news-details
മറ്റുലേഖനങ്ങൾ

വിത്ത് അതിന്‍റെ ഉടയവനോട് പറഞ്ഞു...

 ഞാന്‍ തീരെ ചെറുതാണ്. തീരെ ചെറിയ ഒരു വിത്ത്. എന്നെ ഏതെങ്കിലും ഒരു നല്ല പ്രദേശത്തേക്ക് നടണം...

 അപ്പോള്‍ അദ്ദേഹം ചോദിച്ചു,  ഉവ്വോ?

 എന്നിട്ട് അദ്ദേഹം എന്നെ ഏതോ മലഞ്ചെരുവില്‍ കൊണ്ടു ചെന്നിട്ടു. കണ്ണുതുറന്ന് ഒരു കുഞ്ഞു തൈ ആയപ്പോഴാണ് വേരാഴ്ത്തിയിടത്ത് ഒരുപിടിയോളം മണ്ണേ ഉള്ളു എന്ന് മനസ്സിലായത്. അപ്പോള്‍ ഞാന്‍ വീണ്ടും സങ്കടത്തോടെ പറഞ്ഞു.

 ഞാന്‍ ഒരു കുഞ്ഞു തൈച്ചെടിയാണ്, ത്രാണി തീരെ കുറവ്, എന്നെ ഏതെങ്കിലും കരുതല്‍ ഉള്ള ഒരു പുരയിടത്തിലേക്ക് മാറ്റി നിര്‍ത്തണം, ഇല്ലെങ്കില്‍ ഞാന്‍ ഉണങ്ങിപ്പോയേക്കും..

 ഉവ്വോ,? അദ്ദേഹം പിന്നെയും ചോദിച്ചു.

 എന്നിട്ട് എന്നെ തോണ്ടിയെടുത്ത് ഒരു വിളുമ്പിലേക്കിട്ടു...  മണ്ണും പാറയും ഇടകലര്‍ന്ന ഒരിടം. ഒരു പാറക്കൂട്ടം എന്നുപറയാം. ഞാന്‍ കരഞ്ഞു. കരഞ്ഞുകരഞ്ഞു ഞാന്‍ ഉണങ്ങാന്‍ തുടങ്ങി. മോഹാലസ്യപ്പെടുന്നതിനു തൊട്ടുമുന്‍പ് അദ്ദേഹം എന്‍റെ മേല്‍ മഴ പെയ്യിച്ചു.

 അങ്ങനെ അതിജീവനത്തിന്‍റെ  ശിരോലിഖിതത്തിന്‍റെ തണലുകൊണ്ട് എന്‍റെ വേരുകള്‍ വിളമ്പിലൂടെ അള്ളിപ്പിടിക്കാന്‍ തുടങ്ങി. മണ്ണിലും പാറയിലും ഒക്കെയായി വേരുകള്‍ നൂണിറങ്ങി ബലപ്പെട്ടു.

 എന്തിനാണ് ഇവിടെ ഇങ്ങനെ പിടിച്ചു നില്‍ക്കുന്നത് ഉണങ്ങി കൂടെ...  എന്ന നിരന്തരമായ ചോദ്യം ഉള്ളിലും പുറത്തും നിന്ന് കേട്ടു തന്നെ അവിടെ ഒരുവിധേന  ബലപ്പെടാന്‍ തുടങ്ങി.

 അപ്പോഴാണ് പ്രകൃതിശക്തികള്‍ വന്നു എതിര്‍ക്കുകയും തുരത്താന്‍ നോക്കുകയും ചെയ്യുന്നത്  ഞാന്‍ പേടിയോടെ വിറയലോടെ പറഞ്ഞു. എനിക്ക് ബലം കുറവാണ്, തൊട്ടാല്‍ ഒടിയും എന്നാണ് തോന്നുന്നത്, അതുകൊണ്ട് എന്നെ തൊടരുത് എന്ന് പറയണം.
 ഉവ്വോ, അദ്ദേഹത്തിന്‍റെ കരുതലുള്ള ചോദ്യം. പിന്നെ നോക്കുമ്പോള്‍ കാണുന്നത് അദ്ദേഹം എന്‍റെ നേര്‍ക്ക് കൊടുങ്കാറ്റിനെ പറഞ്ഞുവിടുന്നതാണ്

ഞാന്‍ നിലവിളിച്ചു... തീരുകയാണ്... മനസ്സിലായി. ഉള്ളില്‍ ഒരു കരച്ചില്‍ കുടുങ്ങുന്നു...

 ഇത്രനാള്‍ മഴയോട് ഇരന്നും വെയിലിനോട് കുനിഞ്ഞും.. ഈ മണ്ണല്ലാത്ത മണ്ണിലും കുത്തനെ ഉള്ള പാറയിലും ഒക്കെ വേരിറക്കി ഇറുക്കിപ്പിടിച്ചുനിന്നത് ഇങ്ങനെ ഒടിഞ്ഞു പറിഞ്ഞു  തീരാന്‍ ആയിരുന്നുവോ..  അതും ഈ കൊടുങ്കാറ്റിന്‍റെ  മര്യാദകെട്ട നീരാളിക്കൈകള്‍ കൊണ്ട്...  ആകാശങ്ങളോട് നിലവിളിച്ചു... ഒന്നും കേട്ട മട്ടില്ല, ഓടിപ്പോകുന്ന മേഘങ്ങള്‍ ഓടിത്തന്നെ  പോയി. ഒന്നിനും പ്രത്യേകിച്ച് ഒരു മാറ്റവുമില്ല.

 ചുറ്റുപാടും നോക്കി, ഇല്ല ഇതേ നിലപാടില്‍ ആരുമില്ല. ഇതേ സഹനത്തിലും ആരുമില്ല. അടുത്തെങ്ങും വേറൊരു മരം ഉണ്ടായിരുന്നില്ല, എന്തിന്, ഒരു കുറ്റിച്ചെടി പോലും അകലത്തായിരുന്നു...  പിന്നെ ഉള്ളത് കുറെ കുറ്റിപ്പുല്ലുകള്‍... അതാവട്ടെ, മഴയുടെ പിറ്റേന്ന് കിളിര്‍ത്തും  വെയിലിന്‍റെ  പിറ്റേന്ന് ഉണങ്ങിയും ഒക്കെ... ഇന്നുണ്ട് നാളെ ഇല്ല അതാണ് അവസ്ഥ. അവരെ കാണുമ്പോള്‍ ചിരിച്ചും കാണാത്തപ്പോള്‍ കരഞ്ഞും മടുത്തു. പോട്ടെ എന്ന് വിചാരിക്കുമ്പോള്‍ അത് പിന്നെയും കിളിര്‍ക്കും... കുറെ കഴിഞ്ഞപ്പോള്‍ മനസ്സിലായി, ആ ചങ്ങാത്തമൊന്നും ശരിയാവില്ല...

 ഒടുവില്‍ ഉള്ളിനോട് ചോദിച്ചു. നമ്മള്‍ എന്തു ചെയ്യും...  അപ്പോള്‍ ഉള്ളിലെ ഞരമ്പുകള്‍ തമ്മില്‍ പിണയാന്‍  തുടങ്ങി. നേര്‍ത്തതും വീര്‍ത്തതുമായ ഞരമ്പുകള്‍... പരസ്പരം ചുറ്റിപ്പിരിഞ്ഞു.. ഉള്ളില്‍ ഒരു നോവുണ്ട്, എന്നിട്ടും അവ തങ്ങളുടെ നേര്‍രേഖ വെടിഞ്ഞ്, ഇഴപിരിക്കാനാവാത്ത വിധം പിരിഞ്ഞു ചേര്‍ന്നു.

 പിരിഞ്ഞ്.. പിരിഞ്ഞ്... എന്തിന്, എന്തിന്, എന്തിന്, എന്നിങ്ങനെ നൂറു തരളിത ചോദ്യങ്ങള്‍ ഉള്ളില്‍ രൂപപ്പെട്ടു. അപ്പോള്‍ ഉണ്ടായത്, ഉത്തരങ്ങള്‍ അല്ല പകരം ഒരു കീറാമുട്ടിയാണ്... കീറാമുട്ടി...  പക്ഷേ, കൊള്ളാം..  കൊടുങ്കാറ്റിനെതിരെ ഒരു നിലപാട് ഉണ്ടാവുകയാണ്.

ഒരു ബലം. കാറ്റു പിടിച്ചാല്‍ ഒടിയാത്ത ബലം...  ഉവ്വ്... ഇനി ഏതു കൊടുങ്കാറ്റിനെതിരെ  വേണമെങ്കിലും നില്‍ക്കാം..  ആഹാ...  ചില്ലകള്‍ ആകാശത്തേക്ക് എറിഞ്ഞു വീശി മസിലു പിടിച്ചു നിന്നു...

 വാ കൊടുങ്കാറ്റേ... വന്നു  വീശ്... എന്ന് ഉള്ളാലെ അലറി... ഇലച്ചാര്‍ത്ത്കൊണ്ട് കാറ്റിനെതിരെ കലമ്പി... അപ്പോഴുണ്ട്, ഇലകള്‍ പറിഞ്ഞു പോകുന്നു... കാറ്റ് തല്ലിപ്പറിക്കുകയാണ്... മിക്കവാറും ഇലകളൊക്കെ പറിഞ്ഞു പോകവേ ഞാന്‍ ഭയപ്പെട്ടു..

 ഈ ഇലകളെല്ലാം പോയാല്‍ ഞാന്‍ പിന്നെ എന്തു മരമാണ്. ഞാന്‍ ചങ്കുലഞ്ഞു  കരഞ്ഞുകൊണ്ടു പറഞ്ഞു,  ഇലകള്‍ നഷ്ടമായാല്‍ ഞാന്‍ ഒരു വയസ്സായ മരം ആകും. ഒരു വേള ഉണങ്ങാനും മതി... അതുകൊണ്ട് ഈ കാറ്റിനോട് ഒന്ന് പോകാന്‍ പറയ്വോ... ഈ ഇലകള്‍ ആണല്ലോ എന്‍റെ സൗന്ദര്യം...

 ഉവ്വോ... അങ്ങനെ ചോദിച്ച് അദ്ദേഹം എന്നെ ഒന്നു തൊട്ടു. കാറ്റ് പിന്‍വാങ്ങി. പക്ഷേ അടുത്ത മാത്രയില്‍ കാറ്റിന്‍റെ പിന്‍ബലമില്ലാതെ തന്നെ ഇലകളെല്ലാം തുടങ്ങി...

 ഒന്നൊന്നായി... കാറ്റില്‍ ചിലതൊക്കെ ചിതറിപ്പറിഞ്ഞെന്നേയുള്ളൂ... ഇതിപ്പോള്‍ അങ്ങനെയല്ല,  കൊഴിയുകയാണ്...

'എന്നെ തോല്‍പ്പിക്കയാണ്  അല്ലേ? പിന്നെ എന്തിനാണ് എന്നെ നട്ടത്? എന്തിനാണ് ഇങ്ങനെ തോന്നിയപ്പോഴൊക്കെ എന്‍റെ മീതെ മഴ പെയ്യിച്ചത്, എന്തിനാണ്... എന്തിനാണ്?' അത്രയും ഒക്കെ ചോദിച്ചു കരയുകയും വിലപിക്കുകയും ചെയ്തു. അപ്പോഴും കുറച്ച് ഇലകള്‍ എങ്കിലും കൂട്ടുനില്‍ക്കും എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. കുറച്ച് അകന്നുനിന്നതൊക്കെ പോയാലും, നെഞ്ചോട് അടുപ്പിച്ചു പിടിച്ച കുറച്ച് ചില്ലകളും ഇലകളും ഒക്കെ ഉണ്ടല്ലോ.

 പക്ഷേ ഇല്ല, നന്ദികെട്ട ഇലകളെല്ലാം കൊഴിയുക തന്നെയാണ്. ഭൂമിക്കടിയില്‍ നിന്ന് ഞാന്‍ വലിച്ചെടുത്ത് നീരും വളവും കൊണ്ട്, എന്‍റെ മജ്ജയില്‍ പിടിച്ചുനിന്നു വളര്‍ന്നിട്ട്... കൊഴിയുന്നു, ബോധം ഇല്ലാത്ത പോലെ കൊഴിയുന്നു. എന്‍റെ ഓര്‍മ്മകളുടെ പിടിയില്‍നിന്ന് അടര്‍ന്നു പോകുന്നു. ഓര്‍മ്മകള്‍ ഇല്ലാത്തവര്‍, സ്നേഹം ഇല്ലാത്തവര്‍, പോട്ടെ, ഒടുവില്‍ ഒരില... ചില്ലയുടെ ദൂരം പോലും ഇല്ലാതെ... ഹൃദയത്തോട് ചേര്‍ത്തുപിടിച്ച ഒരില... അതെങ്കിലും ഉണ്ടാവും എന്ന് കരുതി, പക്ഷേ ഒടുവില്‍ അതും കൊഴിയുകയാണ്? !... ആണോ, ശരിക്കും... ഒന്നുകൂടി നോക്കി, അതെ, അതു നിന്ന സ്ഥാനത്ത് ശൂന്യത മാത്രം...

 നെഞ്ചു പിളര്‍ന്ന് ഒരു നിലവിളി വക്കോളം വന്നു തുളുമ്പാതെ നില്‍ക്കുന്നു. ഇത്തവണ തീര്‍ന്നു.. ഉണങ്ങുകയാണ്.. ഒടുവില്‍ കാറ്റല്ല,  മഴയല്ല,  വെയില്‍ അല്ല,  പാറ അല്ല,  തോല്‍പ്പിച്ചത് ഇലയാണ്... എന്തിനെ പ്രതി അഹങ്കരിച്ചിരുന്നോ... അതേ  ഇല...

 എന്തു പറയണം... ആരെ പറയണം... ദൈവമേ ഞാന്‍ ഉണങ്ങുകയാണ്.. ഇതാ നിരുപാധികം... പരാതി ഇല്ല, പൊറുക്കാത്ത ഏതോ മുറിവ്... ഉള്ളിലിരുന്ന് വിങ്ങുന്നുണ്ട്... പോട്ടെ,  ഉണങ്ങുകയാണ് ദൈവമേ,... ഉണങ്ങുകയാണ്...

 ഉവ്വോ...
 അദ്ദേഹം എന്നെ വീണ്ടും കനിവോടെ തൊടുന്നു...

 ഇനി എന്തു കനിവ്?
 ഉറങ്ങിക്കോളൂ, എന്ന് പറഞ്ഞു അദ്ദേഹം. മരിച്ചു കാണും. ഇനി അതിനല്ലേ സാധ്യതയുള്ളൂ...

 സാരമില്ല, തീരട്ടെ, തീര്‍ന്നു അത്രതന്നെ, പുറമേ നിന്നുള്ള വേട്ടയാടലുകള്‍... പ്രതിരോധങ്ങള്‍... പോരാഞ്ഞിട്ട് ഓര്‍മ്മകള്‍, ഇലയുടെ പ്രേതങ്ങള്‍...

 മരണമാണ് ഭേദം... അങ്ങനെ സമാധിയായി...

 പക്ഷേ പിന്നൊരിക്കല്‍ കണ്ണുതുറന്നപ്പോഴാണ് മനസ്സിലായത്... ശരിക്കും ഉറങ്ങുകയായിരുന്നു... അതോ കൈകള്‍ എല്ലാം മേല്‍പ്പോട്ടാക്കി പ്രാര്‍ത്ഥിക്കുകയായിരുന്നോ...? എന്താണ് ഉണ്ടായത്? നോക്കുമ്പോള്‍ നിറയെ തളിര്‍പ്പുകളാണ്...  നിറയെ മുകുളങ്ങള്‍... ഇളം നിറത്തിലുള്ള മുളപ്പുകള്‍..  പിന്നെയും ഇത്തിരി കഴിഞ്ഞാണ് മനസ്സിലായത്, ഒരു വസന്തത്തിനുള്ള പുറപ്പാടായിരുന്നു അതെന്ന്..  നിറയെ പൂക്കളും കായ്കളും, കിളികളും ഒക്കെയായി, വസന്തോത്സവം...

പിന്നെപ്പിന്നെ ഒക്കെ പരിചയമായി.. ഓരോ അനുഭവങ്ങളും... പാറകള്‍ക്കിടയിലൂടെ അള്ളിപ്പിടിച്ച് താഴേക്കിറങ്ങിയ വേരുകള്‍ ഉള്ളതിനാലാണ് ഒരു കൊടുങ്കാറ്റിനും പിഴുതെറിയാന്‍ കഴിയാത്തത് എന്ന്.. താഴെ മൃദുവായ മണ്ണില്‍ നിന്ന വന്‍മരങ്ങള്‍ ഒക്കെ ഒരു കാറ്റത്ത് വേരുകള്‍ ഊരിപ്പോയി മറിഞ്ഞുവീഴുമ്പോള്‍, അങ്ങനെ വളര്‍ന്നു വിളുമ്പില്‍ നിരന്തരം എന്നോണം കാറ്റിനോട് പൊരുതിയും.. അടുത്തെങ്ങും ആരും ജലം കാത്തു വയ്ക്കാത്തതുകൊണ്ട്, വേരുകള്‍ അകലങ്ങളിലേക്ക് പാഞ്ഞു. അതും അത്രയേറെ ബലമായി, കരുത്തായി, ബലഹീനതകള്‍ എന്നു കരുതിയതെല്ലാം എങ്ങനെ ബലങ്ങള്‍ ആയി മാറി എന്ന് മനസ്സിലാവുകയാണ്.

 ഒക്കെ ബലങ്ങള്‍ ആണ്... ബലങ്ങള്‍... കരുത്താര്‍ന്ന ഭംഗിയുള്ള ഒരു മരത്തിനു നേര്‍ക്ക് കോടാലികള്‍ വരാത്തത് ആര്‍ക്കും എത്തിപ്പെടാന്‍ ആവാത്ത വിളുമ്പില്‍ ആയതുകൊണ്ടാണ്... അതും ഒരു ബലമാണ്, കുറവല്ല. സമതലങ്ങളിലൂടെ ആളുകള്‍ കയറും കോടാലിയും ആയി നടക്കുന്നത് കണ്ടു... ഉള്ളുപൊള്ളയായ മരമായി നില്‍ക്കണം എന്നു പറഞ്ഞത് ലാവോട്സേ ആണ്. ഒന്നിനും കൊള്ളാത്തത്  എന്ന്  തോന്നിപ്പിക്കാന്‍ ആവണം. കച്ചവടക്കാരില്‍ നിന്നും രക്ഷപ്പെട്ടു തനതായ ഒരു ജീവിതം നയിക്കാന്‍ വേണ്ടി... ആരും മോഹിക്കാതെ ഇരിക്കാന്‍, ആവശ്യക്കാര്‍ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ആയി മാത്രം സമീപിക്കാതെ ഇരിക്കാന്‍... എന്നാല്‍ എന്തിനും കൊള്ളാവുന്ന, അത്രമേല്‍ സുന്ദരവും കരുത്തുറ്റതുമായ  മരമായിത്തന്നെ ഭൂമിക്കു മീതെ നില്‍ക്കാം എന്ന് പറഞ്ഞത്,  പഠിപ്പിച്ചത് എന്‍റെ ഗുരുവാണ്. കച്ചവടക്കാര്‍ എത്തിപ്പെടാത്ത വിളുമ്പുകളിലാണെങ്കില്‍...
 ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ വരുന്നവന്‍റെ കാലിടറിപ്പോകുന്ന പാറമേല്‍ ആണെങ്കില്‍...

 സ്വന്തം സുഖങ്ങള്‍ക്കും മോഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും നിവൃത്തി തേടി വലിഞ്ഞുകേറി വരുന്നവനെ ഇടറി വീഴ്ത്തുന്ന പാറ, തെറ്റി വീഴ്ത്തുന്ന പാറ, എത്ര സുന്ദരവും നൂതനവും പുരാതനവുമായ പാഠം.You  are my rock and my  refuge എന്ന് സങ്കീര്‍ത്തകന്‍ പാടിയത് വെറുതെയല്ല. അയാള്‍ അത് അനുഭവിച്ചതാണ്. തന്‍റെ പ്രാണനെത്തേടി ആളുകള്‍ പാഞ്ഞുനടക്കുമ്പോള്‍,  അവിടുന്ന് എനിക്ക് പാറയും കോട്ടയും ആണ് (ps.31.3)), അവിടുന്നു മാത്രമാണ് എന്‍റെ അഭയശിലയും കോട്ടയും (ps.62.2)

 നമ്മുടെ ശിലയെ സന്തോഷപൂര്‍വ്വം പാടിപ്പുകഴ്ത്താം (ps.95.1)  എനിക്ക് അപ്രാപ്യമായ പാറമേല്‍ അവിടുന്ന് എന്നെ കയറ്റിനിര്‍ത്തി എന്നൊക്കെ പറഞ്ഞ് ആഹ്ലാദിക്കുമ്പോള്‍, ആര്‍ക്കും ചരക്കാകാതെ ജീവിച്ചു തീര്‍ത്തിട്ടുണ്ടാവണം അയാള്‍. ഒരു ദൈവികമനുഷ്യനായി...

 അവിടുന്ന് എപ്പോഴും ശരിയായിരുന്നു, എന്നൊക്കെ പറഞ്ഞ് വിതുമ്പി നില്‍ക്കുന്ന നേരത്ത്, 'ഭൂമി വസ്ത്രം പോലെ ചുരുട്ടി മാറ്റപ്പെടും' എന്നൊരു വചനം കൊണ്ട് അവിടുന്നെന്നെ  തിരുത്തുകയാണ്, ഇതല്ല നിത്യത, ഈ physical നിലപാടുകളെ ഇനി അധികം വാഴ്ത്തിപ്പാടേണ്ടതില്ല. ഇതിനുള്ളിലെ ആത്മാവിന്‍റെ നിലപാടും വെളിപാടും ആണ് പ്രധാനം.

 ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാന്‍ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്ഷമായി.(ഞല്.21.1).

 ഉവ്വ്, നമുക്കും നിരപ്പുള്ള ഒരിടം ലഭിക്കുമെന്ന്... വെറുതെ എഴുതിയതല്ല,  കടപ്പാടുണ്ട്. ഒരു മരത്തോടാണ്. നേര്യമംഗലം വനത്തിലൂടെ കടന്നുപോകുമ്പോള്‍, ദൂരെ മുകളില്‍ ഒരു ചെരിഞ്ഞ പാറക്കെട്ടില്‍ നിറഞ്ഞ പച്ചപ്പോടെ ഇടയ്ക്ക് പൂത്തും ഇല കൊഴിഞ്ഞും ഒക്കെ അതിജീവിച്ചു നില്‍ക്കുന്ന കരുത്തുറ്റ ഒരു മരത്തോട്...

 ഈ എഴുത്തിനു മാത്രമല്ല, ചിലപ്പോള്‍ തുടര്‍ന്നു ജീവിച്ചതിന് പോലും...  അതിജീവനത്തിന്‍റെ  നിമിഷങ്ങള്‍ക്ക് ഒക്കെ... കടപ്പാടുണ്ട്,...

 വേരുകള്‍ ഇല്ലാതാകുമ്പോഴാണ്, മനുഷ്യര്‍ ചാടി ചാവുന്നത് എന്ന് പറഞ്ഞുതന്നതും ആ മരമാണ്. വേരുകള്‍ ഉണ്ടാവണം, പ്രതലങ്ങള്‍, അനുഭവങ്ങള്‍, സാഹചര്യങ്ങള്‍ ഒക്കെ എന്തുതന്നെയായാലും...

 ചങ്ങാതിയാണാമരം...

 അധ്യാപകനാണാമരം...

 മരങ്ങളോടൊക്കെ  ചങ്ങാത്തം കൂടണം അതിജീവിക്കണമെങ്കില്‍, മനുഷ്യര്‍ നമ്മളെ തകര്‍ക്കും.

 അതുകൊണ്ടാണ് വിശുദ്ധ ലിഖിതം പറയുന്നത്, 'വന്യമൃഗങ്ങളോട്  ചോദിക്കുവിന്‍, അവ നിങ്ങളെ പഠിപ്പിക്കും. ആകാശപ്പറവകളോട് ചോദിക്കുവിന്‍,  അവ നിങ്ങള്‍ക്ക് പറഞ്ഞുതരും.

 ഭൂമിയിലെ സസ്യങ്ങളോട് ചോദിക്കുവിന്‍, അവ നിങ്ങളെ ഉപദേശിക്കും. ആഴിയിലെ മത്സ്യങ്ങളും നിങ്ങളോട് പ്രഖ്യാപിക്കും.

 കര്‍ത്താവിന്‍റെ കരങ്ങളാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചതെന്ന് അവയില്‍ ഏതിനാണ് അറിഞ്ഞുകൂടാത്തത്?

You can share this post!

അന്യയില്‍നിന്ന് സമയിലേക്ക്

ഷൗക്കത്ത്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts