ഈ ജനം എന്തുകൊണ്ടാണിങ്ങനെ എന്നു ചോദിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഈ ജനം മാത്രമല്ല എല്ലാക്കാലത്തേയും ജനങ്ങള്‍ ഇങ്ങനെ തന്നെയായിരുന്നു. ശരിയായ തെരഞ്ഞെടുപ്പുകളോട് ഒരിക്കലും ചേര്‍ന്നു നില്‍ക്കാതെ... നേരായതൊക്കെ അഥവാ ശരിയായതൊക്കെ അനാവശ്യവും, അനാവശ്യമായതൊക്കെ അത്യാവശ്യവുമാകുന്ന തെരഞ്ഞെടുപ്പുകളുമായി...
നീതിമാന്‍ എന്തിനെയൊക്കെ അതിജീവിച്ചാലാണ്. ജനങ്ങളോട് പൊരുത്തപ്പെടാമെന്ന് വച്ചാല്‍ അയാളുടെ ഉള്ള് അയാളെ പൊള്ളിക്കും. നീതിയോടെ നിലനില്‍ക്കാമെന്നു വച്ചാല്‍ ചുറ്റുപാടുകള്‍ അയാളെ പൊള്ളിക്കും. എങ്ങനെയായാലും അയാള്‍ക്ക് പൊള്ളിയേ തരമുള്ളൂ. ഉള്ളിലെ പൊള്ളലിനേക്കാള്‍ അയാള്‍ക്ക് സഹിക്കാനെളുപ്പം പുറത്തെ പൊള്ളലുകള്‍ തന്നെയാണ് കാരണം അയാള്‍ നീതിമാനാണെന്നതു തന്നെ.
അങ്ങനെയല്ലാത്തൊരാള്‍ക്ക് യാതൊരു പൊള്ളലിന്‍റെയും സാധ്യതകളില്ല. ഈ വര്‍ഗ്ഗം ഈശോ കാണിച്ച ജീവിതത്തിനു ചുറ്റും ഉണ്ട്. ഈ ലോകത്തിലുള്ളതെല്ലാം. ആരെയൊക്കെയാണ് അവിടുന്ന് ക്ഷമയോടെ നിശ്ശബ്ദമായി കടന്നുപോയത്. സഹിഷ്ണുതയോടെ ആയിരിക്കേണ്ടതുണ്ട് ഒരുപാടൊരുപാട്. അത്ര എളുപ്പമല്ലെങ്കിലും. അധികാരത്തിനു വേണ്ടിയുള്ള സത്യനാടകങ്ങളുമായി ഒരു പന്തിയോസ് പീലാത്തോസ്.കരുണ തൊട്ടുതീണ്ടാത്ത ആഴം കുറഞ്ഞ ഹൃദയത്തിന്‍റെ വിലകുറഞ്ഞ ഫലിതങ്ങളുമായി ഒരു ഹേറോദേസ് - അയാളാണ് ഈശോയ്ക്ക് ആ വേഷം കൊടുത്തത്. ഒരു കോമാളിയാക്കാനുറച്ച്. രാഷ്ട്രീയക്കളികളുമായി ഒരു കയ്യാഫാസ്. അയാളുടെ കുബുദ്ധിയുടെ വിജയമാണ് ഈശോയെ കയ്യേല്പിച്ചത്. ആ തന്ത്രങ്ങള്‍ക്കെല്ലാം പിന്നില്‍ അയാളുണ്ട്. പിന്നെ അയാളുണ്ട്. പിന്നെ അന്നത്തെ സകല അധികാര ജീവനക്കാരും. ആ ഭരണയന്ത്രം വലിച്ചും ഉന്തിയും തള്ളിയും നടക്കുന്ന കുറെ ഏറെപ്പേരുണ്ട്. നമ്മള്‍ കണ്ടിട്ടില്ലെന്നേയുള്ളൂ. ഈശോ അവരെയെല്ലാം കണ്ടു.
ഇനിയും ഒരു ബറാബാസ്.
നീതി നിറഞ്ഞതായിരുന്നു ആ വിധിയെങ്കില്‍, ഈശോയ്ക്ക് നിഷ്പ്രയാസം ലഭിക്കുമായിരുന്ന അവസരം. അത്, തികച്ചും അനീതി നിറഞ്ഞ, ഒരു വിധിയിലൂടെ, അന്ധരായ കുറേപ്പേരില്‍ നിന്നും അയാള്‍ക്ക് കൈവശപ്പെട്ടു. എന്നിട്ട് അതുമായി ആര്‍ത്തുവിളിച്ച്, അവിടെ കൂടിയ എല്ലാവരെയും ചിരിച്ചു കാണിച്ച് കൈവീശി കടന്നു പോകുന്ന ഒരു കശ്മലന്‍. സത്യത്തില്‍ അതയാള്‍ക്ക് അവകാശപ്പെട്ട സ്വാതന്ത്ര്യമൊന്നുമല്ല. കുറേപ്പേര്‍ക്ക് ക്രിസ്തുവിനോടുളള വിരോധവും അസൂയയും മൂലം അത് അയാളില്‍ ചെന്നുപെട്ടതാണ്.
എന്നിട്ടും മനസ്സാക്ഷിയെപ്പറ്റി കേട്ടറിവു പോലുമില്ലാത്ത വിഡ്ഢിയെപ്പോലെ, കാത്തിരുന്ന് നീതികിട്ടിയ ഏതോ നേതാവിനെപ്പോലെ ഒക്കെ അയാളുടെ performance ജനങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന ആ നിമിഷമാണ് അയാളേറ്റവും ശ്രദ്ധിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ച വിജയശ്രീലാളിതനായ ഒരാളെപ്പോലെ അയാളിറങ്ങി നടക്കുകയാണ്. ഇനിയൊരു തെരഞ്ഞെടുപ്പില്‍ അയാള്‍ ജനസമ്മതി തേടാനും മതി. അത്രയ്ക്കുണ്ട് അയാളില്‍ രൂപം കൊണ്ട pseudo. ഏതോ കടുത്ത അസത്യത്തെ അയാള്‍ ആഘോഷിക്കുകയാണ്. ഈശോ ക്ഷമിച്ചില്ലേ... യാതൊരു പ്രകോപനവുമില്ലാതെ നിലകൊണ്ടില്ലേ...
ജനങ്ങള്‍ വിളിച്ചിട്ട്, ജനങ്ങള്‍ക്കു വേണ്ടിയാണവിടുന്ന് വന്നത്. എന്നിട്ടും ഈശോയെ ആവശ്യമില്ലെന്നു തന്നെയാണ് ആ ജനങ്ങള്‍ അലറുന്നത്. ഈശോ ആക്രോശിക്കുകയും നിലവിളിക്കുകയും ഒന്നും ചെയ്തില്ലല്ലോ. സ്നേഹമില്ലാത്ത നാടകങ്ങളെപ്രതി നമ്മളത്ര വിലപിക്കാനില്ല. അന്ന് ബറാബാസ് ഇങ്ങനെയൊക്കെ തന്നെയാണോ ഇറങ്ങിപ്പോന്നതെന്ന് എനിക്കറിയില്ല, ചില പരസ്യങ്ങള്‍ പറയുന്നതാണ്. പക്ഷേ ഇന്ന് ഇങ്ങനത്തെ ഒരുപാട് മനുഷ്യരെ ഒരുപാട് ബറാബാസുമാരെ നമ്മള്‍ കാണുന്നുണ്ട്. അപരന്‍റെ അവസരം തട്ടിയെടുത്തും കുതികാലുവെട്ടിയും അനര്‍ഹമായ പേരു സമ്പാദിച്ചും സ്വത്തു സമ്പാദിച്ചും ഒക്കെ. വാഴുന്നോര്‍... എന്നിട്ടും ഇത് തനിക്കര്‍ഹതപ്പെട്ടതല്ല എന്ന ബോധം തെല്ലുമില്ലാതെ, ചിരിച്ചു മറിഞ്ഞ്, നേതാവിനെപ്പോലെ നടക്കുന്ന അനേകം ബറാബാസുമാരെ... ഉള്ളിലും പുറത്തുമൊന്നും ഒട്ടും പൊള്ളുന്നില്ലല്ലോ... ഇവര്‍ക്കാര്‍ക്കും...