സ്വയം മെനഞ്ഞെടുത്ത സ്വപ്നങ്ങള്‍ക്കനുസരിച്ച് ജീവിതത്തിന്‍റെ ട്രാക്കിലൂടെ ഒരേ താളത്തില്‍ ഓടാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്.
ലിപിന്‍ രാജ് എം. പി. യുടെ 'പാഠം ഒന്ന് ആത്മവിശ്വാസം' എന്ന പുസ്തകത്തിലെ ഈ വരികള്‍ അടര്‍ത്തിയെടുത്തുകൊണ്ട് തന്നെ ആരംഭിക്കുവാന്‍ തോന്നി. കാരണം മറ്റൊന്നുമല്ല; 'സ്വപ്നങ്ങള്‍' കുശവന്‍റെ കൈയിലെ കളിമണ്ണ് എന്നപോലെ മെനഞ്ഞെടുത്ത ഭാഗ്യവാന്മാരെ കാണുവാന്‍ സാധിച്ചു എന്നതുകൊണ്ടും കൂടിയാണ്.
മാറ്റം അനിവാര്യമാണ.് മനുഷ്യനാല്‍ തന്നെ ഇത്തരം മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന് മേന്മ ഏറുന്നു. ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് വേറിട്ട് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍, അത്തരത്തിലുള്ള ചിന്താരീതിയിലൂടെ ലോകത്തെ തന്നെ മാറ്റിമറിക്കുവാന്‍ ഒരുമ്പെട്ട
ഒരു കൂട്ടം അന്വേഷകര്‍. ഒറ്റവാക്കില്‍ 'ബദലുകള്‍'
'എല്ലാം എളുപ്പമായിരുന്നെങ്കില്‍
ഞാനെങ്ങനെ വളരുമായിരുന്നു?
ഉള്ളം തേടിയതെല്ലാം
ഉള്ളം കയ്യിലായെങ്കില്‍
വളരുമായിരുന്നോ എന്നുള്ളമിത്രത്തോളം?
അറിയേണ്ടതെല്ലാം അതിവേഗമറിഞ്ഞെങ്കില്‍
അന്വേഷകനാകാന്‍ എനിക്കാകുമായിരുന്നോ?
(സി. തോമസ് എബ്രാഹം)
തങ്ങളുടെ ദീര്‍ഘവീക്ഷണത്തിലൂടെയും അന്വേഷണങ്ങളിലൂടെയും ലോകത്തെ നവീകരിക്കാന്‍ ബദലുകള്‍ അക്ഷീണം പരിശ്രമിക്കുന്നു. പല കണ്ടുപിടുത്തങ്ങളുടെയും ആരംഭം ഇവരില്‍ നിന്നുതന്നെയാണെന്ന് പറയാം.
വളരെ എളുപ്പം നേടിയെടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അന്വേഷിക്കാന്‍ നാം ശ്രമിക്കുമ്പോള്‍ ഇക്കൂട്ടര്‍ ആരും തിരഞ്ഞെടുക്കാന്‍ മടിക്കുന്ന അല്ലെങ്കില്‍ ഇതുവരെ ആരാലും സഞ്ചരിക്കപ്പെടാത്ത പാതയിലൂടെ തങ്ങളുടെ യാത്ര ആരംഭിക്കുന്നു. ഉള്ളില്‍ അടക്കിപ്പിടിച്ച ഊര്‍ജ്ജകണികകള്‍ ഊതികാച്ചി ലക്ഷ്യത്തിലേക്ക് എത്തുവാനും കൊതിച്ച സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാനും ഇവര്‍ക്ക് നന്നായി അറിയാം. കവി റോബര്‍ട്ട് ഫ്രോസ്റ്റിനെ പോലെ That made all the difference എന്ന് യാതൊരു സംശയവുമില്ലാതെ ബദലുകള്‍ക്ക് പറയാനാകുന്നു.
കേരളത്തിലുരിത്തിരിഞ്ഞ ബദല്‍ജീവിത പരീക്ഷണങ്ങളുടെ ഉടമകളെയും സ്ഥാപനങ്ങളെയും കണ്ടറിഞ്ഞ് അസ്സീസിയുടെ വായനക്കാര്‍ക്കായി പങ്കുവയ്ക്കാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ തയ്യാറായിട്ടുണ്ട്. അവര്‍ കണ്ടറിഞ്ഞ ജീവിത പരീക്ഷണങ്ങളുടെ ആമുഖം മാത്രമാണിത്. കണ്ടെത്തിയ കഥകള്‍ വരുംലക്കങ്ങളില്‍ തുടരുന്നതാണ്. ഈ ബദല്‍ജീവിത പരീക്ഷണങ്ങളെ തേടി അസ്സീസിക്കായി ഇവര്‍ നടത്തിയ യാത്രയ്ക്കുശേഷമുള്ള ആദ്യകമന്‍റ് ഇതായിരുന്നു, "ഇതുവരെയും നമ്മളാരും ഒന്നും ചെയ്തിട്ടില്ലായെന്ന് മനസ്സിലായി." കാത്തിരിക്കുക... ഇവര്‍ കണ്ടെത്തിയ മിഴിവുറ്റ ജീവിതസാക്ഷ്യങ്ങള്‍ക്കായി...
ലേഖിക : ആന്‍ മേരി (മാര്‍ ഇവാനിയൂസ് കോളേജ് ഒന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി)