news-details
മറ്റുലേഖനങ്ങൾ

'ജീവന്‍രക്ഷാഭിക്ഷുക്!'

2021 ഫെബ്രുവരി 28-ലെ ഒരു പത്രവാര്‍ത്തയില്‍ നിന്ന് എടുത്തതാണിത്. പ്രസിദ്ധനായ ഒരു ആയുര്‍വേദ ഡോക്ടറെ, അദ്ദേഹമുള്‍പ്പെടുന്ന സമുദായത്തിന്‍റെ സംഘടന പുരസ്കാരം നല്‍കി ആദരിച്ചതിനെപ്പറ്റിയാണ് വാര്‍ത്ത.

'ജീവന്‍രക്ഷാഭിക്ഷുക്' അവാര്‍ഡ് ഡോക്ടര്‍ക്കു നല്‍കി അനുമോദിച്ചുവെന്ന് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നു.

ഈ കുറിപ്പെഴുതുന്നയാളുടെ സംശയം, ആ അവാര്‍ഡിന്‍റെ, പേരിന് ഒരു പിശകുപറ്റിയിട്ടില്ലേ എന്നാണ്. 'ഭിക്ഷക്' എന്ന പദത്തിന് ഭിക്ഷക്കാരന്‍ എന്നേ കഷ്ടിച്ച് അര്‍ഥം പറയാനാവൂ. എങ്കില്‍, ജനസമ്മതനായ ആ ഭിഷഗ്വരനെ (വൈദ്യശ്രേഷ്ഠനെ) അപമാനിക്കുന്ന അവാര്‍ഡാണത്!

വൈദ്യന്‍ എന്നര്‍ഥംവരുന്ന 'ഭിഷക്' എന്നായിരിക്കില്ലേ അവാര്‍ഡിന്‍റെ പേര്? എങ്കില്‍, പുരസ്കാരം നല്‍കിയവര്‍ക്കാണോ വാര്‍ത്ത പത്രത്തിനു നല്‍കിയവര്‍ക്കാണോ അവാര്‍ഡ്കാര്യം പത്രത്തില്‍ ചേര്‍ത്തവര്‍ക്കാണോ തെറ്റുപറ്റിയത്?

'ഷ'യ്ക്കു പകരം 'ക്ഷ' ചേര്‍ത്തതാണ് ഇവിടെ സംഭവിച്ച പ്രധാന അബദ്ധം. അലംഭാവംകൊണ്ടു സംഭവിച്ചതാവാം. തലക്കെട്ടു ശരിയാവണമെങ്കില്‍, 'ജീവന്‍രക്ഷാഭിഷക്ക്' എന്നുതന്നെ കൊടുക്കണം. 'ഭിക്ഷുക്' എന്നൊരു പദം പ്രയോഗത്തിലില്ല. ഭിക്ഷു, ഭിക്ഷുകന്‍ - എന്നീ പദങ്ങള്‍ ഉണ്ട്. സന്യാസി, യാചകന്‍ - എന്നാണ് അവയുടെ അര്‍ഥങ്ങള്‍.

'പാമ്പ് കടിയേറ്റ് ആശുപത്രിയില്‍'
'റബ്ബര്‍ കര്‍ഷകരെ വീണ്ടും വഞ്ചിച്ചു'

-ഇത്തരം ചെറിയ തലക്കെട്ടുകള്‍ പത്രങ്ങളില്‍ പലപ്പോഴും നാം കാണാറുണ്ട്. തലക്കെട്ട് തെറ്റായാണ് ചേര്‍ത്തിട്ടുള്ളതെങ്കിലും അര്‍ഥം ശരിയായിത്തന്നെ നാം മനസ്സിലാക്കാറുണ്ട്.
കടിയേറ്റ് ആശുപത്രിയിലായത് പാമ്പല്ലെന്നും കര്‍ഷകരെ വീണ്ടും വഞ്ചിച്ചത് റബ്ബറല്ലെന്നും നമുക്കു മനസ്സിലാകുന്നുണ്ടെന്നര്‍ഥം!

അച്ചടിയിലും എഴുത്തിലും ഇടയകലം (Spacing) നല്‍കേണ്ട സന്ദര്‍ഭങ്ങളും നല്‍കേണ്ടാത്ത സന്ദര്‍ഭങ്ങളും ഉണ്ട്. 'പാമ്പുകടിയേറ്റു മരിച്ചു', 'റബ്ബര്‍ക്കര്‍ഷകരെ വീണ്ടും വഞ്ചിച്ചു' - എന്നിങ്ങനെ, കര്‍ത്താവ് (Subject) വെളിപ്പെടുത്തേണ്ടാത്ത വാക്യഖണ്ഡങ്ങളില്‍ ഇടയകലം ആവശ്യമില്ല. ചേര്‍ത്തെഴുതുമ്പോള്‍ ചിലേടങ്ങളില്‍ ഇരട്ടിപ്പുനല്‍കേണ്ടതായും വരും.

ഇടയകലം നല്‍കരുതാത്ത ഏതാനും സമാന വാക്യങ്ങള്‍ താഴെക്കൊടുക്കുന്നു:

1) 17-ാം വയസ്സിലാണ് ഈശോ സഭയില്‍ ചേര്‍ന്നത്.
2) ആലുവാ പുഴയില്‍ മുങ്ങിമരിച്ചു.
3) പിന്നീട് അദ്ദേഹം ആ ശ്രമം ഉപേക്ഷിച്ചു.
4) റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചു
5) മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.
6) മുരട നക്കിക്കൊണ്ട് അയാള്‍ മുറ്റത്തേക്കു കയറി.

- ഈ വാക്യങ്ങളില്‍ യഥാക്രമം ഇടയകലം ഒഴിവാക്കിയെഴുതേണ്ടവ: 'ഈശോസഭയില്‍', 'ആലുവാപ്പുഴയില്‍', 'ആശ്രമം', 'റബ്ബര്‍ത്തോട്ടത്തില്‍', 'മുട്ടക്കോഴിക്കുഞ്ഞുകളൈ, 'മുരടനക്കിക്കൊണ്ട്' (അര്‍ഥവ്യക്തതയ്ക്കായി ചില അക്ഷരങ്ങള്‍ ഇരട്ടിക്കയും വേണം.)
'കരയിപ്പിക്കുന്ന' ചില അധ്യാപകരും!

കരയിച്ചാല്‍പ്പോരേ, കരയിപ്പിക്കണോ?

-സമീപകാലത്ത് പത്രത്തില്‍ക്കണ്ട ഒരു കുറിപ്പിനെപ്പറ്റി:
"കരയാനും ചിരിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും..." എന്നുതുടങ്ങുന്ന ആ കുറിപ്പ് ഇന്ദ്രന്‍സ് എന്ന നല്ല അഭിനേതാവിനെപ്പറ്റിയാണ്.

ആക്ഷേപംപറയരുതല്ലോ, സദുദ്ദേശ്യത്തോടെ കുറിച്ച അഭിപ്രായമാണതെന്നു മനസ്സിലാക്കുന്നു.

ഇത് ഒരു മലയാളം പ്രൊഫെസ്സറുടെ കുറിപ്പാണ്. അതിനാല്‍, സ്വാഭാവികമായി, ഭാഷാപരമായ തെറ്റുകള്‍ വരരുതാത്തതാണ്. (ഒരുപക്ഷേ, പത്രക്കാര്‍ എടുത്തുചേര്‍ത്തപ്പോള്‍ സംഭവിച്ച പിശകാണെന്നുംവരാം).

"കരയാനും കരയിക്കാനും" അല്ലേ ശരി?

"കരയിപ്പിക്കാനും..." തെറ്റല്ലേ ബഹു. പ്രൊഫെസ്സര്‍?

