ഫെബ്രുവരിയിലെ ഒരു സന്ധ്യ. അനുഭവ് എന്ന ഹിന്ദി സിനിമയുടെ പ്രിവ്യൂ കണ്ടിട്ടു ഞാന്‍ തിരുവനന്തപുരത്തെ വീട്ടില്‍ വന്നു കയറുമ്പോള്‍ അമ്മ പറഞ്ഞു: "തിരൂരില്‍ നിന്ന് അമ്മിണിയേടത്തി വിളിച്ചിരുന്നു. അമ്മിണിയേടത്തിയുടെ ബന്ധു ചന്ദ്രിക ചേച്ചിയുടെ മകള്‍ ഗോപികാ മേനോനില്ലേ ദുബായീല് ജോലിയുള്ള കുട്ടി, ഗോപികയിപ്പോ നാട്ടില്‍ വന്നിട്ടുണ്ട്. നിന്നെ കാണാന്‍ അവള്‍ നാളെ ഇങ്ങോട്ടേക്കു വരണുണ്ടത്രേ."
രണ്ടു മണിക്കൂര്‍ കഴിഞ്ഞ് എനിക്കൊരു കോള് വന്നു. അപ്പുറത്ത് പ്രസാദമുള്ള ശബ്ദം, "ഞാന്‍ ഗോപികയാണ്, കുറച്ചുനാളായി തോന്നുന്നു അനൂപിനെ ഒന്നു കാണണമെന്ന്." അവള്‍ എന്നില്‍ കൗതുകമുണര്‍ത്തി പറഞ്ഞു: "അനൂപ്, അറിയോ നമ്മുടെ സൗഹൃദത്തിനൊരു പാരമ്പര്യമുണ്ട്," എനിക്കു മനസിലായില്ല. "എന്‍റെ മുത്തച്ഛന്‍ ബാലന്‍മേനോനും അനൂപിന്‍റെ മുത്തച്ഛന്‍ കരുണാകരമേനോനും ഒന്നിച്ചു പഠിച്ചതായിരുന്നു പോളിടെക്നിക്കില്. മുത്തശി പറഞ്ഞു കേട്ടിട്ടുണ്ട് ആ കഥ. ഇത്തിരിനാള്‍ മുമ്പ് റോക്ക് ആന്‍ഡ് റോള്‍ സിനിമയില്‍ അനൂപിനെ കണ്ടപ്പോ അമ്മ പറഞ്ഞു മുത്തച്ഛന്‍റെ ഫ്രണ്ട് കരുണാകരമേനോന്‍റെ ചെറു മകനാ അത്. അന്നു തോന്നീതാണ് അനൂപിനെ കാണണംന്ന്. നമ്മുടെ മുത്തച്ഛന്മാര് തുടങ്ങിവച്ച ആ സൗഹൃദം പുതുക്കണമെന്നും..."
പിറ്റേന്നു രാവിലെ തിരുവനന്തപുരത്ത് കോഫീ ബീന്‍സ് റെസ്റ്റോറന്‍റില്‍ വച്ചു കാണാമെന്നു തീരുമാനിച്ചു.
രാവിലെ കോഫി ബീന്‍സില്‍ തിരക്കു തുടങ്ങിയിരുന്നില്ല. ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ക്കിടയില്‍ സ്കേര്‍ട്ടും ടോപ്പുമണിഞ്ഞ, തലയില്‍ സ്കാര്‍ഫ് കെട്ടിയ സുന്ദരിയായ പെണ്‍കുട്ടി ഒറ്റക്ക്. ഗോപിക മേനോന്‍. അവള്‍ ഹായ് പറഞ്ഞു. ആദ്യമായി കാണുന്നതിന്‍റെ അപരിചിതത്വം എളുപ്പം മായ്ക്കാന്‍ ഞാനിത്തിരി സ്വാതന്ത്ര്യമെടുത്തു:
'എന്താ ഈ ചൂടത്ത് തലയില്‍ സ്കാര്‍ഫ് കെട്ടി ഇരിക്കുന്നത്?'
അവള്‍ ചിരിച്ചു: 'അമ്മ ഒന്നും പറഞ്ഞില്ല അല്ലേ?'
'ഇല്ല. എന്തേ?'
"കീമോ കഴിഞ്ഞിട്ടിരിക്കുകയാണ് അതാണീ സ്കാര്‍ഫ്." അതു പറയുമ്പോഴും ഗോപികയുടെ ശബ്ദത്തിന് നേര്‍ത്തൊരു ഇടര്‍ച്ചപോലും ഉണ്ടായിരു ന്നില്ല. എന്‍റെ ശബ്ദമാണിടറിയത് അത്... ഞാനറിയാതെ പറഞ്ഞതാ അമ്മ ഒന്നും പറഞ്ഞിരുന്നില്ല അതാണ്....
ആ നടുക്കം മറയ്ക്കാന്‍ ഞാന്‍ വെറുതെ എന്തൊക്കെയോ ചോദിക്കാന്‍ ശ്രമിച്ചു. "ഗോപികാ ദുബായില് വെക്കേഷന്‍ ടൈമാണോ?"
"ഇത് അവധിയല്ല എന്‍റെ വെക്കേഷന്‍സൊക്കെ കഴിഞ്ഞു. ഇതാണു ശരിക്കുള്ള സമയം." ഗോപികയുടെ മറുപടി വാക്കുകള്‍ അവയുടെ ആഴത്തിലുള്ള മറ്റേതോ അര്‍ഥത്തിലേക്കു പോകുന്നതായി തോന്നി. പിന്നെ, ഏതോ ഒരു നേരമ്പോക്ക് പറയുന്ന ലാഘവത്തോടെ അവള്‍ പറഞ്ഞു. "ആറുമാസമാണ് എന്‍റെ ആയുസിന് ഡോക്ടര്‍ സമയം പറഞ്ഞിരിക്കുന്നത്. ഇത്തിരി കൂടി നീട്ടിക്കിട്ടുമോന്നു ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു നിനക്കു വേണമെങ്കില്‍ അത് ഒമ്പതുമാസം വരെ നീട്ടിത്തരാം മാക്സിമം...."
അപ്പോഴും അവള്‍ മൃദുവായി ചിരിച്ചു കൊണ്ടിരുന്നു.
ഞാനവളെ നോക്കി അവള്‍ സുന്ദരിയാണ്, ചെറുപ്പം, ഫാഷനബിള്‍ വേഷം, അലങ്കാരമിട്ട മുഖം. മരണം അവളുടെ ശരീരത്തോട് അടുത്തിരിക്കുന്നുവെന്ന് വിശ്വസിക്കാനായില്ല. വൈകാതെ മരിക്കുമെന്ന് ഉറപ്പുള്ള ഒരു വ്യക്തിയെ എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണു ഞാനങ്ങനെ മുന്നില്‍ കാണുന്നത്. വാക്കുകള്‍ വറ്റിയ പോലെ ഞാനിരുന്നു.
ഗോപിക ഉല്ലാസവതിയെപ്പോലെ സംസാരിച്ചു കൊണ്ടിരുന്നു: "മൂന്നാല് ആഗ്രഹങ്ങളുണ്ടായിരുന്നു എനിക്ക്. നാട്ടിലെ മഴ കാണണം. കമലഹാസനെ കാണണം, പിന്നെ അനൂപിനെ കാണണം, ദുബായില്‍ മഴ കാണാന്‍ കിട്ടില്ലല്ലോ, നാട്ടില്‍ വന്ന് മുത്തശ്ശീടെ ഒപ്പമിരുന്നു കണ്ണു നിറയെ മഴ കണ്ടു. പിന്നെ, ദശാവതാരത്തിന്‍റെ സെറ്റില്‍ പോയി കമലഹാസനെ കണ്ടു. ഇപ്പോ ദാ അനൂപിനെയും. ഇനിയിപ്പോ ഒരു മോഹം ഉണ്ട്. മതിവരുംവരെ കടല്‍ കാണണം.
എവിടെയോ വായിച്ചിട്ടുണ്ട്. ആഗ്രഹങ്ങള്‍ തീരുമ്പോഴാണു മനുഷ്യന്‍ മരിക്കുന്നതെന്ന്. ആഗ്രഹങ്ങള്‍ അവസാനിക്കരുത്, അനൂപ് എന്നെ കോവളത്തെ കടല്‍ കാണിക്കാന്‍ കൊണ്ടോവ്വോ?"
ഗോപികയോടു തോന്നിയത് ഒരു സുഹൃത്തിനോടുള്ള സ്നേഹത്തെക്കാളുപരി ഒരനിയത്തിയോടുള്ള വാത്സല്യമായിരുന്നു. എനിക്കു പിടിച്ചു നിര്‍ത്താനാവാത്ത വിധിയിലേക്കു നടന്നകലുന്ന അനിയത്തി. അനൂപിന്‍റെ കാര്‍ ഞാന്‍ ഡ്രൈവ് ചെയ്തോട്ടെ, വിരോധമില്ലെങ്കില്‍. അവിടെ ലെഫ്റ്റ് സൈഡ് ഓടിച്ചാണു ശീലം. എന്നാലും നോക്കാം അല്ലേ?
ഞാനെന്‍റെ കാറിന്‍റെ കീ അവള്‍ക്കു നീട്ടി. കോവളം റോഡില്‍ കാര്‍ ഒഴുകുമ്പോള്‍ ഗോപികയുടെ സംസാരവും ഒഴുകിക്കൊണ്ടിരുന്നു.
അവള്‍ തന്‍റെ ജീവിതത്തെ പറ്റി പറഞ്ഞു.
ദുബായിലാണവള്‍ വളര്‍ന്നത്, ദുബായില്‍ അവള്‍ക്ക് ഹൈ പ്രൊഫൈല്‍ ജോലിയുണ്ടായിരുന്നു. ആഡംബരങ്ങള്‍ക്കിടയില്‍ പാറിപ്പറന്ന ജീവിതം. ലണ്ടനിലും പാരീസിലും യാത്രകള്‍. അതിനിടെ സ്വപ്നം നെയ്യാനൊരു പ്രണയം. കൂട്ടുകാരനായ രഞ്ജിത്ത്. ആ വിവാഹത്തിനു വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. വിവാഹം അടുത്തമാസം എന്നു തീരുമാനിച്ചിരുന്ന സമയത്താണു പെട്ടെന്ന് കാന്‍സറിന്‍റെ കാലടിയൊച്ചകള്‍ അവളുടെ ജീവിതത്തിലേക്കു കടന്നുവന്നത്. ചികിത്സിച്ചിട്ടും ഫലമില്ലാത്തവിധം അത് ശരീരത്തില്‍ പടര്‍ന്നു കഴിഞ്ഞിരുന്നു.
മരിക്കാന്‍ എനിക്കു പേടിയൊന്നുമില്ല. പക്ഷേ, കുറച്ചു കാലം കൂടി വേണമായിരുന്നു. ഒരഞ്ചു വര്‍ഷം. രഞ്ജിയെ സ്നേഹിക്കാന്‍.... അച്ഛന്‍, അമ്മ, ഏട്ടന്‍, രഞ്ജി... അവരുടെ മുന്നില്‍ എന്‍റെ അസാന്നിദ്ധ്യം. അതാണെന്നെ വേദനിപ്പിക്കുന്നത്.
ജീവിതത്തിലെ ഓരോ നിമിഷവും എത്ര പ്രെഷ്യസ് ആണെന്ന് എനിക്കിപ്പോഴാ അനൂപ് മനസിലായത്. ഓഫീസിലെക്കിറങ്ങാന്‍ പത്ത് മിനിറ്റ് ലേറ്റായാല്‍ അമ്മയോടു വഴക്കു കൂടുന്ന ഞാന്‍... ഇപ്പോ പ്രപഞ്ചത്തിന്‍റെ ആ മഹാശക്തി തന്നിരിക്കുന്ന സമയം എത്ര ചെറുതാന്നറിയുമ്പോ....
അവളുടെ വാക്കുകള്‍ ദുര്‍ബലമായി, ഗോപിക പറഞ്ഞതൊക്കെ എന്‍റെ മനസിന്‍റെ ശരികളായിരുന്നു. ഞാന്‍ ജീവിതത്തില്‍ ഒന്നും പ്ളാന്‍ ചെയ്യാത്ത ആളാണ്. ഞാനും ഓര്‍ക്കാറുണ്ട്. എവിടേക്കാണു നമ്മള്‍ ഭ്രാന്തമായി പായുന്നത്? ഏതോ മഹാശക്തി സ്റ്റോപ്പ് സിഗ്നല് നീട്ടിപ്പിടിച്ചിരിക്കുന്ന ആ ദിവസത്തിലേക്ക്.
സോമതീരത്തെ കടല്‍ക്കരയില്‍ വെള്ള പെയിന്‍റടിച്ച ചാരുബഞ്ചുണ്ടായിരുന്നു. അതില്‍ അവള്‍ കടലിനെ നോക്കിയിരുന്നു. ഏറെ നേരം. "ഈ കടലിന്‍റെ നിറമെന്താ അനൂപ്?" കടലില്‍ നിന്നു കണ്ണുയര്‍ത്താതെ അവള്‍ ചോദിച്ചു.
"കടലിന്‍റെ നിറം... നീലയല്ലേ ഗോപികാ?"
"അല്ല അനൂപ് കടലിനു പച്ച നിറമാണ്."
പച്ചനിറമോ? ഗോപിക ഭ്രാന്തു പറയുന്നതാവുമെന്നു കരുതിയാണു ഞാന്‍ കടലിലേക്കു നോക്കിയത്.
പക്ഷേ... അവള്‍ പറഞ്ഞതെത്ര ശരി, കടലിനു പച്ച നിറമായിരുന്നു! താഴെ തെങ്ങിന്‍ തലപ്പുകള്‍ക്കു താഴെ ഇരമ്പുന്ന പച്ചത്തിരമാലകള്‍.
പണ്ടത്തെ ഞാനായിരുന്നെങ്കില്‍ അനൂപ് പറഞ്ഞതു കേട്ട് കടല്‍ നീലനിറമുള്ളതാണെന്നു കരുതിയേനേ. എന്‍റെ കണ്ണുകള്‍ക്കും അങ്ങനെ തോന്നിയേനേ, കാരണം, നമ്മള്‍ ഒന്നും നോക്കുന്നില്ല അനൂപ്. പാതി കാണുന്നു, പാതി കേള്‍ക്കുന്നു, കണ്ണുതുറന്ന് ഒന്നിന്‍റെയും യഥാര്‍ത്ഥസൗന്ദര്യത്തിലേക്കു നോക്കുന്നില്ല. ജീവിതം നഷ്ടപ്പെടാന്‍ തുടങ്ങുന്നുവെന്നു തിരിച്ചറിഞ്ഞിട്ടു നോക്കുമ്പോഴേ ഒരു പക്ഷേ, നമുക്ക് അങ്ങനെ കാണാന്‍ കഴിയൂ.
അവള്‍ പെട്ടെന്ന് ദുര്‍ബലമായി. "എനിക്കു മരിക്കണ്ട അനൂപ്. എനിക്കു ജീവിക്കണം. ദൈവം എന്തിന് എനിക്കിതു തന്നു. കല്യാണം, കുഞ്ഞ്, ഒക്കെ കുറച്ചുകൂടി നേരത്തെ ആകാമായിരുന്നില്ലേ? സമയം ആരെങ്കിലും കടം തരുന്ന സാധനമായിരുന്നെങ്കില്‍ കുറച്ച് കടം വാങ്ങാമായിരുന്നു അല്ലേ?" ആദ്യമായി അവളുടെ കണ്ണില്‍ നനവു കണ്ടു. പിരിയാന്‍ നേരം ഞാന്‍ അവള്‍ക്ക് ഒരു പുസ്തകം സമ്മാനിച്ചു. പൌലോ കൊയ്ലോയുടെ 'സഹീര്‍'.
ഞാന്‍ അനൂപിന് എന്താ പകരം തരേണ്ടത്? "10 വര്‍ഷം കഴിഞ്ഞ് ഇതേ സ്ഥലത്ത് നമ്മള്‍ കാണും. അന്നു നീ എനിക്ക് ഒരു കപ്പു കാപ്പി വാങ്ങിത്തന്നാല്‍ മതി".
സത്യമാണോ? അവളുടെ കണ്ണുകള്‍ തിളങ്ങി. അതെ, എനിക്കുറപ്പുണ്ട്. ജീവിക്കാന്‍ ഇത്ര മോഹിക്കുന്ന ഒരാളെ നമ്മെ ചൂഴ്ന്നു നില്ക്കുന്ന ശക്തികള്‍ കൈവിടില്ല. കടലിലേക്കു നോക്കിയാണു ഞാനതു പറഞ്ഞത്.
രണ്ടാഴ്ച കഴിഞ്ഞ് ഗോപിക എന്നെ വിളിച്ചു. എന്‍റെ അനിയത്തിയുടെ മോള്‍ക്ക് അവള്‍ അയച്ച ചോക്ലേറ്റ് കൊറിയറില്‍ വന്നിരുന്നു. പിന്നീടു വിളിച്ചപ്പോള്‍ അവളുടെ ശബ്ദം ചിലമ്പിച്ചതായി തോന്നി.
എന്‍റെ കിടക്കയുടെ അരികില്‍ ഞാനാ പുസ്തകം വച്ചിട്ടുണ്ട് സഹീര്‍. മനസ് കൈവിട്ടു പോകുമെന്ന് തോന്നുമ്പോ ഞാനതു കൈയ്യിലെടുക്കും. അവളുടെ മെസേജ്: ആ കപ്പ് കാപ്പി എന്നെ വല്ലാതെ മോഹിപ്പിക്കുന്നു.
പിന്നെ എന്നെ വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു: മരണം കേറിക്കേറി വരുംപോലെ തോന്നുന്നു അനൂപ്. രഞ്ജിത്തിനെ നേരിടാനുള്ള വിഷമം. ഞാന്‍ സോമതീരത്തെ കടലിനെ ഓര്‍ത്തു. തിരകള്‍ പോലെ കയറി വരുന്ന മരണം. ആ മരണം അവളെയും കൊണ്ടുപോകുമോ. വിദഗ്ധ ചികിത്സയ്ക്ക് അവളെ ലണ്ടനിലേക്കു കൊണ്ടുപോകുന്നു വെന്നറിഞ്ഞു. ഒരുപക്ഷേ, അവളുടെ അസുഖം ഭേദമായാലോ! വാചകങ്ങള്‍ മുഴുമിക്കാനാവാത്ത പ്രാര്‍ത്ഥനകളായി മാറുകയായിരുന്നു.
അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കാറില്ല ഞാന്‍. എങ്കിലും, ഞാനും എല്ലാ കൂട്ടുകാരും അവള്‍ക്കായി പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. ഗോപികയെ ആദ്യമായി കണ്ടതിന് അഞ്ചുമാസങ്ങള്‍ക്കു ശേഷമാണു രഞ്ജിയേട്ടന്‍ എന്നോട് 'തിരക്കഥ' സിനിമയുടെ കാര്യം സംസാരിക്കുന്നത്. ഞാന്‍ രഞ്ജിയേട്ടനോടു ഗോപികയെക്കുറിച്ചു പറഞ്ഞില്ല. തിരക്കഥയുടെ അവസാന സീനുകള്‍ ചിത്രീകരിക്കുന്ന സമയം. ക്ളൌഡ്സ് എന്‍ഡ് എന്നു പേരിട്ട വയനാട്ടിലെ റിസോര്‍ട്ട്. അവിടെ പൂന്തോട്ടത്തില്‍ ഒരു വെള്ളബഞ്ച്. ആ ബെഞ്ചില്‍ തലയില്‍ നീലത്തു വാല കെട്ടിയ പ്രിയാമണി. കാന്‍സര്‍ തളര്‍ത്തിയ മാളവികയായി, പ്രിയ പറഞ്ഞു: എനിക്കു മരിക്കണ്ട അജയ്, എനിക്കു ജീവിക്കണം....
സോമതീരത്തെ വെള്ളബെഞ്ചില്‍ കടലിനെ നോക്കിയിരുന്നു ഗോപിക പറഞ്ഞ അതേ വാക്കുകള്‍! എന്‍റെ ഹൃദയം കാറ്റത്തെ ഇല പോലെ വിറച്ചു. സീന്‍ ഓക്കെയായിട്ടും എനിക്ക് ആ ബെഞ്ചില്‍ നിന്ന് എണീക്കാനായില്ല.
രഞ്ജിയേട്ടന്‍ ചോദിച്ചു, നിനക്കെന്തു പറ്റി? ഒന്നും മിണ്ടാനായില്ല. അന്നു രാത്രി, ഞാന്‍ പറഞ്ഞു. രഞ്ജിയേട്ടാ ഞാനൊരു കഥ പറയാം... ഞാന്‍ ഗോപികയുടെ കാര്യം പറഞ്ഞു. ഗോപിക പറഞ്ഞ അതേ വാക്കുകള്‍ രഞ്ജിയേട്ടനെ കൊണ്ട് എഴുതിപ്പിച്ചത് ഏത് അദൃശ്യശക്തിയാണ്. എന്‍റെ അനുഭവം കേട്ടു രഞ്ജിയേട്ടനും നിശ്ചലനായിരുന്നു.
തിരക്കഥ ഇറങ്ങിയപ്പോള്‍ ഗോപികയ്ക്ക് അതു കാണണം എന്നുണ്ടായിരുന്നു. പക്ഷേ അവളുടെ അമ്മ സമ്മതിച്ചില്ല. അവസാനമായി ഗോപിക എന്നെ വിളിച്ചതു ലണ്ടനില്‍ നിന്നാണ്. അനൂപ് ഇവിടെ മഞ്ഞുകാലമാണ്, എനിക്കു തോന്നുന്നു മരണത്തിന്‍റെ ഫീല് തണുപ്പാണ്. ഈ ഹോസ്പിറ്റലില്‍ 16 ാം ദിവസമാണു ഞാന്‍. ജനാലയിലൂടെ നോക്കു മ്പോ നിറയെ മഞ്ഞു വീണ മരങ്ങള്‍. പാര്‍ക്ക് ചെയ്ത കാറുകളുടെ മേലെ മഞ്ഞ് വെള്ളയിലകള്‍ പോലെ വീണു കിടക്കുന്നു. കാലൊന്നനക്കാന്‍ പറ്റിയിരുന്നെങ്കില്‍ ആ മഞ്ഞിലേക്കിറങ്ങി നടന്നു മറയാന്‍ എനിക്കു മോഹം തോന്നുന്നു...
അനൂപ്, ഐ റിയലൈസ് ദി കോഫി വുഡ് നെവര്‍ ഹാപ്പന്‍. അവളുടെ വാക്കുകളില്‍ പ്രതീക്ഷകള്‍ ശമിച്ചിരുന്നു.
അതു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് ഗോപികയുടെ അമ്മ വിളിച്ചു: മോനേ അവള് പോയി... ജീവിതത്തില്‍ ഞാന്‍ പല മരണങ്ങള്‍ കണ്ടിട്ടുണ്ട് പക്ഷേ, ഇത്രയും ചെറുപ്പത്തില്‍ ജീവിതത്തോട് ഇത്രയും മോഹത്തോടെ വിടപറയേണ്ടി വരുമ്പോള്‍.. ഏതാനും മണിക്കൂര്‍ നേരത്തേക്കു മാത്രമാണു ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുള്ളത്. എന്നിട്ടും ഗോപിക എന്‍റെ ജീവിതത്തെ വല്ലാതെ മാറ്റിക്കളഞ്ഞു..
അവളെനിക്കു പറഞ്ഞു തന്നു ജീവിതത്തില്‍ ഒരു മത്സരത്തിനോ ഓട്ടപ്പാച്ചിലിനോ അര്‍ത്ഥമില്ല. യഥാര്‍ത്ഥത്തില്‍ എന്താണു ജീവിതം? ദൂരം നിശ്ചയമില്ലാത്ത ഒരു നടത്തം. മ്യൂസിയം റൌണ്ടില്‍ വലംവയ്ക്കും പോലെ, കലണ്ടറിലെ ആ അവസാനദിനത്തിലേക്ക്.. ആ നടത്തം ഏറ്റവും ഭംഗിയാക്കുക. നടക്കുമ്പോള്‍ നമ്മോടൊപ്പമുള്ളവര്‍ ഏറ്റവും നല്ലവരാകാന്‍ ശ്രമിക്കുക, അവരെ സ്നേഹിക്കുക, ചുറ്റുമുള്ള മരങ്ങളെയും മരച്ചില്ലകളെയും ചില്ലയ്ക്കപ്പുറത്തെ ആകാശക്കീറി നെയുമൊക്കെ കണ്ടുകൊണ്ട്... മെല്ലെ നടക്കുക. ഓരോ നിമിഷവും നിറഞ്ഞു ജീവിക്കുക.
ഇന്ന് കടലിനെ, ആകാശത്തെ നോക്കുമ്പോള്‍ കണ്ണുകള്‍ തുറന്നു പിടിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. അവയുടെ യഥാര്‍ഥ നിറങ്ങള്‍ കാണാന്‍.
ഒന്നാലോചിച്ചാല്‍ നമ്മുടെ ജീവിതവും ഇങ്ങനെയൊക്കെ തന്നെയല്ലേ..? ഒന്നിന്‍റെയും പൂര്‍ണ്ണ സൗന്ദര്യം കാണാനോ, നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാനോ ഒന്നിനും സമയം തികയുന്നില്ല..
ശരിയാണ് ജീവിതത്തിന്‍റെ അവസാന ദിവസത്തിലേക്കു തന്നയല്ലെ നമ്മള്‍ എല്ലാം അവഗണിച്ച് ഈ ഓടുന്നത്..., ഇത്രയും സ്വാര്‍ത്ഥരാകാന്‍ മനുഷ്യജന്മത്തിനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക..?
ചതിയുടെ ഒരു ലോകമാണ് ചുറ്റിലും.., ഇവിടെ ആരും ആരെയും മനസ്സിലാക്കുന്നില്ല, സ്നേഹി ക്കുന്നില്ല.., ബന്ധങ്ങളെല്ലാം നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് മാത്രമായിരിക്കുന്നു.., ഞാനും ഇപ്പോള്‍ ചിന്തി ക്കുന്നു, ജീവിതത്തിലെ ഓരോ നിമിഷവും എത്രെ പ്രെഷ്യസ് ആണെന്ന്, സമയം ആരെങ്കിലും കടം തരുന്ന ഒന്നല്ലല്ലോ... എങ്കിലും ഞാന്‍ കാണുന്ന ഇനിയും കാണാന്‍ പോകുന്ന കടലിന്‍റെ നിറം നീലതന്നെയായിരിക്കും.
കണ്ണുതുറന്ന് ഒന്നിന്‍റെയും യഥാര്‍ത്ഥസൗന്ദര്യ ത്തിലേക്കു നോക്കുന്നില്ല.. യഥാര്‍ത്ഥ നിറങ്ങളെ കാണുന്ന ലോകത്തല്ല ഞാന്‍ ജീവിക്കുന്നത്, കണ്ണു നീരിന്‍റെ നിറം പോലുമറിയാതെ യാന്ത്രികമായി ചലിക്കുന്ന ലോകത്ത് കടലിന് നീല നിറം തന്നെയാണ്...
നഷ്ടപ്പെട്ടതൊന്നും നീ കൊണ്ടുവന്നതല്ല.. ڊ ഇത്രകണ്ട് ദുഃഖിക്കാന്‍.!
നേടിയതൊന്നും നീ കൊണ്ടുപോകുന്നുമില്ല.. ڊ ഇത്രമേല്‍ സന്തോഷിക്കാന്‍...