news-details
മറ്റുലേഖനങ്ങൾ

ഭരണങ്ങാനത്തിന്‍റെ അക്ഷരപുണ്യം: തോമസ് മാത്യു കൊട്ടാരത്തുംകുഴി

ഭരണങ്ങാനം പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയില്‍ സംബന്ധിച്ചിട്ടു മടങ്ങുന്ന സാമാന്യം വലിയ ജനക്കൂട്ടം. തിരക്കിലൊന്നും പെടാതെ വഴിയുടെ ഓരം ചേര്‍ന്ന് നടന്നുപോകുന്ന ഒരു മധ്യവയസ്കന്‍. വേഷം മുറിക്കൈയന്‍ ഷര്‍ട്ടും വെള്ളമുണ്ടും. മുന്നോട്ടു ലേശമൊരു വളവു തോന്നിക്കുന്ന, ശരാശരി ദേഹവലിപ്പുമുള്ള, ഇരുനിറക്കാരനായ ആ മനുഷ്യന്‍ പരിചയക്കാരെ കണ്ടാല്‍ ചെറുതായിട്ടൊന്ന് ചിരിച്ചിട്ട് നടപ്പു തുടരും. അദ്ദേഹത്തോടു മിണ്ടണമെന്നാഗ്രഹിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ വഴിയോരത്തൊതുങ്ങി നില്ക്കും. താത്പര്യമുള്ള വിഷയമാണെങ്കില്‍ ഉത്സാഹത്തോടെ കുറെനേരം വര്‍ത്തമാനം പറഞ്ഞു നിന്നെന്നുവരും... ഇതു കുറിക്കുന്നയാള്‍ 1970കളില്‍ പരിചയപ്പെട്ട ശ്രീ തോമസ് മാത്യു കൊട്ടാരത്തുംകുഴിയുടെ ഒരു ഏകദേശചിത്രമാണിത്.

അദ്ദേഹത്തെ നേരില്‍ക്കണ്ടു പരിചയപ്പെടുന്നതിനെത്രയോ മുന്‍പ് അദ്ദേഹമെഴുതിയ എത്രയോ ലേഖനങ്ങള്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചിട്ടുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് അന്നും ഇന്നും സാധാരണ എഴുത്തുകാര്‍ക്ക് ബാലികേറാമലയാണ്. പക്ഷേ തോമസ് മാത്യു കൊട്ടാരത്തുംകുഴിയുടെ ഒട്ടനവധി ലേഖനങ്ങള്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു അപ്പോഴേയ്ക്ക്. നല്ല മലയാളഭാഷ സ്വായത്തമാക്കാന്‍ അദ്ദേഹത്തിന്‍റെ ലേഖനങ്ങള്‍ ഏറെ ഉപകാരപ്പെട്ടിട്ടുണ്ടെന്ന് നന്ദിയോടെ ഓര്‍ക്കുന്നു. ഹൃദ്യമായ ഭാഷാശൈലിയാണദ്ദേഹത്തിന്‍റേത്. ഋജുവും ശക്തവും ശുദ്ധവുമായ മലയാളം; ഒരു തെറ്റുമില്ലാത്ത വാക്യഘടന.

തോമസ് മാത്യു  കൊട്ടാരത്തുംകുഴി പക്ഷേ, അടിമുടി കര്‍ഷകനാണെന്നതാണ് പരമാര്‍ത്ഥം; കാര്‍ഷികമേഖലയെക്കുറിച്ച് അവഗാഹവും ആ മേഖലയോടു വിശേഷപ്രതിപത്തിയുമുള്ള തനിക്കര്‍ഷകന്‍. 1950കള്‍ മുതല്‍ ഏകദേശം രണ്ടുവര്‍ഷം മുമ്പുവരെ ആ കര്‍ഷകന്‍, വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ആയിരത്തോളം ലേഖനങ്ങളെഴുതിയ എഴുത്തുകാരന്‍ കൂടിയാണ്. കേരളത്തിലെ ഒട്ടുമിക്ക പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്‍റെ ലേഖനങ്ങള്‍ അച്ചടിക്കപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ക്കാകെ, കര്‍ഷകനായ കൊട്ടാരത്തുംകുഴി കുഞ്ഞുമത്തായിച്ചേട്ടനെ അറിയാം. അദ്ദേഹം തന്നെയാണ് തോമസ് മാത്യു കൊട്ടാരത്തുംകുഴി എന്ന എഴുത്തുകാരനെന്ന് ഭരണങ്ങാനം നിവാസികളില്‍ ഏറെപ്പേര്‍ക്കും ഇന്നും അറിയില്ലെന്നതാണ് വസ്തുത!

