വിഷാദരോഗത്തിന്‍റെ (depression) മൂര്‍ധന്യാവസ്ഥയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന (bipolor disorder)ത്തെ നേരിടാന്‍ സ്വന്തം അനുഭവത്തില്‍നിന്ന് മനോനില ചിത്രണം (Mood Mapping) എന്ന സങ്കേതം രൂപപ്പെടുത്തി 14 ദിവസത്തെ പ്രായോഗിക ചികിത്സാപദ്ധതി ആവിഷ്ക്കരിച്ച ലിസ് മില്ലര്‍ ആത്മകഥ തുടരുന്നു.
മനോനില ചിത്രണം (Mood Mapping) ഞാന്‍ അഗ്നിശമന സേനാംഗങ്ങള്‍ക്കിടയില്‍ പ്രായോഗികമാക്കാന്‍ ശ്രമം തുടങ്ങി. മനുഷ്യദുരന്തങ്ങളെ നിരന്തരം അഭിമുഖീകരിക്കുന്നവരാണ് പോലീസും ആമ്പുലന്‍സ് ജീവനക്കാരും എന്നതുപോലെ അഗ്നിശമനസേനാംഗങ്ങളും. ഇരുപത്തിനാല് മണിക്കൂറും ഏറ്റവും മോശമായ സാഹചര്യങ്ങളെ പ്രതീക്ഷിക്കുന്നവരാണ് അവര്‍. അതിനാല്‍ത്തന്നെ അവരില്‍ പലര്‍ക്കും മാനസികാരോഗ്യപ്രശ്നങ്ങളുണ്ടാവുന്നതില്‍ അസാധാരണമായൊന്നുമില്ല. ഈ നിമിഷം കൂട്ടുകാരൊപ്പം സ്വസ്ഥമായിരിക്കുന്ന അവര്‍ അടുത്ത അരമണിക്കൂറിനുള്ളില്‍ അപകടത്തില്‍ തകര്‍ന്ന കാറില്‍നിന്ന്, അത് വെട്ടിപ്പൊളിച്ച് രക്തത്തില്‍ കുളിച്ച് പാതി മരിച്ച ശരീരങ്ങള്‍ പുറത്തെടുക്കുകയാവും. കഠിനമായ സമ്മര്‍ദ്ദം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകര്‍ത്ത് കുടുംബജീവിതത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.
അഗ്നിശമനസേനയിലെ ഫിസിഷ്യന്‍ (Occupational Health Physician) എന്ന ജോലി മാനസികാരോഗ്യസംബന്ധമായ എന്‍റെ ഗവേഷണങ്ങള്‍ക്ക് ഏറെ യോജിച്ചതായി. അഗ്നിശമനസേനാംഗങ്ങളുടെ മനസും അവരുടെ അനുഭവങ്ങളും പഠിക്കാന്‍ അത് അവസരമായി.
അവിടെനിന്ന് വിരുദ്ധധ്രുവ മാനസികവ്യതിയാനം (bipolor disorder) നേരിടുന്നവര്‍ക്കായി ഞാന്‍ സ്വാശ്രയശില്പശാല (self management workshop)കള്‍ സംഘടിപ്പിച്ചുതുടങ്ങി. പ്രതികരണം തികച്ചും പ്രോത്സാഹജനകമായിരുന്നു. തങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന്, എന്താണ് അനുഭവപ്പെടുന്നതെന്ന് അറിയാന്‍ ആളുകള്‍ക്ക് ഇതാ ലളിതമായ ഒരു മാര്‍ഗ്ഗം. അതാവട്ടെ മനോനില മാറ്റയെടുക്കാനുള്ള ലളിതമായ മാര്‍ഗങ്ങള്‍ പറഞ്ഞുതരുകയും ചെയ്യുന്നു. മനോനില രേഖപ്പെടുത്തുന്നതിനുള്ള ആദ്യമാര്‍ഗമായിരുന്നില്ല മനോനിലചിത്രണം(Mood Mapping). അതിനുതകുന്ന ചാര്‍ട്ടുകള്‍ നിലവിലുണ്ട്. എന്നാല്‍ മനോനില ചിത്രീകരിക്കുന്ന (mopp) ആദ്യസങ്കേതമാണിത്.
അത് മനോനിലയുടെ രണ്ട് വിരുദ്ധഘടകങ്ങളെ വേര്‍തിരിച്ച് ചിത്രീകരിക്കുന്നു. ശാന്തവും പ്രസാദാത്മകവുമായ താഴ്ന്ന ഊര്‍ജ്ജനില (low positive energy)യെ വിഷാദാത്മകമായ (depressive) താഴ്ന്ന പ്രതിലോധ ഊര്‍ജ്ജനില (low negative energy)യില്‍നിന്ന് വേര്‍തിരിക്കുന്നു. അപ്രകാരംതന്നെ ഉന്മേഷഭരിതവും കര്‍മ്മോത്സുകവുമായ ഉയര്‍ന്ന ഊര്‍ജ്ജനിലയെ (high positive energy) ഉത്കണ്ഠയും ഭയവും ഉണര്‍ത്തുന്ന ഉയര്‍ന്ന ഊര്‍ജനില(high negative energy)യില്‍നിന്ന് വേര്‍തിരിച്ച് കാണുന്നു.
അക്കാലയളവില്‍ ഞാന്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദവും ബിര്‍ക്ക്ബെക്ക് (Birkbeck College) കോളേജില്‍ നിന്ന് സാമൂഹിക മനഃശാസ്ത്ര(Organisational Psychology) ത്തില്‍ ബിരുദാനന്തബിരുദവും നേടി.
'തീയിലൂടെയുള്ള നടത്ത'(fire walking)- ത്തിലൂടെ പ്രസിദ്ധനായ ആന്‍റണി റോബിന്‍സിന്‍റെ (Antony Robins) 'സ്വയം വളരല്‍' പ്രസ്ഥാന(Self development movement) ത്തില്‍ പങ്കാളിയായത് എന്‍റെ മാനസികനിലയിലെ പ്രസാദാത്മകമായ വളര്‍ച്ചയെ അടയാളപ്പെടുത്തി. അമേരിക്കക്കാരനായ ആന്‍റണി റോബിന്‍സ് സ്വയം വളരാനും ഉന്നതനിലവാരം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന പരിശീലകന്‍ എന്ന നിലയില്‍ 'പറയുന്നത് പ്രവര്‍ത്തിക്കാന്‍' പഠിപ്പിക്കുന്നു. അക്കാലത്ത് ഞാന്‍ മരുന്ന് കുറച്ചിരുന്നു. മനസ് നിയന്ത്രണവിധേയമായെന്ന് തെളിയിക്കുന്നതിന് അവസരം കാത്തിരിക്കുകയായിരുന്നു.
നാലുമീറ്റര്‍ നീളത്തില്‍ കല്‍ക്കരി കനലിലൂടെയുള്ള നടത്തമായിരുന്നു ആന്‍റണി റോബിന്‍സിന്‍റെ വാരാന്ത്യ സെമിനാറുകളെ ശ്രദ്ധേയമാക്കിയിരുന്നത്. മനസ്സിനെ സജ്ജമാക്കിയാല്‍ എന്തും ചെയ്യാന്‍ കഴിയും എന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് ഇതിന്‍റെ ഉദ്ദേശ്യമെന്ന് ആന്‍റണി റോബിന്‍സ് പറയുന്നു. 'അതിരില്ലാത്ത ആത്മശക്തിയുടെ' മറ്റൊരു പേരാണത്രേ അഗ്നിനടത്തം.
ആദ്യത്തെ അഗ്നിനടത്തത്തിനുശേഷമുള്ള ആ പാതിരാവില്‍ ഞാന്‍ തികഞ്ഞ നിര്‍വൃതിയിലായിരുന്നു. 'ഉത്കണ്ഠ'യും 'വിഷാദ'വും എന്നെ വിട്ടകന്നു. ഞാന്‍ സന്തോഷഭരിതയായി.
ഒരു മണിയോടെ ഞാന്‍ വീട്ടിലെത്തി. മരുന്നുകളെടുത്ത് ചവറ്റുകൊട്ടയിലിട്ടു. ഫ്രിഡ്ജില്‍നിന്നും അലമാരയില്‍നിന്നും മദ്യക്കുപ്പികളും അനാവശ്യഭക്ഷണസാധനങ്ങളും എടുത്തുമാറ്റി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആന്‍റണി റോബിന്‍സിന്‍റെ ആരോഗ്യനിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റാതെ ഞാന്‍ പിന്തുടര്‍ന്നു. മദ്യം ഉപേക്ഷിച്ചു. മാംസവും പാലുല്‍പ്പന്നങ്ങളും 'ജംഗ്ഫുഡും' ഒഴിവാക്കി. സ്ഥിരമായി വ്യായാമം ചെയ്തു. അതിനുശേഷം ഒരസുഖവും - മാനസികമായും ശാരീരികമായും - എന്നെ ബാധിച്ചിട്ടില്ല.
എന്‍റെ സുഹൃത്തുക്കള്‍ ഉത്കണ്ഠാകുലരായി. തമാശകളിഷ്ടപ്പെടുന്ന, ഒരു ചിരിക്കുവേണ്ടി എന്തും ചെയ്യുന്ന, എന്തിലും കയറി ഇടപെടുന്ന ലിസ് മില്ലര്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത, 'സസ്യഭുക്കാ'യി മാറി.
എന്‍റെ പുതിയ ജീവിതശൈലിയെ ആരും പിന്തുണച്ചില്ല. പക്ഷേ ഞാനത് കാര്യമാക്കിയില്ല. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി എനിക്ക് ആരോഗ്യം അനുഭവപ്പെട്ടു. ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇതെന്‍റെ ജീവിതത്തിലെ പുതിയ അധ്യായമാണെന്ന് പതിയെ എന്‍റെ കൂട്ടുകാരും അംഗീകരിച്ചു.
പിന്നെ ഞാന്‍ ഒക്യുപേഷണല്‍ ഹെല്‍ത്തിലും ജനറല്‍ മെഡിസിനിലും 'പാര്‍ട്ട് ടൈം' ജോലി ചെയ്തു. വിരുദ്ധധ്രുവ മാനസികവ്യതിയാനമുള്ളവര്‍ക്കായി 'സ്വയം ചികിത്സ' (Self management) ഗ്രൂപ്പുകള്‍ സംഘടിപ്പിച്ചു. ഞാനൊരു കോടീശ്വരിയായില്ല. വ്യവസായ സംരംഭകയോ, വ്യക്തിപ്രഭാവമുള്ള നേതാവോ അല്ല. പക്ഷേ, ഞാന്‍ 'ഒകെ' യാണ്. മാനസികമായും ശാരീരികമായും ആരോഗ്യവതിയാണ്. സന്തോഷവതിയാണ്. അതിലേക്കാളുപരി എനിക്ക് ദിശാബോധമുണ്ട്. 2008 ല്‍ ആ വര്‍ഷത്തെ ഹെല്‍ത്ത് ചാമ്പ്യനായി (Mental Health Champion) ജനകീയ വോട്ടെടുപ്പിലൂടെ എന്നെ തെരഞ്ഞെടുത്തു. അതെന്നെ അഗാധമായി സ്പര്‍ശിച്ചു. എന്‍റെ ചെയ്തികള്‍ ഇത്രയധികം പേരില്‍ എത്തിയിട്ടുണ്ടെന്ന് എനിക്കറിവുണ്ടായിരുന്നില്ല.
എന്‍റെ സ്വകാര്യ അനുഭവങ്ങളും മാനസികപ്രശ്നങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന ആളുകളുമായുള്ള ഇടപഴകലും, മെഡിക്കല്‍ രംഗത്തെ അറിവുമാണ് മനോനിലചിത്രണം (Mood mapping) എന്ന പുസ്തകമെഴുതാന്‍ എന്നെ പ്രാപ്തമാക്കിയത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ നഷ്ടപ്പെടുത്തിയ എന്‍റെ അവസരങ്ങളും സ്വയം വരുത്തിവച്ച അപകടങ്ങളുമാണ് അതിനെന്നെ യോഗ്യയാക്കിയത്. തെറ്റുകളില്‍നിന്ന് പഠിച്ചും അനേകരെ ബാധിച്ച മാനസികപ്രശ്നങ്ങള്‍ക്ക് പരിഹാരം അന്വേഷിച്ചും, എന്‍റെയും മറ്റനേകരുടെയും ജീവിതത്തെ പ്രസാദാത്മകതയിലേക്ക് മാറ്റിത്തീര്‍ത്ത മാര്‍ഗം ഞാന്‍ കണ്ടെത്തി. അതു നിങ്ങള്‍ക്കും പ്രയോജനപ്രദമാകും എന്നു ഞാന്‍ പ്രത്യാശിക്കുന്നു.
(തുടരും)