മൗനത്തിന് ഏറെ അര്‍ത്ഥങ്ങളുണ്ട്. പറയാനൊന്നുമില്ലാത്തതു കൊണ്ടല്ല ചിലര്‍ മൗനത്തിന്‍റെ വാല്മീകത്തിലേക്ക് ഉള്‍വലിയുന്നത്. പറയാന്‍ ഏറെയുള്ളപ്പോഴും നാം മൗനികളാകാറുണ്ട്. ബാഹ്യമായി മൗനം ദീക്ഷിക്കുമ്പോഴും ആന്തരഭാഷണം നടത്തുന്നവരുമുണ്ട്. ചില മൗനങ്ങള്‍ക്കു പോലും സാംസ്കാരികവും രാഷ്ട്രീയവും ചരിത്രപരവുമായ പൊരുളുകളുണ്ട്. പുരുഷന്‍റെ മൗനമല്ല സ്ത്രീയുടേത്. മൗനത്തിലേക്കു കൂപ്പുകുത്തുന്ന സ്ത്രീജന്മങ്ങള്‍ ചരിത്രത്തെയും കാലത്തെയും വിചാരണ ചെയ്യുന്നുണ്ട്. മൗനത്തിന്‍റെ ശക്തിയേറുന്ന മുഹൂര്‍ത്തങ്ങളും നാം തിരിച്ചറിയുന്നു. 'മൗനത്തിന്‍റെ സൗന്ദര്യശാസ്ത്ര'ത്തെക്കുറിച്ചു ചര്‍ച്ച ചെയ്തപ്പോള്‍ സൂസന്‍ സൊന്‍റാഹ് അതിന്‍റെ ഭിന്നതലങ്ങള്‍ അനാവരണം ചെയ്തിട്ടുണ്ട്. വാക്കിനും മൗനത്തിനും പെണ്ണര്‍ത്ഥവും ആണര്‍ത്ഥവുമുണ്ട്. ആണും പെണ്ണും ചരിത്രത്തെയും കാലത്തെയും സംസ്കാരത്തെയും കാണുന്നത് വ്യത്യസ്തമായ കണ്ണുകളിലൂടെയാണ്. മൗനത്തിനും പ്രണയത്തിനും പുതിയ അര്‍ത്ഥാന്തരങ്ങള്‍ ചമയ്ക്കുന്നവര്‍ ജീവിതത്തെ പുനഃസൃഷ്ടിക്കുകയാണ്. വെര്‍ജീനിയാ ഡുള്‍ഫും സിമോണ്‍ ദി ബുവുവും മാധവിക്കുട്ടിയും സാറാ ജോസഫുമെല്ലാം നടന്ന വഴികള്‍ വാക്കിന്‍റെയും മൗനത്തിന്‍റെയും പൊരുളുകള്‍ നിറഞ്ഞവയാണ്.
ഗീത തോട്ടത്തിന്‍റെ 'മൗനത്തിന്‍റെ പെണ്ണര്‍ത്ഥങ്ങള്‍' എന്ന കവിതാസമാഹാരം പെണ്‍കാഴ്ചയുടെ, പ്രണയത്തിന്‍റെ, വിചാരണയുടെ, മൗനത്തിന്‍റെ, അന്വേഷണങ്ങളുടെ വാതായനങ്ങള്‍ തുറന്നിടുന്നു. മേബില്‍ അമ്മായിയുടെ ചുമരുകളില്ലാത്ത വീടു സ്വപ്നം കാണുന്ന സാറാ ജോസഫിന്‍റെ കഥാപാത്രത്തെപ്പോലെ പെണ്ണിന് കുറേക്കൂടി ശുദ്ധവായു ലഭിക്കുന്ന, പ്രണയം ലഭിക്കുന്ന, അംഗീകാരവും സാന്ത്വനവും ലഭിക്കുന്ന ഒരു ലോകം ഈ കവി ആഗ്രഹിക്കുന്നു. തന്നിലെ സാധ്യതകളുടെ വിടരലാണ് ഈ അന്വേഷണത്തിനു പ്രേരകമാകുന്നത്.
പൗരന്‍റെ നോട്ടം പോലെ 'പൗരിയുടെ നോട്ട'വും പ്രധാനമാണ്. പ്രണയത്തിന്‍റെ വഴികളിലൂടെ സഞ്ചരിക്കുന്നവളുടെ കാഴ്ചകള്‍ക്ക് നിരവധി വര്‍ണ്ണപ്പകര്‍പ്പുകളുണ്ട്. 'രണ്ടു പേര്‍ പ്രണയിക്കുമ്പോള്‍ ലോകം മാറുന്നു' എന്നത് ഒരു തിരിച്ചറിവും അന്വേഷണവുമായി മാറുന്നു. ശരീരവും മനസ്സും ആത്മാവും കൂടിച്ചേരുന്ന പ്രണയത്തിന്‍റെ തീക്ഷ്ണമുഹൂര്‍ത്തങ്ങള്‍ ഭാവഭാരത്തോടെ വാക്കുകളില്‍ നിറയുന്നു. 'അവന്‍ എന്നെ ഞാനായിക്കാണട്ടെ
ഹൃദയമിടിപ്പുകളുടെ പോലും
ആഴമളക്കുന്നവന്‍
എന്നെ അറിയട്ടെ' എന്നതാണ് ഈ കവിയുടെ വിചാരം. 'ഞാനായിക്കാണലാണ്' പ്രണയത്തിന്‍റെ
സാഫല്യം. സ്വന്തം സ്വത്വം തിരിച്ചറിയപ്പെടുന്ന മുഹൂര്‍ത്തം മറ്റൊരു മോക്ഷമായി മാറുന്നു. അതിന്‍റെ അസാധ്യതയും ഈ കവിയില്‍ വേപഥുവായി പടരുന്നുണ്ട്. ശരീരത്തിന്‍റെ ഉത്സവങ്ങള്‍ക്ക് പ്രണയത്തിന്‍റെ ബലം വേണം. അതില്ലെങ്കില്‍ മനസ്സും ശരീരവും പുഷ്പിക്കുകയില്ല. പ്രണയം ഒരു വാതില്‍തുറക്കലാണ്, സ്വാതന്ത്ര്യത്തിലേക്കുള്ള ചിറകടിയാണ്. 'പ്രണയിക്കുന്നവരെ കാലം വെറുതെ വിടുന്നു' എന്നെഴുതിയത് മേതിലാണ്.
കവിതയും ജീവിതവും സ്വയം വീണ്ടെടുക്കുന്ന ഒരു പ്രക്രിയയായി മാറുന്നു. ജീവിതം തുറന്നിടുന്നത് പുഷ്പവീഥികള്‍ മാത്രമല്ല. കണ്ണീരും പുഞ്ചിരിയും ഇടകലര്‍ന്ന, പൂവും മുള്ളും വിതറിയ ജീവിതപ്പാതയിലൂടെ പ്രണയി സഞ്ചരിക്കുന്നു. സ്വാതന്ത്ര്യത്തിന്‍റെ ചക്രവാളസീമകളാണ് ലക്ഷ്യം.
'സ്വച്ഛമീ മണ്ണില്‍ത്തന്നെ പച്ചയായ് കിളിര്‍ക്കട്ടെ' എന്നതാണ് കവിവിചാരം.
'പുഷ്പപാദുകങ്ങളെ, രത്നകമ്പളങ്ങളെ വെടിഞ്ഞീ മുള്ളില്‍ കല്ലില്‍ ചവിട്ടി നടക്കുവാന്‍, കണ്ണുനീരുപ്പും വേര്‍പ്പു നീരിന്‍റെ പശിമയുംചേരുമീത്തനിമണ്ണില്‍ മാറുചേര്‍ത്തമര്‍ത്തുവാന്‍'
ഈ കവി ആഗ്രഹിക്കുന്നു. അനുഭവങ്ങളെ യഥാര്‍ത്ഥത്തില്‍ ഏറ്റുവാങ്ങുന്നതിനുള്ള അടങ്ങാത്ത അഭിലാഷമാണ് ഇവിടെ വന്നുനിറയുന്നത്.
ഇതൊക്കെയാണെങ്കിലും, "പാതയോരത്തു പൂ ചൂടി നില്‍ക്കുന്ന വര്‍ണ്ണലോകമെനിക്കന്യമാണു പോല്‍" എന്ന് സ്ത്രീഹൃദയം മനസ്സിലാക്കുന്നു. ബാല്യത്തിലേ കണ്ണു ബന്ധിച്ച കുതിരയ്ക്ക് സഞ്ചരിക്കാന്‍ ഏറെ ദൂരങ്ങളില്ല. അതിര്‍ത്തികള്‍ കോറിയിട്ട, പരിമിതമാക്കപ്പെട്ട മൃഗതൃഷ്ണകള്‍ അസ്വസ്ഥതയുടെ കെട്ടുപാടുകള്‍ നിര്‍മ്മിക്കുന്നു. പരിമിതിയുടെ ഈ ലോകത്തെ അതിലംഘിച്ച് അപരിമേയ സ്വാതന്ത്ര്യത്തിന്‍റെ കാണാലോകങ്ങളിലേക്ക് കുതിക്കാന്‍ വന്യശക്തികള്‍ കാംക്ഷിക്കുന്നു.
'കെട്ടഴിച്ചു വിട്ടേക്കുക സ്വച്ഛമായ്
കര്‍മ്മമാര്‍ഗ്ഗം നടന്നു തീര്‍ക്കട്ടെ ഞാന്‍' എന്നു കവി പറയുന്നതിനു കാരണം മറ്റൊന്നുമല്ല. തന്നെ വരിഞ്ഞിരിക്കുന്ന ചങ്ങലക്കണ്ണികള്‍ നൂതനലോകങ്ങള്‍ തേടാനുള്ള താല്പര്യത്തെ ഹനിക്കുകയാണ്. സ്വാതന്ത്ര്യത്തിന്‍റെ ആകാശം തനിക്കായി കാത്തിരിക്കുമ്പോള്‍ ഇവിടെ കുടുങ്ങിക്കിടക്കാനാവില്ല. ഈ കുതറല്‍ പുതിയ ശാദ്വലങ്ങളിലേക്കുള്ള യാത്രയെക്കുറിച്ചുള്ള സ്വപ്നമാണ്.
അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്‍റെ കഥകള്‍ എന്നും നമുക്കു മുന്നിലൂടെ ഒഴുകി നീങ്ങുന്നു. 'സൂര്യനീതി'യില്‍ ഈ വര്‍ത്തമാന കാല യാഥാര്‍ത്ഥ്യത്തെ സൂക്ഷ്മമായി ആലേഖനം ചെയ്യുന്നു. 'സത്യം നിത്യമായി ജ്വലിക്കുന്ന'താണ് കവിയുടെ സ്വപ്നലോകം. എന്നാല്‍ തന്നെ ചൂഴ്ന്നു നില്‍ക്കുന്നതെന്തെല്ലാമാണെന്ന് അറിയുന്നുമുണ്ട്.
"കുരിശേറി നില്‍ക്കുമെന്‍ നെഞ്ചിലെ വിള്ളലില്‍
നോവിന്‍ ത്രിശൂലം തറച്ചിറക്കി,
കൈത്തുലാസില്‍ നീതി തന്‍ തട്ടു പൊങ്ങിയ
കണ്‍കെട്ടഴിഞ്ഞൊരാ നീതി ദൈവം!
കട്ടിക്കരിങ്കല്ലില്‍ കൂര്‍ത്ത ചീളാലെന്‍റെ
നെറ്റി തകര്‍ത്തിതാ ന്യായപീഠം" എന്നെഴുതുമ്പോള്‍ കാലത്തിന്‍റെ കുഴമറിച്ചില്‍ വ്യക്തമാകുന്നു. സമൂഹവും നീതിപീഠവും ഇരയെ വീണ്ടും വേട്ടയാടുന്നു. വേട്ടക്കാരനാണ് ഇവിടെ നീതി കിട്ടുന്നത്. ഈ വിപര്യയത്തെ കവി വേദനയോടെ തിരിച്ചറിയുന്നു.
ഖജൂരാഹോ ഒരു സംസ്കാരത്തിന്‍റെ ചിത്രമാണ് നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. പ്രണയത്തിന്‍റെ, രതിയുടെ, ശാന്തിയുടെ, ആത്മഹര്‍ഷത്തിന്‍റെ നിമിഷങ്ങള്‍ ശിലകളില്‍ സാന്ദ്രീകൃതമാകുന്നു. കവിയുടെ ബോധമണ്ഡലത്തില്‍ നവ്യമായ അനുഭൂതിപരമ്പരകള്‍ നിറയ്ക്കുകയാണ് ഈ കാഴ്ച.
"സ്വര്‍ണ്ണഗോപുരച്ചുവര്‍ ചിത്രങ്ങള്‍ ഘോഷിക്കുന്നു
പ്രണയം ത്യജിക്കലും ഏറ്റുവാങ്ങലുമത്രേ.
സ്വന്തമാക്കുവാനല്ല പങ്കു വയ്ക്കുവാനല്ലോ
സാര്‍വ്വലൗകിക പ്രേമഭാവനയുണരുന്നു" എന്നാണ് കവി കുറിയ്ക്കുന്നത്.
പ്രണയം ത്യജിക്കലും പങ്കുവയ്ക്കലുമാണ്, പരസ്പരധാരണയാണ് അതിനെ മനോഹരമാക്കുന്നത്. "പ്രണയം വസന്തമായ് പൂത്തുലഞ്ഞിരുന്നെങ്കില്‍!" എന്നു പറയാന്‍ സാധിക്കുന്നത് അപ്പോളാണ്. 'തനിയെ' ആയിരിക്കുമ്പോഴാണ് നാം നമ്മെ കാണുന്നത്, വായിക്കുന്നത്, തിരിച്ചറിയുന്നത്. തനിയെയുള്ള യാത്രകള്‍ ഉള്ളിലേക്കുള്ള യാത്രകള്‍ കൂടിയാണ്. കാടും മേടും താണ്ടി ആകാശത്തെ തൊടാന്‍ പോകുന്നവര്‍ അവനവനിലെ ഏതോ ശൂന്യതയെ പൂരിപ്പിക്കുകയാണ്. ഉള്ളില്‍ ആര്‍ത്തിരമ്പുന്ന കടല്‍ കാണാന്‍ കടല്‍ത്തീരത്തു പോകേണ്ടതില്ല. പുറംകാഴ്ചകളില്‍ നിന്ന് ഈ കവി അകംകാഴ്ചകളിലേയ്ക്ക് ഊളിയിടുന്നു. ഇത് തിരിച്ചറിവിന്‍റെ സാന്ദ്രനിമിഷമാണ്. ജീവിതത്തില്‍ നാം നേരിടുന്ന ഓരോ അനുഭവവും തിരിച്ചറിവിന്‍റെ ശകലങ്ങളായി മാറുന്നത് ഈ കവി മനസ്സിലാക്കുന്നുണ്ട്. 'ഏകതാനമായ' ജീവിതവീഥികളിലൂടെ സഞ്ചരിച്ചു മടുത്തപ്പോള്‍ 'അവള്‍' പുത്തന്‍ വഴികള്‍ തേടുന്നു. യാത്ര എപ്പോഴും പുതിയ വഴികള്‍ തുറക്കുന്ന അനുഭവം കൂടിയായി മാറുന്നു.
ഓരോ അമ്മയും മകനെ ആശംസിക്കുന്നുണ്ട്. പുതിയ കാലത്തിന്‍റെ വീഥികളിലേയ്ക്ക് മകനെ കൈപിടിച്ച് ഇറക്കിവിടുമ്പോള്‍ എന്താണ് അമ്മയ്ക്ക് ആശംസിക്കാനാവുക? ഒടുങ്ങാത്ത സന്ദിഗ്ധതകളുടെ മുന്നില്‍ പകച്ചു നില്‍ക്കാനേ പലര്‍ക്കും സാധിക്കൂ.
"നേരുന്നു നന്മകള്‍ ഓമനേ നീയിനി
നേര്‍വഴി മാത്രം നടക്കുവാനായ്.
കത്തും മെഴുതിരിനാളമായ് അമ്മ നിന്‍
പാദങ്ങള്‍ കാക്കാം പൊലിയുമ്പോഴും" എന്നാണ് കവിതയിലെ അമ്മ നല്‍കുന്ന ആശംസ. ഇരുട്ടു നിറയുന്ന വഴിയില്‍ നേര്‍വഴി കണ്ടെത്താന്‍ എല്ലാ മക്കള്‍ക്കും കഴിയട്ടെ എന്നതാണ് ദര്‍ശനം.
'പെണ്മരം' എന്നത് നല്ലൊരു സങ്കല്പമാണ്.
"ഓരോ പെണ്ണും ഓരോ മരമാണ്.
കായ്കനികളും തണലുമാണ്,
ഇടവേളകളില്‍
ചാരി നിന്നും ചാഞ്ഞിരുന്നും
സൊറ പറഞ്ഞ്
നേരം കളയാന്‍
ഒരു തണല്‍ വട്ടവും" എന്ന് കവി കുറിക്കുന്നു. ആഴത്തില്‍ വേരോട്ടമുള്ള അവള്‍ എല്ലാം ഏറ്റുവാങ്ങുന്നു. വസന്തവും വര്‍ഷവും രുചിയും കനിവും പകര്‍ന്നു നല്‍കുന്നു. തായ്വേരറുത്താലും വീണ്ടും പൊട്ടിമുളയ്ക്കാന്‍ അവര്‍ക്കു കഴിയുന്നു. ഉര്‍വരതയുടെ താളമായി അവള്‍ മാറുന്നു. പെണ്മരത്തിന്‍റെ തണലും സാന്ത്വനവും ഉഷ്ണം നിറഞ്ഞ ഇന്നിനെ സമാശ്വസിപ്പിക്കാന്‍ ശക്തിയുള്ളതാണ്.
ഞാന്‍ കണ്ട കാഴ്ച നീ കണ്ടില്ല എന്നും നീ കണ്ടതെല്ലാം ഉണ്മയെന്നോര്‍ത്തുവെന്നും എഴുതുന്ന കവി തല തിരിഞ്ഞ കാഴ്ചകള്‍ കാണുകയാണ്. താന്‍ കണ്ട കാഴ്ചയാണ് തന്‍റെ സത്യം, തന്‍കാഴ്ചകളാണ് ഈ കവിതയിലെ സത്യസാന്നിധ്യം. ഈ കാഴ്ചകളില്‍ സത്യത്തിന്‍റെ ഭിന്ന വിതാനങ്ങള്‍ നാം കാണുന്നു.
പ്രണയം അതിന്‍റെ തീവ്രതയില്‍ 'വര്‍ത്തമാനം' മാത്രമാണെന്നു കരുതുന്ന കവി, അത് അനാദി കാലം മുതല്‍ കേട്ടുകൊണ്ടിരിക്കുന്ന നിലയ്ക്കാത്ത ഗീതകമാണ് എന്നു വിശ്വസിക്കുന്നു.
"അവസാനത്തെത്തൂവല്‍
കൊഴിഞ്ഞേ തീരുംവരെ
നെഞ്ചിലെയവസാന
ശ്വാസമറ്റിടും വരെ
നിന്‍റെ സ്വപ്നങ്ങള്‍ പൂത്ത
ചില്ലകള്‍ പൂകും വരെ
പറക്കുന്നതിദ്രുതം
പിന്‍വിളി കാതോര്‍ക്കാതെ" എന്നെഴുതുന്നത് ഈ ദൃഢബോധ്യം കൊണ്ടാണ്.
"വെളിച്ചത്തിന്‍റെ മൂടുപടമണിഞ്ഞ
ഇരുട്ടിന്‍റെ കാവല്‍ക്കാരാ
ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ
ശാപം തീണ്ടാത്ത
ഒരു കുരിശുമരണത്തിന്‍റെ മുക്തിയെങ്കിലും
എനിക്കു വിധിക്കൂ" എന്നെഴുതി മൗനത്തിന്‍റെ അര്‍ത്ഥസാന്ദ്രതകളാല്‍ കവി ദര്‍ശനത്തിന്‍റെ വെളിച്ചത്തിലേക്ക് നമ്മെ നയിക്കുന്നു.