അമ്മയെ മറക്കുന്ന മക്കളില്ല, അമ്മയെ ഓര്‍ക്കാത്ത വംശമില്ല. കാരണം അവളാണ് ഒരുവനെ അവനാക്കിത്തീര്‍ക്കുക. അമ്മിഞ്ഞപ്പാലിനൊപ്പം സ്നേഹം നിറച്ചു കുഞ്ഞിനു പകരുമ്പോള്‍ അവള്‍ ഉള്ളില്‍ പറയുന്നുണ്ടാകും, 'കുഞ്ഞേ, എന്നും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്‍റെ കണ്ണു നിറഞ്ഞാല്‍ എനിക്കതു താങ്ങാനാവില്ല' കുരിശിന്‍റെ ചുവട്ടില്‍ നില്‍ക്കുന്ന പരി. അമ്മയെ ബൈബിള്‍ ചിത്രീകരിക്കുന്നതും ഇതേ വികാരതീവ്രതയോടെയാണ്. നെഞ്ചിനുള്ളില്‍ സ്നേഹം നിറഞ്ഞുതുളുമ്പുന്നതുകൊണ്ടാണ് സഭയാകുന്ന അമ്മയും തന്‍റെ മക്കളെ നിരന്തരം പരിപാലിക്കുന്നത്. മക്കള്‍ തീരാവ്യഥയാല്‍ പിടയുമ്പോള്‍ ദിവ്യഔഷധവുമായി അമ്മ ഓടിയെത്തുന്നത് ഇതുകൊണ്ടാണ്.
മിശിഹായുടെ അനന്തസ്നേഹത്തിന്‍റെ ചിത്രീകരണമാണ് രോഗീലേപനമെന്ന കൂദാശ. രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യമെന്ന് ഈശോ ആവര്‍ത്തിക്കുന്നത് രോഗാവസ്ഥയിലാണ്. ഒരുവന്‍ ദൈവാന്വേഷിയായിത്തീരുന്നത് എന്നതുകൊണ്ടാകണം. സൗഖ്യത്തിനായി ഉയരുന്ന നിലവിളികള്‍ വിശ്വാസത്തിലടിയുറച്ചതാകും. ആ ഉറപ്പ് ഈശോ നല്‍കിയിട്ടുമുണ്ട്: വിശ്വാസത്തോടെ ചോദിക്കുക, അവന്‍ പ്രത്യുത്തരം നല്‍കും. ആരേയും അവന്‍ അവഗണിച്ചില്ല, ആരേയും അവന്‍ മാറ്റിനിര്‍ത്തിയില്ല. അവസാനനിമിഷം തോട്ടത്തില്‍ പണിക്കുവരുന്നവനും ഒരേ കൂലിയാണ് അവന്‍ കൊടുക്കുന്നത്. തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് അവനെത്ര സമീപസ്ഥനാണ്. വിശ്വാസത്തോടെ ബര്‍തിമേയൂസ് എന്ന അന്ധന്‍ വിളിച്ചു, അവന്‍ രക്ഷ പ്രാപിച്ചു. മറ്റൊരന്ധന്‍റെ കണ്ണുകളില്‍ തന്‍റെ തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി പുരട്ടി, അവനും സുഖപ്പെട്ടു. അവന്‍റെ സ്പര്‍ശനം സ്നേഹത്തിന്‍റെ ഏറ്റവും വലിയ പ്രകടനമായിരുന്നു. അങ്ങനെ എത്രയോപേര്‍ക്ക്, വി. ഗ്രന്ഥംപോലും വിവരിക്കാത്ത എത്ര അത്ഭുതങ്ങള്‍ അവള്‍ ചെയ്തു. എല്ലാവരെയും അവന്‍ ഒരുക്കുകയായിരുന്നു. തന്നിലേക്കുള്ള അവരുടെ യാത്ര അവന്‍ സുഗമമാക്കുകയായിരുന്നു. മിശിഹായുടെ സ്നേഹം അവര്‍ണ്ണനീയം. അവന്‍റെ ദാനത്തിനു നന്ദി.
സഭാകൂട്ടായ്മയുടെ സ്നേഹസമ്മാനമാണീ കൂദാശ. രോഗികളോടും വൃദ്ധജനങ്ങളോടും മരണാസന്നരോടുമുള്ള സഭയുടെ കാരുണ്യത്തിന്‍റെ മനസ്സാണീ കൂദാശ. സൗഖ്യത്തിന്‍റെ തൈലം നെറ്റിമുതല്‍ പാദംവരെ പൂശി അവനെ മിശിഹായ്ക്കു സമര്‍പ്പിക്കുന്ന അതിമനോഹരമായ നിമിഷമാണിത്. ദൈവസ്തുതികള്‍ കേട്ട കാതുകളെയും അളവറ്റ ദൈവകാരുണ്യം കണ്ട കണ്ണുകളെയും ദേവാലയത്തില്‍ സഞ്ചരിച്ച പാദങ്ങളെയുമെല്ലാം തൈലത്താല്‍ പൂശി മിശിഹായ്ക്കനുയോഗ്യരാക്കിത്തീര്‍ക്കുന്ന മനോഹാരിതയുടെ കൂദാശയാണിത്.
ധാരണകളാണു മനുഷ്യനെ മിക്കപ്പോഴും നയിക്കുന്നത്. അങ്ങനെവരുമ്പോള്‍ ധാരണകള്‍ നിരീക്ഷണത്തെ ബാധിക്കും. നിരീക്ഷണം വിശ്വാസത്തിനു ജന്മം കൊടുക്കും. തെറ്റായ ധാരണകളാണു രൂപവത്കരിക്കപ്പെടുന്നതെങ്കില്‍ തെറ്റായ നിരീക്ഷണവും തെറ്റായ വിശ്വാസവുമായിരിക്കും ഒരുവന്‍ കെട്ടിപ്പടുക്കുന്നത്. 1946 ലെ വേനല്‍ക്കാലത്ത് തെക്കേഅമേരിക്കയിലെ ഒരു പ്രവിശ്യയില്‍ കൊടുംപട്ടിണിയുണ്ടാകുമെന്ന് ഒരു കിംവദന്തി പരന്നു. വാസ്തവത്തില്‍ അക്കൊല്ലം കൃഷി വളരെ നന്നായിരുന്നു, സമൃദ്ധമായ വിളവുണ്ടാകുവാന്‍ പറ്റിയ കാലാവസ്ഥയായിരുന്നു അത്. പക്ഷേ കിംവദന്തി വിശ്വസിച്ച 20,000 കര്‍ഷകര്‍ തങ്ങളുടെ കൃഷി ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ഓടിപ്പോയെന്നു പറയപ്പെടുന്നു. സഭയുടെ അതിപാവനമായ രോഗീലേപനമെന്ന കൂദാശയെക്കുറിച്ചും ഇത്തരം വിശ്വാസമാണു നമ്മുടെയുള്ളില്‍. അന്ത്യകൂദാശയെന്ന ധാരണ വളര്‍ത്തി മരണാസന്നര്‍ക്കു മാത്രായി ഒരുതരം ഭീതിയോടെ ഈ കൂദാശയെ ക്രൈസ്തവര്‍ നോക്കിക്കണ്ടു. ധാരണകള്‍ വിശ്വാസങ്ങളായി സിരകളില്‍ പടര്‍ന്നു. വാസ്തവത്തില്‍ ഇതിന്‍റെയര്‍ത്ഥവും ലക്ഷ്യവും മറ്റൊന്നാണ്. ഈ കൂദാശ രോഗികള്‍ക്കും മരണാസന്നര്‍ക്കുമെല്ലാമുള്ളതാണെന്ന അറിവ് ഇനിയും വളരേണ്ടിയിരിക്കുന്നു. ഇത് Sacrament of dying അല്ല, മറിച്ച് Anointing of the sick അഥവാ വ്യാധികളാല്‍ പീഡിതരായവര്‍ക്കാണ്. രോഗശാന്തി ലഭിക്കുന്നതിനുവേണ്ടി യഹൂദരും വിജാതീയരും ഒരുപോലെ ഉപയോഗിച്ചിരുന്ന വസ്തുവാണു തൈലം. ഇന്നു മിശിഹാ ഈ തൈലത്തിനു ശക്തി പകരുന്നു. സൗഖ്യം പകരുന്നു. ഈ സൗഖ്യം ചിലര്‍ക്കു ശാരീരികസൗഖ്യമായും മറ്റു ചിലര്‍ക്കു കൃപാപൂര്‍ണ്ണമായ മരണത്തിനും വഴിതെളിക്കുന്നു. എല്ലാത്തിനുമടിസ്ഥാനം ദൈവഹിതമാണ്.
"നിങ്ങളിലാരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും. കര്‍ത്താവ് അവനെ എഴുന്നേല്‍പ്പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവനു മാപ്പു നല്‍കും" എന്നാണ് യാക്കോബു ശ്ലീഹാ തന്‍റെ ലേഖനത്തില്‍ (5:14-15) പറയുന്നത്. തൈലം പഴയനിയമത്തിലും രോഗനിവാരണത്തിനായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. യഹൂദ-സംസ്ക്കാരത്തില്‍ അത്തരത്തിലുള്ള ഒരു പതിവുണ്ടായിരുന്നു. ഒരു യഹൂദന്‍ രോഗബാധിതനായാല്‍ വൈദ്യന്‍റെയടുക്കല്‍ പോകുന്നതിനുപകരം മതപുരോഹിതന്‍റെ അടുക്കലേക്കാണു പോയിരുന്നത്. പുരോഹിതന്‍ തൈലത്താല്‍ അവനെ അഭിഷേകം ചെയ്യുകയും അവനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. തൈലാഭിഷേകം പഴയനിയമജനതയുടെ ജീവിതത്തില്‍നിന്നും മാറ്റിനിര്‍ത്താനാവാത്ത ഘടകങ്ങളിലൊന്നായിരുന്നു.
രോഗബാധിതന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ എന്നാണു ശ്ലീഹാ പറയുന്നത്. ശ്രേഷ്ഠന്‍ എന്നാല്‍ ശ്ലൈഹികാധികാരം കൈകാര്യം ചെയ്യുന്നവനെന്നര്‍ത്ഥം. ഈ അധികാരം ഇന്ന് ആഘോഷിക്കപ്പെടുന്നത് പൗരോഹിത്യത്തിലൂടെയാണ്. ഈശോ ഈരണ്ടുപേരെ തിരഞ്ഞെടുത്ത് അശുദ്ധാത്മാക്കളുടെമേല്‍ അധികാരം കൊടുത്ത് സുവിശേഷം പ്രസംഗിക്കാനായി അയയ്ക്കുന്ന ചിത്രം മര്‍ക്കോസ് സുവിശേഷകന്‍ വര്‍ണ്ണിക്കുന്നുണ്ട്. മര്‍ക്കോസിന്‍റെ സുവിശേഷം 6-ാം അധ്യായം അയയ്ക്കപ്പെട്ടവരെക്കുറിച്ചു പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെയാണ്: "അവര്‍ അനേകം പിശാചുക്കളെ പുറത്താക്കി. അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തി". രോഗങ്ങള്‍ മിക്കപ്പോഴും ചൂണ്ടുപലകകളാണ്. ആത്മാവിന്‍റെയും മനസ്സിന്‍റെയും ക്രമരാഹിത്യത്തിനുള്ള പ്രകടമായ തെളിവുകളാണ്. ആത്മാവിന്‍റെയും മനസ്സിന്‍റെയും സൗഖ്യമായിരുന്നു ആദിമസഭ തൈലാഭിഷേകത്തിലൂടെ നല്‍കിയിരുന്നത്. തൈലം സുഖദായകമാക്കിയതു മിശിഹാതന്നെയെന്നതില്‍ ഇനി തെല്ലും സംശയമില്ല.
തൈലാഭിഷേകത്തെക്കുറിച്ചു സഭാപിതാവായ തെര്‍ത്തുല്യന്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന അലക്സാണ്ടര്‍ സെവേരൂസ് ഒരിക്കല്‍ രോഗബാധിതനായി. ചികിത്സ അദ്ദേഹത്തെ രക്ഷപെടുത്തിയില്ല. നിരാശയിലേക്ക് അദ്ദേഹം കൂപ്പുകുത്തി; മരണത്തെ മുഖാമുഖം ദര്‍ശിച്ചു. അവസാനം അദ്ദേഹത്തിനു രോഗീലേപനം നല്‍കപ്പെട്ടു. സകലരെയും സുഖപ്പെടുത്തുന്ന മിശിഹാ അദ്ദേഹത്തെ സ്പര്‍ശിച്ചു. തൈലാഭിഷേകം അദ്ദേഹത്തിനു നവജീവന്‍ നല്‍കി. അദ്ദേഹം സുഖമാക്കപ്പെട്ടു. ഇതിനു ചരിത്രം സാക്ഷി. ആദിമക്രൈസ്തവസമൂഹം രോഗീലേപനമെന്ന കൂദാശ സ്വീകരിച്ചിരുന്നത് രോഗസൗഖ്യമെന്ന മഹത്തായ ലക്ഷ്യം മുന്നില്‍വച്ചുകൊണ്ടായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയില്‍ രോഗീലേപനത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്: "മരണാസന്നര്‍ക്കുവേണ്ടി മാത്രമുള്ള കൂദാശയല്ലിത്. പിന്നെയോ, രോഗമോ വാര്‍ദ്ധക്യമോ നിമിത്തം ആരെങ്കിലും മരണാപകടത്തിലായാല്‍ തീര്‍ച്ചയായും അത് അയാള്‍ക്ക് ഈ കൂദാശ സ്വീകരിക്കാന്‍ ഏറ്റവും പറ്റിയ അവസരമായിരിക്കും." അതായത് രോഗിക്കു ശാരീരികവും ആത്മീയവുമായ സൗഖ്യം നല്‍കാന്‍ ഈ കൂദാശയ്ക്കു കഴിയുമെന്നര്‍ത്ഥം. കാരണം കൂദാശകളില്‍ പ്രവര്‍ത്തിക്കുന്നതു മിശിഹാതന്നെയാണ്.
ബലഹീനതയിലാണു ദൈവശക്തി പ്രകടമാക്കുന്നത്. പൗലോസ് ശ്ലീഹാ കൊറീന്തോസിലെ സഭയെ ഉദ്ബോധിപ്പിക്കുന്നതിങ്ങനെയാണ്. രോഗാവസ്ഥ ഈശോയിലേക്കു ദൃഷ്ടിതിരിക്കാന്‍ പ്രാപ്തരാക്കും. രോഗപീഡകളായിരുന്നു ഇസ്രായേല്‍ ജനത്തെ ദൈവത്തിലേക്ക് ഏറ്റവും കൂടുതല്‍ അടുപ്പിച്ചത്. അവര്‍ തങ്ങളുടെ സുഖത്തിലാണ് ദൈവത്തെ മറന്നതെന്നും നാം വിസ്മരിക്കരുത്. അപ്പോള്‍ നമ്മുടെ ക്ലേശങ്ങള്‍ ദൈവസാന്നിദ്ധ്യമറിയാനുള്ള മാര്‍ഗ്ഗങ്ങളായി പരിണമിക്കും. ദൈവസാന്നിദ്ധ്യം രോഗങ്ങളെ, വേദനകളെ എല്ലാം സഹനങ്ങളാക്കാനുള്ള കൃപയായി പരിണമിപ്പിക്കുന്നു.
രോഗീലേപനത്തോടൊപ്പം നല്‍കുന്ന വി. കുര്‍ബാനയ്ക്കു തിരുപ്പാഥേയമെന്നാണു പറയുന്നത്. യാത്രയില്‍ തളര്‍ച്ച ബാധിക്കുമ്പോള്‍ ഉണര്‍വും ഉന്മേഷവും ലഭിക്കാന്‍, ഒപ്പം സ്വര്‍ഗ്ഗം പ്രാപിക്കാനുള്ള തീര്‍ത്ഥാടനത്തില്‍ ബലം പകരാന്‍ ഈ കൂദാശയ്ക്കു കഴിയുമെന്ന വിശ്വാസം ജീവിതത്തെ നയിക്കട്ടെ