പ്രാര്‍ത്ഥനാമണിദാനം കേട്ടുണരുന്നു വിണ്ണില്‍
പ്രണവംനേരില്‍ കേട്ടാലെന്നപോലൊരു താരം,
തീവണ്ടിപ്പാളങ്ങളില്‍ ചെണ്ടകള്‍ കൊട്ടിപ്പായും
തീര്‍ത്ഥകന്‍ പുകവണ്ടി-
യെന്‍ കര്‍ണം ഭേദിക്കവേ,
വിണ്ണിലെച്ചിറകുകള്‍ വീശുന്ന വെള്ളിപ്പൂക്കള്‍
കണ്ണിലും മനസ്സിലുമാനന്ദം വിടര്‍ത്തുന്നു...
രാവിലെ വിരുന്നുകാരീപ്പൂക്കള്‍;
മനസ്സിന്‍റെ കോവിലില്‍ കൊളുത്തുന്നു
നിര്‍വൃതി നിലാത്തിരി
അങ്കണത്തൈമുല്ലയില്‍ വിടരുംപൂക്കള്‍ വന്നെന്‍
പൂങ്കവിള്‍ തലോടിയെന്‍ മനസ്സില്‍ മന്ത്രിക്കുന്നു:
"ജീവിതത്തിനുശാന്തി-
യേകാന്തഗൃഹാങ്കണഭൂവിലല്ലയോ?
രാഗമൂകമാമനുഭൂതി!..."
നിത്യസൗന്ദര്യത്തിന്‍റെ തൂമുഖം ദര്‍ശിക്കുവാന്‍
നിത്യവും മുറ്റത്തുള്ള
പൂക്കള്‍ നാം ദര്‍ശിച്ചെങ്കില്‍!