നൃത്തത്തില്‍നിന്നും നര്‍ത്തകനെ എങ്ങനെയാണ് തിരിച്ചറിയുക? നൃത്തവും നര്‍ത്തകനും ഒന്നായിക്കഴിഞ്ഞിരിക്കുന്നു. അയാളുടെ പദചലനങ്ങള്‍ അയാളുടേതല്ല, നൃത്തത്തിന്‍റെതാണ്. ഇതാണ് ആവാഹനം, ചലനങ്ങളാല്‍ ആവാഹിക്കപ്പെട്ട മനുഷ്യന്‍. നിശ്ചലനാകാന്‍ പഠിച്ചതിനുശേഷം ചലിക്കാന്‍ തുടങ്ങിയ ഒരാളായിരുന്നു അവന്‍. നീണ്ട മുപ്പതു വര്‍ഷത്തെ നിശ്ചലതയും നിശബ്ദതയും അവന്‍ അവനെത്തന്നെ കാത്തിരിക്കുന്നതുപോലെയാക്കി.അവന്‍ അവനിലേക്ക് എത്തിച്ചേരാന്‍ കാലതാമസം എടുക്കുന്നതുപോലെ. അവന്‍റെ പേരിന്‍റെ അര്‍ത്ഥം തന്നെ കാത്തിരിപ്പ് എന്നാണോ? പക്ഷെ കാലം അവനെ കാത്തിരുന്നു എന്നാണ് പ്രവചനങ്ങള്‍ പറയുന്നത്, അവന്‍ കാലത്തിനെ കണ്ടു മുട്ടിയപ്പോള്‍ അത് രണ്ടു കാത്തിരിപ്പുകള്‍ തമ്മില്‍ കണ്ടുമുട്ടിയതുപോലെയായി.
പിന്നെയാണവന്‍ യാത്ര തുടങ്ങിയത്, അല്ലങ്കില്‍ നൃത്തം തുടങ്ങിയത്. പുഴകള്‍ നീന്തിക്കടന്നും, മലകള്‍ കയറിയിറങ്ങിയും യാത്ര ചെയ്യാന്‍ കുറച്ചുപേരെ അവന്‍ കൂടെ കൂട്ടി. ചുറ്റുപാടുകള്‍ നിശ്ചലമായിരുന്നു, ചലിക്കുന്നു എന്നതവരുടെ തോന്നല്‍ മാത്രമായിരുന്നു. ചലനവും നിശ്ചലതയും തമ്മിലുള്ള സംഘര്‍ഷമാണിവിടെ. നിയമത്തിന്‍റെ ചുവന്നനാടയില്‍ കുരുങ്ങിപ്പോയ ജീവിതങ്ങള്‍. നിയമത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും കുടുക്കിലിട്ട് മതാചാര്യന്മാര്‍ മനുഷ്യരെ ഭൂതകാലത്തിലേക്ക് വലിച്ചു കൊണ്ടുപോയി, അവരുടെ പുരോയാനങ്ങളെ കവര്‍ന്നെടുത്തു. അവന്‍ കലഹിച്ചുകൊണ്ടേയിരുന്നു. മനുഷ്യന്‍റെ തലയില്‍ വലിയ ചുമടുകള്‍ വച്ചുകൊടുക്കുകയും അതിറക്കാന്‍ ഒരു വിരല്‍പോലും അനക്കാത്ത മേല്‍ക്കോയ്മകളെ എതിര്‍ക്കുകയും ചെയ്തു.
അവന്‍റെ യാത്ര അവരെ ഭയപ്പെടുത്തി.അവന്‍ ഇനി ഒരിക്കലും ചലിക്കാതിരിക്കാന്‍ അവര്‍ അവനെ മരത്തില്‍ പിടിച്ചുകെട്ടി, ആണികളില്‍ തുളച്ചിട്ടു. പക്ഷെ, തിരശ്ചീനവും ലംബവുമായി നാട്ടിയ തടിക്കഷണങ്ങള്‍ പുതിയ യാത്രാപഥങ്ങള്‍ അവന്‍റെ മുമ്പില്‍ തുറന്നിട്ട്, ഇനി ആര്‍ക്കും തടയാനാവാത്ത പുതിയ യാത്രകള്‍ അവനു നല്‍കി. ഇനി അവന് എങ്ങോട്ടും എങ്ങനെയും സഞ്ചരിക്കാമെന്നായി. കാലം അവനെ കാലത്തില്‍നിന്നും ലോകം അവനെ ലോകത്തില്‍ നിന്നും മോചിപ്പിച്ചു.
