എങ്ങും വിഷം പടരുകയാണ്. മണ്ണില്‍, വെള്ളത്തില്‍, വായുവില്‍, ഭക്ഷണത്തില്‍, ചിന്തയില്‍, വാക്കില്‍, പ്രവൃത്തിയില്‍, രാഷ്ട്രീയത്തില്‍, മതത്തില്‍, വിദ്യാഭ്യാസത്തില്‍, മാധ്യമങ്ങളില്‍, കുടുംബത്തില്‍, സമൂഹത്തില്‍, ലോകത്തില്‍... എല്ലാം വിഷം വ്യാപിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും വിഷമുള്ളതാകുമ്പോള്‍ നമ്മുടെ ശരീരവും വിഷമയമാകുന്നു. നാം ചവുട്ടിനില്‍ക്കുന്ന മണ്ണിലും വിഷമുണ്ട്. എല്ലാ വസ്തുക്കളിലും വിഷം കലര്‍ത്തുന്നവര്‍ പതുക്കെ കൊല്ലുന്നവരാണ്. നേരിട്ടു വിഷം കൊടുത്തുകൊല്ലുന്നതിനു പകരം മെല്ലെയാണ് കൊല്ലുന്നതെന്നു മാത്രം! വിഷം കലരുകയല്ല, കലര്‍ത്തുകയാണ്. നാം നമ്മുടെ മാലിന്യമെല്ലാം പുറത്തേക്കൊഴുക്കുന്നു. നദികളെല്ലാം വിഷം കൊണ്ടുനിറയുന്നു. മുലപ്പാലില്‍പ്പോലും വിഷമുണ്ട്. അതുകൊണ്ടാണ് 'കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്' എന്ന് കവി പറയുന്നത്. മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിഷം വ്യാപിക്കുമ്പോള്‍ ശുദ്ധമായതെന്തും അപ്രസക്തമാകുന്നത് നാം കാണുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യമുണ്ടാകുന്നത്? എന്തിലും ഏതിലും പാഷാണം കലക്കുന്നവരുടെ വികാരവിചാരങ്ങള്‍ എന്താണ്? ജീവിച്ചിരിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തിനുമേലാണ് ഇവര്‍ കരിനിഴല്‍ വീഴ്ത്തുന്നത്. മനസ്സില്‍ നിറഞ്ഞ വിഷമല്ലേ പുറത്തേക്കു വ്യാപിക്കുന്നത്? ധാര്‍മ്മികമായ യാതൊരു അലട്ടലുമില്ലാതെ ഇതെല്ലാം ചെയ്യാന്‍ കഴിയുന്നവിധത്തില്‍ അധഃപതിക്കുന്നതെന്തുകൊണ്ടാണ് എന്നും നാം ചോദിക്കേണ്ടതുണ്ട്. സമൂഹത്തിന്‍റെ നിലനില്പിന്‍റെ അടിസ്ഥാനമായ പലതും നിലംപതിക്കുന്ന കാലത്ത് 'എന്തും സാധ്യമാണ്' എന്ന ചിന്തയിലേക്ക് പലരും നിപതിക്കുന്നു.
ഏവരും ചോദിക്കുന്ന ഒരു ചോദ്യമാണ്, 'ജീവിതത്തിന്‍റെ ലക്ഷ്യമെന്ത്?' എന്നത്. ലക്ഷ്യത്തെക്കുറിച്ച് പലര്‍ക്കും പല വിചാരങ്ങളാണുള്ളത്. അത് ജീവിതദര്‍ശനവുമായി ബന്ധപ്പെട്ടതാണ്. ഓരോ വ്യക്തിയുടെയും ജീവിതദര്‍ശനം അയാളുടെ ലക്ഷ്യത്തെ സ്വാധീനിക്കും. വിപണികേന്ദ്രിത ലോകത്ത് എല്ലാം ഭൗതികനേട്ടങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നാം കാണുന്നത്.
അപ്പോള്‍ ജീവിതത്തിനുള്ള അധികമാനങ്ങള്‍ ഇല്ലാതാകുന്നു. വിപണിയില്‍ വിജയിക്കുക എന്നതാണ് ജീവിതത്തിന്‍റെ ലക്ഷ്യം എന്നു വരുന്നു. വിഷം കലക്കിയും കൊന്നും കൊലവിളിച്ചും സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുക എന്നതാകുന്നു ജീവിതലക്ഷ്യം. വേഗത്തിന്‍റെ കുത്തൊഴുക്കില്‍ സ്വാസ്ഥ്യം നല്‍കുന്ന പലതും വഴുതിപ്പോകുന്നു. വിഷമയമായ മനസ്സില്‍ നിന്നാണ് പുറത്തേക്കും വിഷം വ്യാപിക്കുന്നത്. മൂല്യവിചാരങ്ങളും ദര്‍ശനങ്ങളും അപ്രസക്തമാകുന്ന വാണിജ്യത്തിന്‍റെ വേഗമാര്‍ന്ന കുതിപ്പില്‍ എല്ലാ ഔഷധത്തിലും വിഷം കലര്‍ത്തുന്നു. വരുംതലമുറകളെയും വിഷത്തില്‍ മുക്കിക്കൊല്ലാന്‍ യാതൊരു മടിയും ഇല്ലാതാകുന്നു. കോട്ടകൊത്തളങ്ങള്‍ കെട്ടിയുയര്‍ത്താനുള്ള പരക്കംപാച്ചിലില്‍, അണുധൂളിപ്രസാരത്തില്‍ അവിശുദ്ധ ദിനങ്ങളിലേക്ക് നാം കൂപ്പുകുത്തുന്നു.
വിഷം കലര്‍ന്ന മനസ്സില്‍നിന്ന് വിഷമേ നിര്‍ഗളിക്കൂ. വിഷം കലര്‍ന്ന രാഷ്ട്രീയത്തില്‍നിന്നും മതത്തില്‍നിന്നും വിഷമേ പുറപ്പെടൂ. പുറത്തു കാണുന്ന, തൊട്ടറിയാവുന്ന വിഷത്തെക്കാള്‍ ശക്തിയുള്ളത് ഉള്ളില്‍ വഹിക്കുന്നവരെ നാം ഭയപ്പെടേണ്ടതുണ്ട്. അധികാരത്തിനുവേണ്ടി, ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി എന്തു ഹീനകൃത്യവും ചെയ്യാന്‍ മടിയില്ലാത്ത നികൃഷ്ടജീവികളെ നാം നിരന്തരം കണ്ടുമുട്ടുന്നു. അവരുടെ വാക്കും പ്രവൃത്തിയുമെല്ലാം വിഷം വമിക്കുന്നതാണ്. ഓണത്തെയും സമത്വസുന്ദരമായ എല്ലാ സങ്കല്പങ്ങളെയും സ്വപ്നങ്ങളെയും വിഷമയമാക്കാനുള്ള ശ്രമങ്ങള്‍ നാം കാണുന്നുണ്ടല്ലോ.
ഭക്ഷണത്തില്‍ കലര്‍ന്ന വിഷത്തേക്കാള്‍ മാരകവും തലമുറകളെ ബാധിക്കുന്നതുമാണ് സമൂഹത്തില്‍ പടരുന്ന വിഷം. മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും നവവ്യാഖ്യാനങ്ങളും തീവ്രമായ ചുരുങ്ങലുകളും നിണപ്പുഴകള്‍ ഒഴുക്കുന്നു. അസമാധാനത്തിന്‍റെ വിത്തുകള്‍ വിതയ്ക്കുന്ന വിഷജന്മങ്ങള്‍ കൊടിയ വിഷമാണ് ആകാശത്തും ഭൂമിയിലും വര്‍ഷിക്കുന്നത്. ഇതില്‍ കരിഞ്ഞുവീഴുന്ന ജന്മങ്ങള്‍ നിരവധിയാണ്. 'സത്യധര്‍മ്മാദികള്‍ വെടിഞ്ഞീടിന പുരുഷനെ ക്രൂദ്ധനാം സര്‍പ്പത്തേക്കാളേറെ പേടിക്കണം' എന്നെഴുതിയത് എഴുത്തച്ഛനാണ്. സത്യവും ധര്‍മ്മവും ഇന്ന് വിലയില്ലാത്ത ചരക്കുകളാണ്. പത്തി വിടര്‍ത്തി നില്ക്കുന്ന സര്‍പ്പത്തേക്കാള്‍ വിഷമുള്ളിലുള്ള മനുഷ്യരെ നാം ഭയപ്പെടണം.
ഇപ്പോള്‍ നമ്മുടെ വിശ്വാസങ്ങളില്‍, മിത്തുകളില്‍ പുതിയ വ്യാഖ്യാനങ്ങള്‍ വന്നു നിറയുന്നത് നാം കാണുന്നു. അപരത്വത്തെ സൃഷ്ടിച്ച് വിഭജനം സാധ്യമാക്കുന്ന പ്രത്യയശാസ്ത്രത്തിന്‍റെ വിഷം വമിക്കുന്ന താണ്ഡവം നമ്മെ ചകിതരാക്കുന്നു. 'അരുത്' എന്നു വിളിച്ചുപറയുന്ന ശബ്ദങ്ങള്‍ നേര്‍ത്തുവരുന്നു. ഇത്തിരിവട്ടം മാത്രം കാണാന്‍ ശേഷിയുള്ള അധോമുഖവിമതര്‍ പെരുകുന്ന കാലസന്ധികളില്‍ സങ്കോചത്തിന്‍റെ, പശ്ചാത്ഗമനത്തിന്‍റെ ചിന്തകളാണ് ഒഴുകിപരക്കുന്നത്. എത്രമാത്രം പിന്നോട്ടുപോകുന്നുവോ അത്ര നല്ലത് എന്ന കാഴ്ചപ്പാട് എല്ലാറ്റിനെയും വിഷമയമാക്കുന്നു. എല്ലാ ഹിംസകള്‍ക്കും മലിനീകരണങ്ങള്‍ക്കും ന്യായീകരണം ചമയ്ക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ വിഷത്തിന്‍റെ ഫാക്ടറികള്‍ പടുത്തുയര്‍ത്തുന്നു. മണ്ണും വായുവും വെള്ളവും ആകാശവും മനസ്സും ഹൃദയവും മലീമസമാക്കുന്ന നീചക്രിയകളാല്‍ വന്ധ്യമാക്കപ്പെടുന്ന ഭൂമിയില്‍ വിലാപങ്ങള്‍ നിറയുന്നു. മനുഷ്യന്‍റെ എല്ലാ രസനകളുടെയും സ്വാഭാവികത ഇവിടെ നഷ്ടമാകുന്നു.
എല്ലാത്തരം വിഷങ്ങളില്‍ നിന്നും ലോകത്തെ, മനുഷ്യരെ രക്ഷിക്കാനുള്ള കൂട്ടായ പരിശ്രമത്തിന് നാം തയ്യാറാകേണ്ട കാലമാണിത്. വിഷമില്ലാത്ത ജീവിതത്തിനായുള്ള സ്വപ്നമാണ് നമുക്കു മുന്നിലുള്ളത്. വിഷമഴയില്‍ പൊള്ളുന്ന ജീവിതങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം മനുഷ്യമനസ്സില്‍ വിഷം കലരാതെ നോക്കേണ്ടതുണ്ട്. ഇതിന് ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. ഏതു ചരിത്രമുഹൂര്‍ത്തത്തിലാണ് സമൂഹത്തിലേക്ക്, മനസ്സിലേക്ക്, പ്രകൃതിയിലേക്ക് വിഷം കടന്നുവരാന്‍ തുടങ്ങിയത് എന്നു നാം കണ്ടെത്തുന്നു. അതിനുശേഷം പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് ഒരുമിച്ച് ചിന്തിക്കണം. ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ നഷ്ടപ്പെട്ടുപോയതെന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാലേ തിരുത്തല്‍ സാധ്യമാകൂ. ലോകത്തിന്‍റെ സുസ്ഥിതി കൂടി ലക്ഷ്യമാക്കി വ്യക്തിജീവിതത്തെ വിലയിരുത്തേണ്ടതുണ്ട്. വിഷം കലരാത്ത ജീവിതവും പ്രകൃതിയും മനസ്സും സംസ്ഥാപിക്കുക എന്ന ലക്ഷ്യമാകണം നാം മുന്നില്‍ കാണേണ്ടത്.
"പൊങ്ങച്ചത്തേക്കാളും ആസക്തികളെക്കാളും അഹന്തയെക്കാളും എന്തെല്ലാം അസാധാരണ കാര്യങ്ങള്‍ ഈ ലോകത്തുണ്ട്' എന്നു തിരിച്ചറിയണമെങ്കില്‍ നമ്മുടെ സ്പര്‍ശിനികള്‍ ജാഗ്രത വീണ്ടെടുക്കേണ്ടതുണ്ട്. ജീവിതത്തെ ഏകമുഖമാക്കുന്ന ഇന്നിന്‍റെ കുതിപ്പില്‍ വിഷത്തിന്‍റെ ആക്രമണത്തിനെതിരെ ഉയര്‍ന്നു നില്ക്കാന്‍ നമുക്കു കഴിയുന്നു.
ചില ശക്തികളെ ഇല്ലാതാക്കാന്‍, തിരുത്താന്‍ ചരിത്രം ജാഗ്രതപ്പെടുത്തും. കാലത്തിന്‍റെ എഴുത്ത് കാണാതിരുന്നാല്‍ പിന്നൊരു മടക്കയാത്ര അസാധ്യമായേക്കാം.
"ഒരു സവിശേഷനിമിഷം, സമയത്തിലെ ഒരു സവിശേഷബിന്ദു നിങ്ങള്‍ക്ക് ഒരു സാധ്യത വച്ചുനീട്ടും. അതു പോയിക്കഴിഞ്ഞാല്‍ അതേക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല." എന്തെങ്കിലും ചെയ്യാനുള്ള കാലം കൂടിയാണിതെന്ന് വിവേകികള്‍ ഓര്‍മ്മിപ്പിക്കുന്നു. "സമൂഹത്തെ വിമലീകരിക്കാനും മലിനീകരിക്കാനുമുള്ള സാധ്യതകള്‍ ഒരേ അളവില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് കാലം കടന്നുപോകുന്നത്. ഇരുട്ടിനെ വകഞ്ഞുമാറ്റി വെളിച്ചത്തില്‍ എത്തിയൊരു സമൂഹം അതേ അളവിലും വേഗതയിലും മുന്നോട്ടും പിന്നോട്ടും പോകാനുള്ള സാധ്യത നിലനില്‍ക്കുന്നു" എന്നു നാം മറക്കരുത്.