിക്കുന്നത്. അങ്ങനെ യേശുവിലൂടെ ദൈവം നല്കുന്ന യുഗാന്ത്യരക്ഷയുടെ സന്ദേശമാണ് വെളിപാടുപുസ്തകവും നല്‍കുന്നത്.