നോമ്പ് ഒരര്‍ത്ഥത്തില്‍ ഒരു പര്‍വ്വതാരോഹണമാണ്. നാല്പതു രാവും നാല്പതുപകലുമുള്ള സീനായ് വാസം ഓര്‍ക്കുക. എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട് അവിടെ. "യഹോവ പിന്നെയും മോശയോട് കല്പിച്ചത്: നീ ജനത്തിന്‍റെ അടുക്കല്‍ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക. അവര്‍ വസ്ത്രം അലക്കി മൂന്നാം ദിവസത്തേയ്ക്ക് ഒരുങ്ങിയിരിക്കട്ടെ..... ഭാര്യയോടുള്ള ബന്ധത്തില്‍നിന്നകന്ന് നില്ക്കണം ..... ഒരു മൃഗവും മലയുടെ സമീപമുണ്ടാവരുത്." (പുറപ്പാട് 19:10,13,15) വസ്ത്രം ജീവിതധാര്‍മ്മികതയുടെ പ്രതീകമാണ്, ദൈവസന്നിധിയിലേയ്ക്ക് അടുക്കുന്നവരുടെ പെരുമാറ്റങ്ങളില്‍ കളങ്കമുണ്ടാവാന്‍ പാടില്ല, ഇന്ദ്രിയങ്ങളാല്‍ നയിക്കപ്പെടുന്ന മൃഗങ്ങളുടെ സ്വഭാവം വെടിയണം, ബ്രഹ്മചര്യം പാലിക്കണം എന്നിങ്ങനെയൊക്കെ പിതാക്കന്മാര്‍ അര്‍ത്ഥം നല്‍കുന്നുണ്ട്.
കാരണം, "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കിയിട്ടുള്ളതു കണ്ണു കണ്ടിട്ടില്ല; ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല." (1കൊറി 2:9). ഇന്ദ്രിയപരമായ എല്ലാ അറിവുകളെയും കഴുകിക്കളഞ്ഞിട്ടാണ് അതീന്ദ്രിയാനുഭവത്തിലേക്ക് പ്രവേശിക്കേണ്ടത്. ഇന്ദ്രിയങ്ങള്‍ മനസ്സില്‍ രൂപപ്പെടുത്തിയ എല്ലാ സങ്കല്‍പ്പങ്ങളില്‍ നിന്നും അനാബദ്ധരാകണം. ആഴങ്ങളെ അറിയുന്ന ആത്മാവിനൊപ്പം യാത്ര തുടരുക.
തപസ്സില്‍ പുരോഗമിക്കുന്ന മോശയ്ക്ക് ദൈവലിഖിതമായ പെരുമാറ്റച്ചട്ടങ്ങളുടെ ഫലകങ്ങള്‍ കൈവശമാകുന്നു. നോമ്പ് ഒരു അച്ചടക്കത്തെയാണ് സമ്മാനിക്കുന്നത്. തേജസ്സിലേയ്ക്ക് നമ്മെ കൈപിടിച്ചുകയറ്റുന്ന ഒരു പെരുമാറ്റച്ചട്ടമാണ് സീനായ്, മോശയ്ക്ക് സമ്മാനിക്കുന്നത്. ഇതയാളുടെ കണ്ണുകളെ വെളിച്ചം കൊണ്ട് നിറച്ചു. അയാള്‍ മരിക്കുമ്പോള്‍ നൂറ്റിയിരുപത് വയസ്സായിരുന്നുവെങ്കിലും അയാളുടെ കണ്ണ് മങ്ങിയിരുന്നില്ല എന്നല്ലേ വായിക്കുക. ഒരു വട്ടം കൂടെ പറയട്ടെ, തനിക്കു ലഭിച്ച ഉന്നതമായ കാഴ്ചപ്പാടുകളില്‍നിന്ന് അയാള്‍ മരണനാഴികയോളം വ്യതിചലിച്ചിരുന്നില്ല എന്നതിന്‍റെ ഒരു പ്രത്യക്ഷ അടയാളമായിത്തന്നെ ഒളിമങ്ങാത്ത ആ നയനങ്ങളെ കാണരുതോ?
നിശബ്ദരായിരിക്കുന്നവര്‍ എവിടേയ്ക്കാണ് സഞ്ചരിക്കുന്നത്? നമ്മോടധികം സംസാരിക്കാതെ അവര്‍ ആരോടൊപ്പമാവും ഏറെസമയം ചെലവഴിക്കുക. സുദീര്‍ഘമൗനങ്ങള്‍ക്കുശേഷം അവര്‍ പറയുന്നതെല്ലാം സത്യം മാത്രമാണ്. നല്ക്കുന്നതു ദൈവകല്പനകള്‍ മാത്രമാണ്. മോശ അങ്ങനെയായിരുന്നു. ഏലീയാവും യോഹന്നാനുമൊക്കെ അപ്രകാരം തന്നെ. അല്ലെങ്കില്‍തന്നെ ദൈവപുരുഷന്മാര്‍ എന്തിനാവും പ്രാര്‍ത്ഥിക്കാന്‍ ഉയര്‍ന്ന മലയിലേയ്ക്കു കയറുക? തമ്പുരാന് പതിവായിരുന്നു മലയിലേയ്ക്കുള്ള പിന്‍വാങ്ങല്‍! ദൈവപുരുഷന്മാരായ ഏലീയാവിന്‍റെയും ഏലീശയുടെയും പാര്‍പ്പാകട്ടെ ഗിരിശിഖയില്‍തന്നെ. ദൈവം പറയുമ്പോള്‍ മാത്രമാണ് അവര്‍ ഇറങ്ങിവരിക. കിളിവാതിലില്‍ നിന്ന് വീണുകിടക്കുന്ന അഹസ്യാവിന്‍റെ സേനാപതികള്‍ ഏലിയാവിനെ തേടിയെത്തിയത് മലമുകളിലേയ്ക്കാണ്. ദൈവം അനുവദിക്കുമ്പോള്‍ മാത്രമാണ് അവന്‍ ഇറങ്ങിച്ചെല്ലുകയെന്നതും ഓര്‍ക്കുക. ശൂനേംകാരിയുടെ തിരച്ചിലെത്തുന്നത് കര്‍മ്മേലിന്‍റെ ഉന്നതികളിലാണ്. സത്യത്തില്‍ ഈ മഹാ ഗുരുക്കന്മാര്‍ ജനസംഘത്തിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും ഇറങ്ങിച്ചെല്ലുക സവിശേഷലക്ഷ്യങ്ങളോടെയാണ്. ദൗത്യങ്ങളില്ലാത്ത സഞ്ചാരങ്ങള്‍ അവര്‍ക്കിടയിലില്ല. ദൈവം അരുളിയതിനെ പ്രബോധിപ്പിക്കുക (Teaching).. ദൈവകരുണയാല്‍ സൗഖ്യം പകരുക (Healing).. ദൈവശക്തിയാല്‍ പോഷണമേകുക (Feeding).. ദൈവത്തിന്‍റെ വാക്കല്ലാതെ മറ്റൊന്നും പറയാനില്ലാത്തവര്‍ എങ്ങനെയാണ് വീണ്‍ചിന്തകളില്‍ രമിക്കുക. വെറും വാക്കുകളില്‍ രസിക്കുക. വ്യര്‍ത്ഥയാത്രകളില്‍ ഭ്രമിക്കുക.
മലകള്‍ അദ്ധ്യാത്മികപാരമ്പര്യങ്ങളില്‍ ഏറെ സാംഗത്യമുള്ളവയാണ്. ശാരീരികമായ ഒരു പര്‍വ്വതാരോഹണം നോക്കുക. കയറുംതോറും നിങ്ങളുടെ കാഴ്ചകള്‍ വിശാലമാവുകയാണ്. മനുഷ്യര്‍ക്കിടയിലുള്ള അതിരുകളും മതിലുകളും ചെറുതായിവരുന്നു. അതീതമായൊരു ബോധത്തിലേയ്ക്കുള്ള ഉണര്‍വുപോലെ! താഴെനിന്ന് കാണവേ വലുതും വിലപിടിച്ചതുമായി തോന്നിയ പലതിനും അത്രയൊന്നും വലിമ കാണുന്നതേയില്ല. അധമബോധങ്ങളില്‍ ഏറ്റവും വലുതെന്ന് ശഠിക്കുന്ന പലതും ഉയര്‍ന്ന ബോധങ്ങളില്‍ അത്രയൊന്നും സാരവത്തായ സംഗതികളല്ലെന്നത് ഒരു ആത്മീയമായ തിരിച്ചറിവും കൂടെയാണല്ലോ. പിന്നെങ്ങനെയാണ് അവര്‍ നമ്മെപ്പോലെ നിസ്സാരതകള്‍ക്കുവേണ്ടി കലഹം കൂട്ടുക?
യോഹന്നാനും മറ്റും ഉഗ്രശബ്ദത്തില്‍ ചരിത്രത്തിലേയ്ക്കു കടന്നുവരുന്നതുവരെയും വിജനദേശത്ത് മറഞ്ഞിരിക്കുകയാണ്. മൗനത്തിന്‍റെ കൊടുമുടിയില്‍ നിന്നാണ് ഇവര്‍ ശബ്ദത്തിലേയ്ക്കിറങ്ങുക. എന്താണ് മൗനം? അതു മനുഷ്യരോടുള്ള മിണ്ടാതിരിക്കലല്ല; ദൈവത്തോടുള്ള സംഭാഷണമാണെന്ന് പൗരസ്ത്യര്‍ നിസംശയം പറയുന്നു.‘their mouth were sanctified because they coutinously talk with God’ എന്നൊക്കെയാണ് അവര്‍ പറയുന്നത്.
നമുക്കെത്ര ഭയമാണ് നിശബ്ദതയെ! ഒരു ട്രാഫിക് സിഗ്നല്‍. ഒരു റോഡ് ബ്ലോക്ക്. അതുപോരേ നമ്മെ അസ്വസ്ഥരാക്കാന്‍! മരുഭൂമിയില്‍ നിന്ന് ആഴ്സെനിയൂസ് പറയുന്നു, "സംസാരിച്ചതോര്‍ത്ത് പലപ്പോഴും പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സംസാരിക്കാതിരുന്നതോര്‍ത്ത് അങ്ങനെ ഉണ്ടായിട്ടില്ല.چچ ശരിക്കും നാം നമ്മെത്തന്നെ അഭിമുഖീകരിച്ചിട്ടുണ്ടോ ഒരു നിമിഷമെങ്കിലും! മൗനം അതിലേയ്ക്കുള്ള വാതിലാണ്. ഫ്രാന്‍സിസ് പാപ്പായുടെ മൊഴിയെടുത്താല്‍, "എങ്ങനെയാണ് ഒരു വിശുദ്ധനുണ്ടാകുന്നത്. ജീവിതത്തില്‍ ഇന്നുവരെ ആരെയും കുറ്റംപറഞ്ഞിട്ടില്ലാത്തതും വിധിക്കാത്തതുമായ ഒരുവനെ കണ്ടെത്തുക. അവന്‍ വിശുദ്ധനാണ്."
ശരിക്കും തമ്പുരാനോടുകൂടെയിരുന്നാണ് തന്‍റെ ശിഷ്യന്മാര്‍ ഏവരും പ്രസംഗിപ്പാന്‍ പോയതും ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം നേടിയതും. ശിഷ്യത്വത്തിന്‍റെ ഈ കൂട്ടിരുപ്പിനെക്കുറിച്ചാണ് നമ്മുടെ തിരക്കുകള്‍ക്കിടയില്‍ നാം മറന്നുപോകുന്നത്. ഒരാള്‍ കുമ്പസാരത്തെക്കുറിച്ച് പറഞ്ഞതുപോലെ, ഞാന്‍ അധികം പാപമൊന്നും ചെയ്തിട്ടില്ല; കാരണം പാപം ചെയ്യാന്‍പോലും ഇപ്പോള്‍ സമയം കിട്ടാറില്ലത്രെ! സത്യത്തില്‍ നമുക്കു പ്രാര്‍ത്ഥിക്കാന്‍ പോലും സമയം കിട്ടാറില്ലല്ലോ! പിന്നെയല്ലേ തമ്പുരാന്‍റെ ഒപ്പമിരിക്കാന്‍!