news-details
മറ്റുലേഖനങ്ങൾ

അഹറോന്‍ ആദ്യത്തെ പ്രധാനപുരോഹിതന്‍

പുരോഹിത വസ്ത്രങ്ങള്‍ - അഭിഷേകം

മോശയുടെ സഹായകനും വക്താവും എന്ന നിലയില്‍നിന്ന് ഇസ്രായേലിലെ പ്രധാനപുരോഹിതന്‍ എന്ന പദവിയിലേക്ക് അഹറോന്‍ ഉയര്‍ത്തപ്പെടുന്നതിന്‍റെ സുദീര്‍ഘമായ വിവരണം പുറ 28-29; 39;   ലേവ്യര്‍ 8 അധ്യായങ്ങളില്‍ കാണാം. പ്രഭാ. 45, 6-22 ല്‍ അഹറോന്‍റെ സമഗ്രമായൊരു ചിത്രം അവതരിപ്പിക്കുന്നുണ്ട്. പ്രവാസാനന്തരം എസ്രായുടെ കാലത്ത്, ബി. സി. അഞ്ചാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍, ലിഖിതരൂപം പ്രാപിച്ച പുരോഹിതപാരമ്പര്യത്തിന്‍റെ(P) ഭാഗമാണ് ഈ വിവരണങ്ങള്‍ എന്നു പൊതുവേ കരുതപ്പെടുന്നു. അഹറോന്‍റെയും പിന്‍തലമുറകളുടെയും പൗരോഹിത്യത്തിന്‍റെ സവിശേഷതകള്‍ ഇവിടെ വ്യക്തമാകുന്നു.

"നിന്‍റെ സഹോദരനായ അഹറോന് മഹിമയും അഴകും നല്‍കുന്നതിന് അവനുവേണ്ടി വിശുദ്ധ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുക. അവര്‍ നിര്‍മ്മിക്കേണ്ട വസ്ത്രങ്ങള്‍ ഇവയാണ്: ഉരസ്ത്രാണം, എഫോദ്, നിലയങ്കി, ചിത്രത്തയ്യലുള്ള അങ്കി, തലപ്പാവ്, അരപ്പട്ട" (28, 1-3). അതിമനോഹരവും ഏറെ വിലപിടിപ്പുള്ളതുമായ ഈ വസ്ത്രങ്ങള്‍ അഹറോന് അഴകും മഹിമയും നല്കും എന്ന പ്രസ്താവന പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

ദൈവശുശ്രൂഷയ്ക്കായി പ്രത്യേകം മാറ്റിനിര്‍ത്തപ്പെട്ടവനാണ് അഹറോന്‍ എന്ന പുരോഹിതന്‍. ദൈവികമഹത്വം പ്രകടമാക്കുന്നതാകണം അയാള്‍ അണിയുന്ന വേഷവിധാനങ്ങള്‍. മാറില്‍ ധരിക്കുന്ന എഫോദും ഉരസ്ത്രാണവും ഇസ്രായേല്‍ ജനത്തെ ദൈവതിരുമുമ്പില്‍ അനുസ്മരിപ്പിക്കുന്നതിന്‍റെ അടയാളങ്ങളാണ്. അവയില്‍ ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളുടെയും പേരുകള്‍ കൊത്തിയ രത്നക്കല്ലുകള്‍ പതിച്ചിരുന്നു. ജനത്തിന്‍റെ പ്രതിനിധിയായി പുരോഹിതന്‍ ദൈവതിരുമുമ്പില്‍ നില്‍ക്കുന്നു എന്ന് അതു സൂചിപ്പിക്കുന്നു.

ദൈവികസന്നിധിയില്‍ വരുമ്പോള്‍ പുരോഹിതന്‍ തല മറയ്ക്കണം. അതിനുവേണ്ടിയാണ് തലപ്പാവ് അഥവാ തൊപ്പി. തല മൂടാതെ പ്രാര്‍ത്ഥിക്കുന്നത് വലിയ അപരാധമായി കരുതപ്പെട്ടിരുന്നു. തലപ്പാവിന്‍റെ മുമ്പില്‍ ബന്ധിക്കുന്ന സ്വര്‍ണ്ണത്തകിട് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. "തനിസ്വര്‍ണ്ണം കൊണ്ട് ഒരു തകിടുണ്ടാക്കി അതിന്മേല്‍ ഒരു മുദ്രയെന്നപോല്‍ കര്‍ത്താവിനു സമര്‍പ്പിതന്‍ എന്നു കൊത്തിവയ്ക്കുക" (പുറ 28, 36). ഇതാണ് അഹറോന്‍റെ കിരീടം. പുരോഹിതന്‍റെ വ്യക്തിത്വം നിര്‍വ്വചിക്കുന്നതാണ് ഈ ലിഖിതം. കര്‍ത്താവിനു സമര്‍പ്പിക്കപ്പെട്ടവനാണ് പുരോഹിതന്‍. അവന്‍ തന്‍റെ സ്വന്തമല്ല; അവനു സ്വന്തമായി ഒന്നുമില്ല. അവനും അവനുള്ള സമസ്തവും ദൈവത്തിന്‍റേതാണ്. ഈ സത്യം അതു ധരിക്കുന്ന പുരോഹിതനെയും കാണുന്ന ജനങ്ങളെയും അനുസ്മരിപ്പിക്കണം. അഴകിലും മഹത്വത്തിലും മതിമറക്കാതെ, താന്‍ ആരാണെന്നും എന്താണ് തന്‍റെ ദൗത്യമെന്നും അനുസ്മരിപ്പിക്കുന്നതാണ് ഇവിടെ വിവരിക്കുന്ന പുരോഹിതവേഷങ്ങളെല്ലാം.