ഒരേയൊരു കുഴപ്പം മാത്രം, ഇനി അവനു തിരിച്ചുവരണമെങ്കില്‍ ആരെങ്കിലും അവനെ വിളിക്കണം. അവള്‍ അവന്‍റ ശവകുടീരത്തിങ്കല്‍ ഓടിയെത്തി, റബ്ബീ റബ്ബീ എന്നു വിളിച്ചുകൊണ്ട്. എല്ലാവരും അവന്‍റെ മരണത്തില്‍ വിശ്വസിച്ചപ്പോള്‍ അവള്‍ മാത്രം സംശയിച്ചു, എങ്ങനെ അവനു മരിക്കാന്‍ കഴിയും! സ്ത്രീ അവളുടെ പ്രിയപ്പെട്ടവന്‍റെ മരണത്തില്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. അവളുടെ വിളികേട്ട് അവന്‍ തിരിച്ചു വിളിച്ചു, മറിയം! ഉത്ഥാനം അപ്പോള്‍ വിളിയും അതിനു കിട്ടുന്ന മറുവിളിയുമായി.
ഉയിര്‍പ്പ് അവനെ കൂടുതല്‍ മനുഷ്യനാക്കി എന്നതാണ് ഏറ്റവും അത്ഭുതം. ഒരു തോട്ടക്കാരനെപ്പോലെ തികച്ചും സാധാരണമാക്കി, മിശിഹാ തികച്ചും സാധാരണക്കാരനാണ്. ഉത്ഥിതനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്ന യാതൊന്നും ഇല്ലായിരുന്നു. ഉത്ഥാനത്തിന് അവന്‍റെ മുറിവുകള്‍പോലും ഉണക്കാന്‍ സാധിച്ചില്ല. മരണത്തിന്‍റെ വടുക്കള്‍ പേറുന്ന ഉത്ഥാനമായിരുന്നു അവന്‍റേത്. അവര്‍ അവനെ കണ്ടപ്പോള്‍ പേടിച്ചു ഭൂതം എന്നു വിളിച്ചു. ഭൂതകാലത്തില്‍നിന്നും തിരിച്ചുവരുന്നതാണ് ഭൂതം.
പക്ഷെ അവന്‍ വരുന്നത് ഭാവികാലത്തില്‍ നിന്നാണെന്ന് അവര്‍ക്കു മനസ്സിലായില്ല. അവരുടെ തെറ്റിദ്ധാരണ മാറ്റുന്നതിനായി അവന്‍ അവരോടു കഴിക്കാന്‍ എന്തെങ്കിലും തരുമോ എന്നു ചോദിച്ചു. അവര്‍ കൊടുത്ത വറുത്തമീന്‍ അവന്‍ രുചിയോടെ കടിച്ചുതിന്നു. ആത്മാവ് അവയവങ്ങളില്ലാത്ത ശരീരമാണ്. ഉത്ഥിതനാകട്ടെ വറുത്തമീന്‍ ഭക്ഷിക്കുന്ന തികച്ചും ഭൗതികന്‍.
ഉത്ഥിതന് വിജഭേരി മുഴക്കുന്ന ഒന്നിന്‍റെയും ആവശ്യമില്ലായിരുന്നു. വിജയശ്രീലാളിതനായി കൈയിലൊരു കൊടിയുമായി അല്ല അവന്‍ ഉയിര്‍ത്തെഴുന്നേറ്റത്. അവന്‍റെ കൈയില്‍ കൊടി തിരുകി കയറ്റി വിജയാരവങ്ങള്‍ മുഴക്കാന്‍ തുടങ്ങിയതോടെ അവന്‍ അപ്രത്യക്ഷനായി. കഴുതപ്പുറത്തുനിന്നും കുതിരപ്പുറത്തു കയറാന്‍ അവന്‍ മടിക്കുന്നതുപോലെ.