ഐസക്ക് ദി സിറിയന്‍ എന്ന സഭാപിതാവിനെ കുറിച്ച് കൗതുകകരമായ ഒരു കഥ പ്രചാരത്തില്‍ ഉണ്ട്. വളരെ പരിമിതമായകാലം മാത്രമാണത്രേ അദ്ദേഹം ബിഷപ്പിന്‍റെ ഭരണപരമായ ചുമതലകളില്‍ തുടര്‍ന്നത്. അതിന്‍റെ കാരണങ്ങളില്‍ ഒന്നാണ് ജീവചരിത്ര കുറിപ്പിലുളള ഈ കഥ.
ബിഷപ്പായി അഭിഷിക്തനായതിന്‍റെ ആദ്യനാളില്‍ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് രണ്ട് സന്ദര്‍ശകരെത്തി. അവര്‍ തമ്മില്‍ പണസംബന്ധമായ ഒരു തര്‍ക്കമുണ്ടായിരുന്നു. അതിനുമേല്‍ ഒരു തീര്‍പ്പുണ്ടാക്കി തരണമെന്ന അപേക്ഷയുമായിട്ടാണ് അവര്‍ എത്തിയത്. കടം വാങ്ങിയ പണം നല്‍കാന്‍ ഇനിയും സാവകാശം തരണമെന്ന് കടക്കാരന്‍ പറഞ്ഞു. എന്നാല്‍ കുറേക്കാലമായി പറഞ്ഞ തീയതികള്‍ മാറ്റി അയാള്‍ നീട്ടിക്കൊണ്ട് പോകുന്നു എന്ന് അപരനും വാദിച്ചു. ഇനി പണം നല്‍കിയില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നു വാദി പറഞ്ഞു. ബിഷപ്പ് ഐസക്ക് ഇതെല്ലാം കേട്ടശേഷം വളരെ സൗമ്യമായി പറഞ്ഞു: സഹോദരാ നല്‍കിയ വായ്പ തിരികെ ചോദിക്കരുതെന്നാണ്. അത്രയൊന്നും സാധ്യമായില്ലെങ്കിലും ഒരു അവധികൂടി ഇയാള്‍ക്ക് അനുവദിക്കരുതോ? ഉടന്‍ തന്നെ വാദിയുടെ മറുപടി, പണമിടപാടിന് ഇടയില്‍ സുവിശേഷത്തിന് എന്ത് കാര്യം? സെന്‍റ് ഐസക്കിന്‍റെ പ്രതികരണം ഇങ്ങനെയാണ്, 'if gospel is not to be present what have I come here to do.'
ഇത്തരം ആത്മസംഘര്‍ഷങ്ങള്‍ക്ക് ഒടുവിലാണ് അദ്ദേഹം മരുഭൂമിയിലേക്ക് പിന്‍വാങ്ങിയതെന്ന നിരീക്ഷണം ശരിക്കും ഭാരപ്പെടുത്തുന്നതാണ്. നമ്മുടെ ദൈനംദിന വ്യാപാരങ്ങളില്‍ എന്ത് പ്രസക്തിയാണ് സുവിശേഷങ്ങള്‍ക്ക് ഉള്ളത്. സാമാന്യഗതിയില്‍ ജനങ്ങള്‍ക്ക് വായിക്കാനുള്ളതാണ് സുവിശേഷം. മറ്റുചിലര്‍ക്ക് അവരുടെ ദൈവം ശരിയെന്നു വാദിക്കാനുള്ള നിയമപുസ്തകമാണ്. പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് വെറുതെ പ്രസംഗിക്കാനുള്ളതാണ്. സത്യത്തില്‍ വായിക്കാനും, പഠിക്കാനും, വാദിക്കാനും പ്രസംഗിക്കാനും എന്നതില്‍ കവിഞ്ഞ് നമുക്ക് ജീവിക്കുവാനുള്ളതല്ലാതായി തീര്‍ന്നിട്ടുണ്ട് സഖാവേ ഇന്ന് സുവിശേഷം. സര്‍വ്വജനത്തിനുമുള്ള മഹാസന്തോഷപ്പിറവിയുടെ പെരുംകഥനമാണ് സുവിശേഷം. അല്ലാതെ അത് സര്‍വ്വജനത്തിനുമുള്ള മഹാശല്യത്തിന്‍റെ ചരിത്രം ചമയ്ക്കല്‍ ആവരുത്.