ഈ വേഷവിധാനങ്ങള്‍ എല്ലാംതന്നെ ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കാന്‍ കത്തോലിക്കാ പുരോഹിതര്‍ അണിയുന്ന വസ്ത്രങ്ങളില്‍ കാണാം. ഇപ്രകാരമുള്ള വേഷവിധാനങ്ങളോടെയല്ല യേശു വി. കുര്‍ബാന സ്ഥാപിച്ചതും കാല്‍വരിയില്‍ സ്വയം ബലിയായി അര്‍പ്പിച്ചതും. ആ ബലിയുടെ ഓര്‍മ്മ ആചരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍, ആരാധനക്രമത്തിന്‍റെ ഭാഗമായി ഈ വേഷവിധാനങ്ങള്‍ ഉപയോഗിക്കുന്നു.  എന്നാല്‍ അഹറോനും പിന്‍മുറക്കാരും അര്‍പ്പിച്ചിരുന്ന ബലികള്‍ അല്ല യേശുവിന്‍റെ ബലിയും, അതിന്‍റെ അനുസ്മരണവും പുനരാവിഷ്കരണവുമായ, ഇന്നും നാം അര്‍പ്പിക്കുന്ന വി. കുര്‍ബാനയും എന്നതു മറക്കാനാവില്ല.

വിശുദ്ധ വസ്ത്രങ്ങള്‍ ധരിപ്പിച്ചതിനുശേഷം തലയില്‍ തൈലം ഒഴിച്ച് അവനെ അഭിഷേചിക്കുക (പുറ. 29,6). ഇതാണ് പുരോഹിതാഭിഷേകം. ദൈവത്തിനു പുരോഹിതശുശ്രൂഷ ചെയ്യാനായി മാറ്റിനിര്‍ത്തുകയും സമര്‍പ്പിക്കുകയും ചെയ്യുന്നതിന്‍റെ അടയാളമാണ് ഈ അഭിഷേകം. ലേവ്യര്‍ 8, 1-36ല്‍ മോശ അഹറോനെ പുരോഹിതനായി അഭിഷേചിച്ചിരിക്കുന്നത് സുദീര്‍ഘമായി വിവരിക്കുന്നുണ്ട്. അവിടെ തലയില്‍ തൈലം പൂശുന്നതിനുപുറമേ  ബലിമൃഗത്തിന്‍റെ രക്തം വലതു ചെവിയുടെ അഗ്രത്തിലും വലതുകൈയുടെ തള്ളവിരലിലും വലതു കാലിന്‍റെ തള്ളവിരലിലും പുരട്ടി (ലേവ്യ 8, 23). ദൈവസ്വരത്തിനു കാതോര്‍ക്കാനും കര്‍ത്താവിന്‍റെ വഴിയിലൂടെ നടക്കാനും അവിടുത്തേക്കു ബലിയര്‍പ്പിക്കാനും ദൈവനാമത്തില്‍ ജനങ്ങളെ ആശീര്‍വ്വദിക്കാനുമുള്ള ദൗത്യങ്ങള്‍ക്ക് ഒരുക്കുന്നതാണ് ഈ അഭിഷേകം. തുടര്‍ന്ന് അഭിഷേകതൈലവും ബലിരക്തവും കലര്‍ത്തി അഹറോന്‍റെയും അവന്‍റെ വസ്ത്രങ്ങളുടെയും മേല്‍ തളിച്ചുകൊണ്ട്(ലേവ്യര്‍ 8, 30) അഭിഷേക കര്‍മ്മം പൂര്‍ത്തിയാക്കി, രക്തത്തില്‍ ഉറപ്പിച്ച ഉടമ്പടിയില്‍ പങ്കുചേര്‍ക്കുന്നതുപോലെ.

ബലിയര്‍പ്പണം

അഹറോനില്‍ തുടങ്ങുന്ന പൗരോഹിത്യത്തിന്‍റെ മുഖ്യധര്‍മ്മമായിരുന്നു ബലിയര്‍പ്പണം. "ജനത്തില്‍നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍ ദൈവികകാര്യങ്ങള്‍ക്കുവേണ്ടി നിയമിക്കപ്പെടുന്നത്  പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്" (ഹെബ്രാ 5,1) എന്ന പ്രസ്താവന സംശയത്തിനു പഴുതിടുന്നില്ല. ദൈവത്തിനു പൂര്‍ണമായി സമര്‍പ്പിക്കുന്നതിന്‍റെ അടയാളമാണ് ബലി.

പലവിധത്തിലുള്ള ബലികളെക്കുറിച്ച് ബൈബിള്‍ പ്രതിപാദിക്കുന്നുണ്ട്. അര്‍പ്പിക്കുന്ന വസ്തുക്കളുടെ അടിസ്ഥാനത്തില്‍ മൃഗബലി, ധാന്യബലി, പാനീയബലി എന്നിങ്ങനെ മൂന്നുതരം ബലികളുണ്ട്. അര്‍പ്പിക്കുന്ന വിധത്തെ അടിസ്ഥാനമാക്കി സമ്പൂര്‍ണദഹനബലി,  ദഹനബലി, കാഴ്ചസമര്‍പ്പണം, പാനീയബലി എന്നിങ്ങനെ നാലുതരം ബലികള്‍. മൃഗത്തിന്‍റെ മാംസം ദഹിപ്പിക്കുന്നു. ധാന്യങ്ങള്‍ കാഴ്ചയായി സമര്‍പ്പിക്കുന്നു. എണ്ണയും വീഞ്ഞും പാനീയമായി ബലിപീഠത്തില്‍ ഒഴിക്കുന്നു. ബലിയര്‍പ്പിക്കുന്ന വിധത്തിലും വൈവിധ്യമുണ്ട്. ദിവസം തോറും രാവിലെയും വൈകുന്നേരവും അര്‍പ്പിക്കുന്ന അനുദിനബലി, തിരുനാളുകള്‍ ഓര്‍മ്മിപ്പിക്കുന്ന ബലി... എന്നിങ്ങനെ പലതരം ബലികള്‍.

ബലിയര്‍പ്പണത്തിന് പല ലക്ഷ്യങ്ങളുണ്ടാവാം.  പാപപരിഹാരമാണ് ഏറ്റം പ്രധാനം. ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പിരക്കാനും പരിഹാരം അനുഷ്ഠിക്കാനുമായി ബലിയര്‍പ്പിക്കുന്നു. ഇതിനെ പാപപരിഹാരബലി എന്നു വിളിക്കുന്നു. ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നന്ദി പറയാന്‍ കൃതജ്ഞതാബലി, അനുഗ്രഹങ്ങള്‍ പ്രതീക്ഷിച്ചു നേര്‍ന്ന നേര്‍ച്ചകള്‍ നിറവേറ്റാന്‍ അര്‍പ്പിക്കുന്ന സമാധാനബലി... എന്നിങ്ങനെ വിവിധ ബലികള്‍. ലേവ്യരുടെ പുസ്തകത്തിലെ ആദ്യ ഏഴ് അധ്യായങ്ങള്‍ വിവിധങ്ങളായ ബലികളുടെ വിവരണമാണ്. ഈ ബലികള്‍ അര്‍പ്പിക്കുകയാണ് പുരോഹിതന്‍റെ മുഖ്യദൗത്യം.

അനുഗ്രഹം - ആശീര്‍വ്വാദം

ദൈവത്തിനും മനുഷ്യനും ഇടയില്‍ നില്‍ക്കുന്ന മധ്യസ്ഥനാണ് പുരോഹിതന്‍. അവന്‍ മനുഷ്യരുടെ പ്രാര്‍ത്ഥനകളും കാണിക്കകളും ദൈവതിരുമുമ്പില്‍ അര്‍പ്പിക്കുന്നു. ദൈവനാമത്തില്‍ ജനത്തെ ആശീര്‍വ്വദിക്കുന്നു; ജനത്തിന് ദൈവകൃപയുടെ നീര്‍ച്ചാലാകുന്നു. എപ്രകാരമാണ് പുരോഹിതന്‍ ജനത്തെ ആശീര്‍വ്വദിക്കേണ്ടത് എന്ന് സംഖ്യ 6, 22-27 കൃത്യമായി പറയുന്നു. കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: "അഹറോനോടും പുത്രന്മാരോടും പറയുക. നിങ്ങള്‍ ഇങ്ങനെ പറഞ്ഞ് ഇസ്രായേല്‍ ജനത്തെ അനുഗ്രഹിക്കണം. കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നില്‍  പ്രസാദിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവ് കരുണയോടെ കടാക്ഷിച്ച് നിനക്ക് സമാധാനം നല്കട്ടെ. ഇപ്രകാരം അവര്‍ ഇസ്രായേല്‍ മക്കളുടെ മേല്‍ എന്‍റെ നാമം ഉറപ്പിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും." കര്‍ത്താവിന്‍റെ കരുണയും പരിപാലനയും ജീവിതത്തില്‍ ഉറപ്പുവരുത്തുന്നതാണ് പുരോഹിതാശീര്‍വ്വാദം. ഈ കൃപയുടെ മനുഷ്യരൂപത്തിലുള്ള അവതാരമാണല്ലോ നിത്യപുരോഹിതനായ യേശു.

ദൈവവിളി - തിരഞ്ഞെടുപ്പ്

"അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല"(ഹെബ്രാ 5,4). അഹറോന്‍റെ പൗരോഹിത്യത്തില്‍ പ്രകടമാകുന്ന സുപ്രധാന ഘടകമാണ് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ്. ഈ സത്യം ആഴത്തില്‍ ബോധ്യപ്പെടുത്തുന്ന  സംഭവം സംഖ്യയുടെ പുസ്തകത്തില്‍(16-17) വിവരിക്കുന്നുണ്ട്. അഹറോനും പുത്രന്മാരും മാത്രമേ പുരോഹിതരായി പരിഗണിക്കപ്പെട്ടിരുന്നുള്ളൂ. ബലിയര്‍പ്പിക്കാന്‍ അവര്‍ക്കു മാത്രമായിരുന്നു അധികാരം. എന്നാല്‍ ലേവീഗോത്രത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കും ബലിയര്‍പ്പിക്കാന്‍ അവകാശമുണ്ടെന്ന് ചിലര്‍ വാദിച്ചു. കോറഹ്, ദാത്താന്‍,  അബീറാം എന്നിവര്‍ ഈ പ്രതിഷേധത്തിനു നേതൃത്വം വഹിച്ചു. മോശയ്ക്കും അഹറോനും എതിരെ പ്രതിഷേധിച്ച്, കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍  ധൂപകലശങ്ങളുമായി 250 പേര്‍ ഒരുമിച്ചുകൂടി. എന്നാല്‍ കോറഹിനെയും കൂട്ടരെയും ഭൂമി വാ പിളര്‍ന്ന് വിഴുങ്ങി. ധൂപകലശവുമായി നിന്നവരുടെ മേല്‍ അഗ്നിയിറങ്ങി. അവര്‍ അഗ്നിയില്‍ ദഹിച്ചു.  

ദൈവകോപം ജനത്തിനുമേല്‍ അഗ്നിയായി ആളിപ്പടരാതിരിക്കാന്‍ "മോശ പറഞ്ഞതുപോലെ അഹറോന്‍ ധൂപകലശമെടുത്ത് ജനത്തിന്‍റെ നടുവിലേക്കോടി. ജനത്തെ മഹാമാരി ബാധിച്ചു കഴിഞ്ഞിരുന്നു. അവന്‍ ധൂപാര്‍ച്ചന നടത്തി ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്തു"(സംഖ്യ 16, 47). ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍, പരിഹാരം അനുഷ്ഠിക്കാന്‍, ദൈവശിക്ഷയില്‍നിന്ന് മോചനം പ്രാപിക്കാന്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവനാണ് അഹറോന്‍.

ദൈവമാണ് അഹറോനെ പ്രധാനപുരോഹിതനായി തിരഞ്ഞെടുത്തത് എന്നു ജനത്തിനു ബോധ്യം വരുത്തുന്ന സംഭവം സംഖ്യ 17, 1-11 ല്‍ വിവരിക്കുന്നുണ്ട്. ദൈവകല്പനയനുസരിച്ച് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രത്തില്‍നിന്നും ഗോത്രത്തിന് ഒന്നു വീതം പന്ത്രണ്ടുവടികള്‍ ഗോത്രത്തലവന്മാരില്‍ നിന്നു വാങ്ങി മോശ സാക്ഷ്യകൂടാരത്തില്‍ ഉടമ്പടിയുടെ പേടകത്തിനു മുന്നില്‍ വച്ചു. പിറ്റേദിവസം നോക്കിയപ്പോള്‍ അഹറോന്‍റെ വടി മാത്രം "മുളപൊട്ടി, പൂത്തു തളിര്‍ത്ത്, ബദാം പഴങ്ങള്‍ കായ്ച്ചുനിന്നു"(സംഖ്യ 17,6). അഹറോനാണ് ദൈവം തിരഞ്ഞെടുത്ത പ്രധാനപുരോഹിതന്‍ എന്നതിന്‍റെ ഓര്‍മ്മയ്ക്കായി ഈ വടി ഉടമ്പടിയുടെ പേടകത്തിനുമുന്നില്‍ സൂക്ഷിച്ചുവയ്ക്കാന്‍ ദൈവം തന്നെ കല്പന നല്‍കി. പൗരോഹിത്യം ദൈവത്തിന്‍റെ പ്രത്യേക തിരഞ്ഞെടുപ്പും ദാനവുമാണെന്ന് ഈ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

പുരോഹിതന്‍റെ അവകാശം

"കര്‍ത്താവ് അഹറോനോട് അരുളിച്ചെയ്തു: ഇസ്രായേല്‍ ജനം എനിക്കു സമര്‍പ്പിക്കുന്ന കാഴ്ചകള്‍ നിങ്ങളെ ഞാന്‍ ഏല്പിച്ചിരിക്കുന്നു. അവ നിനക്കും നിന്‍റെ പുത്രന്മാര്‍ക്കും എന്നേക്കുമുള്ള ഓഹരിയായിരിക്കും" (സംഖ്യ 18,8). കാനാന്‍ ദേശം പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി വിഭജിച്ചപ്പോള്‍ ലേവീ ഗോത്രത്തിന് സ്വന്തമായി  പ്രദേശം നല്‍കിയില്ല. പകരം ജോസഫിന്‍റെ രണ്ടു മക്കള്‍ക്കാണ് നല്‍കിയത്. എന്നാല്‍ ലേവീഗോത്രത്തിന് എല്ലാ ഗോത്രങ്ങളുടെ ഇടയിലും അവകാശമുണ്ടായിരുന്നു. ഇസ്രായേല്‍ ജനം ദൈവത്തിനര്‍പ്പിക്കുന്ന ദശാംശമായിരുന്നു അവരുടെ ഉപജീവനമാര്‍ഗം(സംഖ്യ 18,21). ലേവീഗോത്രജരില്‍ അഹറോനും മക്കളും പുരോഹിതര്‍ എന്ന നിലയില്‍ വേറിട്ടുനില്‍ക്കുന്നു. അവരുടെ ഉപജീവനത്തിനായി ദൈവം നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇസ്രായേല്‍ ജനം ദൈവത്തിനര്‍പ്പിക്കുന്ന വിവിധ കാണിക്കകളാണ്. ബലിയായി അര്‍പ്പിക്കുന്നതിന്‍റെ ബാക്കിഭാഗം പുരോഹിതരുടെ അവകാശമായിരിക്കും (സംഖ്യ 18,8-20; ലേവ്യര്‍ 10, 2-18).  

ദൈവശുശ്രൂഷയ്ക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെടുകയും സ്വയം ഉഴിഞ്ഞുവയ്ക്കുകയും ചെയ്യുന്ന പുരോഹിതരെ ദൈവം തന്നെ പരിപാലിക്കും. ദൈവജനം ദൈവത്തിനു സമര്‍പ്പിക്കുന്ന കാഴ്ചകളായിരിക്കും അവരുടെ ഉപജീവനമാര്‍ഗ്ഗം. മിക്കവാറും എല്ലാ മതങ്ങളിലും ഇന്നും നിലനില്‍ക്കുന്നതാണല്ലോ ഈ നിലപാട്( 1 കൊറി. 9, 12-14). ഇതു സ്വത്തു സ്വരുക്കൂട്ടാനുള്ള അനുവാദവും അവകാശവുമായി പരിഗണിക്കാനാവില്ല. എന്നാല്‍ കാലക്രമത്തില്‍ പലയിടത്തും ഈ അപചയം സംഭവിച്ചു. യേശുവിന്‍റെ കാലത്ത് പാലസ്തീനായിലെ ഏറ്റം വലിയ ധനികരില്‍ ഒരുവനായിരുന്നു പ്രധാന പുരോഹിതനായ അന്നാസ്. വിധവകളുടെ വീടു വിഴുങ്ങുന്നവര്‍ക്കെതിരേ യേശു നല്‍കുന്ന താക്കീത് (മര്‍ക്കോ12, 40-44) ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. ഈ താക്കീതിന്‍റെ പ്രസക്തി ഇന്നു വര്‍ദ്ധിച്ചിട്ടേയുള്ളൂ.

ഇടര്‍ച്ചകള്‍, വീഴ്ചകള്‍

മോശയുടെ സഹായകനും വക്താവും തുടര്‍ന്ന് പ്രധാനപുരോഹിതനുമായി ദൈവം തിരഞ്ഞെടുത്ത്, വളര്‍ത്തി വലുതാക്കിയ അഹറോന്‍റെ ജീവിതത്തില്‍ വിശ്വസ്തതയും വിജയവും മാത്രമല്ല, ചില പരാജയങ്ങളും വീഴ്ചകളും സംഭവിച്ചതായി ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ടു വീഴ്ചകള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു വിഗ്രഹാരാധനയും അധികാരമോഹവും.

വിഗ്രഹാരാധന

"അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍നിന്ന് പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെയൊരു ദൈവം നിനക്കുണ്ടാകരുത് (പുറ 20, 1-3). ഉടമ്പടിയുടെ പത്തു പ്രമാണങ്ങളില്‍ ആദ്യത്തേതും മറ്റെല്ലാ പ്രമാണങ്ങള്‍ക്കും അടിസ്ഥാനവുമായി നില്‍ക്കുന്നു ഈ ഒന്നാം പ്രമാണം. എന്നാല്‍ ദൈവപ്രമാണങ്ങള്‍ ജനത്തെ പഠിപ്പിക്കാനും അവയനുസരിച്ച് ജനത്തെ നയിക്കാനുമായി നിയുക്തനായ പ്രധാന പുരോഹിതന്‍തന്നെ ഈ പ്രമാണം ലംഘിക്കുകയും ലംഘിക്കാന്‍ ജനത്തിനു കൂട്ടുനില്‍ക്കുകയും ചെയ്തു എന്നത് ഭീകരമായൊരു ദുരന്തമായിരുന്നു.

"മോശ അഹറോനോടു ചോദിച്ചു: "നീ ഈ ജനത്തിന്‍റെ മേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു?" (പുറ 32,21). സീനായ് മലയുടെ അടിവാരത്താണ് സംഭവം. ഉടമ്പടിയുടെ പ്രമാണങ്ങള്‍ ദൈവത്തില്‍നിന്നും സ്വീകരിക്കാനായി മോശ മലമുകളിലേക്കു കയറിപ്പോയി. ജനത്തിന്‍റെ നിയന്ത്രണം അഹറോനെ ഏല്പിച്ചു. ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും മോശ തിരിച്ചുവന്നില്ല. ജനം അസ്വസ്ഥരായി. അവര്‍ക്ക് ആരാധിക്കണം, ആരാധന ആഘോഷമാക്കണം. അതിന് കാണാനും തൊടാനും എടുത്തുകൊണ്ട് നടക്കാനും കഴിയുന്ന ദൈവങ്ങള്‍ വേണം. "ജനം അഹറോനോടു പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ ദൈവങ്ങളെ ഉണ്ടാക്കിത്തരുക" (പുറ 32). ഈജിപ്തില്‍ വിഗ്രഹാരാധന ശീലിച്ചവര്‍ക്കു സമാനമായ വിഗ്രഹങ്ങള്‍ വേണം. അദൃശ്യനും അഗ്രാഹ്യനും രൂപമില്ലാത്തവനുമായ കര്‍ത്താവിനെ അവര്‍ക്കറിയില്ല. തികച്ചും സ്വാഭാവികമായിരുന്നു അവരുടെ ആവശ്യം.

എന്നാല്‍ അവരെ നേര്‍വഴി നയിക്കാന്‍ നിയുക്തനായിരുന്ന അഹറോന്‍ എന്താണ് ഇവിടെ ചെയ്യുക? കര്‍ത്താവാണ് തങ്ങളെ മോചിപ്പിച്ച് നയിക്കുന്ന ദൈവം; കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ എന്നു പറയുന്നതിനു പകരം ജനഹിതത്തിനു വഴങ്ങി, അവരുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി അഗ്നിയില്‍ ഉരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. "അപ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍ നിന്നു നിന്നെ കൊണ്ടുവന്ന ദൈവങ്ങള്‍" (പുറ 32, 4). അദൃശ്യനായ കര്‍ത്താവിനെ കാളയുടെ രൂപത്തില്‍ തൂക്കി, ജനത്തിനു മനസ്സിലാകത്തക്ക വിധത്തില്‍ ആരാധിക്കാന്‍ നല്കി. കാളക്കുട്ടിയുടെ മുമ്പില്‍ ബലിപീഠം പണിതു. ബലിയര്‍പ്പിച്ചു. കര്‍ത്താവിന് ഉത്സവാഘോഷം പ്രഖ്യാപിച്ചു. ജനം ആഘോഷിച്ചു, അഴിഞ്ഞാടി. "ശത്രുക്കളുടെ ഇടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് അഹറോന്‍ അവരെ അനുവദിച്ചിരുന്നു" (പുറ. 32, 25).

മോശ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ പറയാനുള്ളതു വികലന്യായങ്ങളായിരുന്നു. "സ്വര്‍ണ്ണം കൈവശമുള്ളവര്‍ അതുകൊണ്ടുവന്നു. ഞാന്‍ അതു തീയിലിട്ടു. അപ്പോള്‍ ഒരു കാളക്കുട്ടി പുറത്തുവന്നു" (പുറ 32, 24). എത്ര എളുപ്പത്തിലാണ് അഹറോന്‍ തന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത്! ജനത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് താന്‍ ഇതു ചെയ്തതെന്ന അഹറോന്‍റെ വിശദീകരണം പക്ഷേ കര്‍ത്താവിനു സ്വീകാര്യമല്ല. ജനത്തെ നേര്‍വഴിക്കു നയിക്കാന്‍ കടപ്പെട്ടവര്‍ അവരുടെ ഹിതത്തിനു വഴങ്ങുന്നത് വിഗ്രഹാരാധനയില്‍ കലാശിക്കുന്നു.

ഇവിടെ ശ്രദ്ധേയമായൊരു കാര്യമുണ്ട്. അഹറോനോ ജനങ്ങളോ കര്‍ത്താവിനെ നിഷേധിക്കുന്നില്ല. മറിച്ച്, തങ്ങള്‍ക്ക് സ്വീകാര്യമായൊരു രൂപത്തില്‍ കര്‍ത്താവിനെ വാര്‍ത്തെടുക്കുകയാണ്. എന്‍റെ ഇഷ്ടം സാധിച്ചു തരുന്ന, എനിക്കു കാണാനും എഴുന്നള്ളിക്കാനും താലോലിക്കാനും പറ്റുന്ന, എന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഞാന്‍ രൂപപ്പെടുത്തുന്ന ദൈവം, അതിനെ ഞാന്‍ കര്‍ത്താവ് എന്നു വിളിക്കുന്നു. ഇതു തന്നെയാണ് വിഗ്രഹാരാധനയുടെയും കാതല്‍. തന്‍റെ ഹിതം അനുസരിച്ച് എന്നെ നയിക്കുന്ന ദൈവമല്ല അത്, എന്‍റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഞാന്‍ രൂപപ്പെടുത്തുന്ന ദൈവം. അതിനെ ഞാന്‍ കര്‍ത്താവെന്നോ, മറ്റെന്തെങ്കിലും പേരിലോ വിളിച്ചാലും അതു ദൈവമാകില്ല, വിഗ്രഹം മാത്രമായിരിക്കും.

സീനായ് മലയുടെ മുകളില്‍ ദൈവം ഇസ്രായേല്‍ ജനവുമായി ഉടമ്പടി ഉറപ്പിക്കുന്ന അതേസമയത്തുതന്നെ അടിവാരത്ത് അഹറോന്‍ എന്ന പ്രധാനപുരോഹിതന്‍റെ നേതൃത്വത്തില്‍ ജനം വിഗ്രഹമുണ്ടാക്കി ആരാധിച്ചു. ഇസ്രായേലിന്‍റെ 'ആദിപാപം' എന്ന് ഇതിനെ വിശേഷിപ്പിക്കാം. കര്‍ത്താവിനോടുള്ള അവിശ്വസ്തതയുടെയും ഉടമ്പടി ലംഘനത്തിന്‍റെയും മൂര്‍ത്തരൂപമാണ് അഹറോന്‍ വാര്‍ത്തെടുത്ത കാളക്കുട്ടി. എന്നും ഏറെ പ്രസക്തമായൊരു താക്കീത് അഹറോന്‍റെ ഈ വീഴ്ചയിലൂടെ നല്കപ്പെടുന്നു. ജനത്തെ ദൈവത്തിന്‍റെ വഴിയിലൂടെ നയിക്കാന്‍ നിയുക്തനാണ് പുരോഹിതന്‍. അവന്‍ ജനം കൊട്ടുന്ന താളത്തിനൊത്ത് തുള്ളുന്ന കോമരമായിത്തീരരുത്.

തനിക്കു ലഭിച്ചിരിക്കുന്ന ദൗത്യം കഴിവിനൊത്ത് പൂര്‍ണ്ണവിശ്വസ്തതയോടെ നിര്‍വ്വഹിക്കാന്‍ ഓരോരുത്തരും ശ്രമിക്കണം. അഹറോനെ ഏല്പിച്ചിരിക്കുന്ന ദൗത്യം മോശയെ സഹായിക്കുകയും ദൈവതിരുമുമ്പില്‍ പ്രാര്‍ത്ഥനകളും കാഴ്ചകളും അര്‍പ്പിക്കുകയും ആയിരുന്നു. സഹായകന്‍ സ്വന്തം സ്ഥാനം മറന്ന് നായകനാകാന്‍ ശ്രമിക്കുന്നതു ദൈവത്തിനു സ്വീകാര്യമല്ല എന്ന് അഹറോന്‍റെയും മിരിയാമിന്‍റെയും അനുഭവം പഠിപ്പിക്കുന്നു.

രണ്ടുപേരും ഒരേ തെറ്റുചെയ്തിട്ടും എന്തേ മിരിയാം മാത്രം ശിക്ഷിക്കപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല (സംഖ്യ 12). അഹറോന്‍ പുരോഹിതനായിരുന്നതിനാല്‍ ദൈവം അയാളെ ശിക്ഷയില്‍നിന്ന് ഒഴിവാക്കിയതാവാം എന്നു കരുതുന്നവരുണ്ട്. മിരിയാമിനു കിട്ടിയ കുഷ്ഠം എന്ന ശിക്ഷ അഹറോന്‍ വലിയൊരു പാഠമായി സ്വീകരിക്കണം. എന്നാല്‍ പുരോഹിതനു നല്‍കുന്ന ഈ പ്രത്യേക പരിഗണനയും സംരക്ഷണവും തെറ്റായി വ്യാഖ്യാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പുരോഹിതന്‍ എന്തു തെറ്റു ചെയ്താലും ദൈവം ക്ഷമിക്കും, ശിക്ഷിക്കുകയില്ല എന്ന പാഠമല്ല ഇതിലൂടെ നല്കപ്പെടുന്നത്. അപ്രകാരം ഒരു ചിന്താഗതി ചരിത്രത്തില്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ അതിശക്തമായ താക്കീതുകളുമായി വന്ന പ്രവാചകന്മാര്‍ ഈ സത്യം ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. (ഉദാ. ഹോസി. 4, 1-10, ഏശ. 1, 4-20).

ചുരുക്കത്തില്‍

ബൈബിളില്‍ കാണുന്ന ആദ്യത്തെ അഭിഷിക്തപുരോഹിതനാണ് ലേവി ഗോത്രജനായ അഹറോന്‍. ലേവി ഗോത്രം മുഴുവന്‍ ദൈവശുശ്രൂഷയ്ക്കായി മാറ്റി നിര്‍ത്തപ്പെട്ടതാണെങ്കിലും അഹറോനും സന്തതികളും മാത്രമായിരുന്നു പുരോഹിതന്മാര്‍. ബൈബിള്‍ വരച്ചുകാട്ടുന്ന പുരോഹിത ചിത്രത്തില്‍ പടിപടിയായുള്ള വളര്‍ച്ച കാണാം. മോശയുടെ സഹായകരായി തുടങ്ങുന്ന പുരോഹിതന്‍റെ ചിത്രം പ്രവാസാനന്തരം നിലവില്‍ വന്ന പുരോഹിത ഭരണകാലത്ത്, പ്രത്യേകിച്ചും എസ്രായുടെ നേതൃത്വത്തില്‍, ബി സി അഞ്ചാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ പൂര്‍ത്തിയാക്കപ്പെട്ടതായി ബൈബിള്‍ വ്യാഖ്യാതാക്കള്‍ കരുതുന്നു.

ദൈവം പ്രത്യേകം തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത് തന്‍റെ ശുശ്രൂഷയ്ക്കായി നിയോഗിച്ച ആദ്യപുരോഹിതനാണ് അഹറോന്‍. ജനത്തിനും ദൈവത്തിനും ഇടയില്‍ മധ്യവര്‍ത്തിയായി നില്‍ക്കുക എന്നതാണ് ദൗത്യം. ദൈവത്തിന്‍റെ തിരുഹിതം ജനത്തെ അറിയിക്കണം, അതു വഴി അവരെ നേരായ പാതയില്‍ നയിക്കണം. ജനത്തിന്‍റെ പ്രാര്‍ത്ഥനകളും കാണിക്കകളും ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കണം. അവരുടെ പാപങ്ങള്‍ക്കു പരിഹാരം അനുഷ്ഠിക്കണം. അവരുടെ ആവശ്യങ്ങള്‍ ദൈവത്തോടു പറയണം. അവര്‍ക്കുവേണ്ടി മാപ്പിരക്കണം. ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നന്ദി പറയണം. ദൈവനാമത്തില്‍ ജനത്തെ അനുഗ്രഹിക്കണം. ജനം ദൈവത്തോട് വിശ്വസ്തത പുലര്‍ത്താന്‍ പ്രേരിപ്പിക്കണം.

ഈ ദൗത്യം ഏല്പിക്കുന്നതിനുവേണ്ടി തലയില്‍ തൈലം പൂശിയും ദേഹത്തും വസ്ത്രങ്ങളിലും ബലി രക്തം തളിച്ചും അഭിഷേകം ചെയ്തു, ദൗത്യത്തിന്‍റെ സവിശേഷതകള്‍ വിളംബരം ചെയ്യുന്ന വസ്ത്രങ്ങള്‍ അണിയിച്ചു. 'ദൈവത്തിനു സമര്‍പ്പിതന്‍' എന്നു മുദ്രപോലെ കൊത്തിയ, തലപ്പാവിന്‍റെ മുന്‍പില്‍ ബന്ധിക്കുന്ന, തങ്കത്തകിട് ഏറ്റം വ്യക്തമായ ഉദാഹരണമായിരുന്നു. വിശുദ്ധനായി ജീവിക്കാനും ജനത്തെ വിശുദ്ധീകരിക്കാനുമായി അഭിഷിക്തനായ അഹറോന് ദൈവം വലിയ മഹത്വം നല്കി. എന്നാല്‍ മാനുഷിക ബലഹീനതകള്‍ക്കതീതനായിരുന്നില്ല  അഹറോന്‍.

അഹറോന്‍റെ വീഴ്ചകള്‍ അതിന്‍റെ പൂര്‍ണഗൗരവത്തോടെ തന്നെ ബൈബിള്‍ വിവരിക്കുന്നുണ്ട്. വിശ്വാസക്കുറവ്, അസൂയ, അധികാരമോഹം എന്നിവയ്ക്കെല്ലാം പുറമേ ജനത്തില്‍നിന്നു സ്വര്‍ണ്ണം വാങ്ങി കാളക്കുട്ടിയെ വാര്‍ത്ത് ജനത്തെ വിഗ്രഹാരാധനയിലേക്കാനയിച്ചത് ഏറ്റം വലിയ വീഴ്ചയായി എടുത്തു കാട്ടുന്നു. ദൈവത്തില്‍ വേണ്ടത്ര ഉറച്ചുവിശ്വസിക്കാതിരുന്നതിന്‍റെ പേരില്‍ മോശയെപ്പോലെ അഹറോനും വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കാന്‍ കഴിയാതെ മരിച്ചു.

അഹറോന്‍  മുന്നോടിയും പ്രതീകവുമാണ്. വരാനിരുന്ന രക്ഷകനും നിത്യപുരോഹിതനുമായ യേശുക്രിസ്തുവിന്‍റെ പ്രതീകം. അഹറോന്‍റെ പ്രാര്‍ത്ഥനകള്‍ക്കും ബലികള്‍ക്കും നല്‍കാന്‍ കഴിയാതിരുന്ന പാപമോചനവും രക്ഷയും യേശുവിലൂടെ ലഭ്യമായി. അഹറോന്‍ അര്‍പ്പിച്ചിരുന്ന നിരവധി ബലികള്‍ യേശുവിന്‍റെ ഏകബലിയിലേക്ക്, മനുഷ്യരക്ഷ സാധ്യമാക്കിയ ആ മഹാബലിയിലേക്ക്, വിരല്‍ ചൂണ്ടുന്നു. ആ ബലിയോടെ അഹറോന്‍റെ സകല ബലികളും പൗരോഹിത്യം തന്നെയും കാലഹരണപ്പെട്ടു. ഇനിയങ്ങോട്ട് ദൈവപുത്രനായ യേശുക്രിസ്തു എന്ന നിത്യപുരോഹിതനും അവന്‍ അര്‍പ്പിച്ച ഏകബലിയും മാത്രമാണ് പ്രസക്തം.

You can share this post!

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
അടുത്ത രചന

'ജീവന്‍രക്ഷാഭിക്ഷുക്!'

ചാക്കോ സി. പൊരിയത്ത്
Related Posts