വിഷാദരോഗ(depression)ത്തിനും വിരുദ്ധധ്രുവ മാനസിക വ്യതിയാന(bio polar disorder)ത്തിനും പരിഹാരമായി ഡോ. ലിസ് മില്ലര്‍ (Dr. Liz Miller)സ്വാനുഭവത്തിലൂടെ രൂപംനല്‍കിയ മനോനില ചിത്രണം (Mood Mapping) എന്ന സങ്കേതത്തെക്കുറിച്ചും 14 ദിവസത്തെ പ്രായോഗിക പരിശീലനപദ്ധതിയെക്കുറിച്ചുമുള്ള പരമ്പര തുടരുന്നു. 14 ദിവസത്തെ പ്രായോഗിക പരിശീലനപദ്ധതിയിലേക്ക് കടക്കും മുന്‍പുള്ള മുന്നൊരുക്കങ്ങള്‍ വിവരിക്കുന്നു ഈ ലക്കത്തില്‍. |
14 ദിവസത്തെ പരിശീലനപദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നിങ്ങള്‍ക്ക് പക്ഷേ നിങ്ങളുടെ രീതിയിലും നിങ്ങള്‍ക്ക് യോജിച്ച കാലയളവിലും ഇതിനെ പിന്തുടരാം. എല്ലാ ദിവസവും നിങ്ങള്‍ നിങ്ങളെക്കുറിച്ചും നിങ്ങളുടെ മനോനില (Mood)യെക്കുറിച്ചും അല്പം കൂടുതല്‍ കാര്യങ്ങള്‍ അറിയും. നിങ്ങളെയും നിങ്ങളുടെ മനോനിലയെയും കൈകാര്യം ചെയ്യുന്നതിനുള്ള പണിയായുധങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. അങ്ങനെ നിങ്ങള്‍ പരമാവധി സ്വാസ്ഥ്യത്തില്‍ എത്തിച്ചേരും.
മനോനിലചിത്രണം (Mood Maping) തുടങ്ങുന്നതിന് ഒരു നോട്ടുബുക്ക് കരുതുക. അതിലാണ് നിങ്ങളുടെ അനുഭവങ്ങളും നിങ്ങളുടെ കുറിപ്പുകളും രേഖപ്പെടുത്തേണ്ടത്. ഈ നോട്ടുബുക്കിന് ഏറെ പ്രാധാന്യമുണ്ട്. അതിലാണ് നിങ്ങള്‍ ആശ്വാസം കണ്ടെത്താന്‍ പോകുന്നത്. കാരണം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്നതത്രയും ഈ ബുക്കിലുണ്ടാകും.
വരയിട്ട സ്പൈറല്‍ ബൗണ്ട് എ4 ഹാര്‍ഡ് ബാക്ക് നോട്ടുബുക്കാണ് വ്യക്തിപരമായി എനിക്കിഷ്ടം. അതെനിക്ക് എഴുതാന്‍ ധാരാളം സ്ഥലം അനുവദിക്കുന്നു. എന്തെങ്കിലും തെറ്റിപ്പോയാല്‍ ബുക്കിനെ ബാധിക്കാതെ പേജുകീറി മാറ്റാന്‍ സാധിക്കുന്നു.
ഒന്ന് മുതല്‍ നാലുവരെയുള്ള പരിശീലനപദ്ധതി പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ മനോനില (Mood)യുടെ രണ്ടു പ്രധാനഘടകങ്ങളെയും നാല് അടിസ്ഥാനമനോനിലകളെയും കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമാകും. മനോനില, നിങ്ങളുടെ ചിന്താരീതിയെ, ആശയവിനിമയത്തെ, പ്രവൃത്തികളെ, ലോകവീക്ഷണത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നിങ്ങള്‍ അറിയും. നിങ്ങളുടെ മനോനിലയെ രേഖപ്പെടുത്താന്‍ നിങ്ങള്‍ പ്രാപ്തരാകും.
അഞ്ചാം ദിവസം, നിങ്ങള്‍ക്ക് നിങ്ങളുടെ ശക്തിയും ദൗര്‍ബല്യവും വിലയിരുത്താനാകും. ഇപ്പോള്‍ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ അത്ര ഭയപ്പെടുത്തുന്നവയല്ല എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില തന്ത്രങ്ങള്‍ രൂപപ്പെടും.
ആറുമുതല്‍ പത്തുവരെയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ മനോനിലയെ സ്വാധീനിക്കുന്ന അഞ്ച് മര്‍മ്മപ്രധാന മേഖലകള്‍ നിങ്ങള്‍ കണ്ടെത്തും. നിങ്ങളുടെ മനോനിലയെ നിയന്ത്രിക്കാന്‍ കഴിയുന്ന, പെട്ടെന്ന് ഫലപ്രദമാകുന്ന ചില മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിയും. ഒപ്പം മാസങ്ങള്‍ക്കകം നിങ്ങളുടെ മനോനിലയെ പൂര്‍ണമായി നിങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്ന ചില ദീര്‍ഘകാലതന്ത്രങ്ങളും ഉരുത്തിരിയും.
പതിനൊന്നു മുതല്‍ പതിനാല് വരെയുള്ള ദിവസങ്ങള്‍ ഉല്‍ക്കണ്ഠയും വിഷാദവും പോലുള്ള പ്രത്യേക മനോനിലകളെ കൈകാര്യം ചെയ്യാനുദ്ദേശിച്ചുള്ളതാണ്. പ്രസാദാത്മകമായി, ശാന്തമായി, ഊര്‍ജ്ജസ്വലമായി, പ്രചോദിതമായി ജീവിക്കാന്‍ ഇതിലൂടെ നാം പഠിക്കുന്നു. കുറെക്കൂടി പൂര്‍ണവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് ചില ലക്ഷ്യങ്ങള്‍ക്ക് നിങ്ങള്‍ രൂപം നല്‍കുന്നു.
പരിശീലനപദ്ധതി പുരോഗമിക്കവെ, നാം വിരുദ്ധധ്രുവ മാനസികവ്യതിയാനം(bipolor disorder) പോലുള്ള ഗൗരവതരമായ മാനസികനില പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. ഒപ്പം സാധാരണ മാനസിക ചികിത്സകളെ (Psychological Therapies)യും അവയുടെ പരിണതഫലങ്ങളെയും നാം പരിശോധിക്കും. അതുകൊണ്ട് തീരുന്നില്ല. വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ മനോനിലയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്ന പ്രത്യേക വിഭാഗവും പരിശീലനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതിലൂടെ മനോനില ചിത്രണത്തെ കുറേക്കൂടി വിശാലമായ മേഖലകളില്‍ ഉപയുക്തമാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കാന്‍ കഴിയും. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായി കൂടുതല്‍ ഫലപ്രദമായി ഇടപഴകുന്നതിന് അതല്ലെങ്കില്‍ ദൈനംദിന ജീവിതത്തില്‍ നിങ്ങളുടെ മനോനില കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാന്‍ മനോനിലചിത്രണത്തിന് സാധിക്കും. ഏറ്റവും ഒടുവിലായി നിങ്ങള്‍ കരുതുന്നതിനേക്കാള്‍ വ്യാപകമായി കണ്ടുവരുന്ന മനോനില വ്യതിയാന (Mood disorder) ങ്ങളെക്കുറിച്ചും നാം പരിശോധിക്കും.
ഈ 14 ദിന പരിശീലനപദ്ധതിക്കൊടുവില്‍ നിങ്ങളുടെ മാത്രമല്ല നിങ്ങള്‍ക്ക് ചുറ്റുമുള്ളവരുടെയും മനോനില(Mood)യെ കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങള്‍ നിങ്ങള്‍ കരസ്ഥമാക്കും. ജീവിതം പ്രസാദാത്മകമായി ജീവിക്കുന്നതിന് നിങ്ങള്‍ പഠിക്കും.
എന്നാല്‍ നമുക്ക് തുടങ്ങാം.
(തുടരും)