ദീപിക, മലയാളമനോരമ, കേരളകൗമുദി, കേരളഭൂഷണം മുതലായ ദിനപ്പത്രങ്ങളിലും മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളമനോരമ വാരിക, പരിഷത്ത് മാസിക, കലാകൗമുദി, മംഗളം, ദേശബന്ധു, മലബാര്‍മെയില്‍, കേരളധ്വനി, റബര്‍ബോര്‍ഡ് മാസിക, സത്യദീപം, അസ്സീസി, ദീപനാളം, പ്രേഷിതകേരളം തുടങ്ങിയ ഇരുപത്തഞ്ചില്‍പ്പരം ആനുകാലിക പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി അദ്ദേഹം എഴുതിയിരുന്നു. ഇവയ്ക്കെല്ലാം പുറമേ, വിവിധ സ്മരണികകളിലും സുദീര്‍ഘവും വിജ്ഞാനപ്രദവുമായ ധാരാളം ലേഖനങ്ങള്‍ അദ്ദേഹത്തിന്‍റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പത്തിലേറെ കൃതികളും അദ്ദേഹം രചിച്ചു. മലയാളത്തിന്‍റെ ശില്പികള്‍, മലയാളഭാഷയും വിദേശമിഷനറിമാരും, ആതുരരംഗത്തെ ദേവതകള്‍, കേരളത്തിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍(രണ്ടുഭാഗം), ഭാരതീയ പുണ്യാത്മക്കള്‍, പ്രഥമ കേരളീയ ആഗോളസഞ്ചാരി, ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാ, പാലാപ്പട്ടണത്തിന്‍റെ ചരിത്രം, ഭരണങ്ങാനചരിത്രങ്ങളിലൂടെ എന്നിവയാണ് മുഖ്യകൃതികള്‍. എന്നാല്‍, മേല്പറഞ്ഞ കൃതകളിലൊന്നുപോലും ഗ്രന്ഥരൂപത്തില്‍ പ്രകാശിതമായിട്ടില്ല. സ്വതവേ കീര്‍ത്തിപരാങ്മുഖനായ ആ എഴുത്തുകാരന് അവയൊന്നും അച്ചടിപ്പിക്കണമെന്നു തോന്നിയിട്ടില്ല. ചരിത്രമുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ തനിക്കുള്ള വിപുലവും അഗാധവുമായ അറിവ് അങ്ങനെ കുറെ ലേഖനങ്ങളില്‍ മാത്രമായി അദ്ദേഹം ഒതുക്കിക്കളഞ്ഞത് വായനക്കാരെ സംബന്ധിച്ചിടത്തോളം ശരിക്കും നഷ്ടം തന്നെയാണ്.

മികച്ച എഴുത്തുകാരന്‍ ക്രാന്തദര്‍ശികളാണ്; നാളെയുടെ ദ്രഷ്ടാക്കാള്‍ മാത്രമല്ല, സൃഷ്ടാക്കളുമാണവര്‍. തോമസ് മാത്യു കൊട്ടാരത്തുംകുഴി ആ ജനുസിലുള്‍പ്പെട്ട എഴുത്തുകാരനാണ്. ഒരുദാഹരണം മാത്രം ചൂണ്ടിക്കാണിക്കട്ടെ. കൊക്കോ കൃഷി ഇന്ന് കേരളത്തില്‍ വ്യാപകമായി ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍, കൊക്കോ എന്ന പേര് കേരളീയര്‍  കേള്‍ക്കുന്നതിന് എത്രയോ മുന്‍പ്, 1960ല്‍, ദീപീകയില്‍ ഒരു ലേഖനം അദ്ദേഹമെഴുതി. ശീര്‍ഷകം, 'കൊക്കോ കേരളത്തിനനുയോജ്യമായ കൃഷി' എന്നായിരുന്നു. ഇങ്ങനെ, കൃഷിയെയും കര്‍ഷകരുടെ പ്രശ്നങ്ങളെയും മുഖ്യവിഷയമാക്കി വിവിധ  പ്രസിദ്ധീകരണങ്ങളില്‍ ഏറെ ദൂരെക്കാഴ്ചയോടെ നിരവധി ലേഖനങ്ങള്‍ അദ്ദേഹമെഴുതി. കൈതച്ചക്കയെയും കാപ്പിയെയും കശുവണ്ടിയെയും കുറിച്ചും കാര്‍ഷികവൃത്തി നേരിട്ടേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം ധാരാളമെഴുതി. കൃഷി സംബന്ധമായി അദ്ദേഹമെഴുതിയ ലേഖനങ്ങളുടെ തലക്കെട്ടു മാത്രം എഴുതണമെങ്കില്‍ത്തന്നെ പേജുകള്‍ വേണ്ടിവരും.

ചരിത്രസംബന്ധിയാണ് കൊട്ടാരത്തുംകുഴിയുടെ ലേഖനങ്ങളില്‍ നല്ലൊരു പങ്ക്. മിക്കതിലും ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്നുവെന്ന് പറയാം. കേരളത്തിലെ ദേവാലയങ്ങളുടെ ചരിത്രം വിവരിക്കുന്ന ലേഖനങ്ങള്‍ തന്നെ നിരവധി. സന്ന്യാസസമൂഹങ്ങളുടെ, ശ്രേഷ്ഠവ്യക്തികളുടെ, വിദ്യാലയങ്ങളുടെ, വിവിധ ദേശങ്ങളുടെ ഒക്കെ ചരിത്രം രസകരമായി വിവരിക്കുന്ന എത്രയോ ലേഖനങ്ങള്‍ അദ്ദേഹത്തിന്‍റെ തൂലികയില്‍നിന്ന് അടര്‍ന്നുവീണവയായുണ്ട്; അതു വായനക്കാര്‍ മുമ്പെങ്ങുമറിഞ്ഞിട്ടില്ലാത്ത വിവരങ്ങളടങ്ങിയ ഗവേഷണമികവു പുലര്‍ത്തുന്ന ലേഖനങ്ങള്‍. ഇത്രയേറെ വിഷയവൈവിധ്യം പുലര്‍ത്തിയ എഴുത്തുകാര്‍ വേറെ ഉണ്ടെന്നു തോന്നുന്നില്ല.

ഒരത്ഭുതമനുഷ്യനാണ് കര്‍ഷകനായ ഈ എഴുത്തുകാരനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്ര വിപുലവും അഗാധവുമായ അറിവുകള്‍ ഈ എഴുത്തുകാരന്‍ ആര്‍ജ്ജിച്ചതെങ്ങനെയെന്ന ചിന്തയാണ് ആ തോന്നലിനാധാരം. നിരന്തരമായ അന്വേഷണത്തില്‍നിന്ന്, വായനയില്‍നിന്ന്, മനനത്തില്‍ നിന്ന്, കേട്ടറിവുകളിലും നാട്ടറിവുകളിലും നിന്ന് - ഒക്കെയാവാം ഈ വിവരങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കിയത്. ശരിക്കുമൊരു സര്‍വ്വവിജ്ഞാനകോശമാണ് അദ്ദേഹം. നാടുകളുടെയും കുടുംബങ്ങളുടെയും വ്യക്തികളുടെയുമൊക്കെ വിവരങ്ങളറിയാന്‍ അദ്ദേഹത്തെ സമീപിച്ചാല്‍ മതി. സ്വന്തം കുടുംബത്തിന്‍റെ തായ് വേരുകള്‍ തപ്പിയിറങ്ങിത്തിരിച്ച പല വ്യക്തികള്‍ക്കും ആ വിവരങ്ങളെല്ലാം ലഭ്യമാക്കിയ വ്യക്തിയുമാണ് തോമസ് കൊട്ടാരത്തുംകുഴി.

പ്രശസ്ത ഇംഗ്ലീഷ് പ്രൊഫസറായിരുന്ന യശശ്ശരീരനായ റവ. ഡോ. കുര്യാക്കോസ് കൊട്ടാരത്തുംകുഴി, പൂര്‍വാശ്രമത്തില്‍, കുര്യാക്കോസ് ഇടമറ്റം എന്ന പേരില്‍ അറിയപ്പെട്ട നല്ല കവിയായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ നിരവധി കവിതകള്‍ കുര്യാക്കോസ് ഇടമറ്റത്തിന്‍റേതായി വെളിച്ചം കണ്ടിട്ടുണ്ട്. വൈദിക വിദ്യാര്‍ത്ഥിയായിരിക്കെ കവിതയെഴുത്തു നിര്‍ത്തിയ വാസനാസമ്പന്നനായ ആ കവിയുടെ ഇളയസഹോദരനാണ് എഴുത്തുകാരനും കൃഷിക്കാരനുമായ തോമസ് മാത്യു കൊട്ടാരത്തുംകുഴി. ഭരണങ്ങാനത്തിനു സമീപം ഇടമറ്റം കരയില്‍, കോക്കാട്ടു കുടുംബത്തിന്‍റെ ശാഖയായ കൊട്ടാരത്തുംകുഴി കുടുംബത്തില്‍ 1931 ജൂലായ് 1-നാണ് തോമസ് മാത്യുവിന്‍റെ ജനനം. തൊമ്മന്‍-ഏലി ദമ്പതികള്‍ മാതാപിതാക്കള്‍. ഹൈസ്കൂള്‍ പഠനം ഭരണങ്ങാനം സെന്‍റ് മേരീസ് സ്കൂളില്‍.

ഭരണങ്ങാനം ഇടവകാംഗമായ തോമസ് മാത്യു കൊട്ടാരത്തുംകുഴിയാണ് ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയെക്കുറിച്ച് ഏറ്റവുമധികം ലേഖനങ്ങളെഴുതിയ വ്യക്തി. ശരിക്കും ആധികാരികസ്വാഭാവമുള്ള സുദീര്‍ഘലേഖനങ്ങള്‍ നിരവധി അദ്ദേഹമെഴുതി. അല്‍ഫോന്‍സാമ്മയെന്ന ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനിയുടെ ജീവിതവിശുദ്ധി ലോകമറിയാന്‍ നിമിത്തമായതില്‍ അദ്ദേഹത്തിന്‍റെ ലേഖനങ്ങള്‍ വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. ആയിരം പൂര്‍ണചന്ദ്രദര്‍ശനം സാധിച്ചവര്‍ ശതാഭിഷിക്തരാണെന്നാണ് സങ്കല്പം. എണ്‍പത്തിനാല് വയസ്സ് പിന്നിടുമ്പോള്‍ ശതാഭിഷിക്തരാകുന്നു. ശ്രീ തോമസ് മാത്യു ശതാഭിഷേകത്തിന്‍റെ ഘട്ടം പിന്നിട്ടിരിക്കുന്നു. അദ്ദേഹം നവതിയിലെത്താന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രം. വിനയാന്വിതനായ ആ കര്‍ഷക എഴുത്തുകാരന്‍ ഭരണങ്ങാനത്തിന്‍റെ അക്ഷരപുണ്യം തന്നെയാണ്. അദ്ദേഹത്തിന് ആയുരാരോഗ്യങ്ങള്‍ നേരുന്നു. 

You can share this post!

അറിവിന്‍റെ അലിവില്‍ നിറയുമ്പോള്‍

ഷൗക്കത്ത്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts