news-details
മറ്റുലേഖനങ്ങൾ

ഞങ്ങള്‍ ക്യൂവിലാണ്

രാജ്യം ഇപ്പോള്‍ ക്യൂവിലാണ്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം കുറേ ദിവസങ്ങളായി നാം നിരന്തരം കാണുന്ന കാഴ്ച വരിവരിയായി നീങ്ങുന്ന പുരുഷാരത്തിന്‍റേതാണ്. എല്ലാ ജനങ്ങളും പെട്ടെന്ന് കള്ളപ്പണക്കാരായി മാറിയതുപോലെ പരിഭ്രമിച്ചിരിക്കുകയാണ്. കൂലിപ്പണി ചെയ്തു സമ്പാദിച്ച തുകപോലും കൈയിലിരിക്കുന്നത് പലര്‍ക്കും ഭയജനകമാകുന്നു. ഈ കാര്യത്തിന്‍റെ പിറകിലുള്ള നന്മതിന്മകളെക്കുറിച്ച് ഇഴകീറി പരിശോധന നടക്കുന്നു. ധനകാര്യവിദഗ്ദ്ധന്മാരും സാമ്പത്തിക ചിന്തകരും പലതരത്തില്‍ വിശകലനങ്ങളില്‍ മുഴുകിയിരിക്കുന്നു. സാധാരണമനുഷ്യര്‍ വല്ലാത്ത അങ്കലാപ്പിലായിരിക്കുന്നു. ജോലികളെല്ലാം മുടക്കി ആളുകള്‍ വരിനില്‍ക്കാന്‍ പോകുന്നു, കവാടത്തിന്‍റെ വാതിക്കലെത്തുമ്പോള്‍ സ്വര്‍ഗ്ഗകവാടം അടയുന്നു. 'ഇനി നാളെ വരൂ' എന്ന് പറഞ്ഞ് ബാക്കിയായവരെ യാത്രയാക്കുന്നു. ഒരസംബന്ധനാടകം കാണുന്നതുപോലെ എല്ലാം നോക്കിക്കാണുന്നവരും ഇതിനിടയിലുണ്ട്.

വരാന്‍ പോകുന്ന നല്ലകാലത്തിനായുള്ള തയ്യാറെടുപ്പായാണ് ഭരണകൂടം ഈ പ്രതിസന്ധിയെ കാണുന്നത്. കുറച്ചുകാലം കഷ്ടപ്പെട്ടാല്‍ നാളെ പറുദീസായിലെത്താമെന്ന് പ്രഘോഷിക്കപ്പെടുന്നു. ഈ ലോകത്തില്‍ കഷ്ടപ്പെട്ടാല്‍ പരലോകത്തില്‍ സന്തോഷം ലഭിക്കുമെന്ന് പറയുന്ന പുരോഹിതവൃന്ദത്തിന്‍റെ സ്വരമാണ് നാമിവിടെ കേള്‍ക്കുന്നത്. കഷ്ടതകളെല്ലാം ദരിദ്രവിഭാഗത്തിനു മാത്രമാണെന്നതാണ് സത്യം. തെരുവില്‍ മരിച്ചുവീഴുന്നവരും ആത്മഹത്യചെയ്യുന്നവരും കള്ളപ്പണക്കാരൊന്നുമല്ല എന്നതാണ് വസ്തുത. അവരെയൊന്നും നാം പുറത്തുകാണുന്നില്ല. പണക്കാരും രാഷ്ട്രീയക്കാരും മതത്തിന്‍റെ ആളുകളും ചേര്‍ന്നൊരുക്കുന്ന നാടകത്തില്‍ സാധാരണക്കാരന് ഒരു വേഷവുമില്ല.

ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ച് ഭരണകൂടത്തിന് വലിയ ധാരണയൊന്നുമില്ല എന്നാണ് ഈ നടപടിയില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്. പല തരത്തിലുള്ള കാര്‍ഡുകളുമായി ചുറ്റിനടക്കുന്ന ഒരു വിഭാഗത്തെ മാത്രം കണ്ടുകൊണ്ടാണ് പഞ്ഞമില്ലാത്ത രാജ്യം എന്ന സ്വപ്നം നാം നെയ്യുന്നത്. എല്ലാ പദ്ധതികളില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് ആരാണെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഓരോ പരീക്ഷണവും ആത്യന്തികമായി വന്നുവീഴുന്നത് ദരിദ്രന്‍റെ ശിരസ്സിലാണ്. അവന്‍റെ വിരലില്‍ മഷി പുരട്ടുന്നത് മറ്റൊരു പരീക്ഷണം. ഭരണകൂടം രാജ്യത്തെ പൗരന്മാരെ അപ്പാടെ സംശയിക്കുന്നു എന്ന തോന്നലാണ് ചിലര്‍ക്കുണ്ടാകുന്നത്. കോടീശ്വരന്മാര്‍ക്ക് ഇളവുകള്‍ കാലാകാലങ്ങളില്‍ അനുവദിക്കുന്നവര്‍ സാധാരണക്കാരനെ മാത്രമാണ് പരീക്ഷണങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്നത്. അവര്‍ക്ക് സാമ്പത്തിക ശാസ്ത്രമോ, ധനകാര്യമാനേജ്മെന്‍റ് സിദ്ധാന്തങ്ങളോ അറിയില്ല. ദുരന്തങ്ങള്‍ പേമാരിപോലെ പെയ്യുന്നതുമാത്രമാണ് അവരുടെ ജീവിതാനുഭവം. അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്നവന്, മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. തികച്ചും ലളിതമായ ജീവിതം നയിക്കുന്നവരെ സങ്കീര്‍ണതയിലേക്കു തള്ളിവിടുന്നവര്‍ കാണാതിരിക്കുന്ന ചില ജീവിതയാഥാര്‍ത്ഥ്യങ്ങളുണ്ട്. 'ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കേണ്ടതില്ലല്ലോ!"

ആരൊക്കെയാണ് കള്ളപ്പണക്കാര്‍? എങ്ങനെയാണ് അവര്‍ തടിച്ചു കൊഴുത്തത്? ഭരണകൂടത്തിനും നേതാക്കള്‍ക്കും ഇതിലെന്തെങ്കിലും പങ്കുണ്ടോ? ഇവരെല്ലാം കൂട്ടുചേര്‍ന്നു നടത്തുന്ന കച്ചവടത്തിന്‍റെ ഉപോല്‍പ്പന്നമാണോ കണക്കില്ലാത്ത പണത്തിന്‍റെ ഒഴുക്ക്. ഇതെല്ലാം പ്രധാന ചോദ്യങ്ങളാണ്. വിപണികേന്ദ്രിത സമ്പദ്വ്യവസ്ഥയില്‍ ലാഭം മാത്രമാണ് പ്രധാനം. ദൈവത്തിന്‍റെ സ്ഥാനത്ത് ലാഭത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന കാലമാണിത്. ലാഭകരമല്ലാത്ത ഒന്നും പരിഗണനയര്‍ഹിക്കുന്നില്ല. നിരങ്കുശമായ  മാത്സര്യത്തിന്‍റെ സംസ്കാരമാണ് ഇന്നിന്‍റെ തിരശ്ശീലയില്‍ തെളിഞ്ഞുകാണുന്നത്. ഇവിടെ കൂടുതല്‍ പണം നേടുന്നവന്‍ വിജയിയാകുന്നു. അവനോടൊപ്പം ഭരണകൂടമുണ്ട്. അവനു വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുന്നു. അപ്പോള്‍ എവിടെയാണ് പ്രശ്നത്തിന്‍റെ വേരുകള്‍ നാം തെരയേണ്ടത്? നിലനില്‍ക്കുന്ന സംസ്കാരവും വികസിച്ചു വരുന്ന മനുഷ്യത്വവിരുദ്ധ ചിന്തകളും സമ്പദ്കേന്ദ്രിതജീവിതവും പണം വാരിക്കൂട്ടാന്‍ പ്രേരിപ്പിക്കുന്നതാണ്.

ഊഹക്കച്ചവടവും മൂല്യരഹിതമായ വിപണിയുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന ഒരു ലോകത്തില്‍ ചിലരുടെ കൈകളില്‍ പണം കുമിഞ്ഞുകൂടുന്നു. ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുന്ന സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുന്ന നിലവിലുള്ള സമ്പദ്വ്യവസ്ഥ അനീതിയില്‍ മുളച്ച് അനീതിയില്‍ വളരുന്നതാണ്. അനീതി നിറഞ്ഞ, അസമത്വം നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കുന്ന പുതിയ നയങ്ങളാണ് വിമര്‍ശിക്കപ്പെടേണ്ടത്. ചൂതുകളി പ്രധാനമായ സമ്പദ്വ്യവസ്ഥയാണ് ലോകത്തില്‍ നിലനില്‍ക്കുന്നത്. കാസിനോ സമ്പദ്വ്യവസ്ഥ എന്ന് വ്യവഹരിക്കപ്പെടുന്നത് ഇതാണ്. ഒരു വലിയ ജനവിഭാഗത്തെ എല്ലാറ്റില്‍നിന്നും ഒഴിവാക്കി നിര്‍ത്തുന്ന സമ്പദ്ഘടനയാണിത്. കുണ്ടും കുഴിയും നിറഞ്ഞ ഈ ഘടനയില്‍ കുഴിയില്‍ കിടക്കുന്നവന്‍ കൂടുതല്‍ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്നു. എല്ലാ മേഖലകളും കൈയടക്കിവച്ചിരിക്കുന്നവന്‍ ഒരുക്കിയെടുക്കുന്ന ഭീകരമായ അവസ്ഥയില്‍ നിന്ന് മുക്തരാവുക എളുപ്പമല്ല. ഒരു തടസ്സം നേരിട്ടാല്‍ അവര്‍ മറ്റു വഴിക്ക് അന്വേഷണം തുടരും. അതിന് പ്രോത്സാഹനം നല്‍കുന്നതാണ് നിലനില്‍ക്കുന്ന വ്യവസ്ഥ. സമ്പദ്കേന്ദ്രിതമായ ജീവിതദര്‍ശനത്തില്‍ നിന്നാണ് ഇത്തരം അവസ്ഥ സംജാതമാകുന്നത്. കുറേക്കൂടി മനുഷ്യപ്പറ്റുള്ള ഒരു വ്യവസ്ഥക്കുവേണ്ടിയാണ് നാം അന്വേഷണം നടത്തേണ്ടത്. സാമ്പത്തികശാസ്ത്രത്തിനു മുന്നില്‍ സാധാരണക്കാര്‍കൂടി കടന്നുവരുന്നതാണ് പ്രധാനം.

ഒരു കാര്യത്തില്‍ ഈ സന്ദര്‍ഭം ശ്രദ്ധേയമാണ്. കുറേ കടലാസുനോട്ടുകളുടെ ബലത്തില്‍ പരപുച്ഛത്തില്‍ മുഴുകിക്കഴിഞ്ഞവന്‍ നിസ്സഹായനാകുന്ന കാഴ്ച ചിലരെയെങ്കിലും സന്തോഷിപ്പിക്കുന്നു. പണത്തില്‍ ആത്യന്തികമായി എല്ലാം അര്‍പ്പിച്ചിരിക്കുന്നവന്‍ ചിലതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യന്‍ മനുഷ്യനാകുന്നത് പണം കൊണ്ട് മാത്രമല്ല. ജീവിതത്തില്‍ മറ്റു പലതും പ്രധാനമാണെന്ന് നാമിപ്പോള്‍ തിരിച്ചറിയുന്നു. എന്നാല്‍ ദരിദ്രന് പണം ജീവിതം തന്നെയാണ് എന്ന യാഥാര്‍ത്ഥ്യവും നാമിവിടെ തിരിച്ചറിയുന്നു. ബാങ്കുകള്‍ തേടി അനേകം കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന സാധാരണക്കാരനെ കാണാതെ മുന്നോട്ടുപോകുന്ന ഈ വ്യവസ്ഥയ്ക്ക് എന്തോ തകരാറുണ്ട്. ബലഹീനനെ കൂടി പരിഗണിക്കാതെ മുന്നോട്ടുപോകുന്ന ഈ വ്യവസ്ഥ കള്ളപ്പണക്കാരെ സൃഷ്ടിക്കുന്നതുതന്നെയാണ്. ആയിരക്കണക്കിനു കോടി കടമെടുക്കുന്നവന് സംരക്ഷണം ലഭിക്കുമ്പോള്‍ സാധാരണക്കാരനെ ജപ്തി നടപടികള്‍ക്ക് ഇരയാക്കുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ പരിമിതികള്‍ അനീതി നിറഞ്ഞ ഈ സമൂഹസൃഷ്ടിയില്‍ ഉണ്ട് എന്നത് നിസ്തര്‍ക്കമാണ്.

You can share this post!

ഹൃദയത്തിന്‍റെ മതം

ഷൗക്കത്ത്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts