news-details
മറ്റുലേഖനങ്ങൾ

എപ്പിക്യൂറസ് ജീവിതം ആഘോഷമാക്കിയ ദാര്‍ശനിക മഹര്‍ഷി

വാക്കുകള്‍ക്കു സംഭവിക്കുന്ന അര്‍ത്ഥച്യുതി സാംസ്കാരികചരിത്രത്തിലെ ആകസ്മികമായ ഒരു അപകടമാണ്. ശുദ്ധന്‍ ബുദ്ധിയില്ലാത്തവനായതും, ചട്ടമ്പി തെമ്മാടിയായതും, സമര്‍ത്ഥന്‍ തട്ടിപ്പുകാരനായതുമൊക്കെ ഭാഷയില്‍ സമീപകാലത്തു സംഭവിച്ച അര്‍ത്ഥച്യുതികള്‍ക്ക് ഉദാഹരണമല്ലെ. ഇതുപോലെയോ ഇതിലേറെയോ അപകടകരമായ അര്‍ത്ഥച്യുതി സംഭവിച്ച ഇംഗ്ലീഷ് വാക്കാണ് 'എപ്പിക്യൂറിയന്‍' എന്നത്. തീറ്റപ്രിയന്‍, ലഹരിപ്രിയന്‍, ഭോഗാസക്തന്‍ എന്നൊക്കെയുള്ള അര്‍ത്ഥമാണ് ഇന്ന് ഈ വാക്കിനു കൈവന്നിരിക്കുന്നത്. ലോകചരിത്രത്തിലെ മഹാനായ മഹര്‍ഷി എന്ന വിശേഷണത്തിന് സര്‍വ്വഥാ അര്‍ഹനായ എപ്പിക്യൂറസിന്‍റെ പേര് ഇങ്ങനെ ഒരു ചീത്ത അര്‍ത്ഥത്തില്‍ പ്രചരിക്കാനുണ്ടായ സാഹചര്യത്തെ വിധിയുടെ ക്രൂരത എന്നല്ലാതെ മറ്റെന്തു വിളിക്കാന്‍. എപ്പിക്യൂറസ് എന്തു തന്നെയായാലും ഒരു വിചിത്ര സന്ന്യാസി ആയിരുന്നു. തെലിമയില്‍ അദ്ദേഹത്തിന് ഒരാശ്രമമുണ്ടായിരുന്നു. ചിട്ടകള്‍ യാതൊന്നും പാലിക്കാതിരിക്കുക എന്ന ഏക ചിട്ട മാത്രമാണ് ആ ആശ്രമവാസികള്‍ പാലിക്കേണ്ടിയിരുന്നത്.

മണിയടിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും മറ്റൊരു മണിയടിക്കുമ്പോള്‍ ഭക്ഷിക്കുകയും ചെയ്യേണ്ട വ്യവസ്ഥാപിത ആശ്രമശൈലികള്‍ കണ്ടു പരിചയിച്ചവര്‍ ഇതെങ്ങനെ ഉള്‍ക്കൊള്ളാനാണ്. ആശ്രമത്തിലെ അന്തേവാസികള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇഷ്ടപ്പെട്ടവരെ വിവാഹം ചെയ്ത് ആശ്രമത്തില്‍ തന്നെ കൂടാമായിരുന്നു. സമൂഹത്തിലെ ചില പ്രത്യേക വിഭാഗക്കാര്‍ക്കൊഴിച്ച് ആര്‍ക്കും യഥേഷ്ടം എപ്പിക്യൂറസിന്‍റെ ആശ്രമത്തില്‍ പ്രവേശിക്കാമായിരുന്നു. ആര്‍ക്കൊക്കെയാണ് പ്രവേശനം നിഷേധിച്ചതെന്നറിയേണ്ടേ. അസഹിഷ്ണുക്കള്‍, കാപട്യവാദികള്‍, വക്കീലന്മാര്‍, ന്യായാധിപന്മാര്‍, വ്യാപാരികള്‍, ബാങ്കുടമകള്‍, മുക്കുടിയന്മാര്‍, നുണയന്മാര്‍, ഭീരുക്കള്‍, ചതിയന്മാര്‍, കള്ളന്മാര്‍ ഇവരെയെല്ലാം എപ്പിക്യൂറസ് ഒരേ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഉല്ലാസപ്രിയന്മാര്‍, ആഹ്ലാദചിത്തര്‍, സൗന്ദര്യാരാധകര്‍, ബുദ്ധിശാലികള്‍, ആരോഗ്യമുള്ളവര്‍ ഇവരൊക്കെയാണ് എപ്പിക്യൂറസിന്‍റെ സങ്കല്പലോകത്തിലെ മാതൃകാവ്യക്തികള്‍. എപ്പിക്യൂറസ് തന്‍റെ പ്രസ്ഥാനത്തെ ഭക്തിനിഷ്ഠമായ അശ്രദ്ധ എന്നാണ് വിളിച്ചിരുന്നത്. എന്തിനെച്ചൊല്ലിയായാലും നാളെയെക്കറിച്ചുള്ള ആശങ്കകളെ എപ്പിക്യൂറസും ശിഷ്യന്മാരും വെറുത്തിരുന്നു. ജീവിക്കുന്ന ഇന്നിനെ അവഗണിച്ചുകൊണ്ട് ജനിക്കാത്ത നാളെകളുടെ പിന്നാലെ പലായനം ചെയ്യുന്നവരെ അവര്‍ കണക്കിനു കളിയാക്കിയിരുന്നു എന്നുകരുതി എപ്പിക്യൂറസിന്‍റെ ആശ്രമം കുടിച്ചുകൂത്താടാനുള്ള സ്ഥലമായിരുന്നില്ല. വ്യവസ്ഥാപിത തത്വങ്ങളില്‍ നിന്നും വ്യതിചലിച്ച ഒരു തരം മതാത്മകത അവിടുത്തെ അന്തേവാസികള്‍ സ്വമേധയാ പാലിച്ചിരുന്നു. ആഹ്ലാദചിത്തത എങ്ങനെ നഷ്ടപ്പെടാതെ നോക്കാം എന്നതായിരുന്നു എപ്പിക്യൂറസിന്‍റെ അന്വേഷണ വിഷയം. ഒരു തരത്തിലുമുള്ള കുത്തഴിഞ്ഞ ജീവിതരീതികളെ ഈ ദാര്‍ശനികവര്യന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നതാണ് സത്യം.

ബി.സി. 342-ല്‍ സാമോസ് ദ്വീപിലായിരുന്നു എപ്പിക്യൂറസിന്‍റെ ജനനം. ഗ്രീസിനെ കീഴടക്കാനുള്ള മാസിഡോണിയന്‍ ആക്രമത്തിന്‍റെ മദ്ധ്യത്തിലായിരുന്നു ആ കാലഘട്ടം. അദ്ദേഹത്തിന്‍റെ പിതാവ് ഏതന്‍സിലെ ഒരു സ്കൂള്‍ അദ്ധ്യാപകനായിരുന്നു. മാതാവ് അക്കാലത്ത് നാട്ടുവൈദ്യം ശീലിച്ച ഒരു ചികിത്സകയായിരുന്നു. വെറും ചികിത്സ മാത്രമായിരുന്നില്ല മറ്റു ചില സൂത്ര പ്രയോഗങ്ങളും അവര്‍ ശീലിച്ചിരുന്നു. ബാധ ഒഴിപ്പിക്കല്‍, പ്രേതങ്ങളെ വരുത്തി സംസാരിപ്പിക്കുക തുടങ്ങിയ പൊടിക്കൈകളും അവര്‍ വശമാക്കിയിരുന്നു. ബാലനായ എപ്പിക്യൂറസ് അമ്മയോടൊപ്പം തല്‍പരകക്ഷികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ഇത്തരം പൊടിക്കൈകള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പം മുതല്‍ അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും എപ്പിക്യൂറസ് വെറുപ്പ് പ്രകടിപ്പിച്ചിരുന്നു. ചെറുപ്പം മുതല്‍ അന്വേഷണ തൃഷ്ണ ആ മനസ്സില്‍ വളര്‍ന്നു വന്നിരുന്നു. ഈ ലോകം എങ്ങനെയുണ്ടായി എന്ന ചോദ്യം പന്ത്രണ്ടാമത്തെ വയസ്സുമുതല്‍ എപ്പിക്യൂറസിനെ അലട്ടിക്കൊണ്ടിരുന്നു.

പതിനെട്ടു വയസ്സായപ്പോള്‍ ഏതന്‍സില്‍ എത്തിച്ചേര്‍ന്ന അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ സ്ഥാനപതിയായിരുന്നു അന്ന് ഏതന്‍സിന്‍റെ ഭരണം നടത്തിയിരുന്നത്. സ്വേഛാധിപതികള്‍ക്ക് കാലദേശാതിവര്‍ത്തികളായ ചില സ്ഥിരം ദോഷങ്ങളുണ്ടല്ലോ. അന്നത്തെ ഭരണാധികാരികളും അവയിലൊന്നില്‍ നിന്നും വിമുക്തരായിരുന്നില്ല ഗ്രീക്കുനഗരരാഷ്ട്രങ്ങളില്‍ ഏറെക്കൂറെ ശക്തമായിരുന്ന ജനാധിപത്യബോധവും ദേശീയബോധവും ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെ അയാള്‍ അക്രമിച്ചു കീഴടക്കിയ പ്രദേശങ്ങളിലെ ജനങ്ങളെ ഇടകലര്‍ത്തി താമസിപ്പിക്കാനുള്ള ഒരു ശ്രമം നടത്തി. അനേകര്‍ പ്രവാസികളാക്കപ്പെട്ടു. എപ്പിക്യൂറസിന്‍റെ മാതാപിതാക്കളും ഇപ്രകാരം അഭയാര്‍ത്ഥികളാക്കപ്പെടുകയുണ്ടായി. അവര്‍ ഏഷ്യാ മൈനറിലേക്കാണ് പലായനം ചെയ്തത്. ജീവിതാനുഭവങ്ങള്‍ ഒരു ദുഃസ്വപ്നം പോലെ എപ്പിക്യൂറസിനെ വേട്ടയാടിക്കൊണ്ടിരുന്നു. തത്ത്വചിന്തയുടെ ശീതളഛായകളില്‍ മനസിന്‍റെ ഭാരം ഇറക്കിവെക്കാന്‍ ശീലിക്കുകയായിരുന്നു ഈ ദാര്‍ശനിക പ്രതിഭ.

ആദിയില്‍ ഈ ലോകം ക്രമരഹിതമായിരുന്നു. (Chaos)  എന്നദ്ദേഹം ചെറുപ്രായത്തല്‍ പഠിപ്പിച്ചിരുന്നു. ക്രമരാഹിത്യം എങ്ങനെയുണ്ടായി എന്നറിയാന്‍ അന്നു മുതല്‍ അദ്ദേഹം  ആകാംക്ഷ പുലര്‍ത്തിയിരുന്നു. ഇതറിയുക അസാധ്യമാണെന്നു കാലം അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അപ്പോള്‍പിന്നെ എങ്ങനെ ഇപ്പോഴും ചുറ്റുപാടും ദൃശ്യമായ ക്രമരാഹിത്യത്തില്‍ നിന്നു പുറത്തു കടക്കാം എന്നായി അടുത്ത അന്വേഷണം.

രാഷ്ട്രീയത്തിന്‍റെ വ്യതിചലനങ്ങള്‍ക്കോ ദൈവശാസ്ത്രത്തിന്‍റെ അമൂര്‍ത്തതകള്‍ക്കോ ഈ വഴിക്കുള്ള അന്വേഷണത്തെ പോഷിപ്പിക്കുവാന്‍ കഴിയുകയില്ലെന്നു എപ്പിക്യൂറസിനു തോന്നി. അസ്തിത്വം അദ്ദേഹത്തിനു സദാ വീശിയടിക്കുന്ന ചുഴലിക്കാറ്റിനാല്‍ വലയം ചെയ്യപ്പെട്ട മരുഭൂമിയായിരുന്നു. അനന്തവിസ്തൃതമായ ഈ മരുഭൂമിയില്‍ അദ്ദേഹം കണ്ടെത്തിയ പച്ചത്തുരുത്തുകളായിരുന്നു തത്ത്വചിന്തയുടെ ലോകം. ദീര്‍ഘമായ അലച്ചിലിനുശേഷം ഏതന്‍സില്‍ മടങ്ങിയെത്തിയ എപ്പിക്യൂറസ് അവിടെ ഒരു വസതിയും പൂന്തോട്ടവും സ്വന്തമാക്കി. അതിന്‍റെ പ്രാന്തപ്രദേശത്തു തന്നെ തത്ത്വചിന്ത അഭ്യസിപ്പിക്കുന്ന ഒരു അക്കാദമി തന്നെ തുറന്നു.

അക്കാദമിയിലെ ക്ലാസ്സുകള്‍ അടച്ചുപൂട്ടിയ മുറികളിലല്ല നടത്തിയത്. പിന്നെയോ തുറന്ന സ്ഥലത്തായിരുന്നു. അടിമകള്‍ക്കും വേശ്യകള്‍ക്കും അദ്ദേഹം അക്കാദമിയില്‍ പ്രവേശനം അനുവദിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുമിച്ചിരുന്നു പഠിക്കാനുള്ള സാഹചര്യം ഒരുക്കി. ഗുരുവും ശിഷ്യന്മാരും ഒരുമിച്ച് താമസിച്ചു. എപ്പിക്യൂറസിന്‍റെ പാഠശാലയെക്കുറിച്ചും അവിടുത്തെ അഭ്യസന രീതിയെക്കുറിച്ചും പുറംലോകത്ത് അപവാദങ്ങള്‍ പ്രചരിച്ചു. യഥാര്‍ത്ഥത്തിലായിരുന്നതിന്‍റെ നേര്‍വിപരീതമായിട്ടാണ് അപവാദങ്ങള്‍ പ്രചരിച്ചത്. അക്കാദമിയിലെ അന്തേവാസികള്‍ യഥാര്‍ത്ഥത്തില്‍ ലളിതജീവിതം ശീലിച്ചവരായിരുന്നു. അമിതഭക്ഷണം ആഹ്ലാദത്തിനല്ല വിമ്മിട്ടങ്ങള്‍ക്കേ കാരണമാകൂ എന്ന നിലാപാടാണ് എപ്പിക്യൂറസിനും ശിഷ്യന്മാര്‍ക്കും ഉണ്ടായിരുന്നത്. അക്കാദമിയിലെ ലഹരിപദാര്‍ത്ഥം തത്ത്വചിന്ത മാത്രമായിരുന്നു.  ഇങ്ങനെയൊക്കെയായിട്ടും പുറംലോകം തങ്ങളുടെ എല്ലാ രഹസ്യവൈകൃതങ്ങളും എപ്പിക്യൂറസിന്‍റെ സംഘം ചെയ്തുപോരുന്നതായി കൂവി നടന്നു.

ഇനി നമുക്ക് എന്തായിരുന്നു എപ്പിക്യൂറസിന്‍റെയും ശിഷ്യന്മാരുടെയും തത്ത്വചിന്തയുടെ കാതല്‍ എന്നന്വേഷിക്കാം. അതൃപ്തികളുടെ മദ്ധ്യത്തില്‍ തൃപ്തി കണ്ടെത്തുക എന്നതായിരുന്നു അവരുടെ ശൈലി.  ഇതൊരുതരം പ്രതികൂല തത്ത്വചിന്ത ആയിരുന്നു അറ്ററാക്സിയ  (Ataraxia)  എന്ന യവനപദം കൊണ്ട് വ്യവഹരിച്ചു പോന്ന ഇത്തരം തത്ത്വചിന്താ പദ്ധതി അന്ന് ഗ്രീസില്‍ നിലവിലുണ്ടായിരുന്നു. വികാരവിരേചനം ആരോഗ്യമുള്ള മനസ്സിന്‍റെ പ്രശാന്ത ഭാവം ഇതൊക്കെ ആയിരുന്നു ഇതിന്‍റെ അടിസ്ഥാനം. എപ്പിക്യൂറസ് തന്‍റെ തത്ത്വചിന്ത ഏതാണ്ട് മുന്നൂറോളം  പുസ്തകങ്ങളുളള ഒരു പരമ്പര തന്നെ പ്രകാശിപ്പിച്ചുകൊണ്ടാണ് അനാവരണം ചെയ്തത്.

നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ പുസ്തകങ്ങളെല്ലാം നഷ്ടപ്പെട്ടുപോയി. ലുക്രിഷ്യസിന്‍റെ പ്രസിദ്ധമായ എപ്പിക് മാനമുള്ള ഒരു കാവ്യത്തില്‍ നിന്നാണ് എപ്പിക്യൂറിയന്‍  ചിന്തകളെക്കുറിച്ച് ലോകം അറിയുന്നതു തന്നെ. ലുക്രിഷ്യസ്, എപ്പിക്യൂറസിന് 250 വര്‍ഷങ്ങള്‍ക്കു ശേഷം റോമില്‍ ജീവിച്ചിരുന്ന കവിയും തത്ത്വചിന്തകനും ആയിരുന്നു. ലുക്രിഷ്യസിന്‍റെ കവിതകളില്‍ നിന്നു നമ്മള്‍ മനസ്സിലാക്കുന്ന എപ്പിക്യൂറസ് ദൈവത്തില്‍ ആരോപിക്കപ്പെട്ടിരുന്ന മനുഷ്യത്വം നിഷേധിക്കുന്ന ഒരു അവിശ്വാസിയാണ്. അതേസമയം മനുഷ്യനിലെ ദൈവികതയെ ആദരിക്കുകയും ചെയ്യുന്നു. ലുക്രിഷ്യസിന്‍റെ കാവ്യം ഒരു കാലത്ത് അവിശ്വാസികളുടെ ബൈബിള്‍ എന്നാണറിയപ്പെട്ടിരുന്നത്. അതിലൂടെ കടന്നുപോകുമ്പോള്‍ എപ്പിക്യൂറിയന്‍ ചിന്തകളെ കുറിച്ച് നമുക്ക് ഒരു ഏകദേശരൂപം ലഭിക്കുന്നു.

ജീവിക്കുക എന്നതിന്‍റെ ലക്ഷ്യം ജീവിതത്തെ ആസ്വദിക്കുക എന്നുതന്നെയാണെന്ന് എപ്പിക്യൂറസ് ശഠിക്കുന്നു. ജീവിതത്തെ ആസ്വദിക്കണമെങ്കില്‍ ജീവിതത്തെ പഠിക്കേണ്ടിയിരിക്കുന്നു. പഠനത്തിനു വിരാമം ഇടുമ്പോള്‍ ആസ്വാദനം അസാധ്യമാകുന്നു. നമ്മളാരാണന്നും നമ്മുടെ ജീവിതം എന്തിനാണെന്നും ഗ്രഹിക്കണം.
നമ്മളാരാണെന്ന ചോദ്യത്തിന് എപ്പിക്യൂറസ് നല്കുന്ന ഉത്തരം പ്രകൃതിയുടെ ദത്തുപുത്രന്മാരാണെന്നാണ്. ദൈവം എന്ന കലാകാരന്‍ രൂപകല്പന ചെയ്തതാണ് ഈ പ്രകൃതി എന്ന ആശയം എപ്പിക്യൂറസിനു സ്വീകാര്യമല്ല. യാന്ത്രികമായ ഈ പ്രഞ്ചത്തിലെ ഒരു ആകസ്മികതമാത്രമാണ് നമ്മുടെ ജീവിതം. പക്ഷേ നമ്മള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന പക്ഷം ജീവിതം കൂടുതല്‍ സന്തുഷ്ടമാക്കാന്‍ കഴിയും. ഒരു വശത്തു ദൈവത്തെയും മറുവശത്തു മരണത്തെയും ഭയപ്പെട്ടുകൊണ്ട് ഇതു സാധ്യമവുകയില്ലന്നാണ് എപ്പിക്യൂറസിന്‍റെ കണ്ടെത്തല്‍. 

You can share this post!

കുസൃതി

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts