ഇന്നലെ പെയ്ത മഴയില്‍
നനഞ്ഞൊട്ടി
മണ്ണിലേക്കാഴ്ന്ന്
തോടുപൊട്ടിയ വിത്തുപോല്‍
ഉടലൊതുക്കി
തൊലിയിരുണ്ടവന്‍
ഉറുമ്പിന് തന്‍റുടലിനാല്‍
പെസഹായൊരുക്കുന്നു.
അവന്‍
തിരസ്കരിക്കപ്പെട്ടവന്‍റെ യൗവനം.
തെരുവിലഴുകുന്നവന്
കൂട്ടിരിക്കാന്‍
വിശുദ്ധവസ്ത്രമണിഞ്ഞവരെത്തിയില്ല.
അവന്
ചാവുപാട്ടുപാടുവാനോ
കുന്തിരിക്കം പുകയ്ക്കാനോ
ഒപ്പീസു ചൊല്ലുവാനോ
ആരുമുണ്ടായില്ല.
നിറംകെട്ടുപോയവനെ
തിരസ്കൃതയൗവനമേ
നിനക്ക് വേണ്ടി ചൂട്ട് കത്തിച്ച് കൂട്ടിരുന്നതും
ചകിരി കത്തിച്ച് ചൂടുതന്നതും
ഇടനെഞ്ച് പൊട്ടുംപോല്‍ ചാവുപാട്ട് പാടിയതും
നിറംകെട്ടുപോയവര്‍തന്നെ.
നിന്‍റെ കബറിടത്തില്‍
പൊന്‍കുരിശുചാര്‍ത്താന്‍
കഴിവില്ലാത്തോര്‍
അവരുടെ
കണ്ണീരുകൊണ്ടവര്‍
നിന്‍റെ മരവിച്ച ശരീരം കുളിപ്പിച്ചു
അഴുക്കുപുരണ്ട
കൈലിമുണ്ടുകൊണ്ടവര്‍ നിന്‍റെ ഉടലു തുടച്ചു.
ചേറ്റുമണ്ണിന്‍റെ നിറവും
നെല്ലുകുത്തിയുടെ മണവുമുള്ള
ചവണ്ടുപോയ വെള്ളച്ചേലയുടുപ്പിച്ചവര്‍ നിന്നെ
അവരുടേതല്ലാത്ത പണിയിടങ്ങളില്‍ കുഴിച്ചിട്ടു.
നിറംകെട്ടവനേ
എടാ, നിഷേധി
അവരാരും വന്നില്ലെടാ
പുല്ലുതഴച്ചുവളര്‍ന്ന
നിന്‍റെ കബറിടത്തിലാരും
മെഴുകുതിരി കത്തിച്ചില്ലെടാ
നിന്‍റെ ഇരുകാലിലും
ഇരു കൈയിലും
തിണര്‍ത്ത ചുവന്നപൂവുകളിലാരും
ചുംബിച്ചുമില്ലെടാ
സത്യം പറയുമെന്ന്
തര്‍ക്കുത്തരം പറഞ്ഞവനേ
എടാ നിഷേധി
കാലമെത്ര പോയെടാ
നിനക്ക് അന്ത്യകൂദാശ നല്‍കാത്തവര്‍
നിനക്ക് ചാവുപാട്ട് പാടാത്തവര്‍
നിന്‍റെ മുറിവ് ചുംബിക്കാത്തവര്‍
നിനക്ക് റീത്ത് നേരാത്തവര്‍
ഒപ്പീസു ചൊല്ലുകയോ
കുന്തിരിക്കം പുകയ്ക്കുകയോ
ഒരു മെഴുകുതിരി കത്തിക്കുകയോ പോലും
ചെയ്യാത്തവര്‍
ഇന്ന്
നിന്‍റെ
ഉടലിന്മേല്‍
പൊന്‍കുരിശ് നാട്ടുമ്പോള്‍
അവര്‍
ചോദിക്കുന്നു
പള്ളിക്കെന്തിനാ പൊന്‍കുരിശ്