news-details
മറ്റുലേഖനങ്ങൾ

വാക്കിന്‍റെ വേരുകള്‍ തേടിപ്പോയ വൈദികന്‍

ശൂന്യമായ പാത്രങ്ങളുടെ ചിലമ്പലുകള്‍ കൊണ്ട് മുഖരിതമാണ് ലോകം. ആത്മീയത പോലും കര്‍ണപുടങ്ങളെ തുളയ്ക്കുന്ന വാചക കസര്‍ത്തായി തരം താഴുകയാണ്. ഇങ്ങനെയൊരു കാലത്താണ് നിറകുടം തുളുമ്പാതെ ഒരാള്‍ 2010 വരെ നമ്മുടെ ഇടയില്‍ ജീവിച്ചത് - ഡോ. കെ. ലൂക്ക് എന്ന കപ്പൂച്ചിന്‍ സന്ന്യാസവൈദികന്‍ വ്യാകരണപരമായി തെറ്റില്ലാത്ത മലയാളം സംസാരിക്കുന്ന ഏഴു ഭാഷകളില്‍ പ്രാവീണ്യമുള്ള ഡോ. റോഡ് മോഗിനെ പരിചയപ്പെടുത്തിക്കൊണ്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ചാനലുകളിലൊന്നില്‍ ഒരു അഭിമുഖം വന്നു. അതു കേട്ട ദിവസമാണ് നമ്മള്‍ മലയാളികള്‍ അറിയാതെ പോകുന്ന മുറ്റത്തെ മുല്ലയുടെ മണത്തെക്കുറിച്ച് ഓര്‍ത്തത്. ഡോ. കെ. ലൂക്ക് മുറ്റത്തെ മുല്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ആരും അറിഞ്ഞതുമില്ല. ഭാഷാശാസ്ത്രത്തില്‍ സമാനതകളില്ലാത്ത ഒരു ഏഷ്യാക്കാരനായിരുന്നു ഡോ. കെ. ലൂക്ക്. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ഭാഷാപണ്ഡിതന്മാരില്‍ (പോളിഗ്ലോട്ട് ഫിലോളജിസ്റ്റ്) ഒരാളായിരുന്നു അദ്ദേഹം. 43-ല്‍ പരം ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു.

24 മാര്‍ച്ച് 1927 -ല്‍ ഭരണങ്ങാനം അമ്പാറയില്‍ മാത്യു-അന്ന ദമ്പതികളുടെ ആദ്യത്തെ പുത്രനായി കെ. ലൂക്ക് എന്ന കുര്യാക്കോസ് ജനിച്ചു. പ്ലാത്തോട്ടത്തില്‍ (കൊച്ചിലെട്ടൊന്നില്‍) കുടുംബത്തില്‍ വല്യപ്പന്‍റെ സംസ്കൃത ഭാഷാ പ്രാവീണ്യം കേട്ടു വളര്‍ന്ന കുര്യാക്കോസ് ബാല്യത്തില്‍ തന്നെ ഭാഷയോടുള്ള ആഭിമുഖ്യം സ്വായത്തമാക്കി. 1941-ല്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കുര്യാക്കോസ് തന്‍റെ ജീവിതം കടന്നു പോകേണ്ട വഴികളെക്കുറിച്ചുള്ള ഗൗരവമായ ആലോചനയിലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ വഴിയില്‍ ഒരു സന്ന്യാസജീവിതശൈലി സ്വീകരിക്കാന്‍ കുര്യാക്കോസ് തീരുമാനിച്ചു. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്ണു തുറന്ന വര്‍ഷം 13 ജൂണ്‍ 1947 ന് മാംഗ്ലൂരില്‍ ഫറങ്കിപേട്ട് വെച്ച് സന്ന്യാസവ്രതം നടത്തി കുര്യാക്കോസ്, കെ. ലൂക്ക് എന്ന കപ്പൂച്ചിന്‍ സന്ന്യാസിയായി മാറി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൊല്ലം, കോട്ടഗിരി എന്നിവടങ്ങളില്‍ തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനങ്ങള്‍ യഥാക്രമം പൂര്‍ത്തീകരിച്ച് 25 മാര്‍ച്ച് 1953 ല്‍ വൈദികനായി അഭിഷിക്തനായി.

സന്ന്യാസവൈദിക പരിശീലനകാലത്തു തന്നെ അറിവിനോടും ഭാഷയോടുമുള്ള ലൂക്കിന്‍റെ അഭിനിവേശം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്‍റെ അധികാരികള്‍ വൈദികപട്ടം കഴിഞ്ഞ് ഉടന്‍തന്നെ അദ്ദേഹത്തെ ഉപരിപഠനത്തിനായി റോമിലേക്ക് അയയ്ക്കുകയായിരുന്നു. ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ 1956ലും ബിബ്ലിക്കും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1958 ലും രണ്ട് ഡിഗ്രികള്‍(STC L.S.S) പൂര്‍ത്തിയാക്കിയ അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി കോട്ടഗിരിയിലെ ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ആരംഭിച്ചു.

ഭാഷയോടുള്ള ലൂക്കച്ചന്‍റെ അഭിനിവേശം സാക്ഷാത്കരിക്കാന്‍ 1965 അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ തന്‍റെ ഗവേഷണം നടത്താന്‍ ലൂക്കാച്ചന് അവസരം സിദ്ധിക്കുന്നത് ഏറെ കടമ്പകള്‍ മറികടന്നാണ്. സെക്യുലറിസ്റ്റ് ചിന്താഗതികള്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ പിടിമുറുക്കിക്കൊണ്ടിരുന്ന അക്കാലത്ത് വൈദികര്‍ക്ക് പഠിക്കുക അത്ര എളുപ്പമായിരുന്നില്ല. അധികാരികളില്‍ നിന്ന് അനുവാദം കിട്ടില്ല എന്നതു തന്നെ കാരണം. പക്ഷേ ലൂക്കാച്ചനു വേണ്ടി അദ്ദേഹത്തിന്‍റെ പ്രൊവിന്‍ഷ്യല്‍ പലവട്ടം റോമിലേക്ക് എഴുതിച്ചോദിച്ച് പല ഉപാധികളോടെ ഈ അനുവാദം വാങ്ങിയെടുക്കുകയായിരുന്നു.  1971 ല്‍ ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്ന്  ORIENTALISTICS എന്ന ഭാഷാവിഭാഗത്തില്‍ ലൂക്കാച്ചന്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയത് ഉന്നത മികവോടെയായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കാം അദ്ദേഹത്തോട് തുടര്‍ന്ന് യൂണിവേഴ്സിറ്റിയുടെ ഫിലോളജി ഡിപ്പാര്‍ട്ടുമെന്‍റില്‍ പഠിപ്പിക്കാമോ എന്ന് യൂണിവേഴ്സിറ്റി തന്നെ ആരാഞ്ഞത്. എന്നാല്‍ ഇന്ത്യയിലേക്കു മടങ്ങാനായിരുന്നു ഡോ. കെ. ലൂക്കിന്‍റെ തീരുമാനം. അദ്ദേഹത്തിന്‍റെ വളരെ മൗലികമായ ഗവേഷണ പ്രബന്ധത്തിന്‍റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു -  Non Paradigmatic Forms of Weak Verbs in Masoretic Hebrew.

നാട്ടില്‍ തിരിച്ചെത്തിയ ഫാ. ലൂക്ക് തൃശൂര്‍ കാല്‍വരി ഫിലോസഫിക്കല്‍ കോളേജില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളെ ബൈബിള്‍ ദൈവശാസ്ത്രം, ഇന്ത്യന്‍ തത്വശാസ്ത്രം, ഇസ്ലാം തത്വചിന്ത എന്നിവ പഠിപ്പിക്കുന്നതില്‍ വ്യാപൃതനായി. അക്കാലഘട്ടത്തില്‍ ബാംഗ്ലൂര്‍ സെന്‍റ് പീറ്റേഴ്സ് സെമിനാരി, ആലുവാ സെന്‍റ് ജോസഫ് സെമിനാരി, വടവാതൂര്‍ സെന്‍റ് തോമസ് സെമിനാരി, നിടഡവോലു (ആന്ധ്രാപ്രദേശ്) മേജര്‍ സെമിനാരി, സെന്‍റ് ഫ്രാന്‍സീസ് കോളേജ് ഏലൂര്‍ (ആന്ധ്രാ) എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായി അദ്ധ്യാപനത്തിലേര്‍പ്പെട്ടു. ഇതില്‍ ചില സ്ഥാപനങ്ങളെ അദ്ദേഹം കൂടുതല്‍ ഇഷ്ടപ്പെട്ടു. സ്ഥാപനത്തിന്‍റെ വിദ്യാഭ്യാസനിലവാരം മാത്രമായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ച ചില സ്ഥാപനങ്ങളോട് പ്രത്യേക അടുപ്പം തോന്നാനുള്ള കാരണം. 1986 ല്‍ കോട്ടയത്ത് പുതുതായി സ്ഥാപിതമായ കപ്പൂച്ചിന്‍ ദൈവശാസ്ത്ര വിദ്യാപീഠമായ സെന്‍റ് ഫ്രാന്‍സീസ് കോളേജ് തെള്ളകത്തേക്ക് സ്റ്റാഫ് മെമ്പറായി സ്ഥലം മാറി വന്ന ലൂക്കാച്ചന്‍ തന്‍റെ ശ്രേഷ്ഠ ജീവിതം മുഴുവന്‍ അവിടെ ദൈവശാസ്ത്രം പഠിപ്പിക്കുകയായിരുന്നു. അവസാനവര്‍ഷങ്ങളോടടുക്കുമ്പോള്‍ ശാരീരിക ക്ഷീണവും രോഗവും കൂടിവന്ന ലൂക്കാച്ചനെ ഭരണങ്ങാനം അസ്സീസി ആശ്രമത്തിലേക്ക് മെച്ചപ്പെട്ട പരിചരണത്തിനും ചികിത്സക്കും വേണ്ടി കൊണ്ടുവന്നു. അവിടെവച്ച് 2010 ജൂണ്‍ 10 ന് അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്‍റെ ഭൗതിക അവശിഷ്ടം ഭരണങ്ങാനം ആശ്രമ സെമിത്തേരിയില്‍ മറവു ചെയ്തിരിക്കുന്നു.

മനുഷ്യരുടെയും മാലാഖമാരുടെയും ഭാഷകളില്‍ സംസാരിച്ചാലും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമില്ല എന്നു പറഞ്ഞത് പൗലോസ് ശ്ലീഹായാണ്. ഭാഷയുടെ കുലപതി എന്നതിനപ്പുറം ലൂക്കച്ചനെ വ്യത്യസ്തനാക്കിയത് ഭാഷയ്ക്കപ്പുറമുള്ള ഒരു ജീവിതമായിരുന്നു. ഒരു മലയാളിയായി ജനിച്ചതുകൊണ്ട് ഒരു കപ്പൂച്ചിന്‍ സന്ന്യാസിയായി ലാളിത്യത്തില്‍ ജീവിച്ചതുകൊണ്ട് ലോകം അറിയാതെ പോയ ഒരാളാണ് ഡോ. കെ. ലൂക്ക്. ഒരിക്കലും ഒരു ഫോട്ടോ എടുക്കാന്‍ പോലും താരപ്രഭയില്‍ നിന്നുതരാത്ത ഒരാള്‍. പഠനത്തിന്‍റെ, വായനയുടെ, എഴുത്തിന്‍റെ നീണ്ട ഇടവേളകളില്‍ കയ്യില്‍ ഒരു പിടി പുല്ലുമായി പശുക്കൂട്ടില്‍ എത്തിയിരുന്ന ഒരു പ്രകൃതിസ്നേഹി. പൂക്കളെ, കിളികളെ, പച്ചപ്പിനെ അദ്ദേഹം സ്നേഹിച്ചു. വളരെ ലളിതമായിരുന്നു ആ ജീവിതം. താന്‍ വിലപ്പെട്ടതായി കണ്ട കുറെ പുസ്തകങ്ങള്‍ക്കപ്പുറം കാര്യമായി ഒന്നും തന്നെ അദ്ദേഹത്തിന്‍റെ ഭൗതിക ശേഖരത്തില്‍ ഉണ്ടായിരുന്നില്ല. നടന്നുപോകുന്ന വഴിയിലെ പുല്ലിനോ എറുമ്പിനോ പോലും നോവലുണ്ടാവരുതെന്ന ബദ്ധശ്രദ്ധയില്‍ ചരിച്ച ജൈനസന്ന്യാസികളെപ്പോലെ നടന്ന ലൂക്കാച്ചന്‍, ജീവിച്ച ഇടങ്ങളില്‍ ആരും അങ്ങനെ ഒരു സാന്നിദ്ധ്യത്തെ കാര്യമായി ശ്രദ്ധിക്കുകപോലും ചെയ്തില്ല.

താന്‍ പഠിപ്പിച്ച ഏതൊരു വിദ്യാര്‍ത്ഥിയേയും അറിവിന്‍റെ കാര്യത്തില്‍ എത്രയറ്റം വരെ പോയി സഹായിക്കാനും അദ്ദേഹം എപ്പോഴും മനസ്സായിരുന്നു. ലൈബ്രറിയിലെ ഓരോ പുസ്തകങ്ങളും അവയുടെ ഷെല്‍ഫിന്‍റെ സ്ഥാനവും പുസ്തകങ്ങളുടെ നിരയും എണ്ണവും അടക്കം അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. ചിലപ്പോള്‍ സംശയം ചോദിച്ചാല്‍ പറയും ലൈബ്രറിയിലെ ഇത്രാമത്തെ പുസ്തകം എടുത്ത് അതിന്‍റെ ഇത്രാമത്തെ അദ്ധ്യായം വായിക്കൂ എന്ന്. അതായിരുന്നു അദ്ദേഹത്തിന്‍റെ ഫോട്ടോക്കോപ്പി ഓര്‍മ്മശക്തി.

ശരീരത്തില്‍ ഒരിക്കലും പൂര്‍ണ്ണ സ്വാസ്ഥ്യം അനുഭവിച്ച ആളായിരുന്നില്ല ലൂക്കച്ചന്‍. തുടര്‍ച്ചയായ വായന കണ്ണുകളുടെ കാഴ്ചയെ പടിപടിയായി കുറച്ചു. സന്ന്യാസജീവിതത്തിന്‍റെ ഉപവാസങ്ങള്‍ വയറിനെ ശരിക്കും ബാധിച്ചിരുന്നു. അവസാനകാലം ഓര്‍മ്മകള്‍ പിടികൊടുക്കുന്നുണ്ടായിരുന്നില്ല. എങ്കിലും ഒരിക്കല്‍ പോലും ലൂക്കാച്ചന്‍ സ്വന്തം കാര്യത്തില്‍ ഒരു പരാതി പറഞ്ഞതായി അദ്ദേഹത്തെ നേരിട്ടറിയാവുന്ന ആര്‍ക്കും പറയാനാവില്ല.

മഹത്വമന്വേഷിച്ച് എന്നും പടിഞ്ഞാറേക്ക് മാത്രം നോക്കുന്ന പണ്ഡിതര്‍ ഉള്ള നമ്മുടെ സര്‍വ്വകലാശാലകള്‍ ഡോ. കെ. ലൂക്ക് എന്ന മഹത്വ്യക്തിയെ തിരിച്ചറിയുമെന്ന് വ്യാമോഹിച്ചിട്ട് കാര്യമില്ല. അതിന്‍റെ നഷ്ടം അവര്‍ക്കു തന്നെ. അതുകൊണ്ടു തന്നെ ആ സ്മരണ കെടാതെ നിലനിര്‍ത്താന്‍ ലൂക്കാച്ചന്‍റെ ശിഷ്യഗണങ്ങളായ ഞങ്ങള്‍ ബാദ്ധ്യസ്ഥരാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ഒരു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിരിക്കുകയാണ് ഭരണങ്ങാനത്ത്. ഭരണങ്ങാനത്തെ അസ്സീസി പ്രസിനോടു ചേര്‍ന്ന് അസ്സീസി ആര്‍ക്കെയ്ഡിലാണ് ഈ സ്ഥാപനം. ഇവിടെ ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, ഇംഗ്ലീഷ് ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കുന്നു. ഈ സ്ഥാപനത്തിന്‍റെ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:

Fr. Jeby Mukachirayil O.F. M. Cap
Director
Dr. K. Luke Memorial Assisi Institute of
Foreign Languages,
Bharananganam, Palai, Kottayam.
Mob. 9961246648, email: assisiifl@gmail.com

 
 

You can share this post!

കുസൃതി

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts