ചെഗുവേരയും, ആദികാല വിമോചന ദൈവശാസ്ത്രജ്ഞയും ബോളിവിയായിലെ മേരിനോള്‍ ആശ്രമത്തിലെ സിസ്റ്ററുമായ ഡോക്ടര്‍ ആന്‍ മരിയായും തമ്മിലുള്ള ഗാഢവും അതുല്യവുമായ സ്നേഹബന്ധത്തിന്‍റെയും കൂട്ടായ സത്യാന്വേഷണത്തിന്‍റെയും ആവിഷ്കാരമാണ് 'കാറ്റില്‍ ഒഴുകി വന്ന വാക്കുകള്‍' എന്ന നോവല്‍.
ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയായുടെ പശ്ചാത്തലത്തിലാണ് കഥ അരങ്ങേറുന്നത്. ചെഗുവേര, ബോളിവിയന്‍ പട്ടാളഭരണകൂടത്തിനെതിരായി വിപ്ലവം നടത്തുന്നതിന്, അവിടെ എത്തിച്ചേര്‍ന്ന 1966 നവംബര്‍ 7 മുതല്‍ 1967 ഒക്ടോബര്‍വരെയുള്ള, അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ അവസാനഘട്ടത്തില്‍ നടന്ന സംഭവപരമ്പരകളുടെ (അറിയപ്പെടാത്ത ഏടുകളുടെ) ആവിഷ്കാരമാണ് 'കാറ്റില്‍ ഒഴുകി വന്ന വാക്കുകള്‍'.
ഈ പുസ്തകം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും ക്രിസ്ത്യന്‍ പ്രത്യയശാസ്ത്രവും തമ്മിലുള്ള വാദപ്രതിവാദങ്ങളോടൊപ്പം തന്നെ, ക്രിസ്തുവിന്‍റെ വിവിധ ഭാവതലങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും ആവിഷ്കരിക്കുന്നുണ്ട്.
ലോകത്തുള്ള ഭൂരിപക്ഷം പാവപ്പെട്ട മനുഷ്യരും ഹൃദയത്തിലേറ്റിയ ക്രിസ്തുവിന്‍റെ നീതിയുടെ മുഖത്തെ ചെഗുവേര പ്രതിനിധാനം ചെയ്യുമ്പോള്‍, ക്രിസ്തുവിന്‍റെ കുറെക്കൂടി സൗമ്യമായ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മുഖത്തെയാണ് സിസ്റ്റര്‍ ഡോ. ആന്‍മരിയ പ്രതിനിധീകരിക്കുന്നത്.
ഇത് ഓരോ ക്രൈസ്തവന്‍റെയും ഓരോ വിപ്ലവകാരിയുടെയും ആത്മസംഘര്‍ഷത്തിന്‍റെ കഥയാണ്. അനീതിയ്ക്കെതിരായി നിലപാടുകള്‍ എടുക്കുന്ന ക്രിസ്തുവിന്‍റെ നീതിയുടെ തലം കൂടി ഉള്‍ക്കൊണ്ട് കൂടുതല്‍ ഉത്കൃഷ്ടമായ ആത്മീയതയിലേക്ക് വളരുന്നതിന് വിശ്വാസികളെ ക്ഷണിക്കുന്നതിനോടൊപ്പം ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും തലം സ്വീകരിച്ചുകൊണ്ട്, കൂടുതല്‍ ഉന്നതിയിലേക്ക് വളരുവാന്‍ ഇത് വിപ്ലവകാരികളെയും ആഹ്വാനം ചെയ്യുന്നു. പരിമിതികള്‍ തിരിച്ചറിഞ്ഞ് പൂര്‍ണാവസ്ഥയിലേക്ക് വളരുവാന്‍ അവരെ സഹായിക്കുന്നു.
തങ്ങളുടെ ഒന്നിച്ചുള്ള മാനസികയാത്രയില്‍, അത്യന്തികസത്യവും പ്രകൃതിയുടെ രഹസ്യവും അവര്‍ അന്വേഷിക്കുന്നു. സ്വഭാവികമായും അവരുടെ സ്നേഹബന്ധത്തിന് ആത്മനിഷ്ഠമായ പ്രണയത്തിന്‍റെ തീവ്രത ഉണ്ടാകുന്നു. പൈന്‍ മരങ്ങളും പക്ഷികളുടെ കളകളാരവവും ബോളിവിയന്‍ മഴക്കാടുകളില്‍ ആര്‍ത്തുപെയ്യുന്ന മഴയും അവരുടെ ഉദാത്തമായ പ്രണയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. വിമോചന ദൈവശാസ്ത്രത്തിന്‍റെ ഉത്ഭവത്തിന് നിദാനമായ ചിന്തകളുടെ ആഴങ്ങളിലേക്ക് ഈ പുസ്തകം കടന്നുകയറുന്നു. വായനക്കാരെ, ആത്മിയവും ഭൗതികവുമായ ജീവിതസമസ്യകളില്‍ കൃത്യമായ നിലപാടുകള്‍ എടുക്കുന്നതിന് ഈ പുസ്തകം പ്രാപ്തരാക്കുന്നു.
സ്ഥിരമായി നവീകരിക്കപ്പെടുന്ന സ്വയം ബലിയര്‍പ്പിക്കുന്ന ആത്മവിശ്വാസത്തിന്‍റെയും കരുത്തിന്‍റെയും സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതീകമായ ഒരു പുതിയ മനുഷ്യനെകുറിച്ച് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെടുകയാണ്.
ചെഗുവേരയും ഫിഡല്‍ കാസ്ട്രോയും തുടങ്ങിവയ്ക്കുകയും വിമോചനദൈവശാസ്ത്രത്തിലൂടെയും ഹ്യൂഗോ ഷാവേസിനെ പോലുള്ള വിപ്ലവകാരികളിലൂടെയും വികാസം പ്രാപിക്കുകയും ചെയ്ത, ലാറ്റിനമേരിക്കന്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ പുതിയമാതൃക 'കാരക്കേസിലെ പള്ളിമണികള്‍ മുഴങ്ങുന്നവര്‍ക്കുവേണ്ടി' അനുബന്ധമായി ചേര്‍ത്ത് ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള ആഭിമുഖ്യം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. ഇങ്ങനെ ഉത്കൃഷ്ടമായ സാമൂഹികക്രമത്തിനുവേണ്ടിയുള്ള അന്വേഷണം എന്ന പുരോഗമനാത്മക കടമയും ഈ പുസ്തകം നിര്‍വ്വഹിക്കുന്നു. ചെഗുവേരയും ഫിഡല്‍കാസ്ട്രോയും തമ്മിലുള്ള ആത്മബന്ധവും ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിട്ടുണ്ട്. തിയോ ബുക്സ് കൊച്ചി ആണ് പുസ്തകം വളരെ മനോഹരമായി രൂപകല്പന ചെയ്തത്.