ഞെട്ടിക്കുന്ന വാര്‍ത്തകള്‍ - എന്നു പ്രയോഗിക്കേണ്ടതിനുപകരം ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ - എന്ന് പറയുകയും എഴുതുകയും ചെയ്യുന്നവര്‍ പത്രക്കാര്‍മാത്രമല്ലെന്നും നമുക്കറിയാം! ചലച്ചിത്രഗാനം ചിത്രയെക്കൊണ്ടു പാടിക്കാം; പാടിപ്പിക്കരുത്!

"...കേരളത്തിലെ എല്ലാ അമ്മാരും തന്‍റെ കുട്ടികളെ..." - എന്നു തുടങ്ങുന്ന ഒരു വാക്യം ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ ആദ്യത്തില്‍ ഈയിടെ വായിക്കാനിടയായി.

മലയാളികള്‍ അമ്മഭാഷ ശരിയായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നില്ലല്ലോ എന്ന സങ്കടംകൊണ്ടാണ് ഈ കുറെപ്പെഴുതുന്നയാള്‍ ഇത് ഇവിടെ എടുത്തുചേര്‍ക്കുന്നത്.

"എല്ലാ അമ്മമാരും..." എന്ന് ബഹുവചനത്തില്‍ പറയുമ്പോള്‍/കുറിക്കുമ്പോള്‍, 'തന്‍റെ' എന്നല്ല, 'തങ്ങളുടെ...' എന്നേ പറയാവൂ/കുറിക്കാവൂ. 'താന്‍'  ഏകവചനവും 'തങ്ങള്‍' ബഹുവചനവുമാണ്.

'...അമ്മമാരും തന്‍റെ കുട്ടികളെ...' എന്നതിലെ 'തന്‍റെ'യ്ക്കു പകരം, 'സ്വന്തംകുട്ടികളെ...' എന്നു പ്രയോഗിച്ചാലും ഈ തെറ്റ് ഒഴിവാക്കാം.

പറയുന്നവ്യക്തി അയാളെക്കുറിച്ചു സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ സര്‍വനാമം (Self) മലയാളത്തില്‍ മാത്രമേ ഉള്ളൂ, എന്നു തോന്നുന്നു. (താന്‍/തങ്ങള്‍).

-മേല്‍ച്ചേര്‍ത്ത വാക്യത്തിലെ 'എല്ലാ അമ്മമാരും' എന്നതിനുപകരം 'ഓരോ അമ്മയും' എന്നുപയോഗിച്ചാലും ശരിതന്നെ.

ചില പദങ്ങള്‍ തെറ്റായിമാത്രം എഴുതുന്നവരുണ്ട്. അവയുടെ ശരിരൂപങ്ങള്‍ ഇടത്തുവശത്തും തെറ്റായ രൂപങ്ങള്‍ വലത്തുവശത്തും (ബ്രായ്ക്കറ്റില്‍) കൊടുക്കുന്നു:

ശരി തെറ്റ്
സമ്രാട്ട് (സാമ്രാട്ട്)
പലായനം (പാലായനം)
അനുഗൃഹീതന്‍ (അനുഗ്രഹീതന്‍)
സ്രഷ്ടാവ് (സൃഷ്ടാവ്)
പൈശാചികം (പൈശാശികം)
പിശാച് (പിശാശ്)
രക്ഷാകര്‍ത്താവ് (രക്ഷകര്‍ത്താവ്)
പീഡാനുഭവം (പീഢാനുഭവം)
ഏറ്റവും (ഏറ്റം)
മുന്നാക്കം (മുന്നോക്കം)
ശരി തെറ്റ്
പിന്നാക്കം (പിന്നോക്കം)
അസ്തിവാരം (അസ്ഥിവാരം)
സ്വൈരം (സൊയ്ര്യം)
തീക്ഷ്ണം (തീഷ്ണം)
സൂക്ഷ്മം (സൂഷ്മം)
യാദൃച്ഛികം (യാദൃശ്ചികം)
വ്യത്യസ്തം (വ്യത്യസ്ഥം)
പ്രസ്ഥാനം (പ്രസ്താനം)
പ്രസ്താവന (പ്രസ്ഥാവന)
അസ്ഥിപഞ്ജരം (അസ്തിപജ്ഞരം)

You can share this post!

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts