എനിക്കേറെ പ്രിയപ്പെട്ട ഒരു സുഹൃത്ത് എന്‍റെ മറ്റൊരു സുഹൃത്തിനയച്ച വോയ്സ് ക്ലിപ്പ് ആളുമാറി എന്‍റെ വാട്സ് ആപ്പിലേക്കു വന്നു. എന്നെക്കുറിച്ച് അവര്‍ രണ്ടുപേര്‍ക്കിടയില്‍ നടന്ന വര്‍ത്തമാന ത്തിന്‍റെ തുടര്‍ച്ചയായിരുന്നു അത്. വളരെ അടുപ്പമുള്ളവര്‍. പല സ്വകാര്യതകളും പങ്കുവയ്ക്കു ന്നവര്‍. അങ്ങനെയുള്ള രണ്ടു സുഹൃത്തുക്കള്‍ എന്നെക്കുറിച്ച് ഇത്ര മോശമായ രീതിയില്‍ സംസാരിക്കുന്നത് ഏറെ വിഷമിപ്പിച്ചു.
ഇനി അവരെ എങ്ങനെ പഴയതുപോലെ സ്നേഹത്തോടെ അഭിമുഖീകരിക്കും? സത്യസന്ധ തയോടെ എങ്ങനെ അവരോടൊപ്പം കഴിയാനാകും? വിശ്വാസ്യത നഷ്ടപ്പെട്ടുപോയല്ലോ? ആകപ്പാടെ മനസ്സ് കലുഷമായി. ഇത്രയും നല്ല സുഹൃത്തു ക്കളെ നഷ്ടപ്പെടുത്തുന്നതിനെ പ്രതിയുള്ള സങ്കടം ഒരു ഭാഗത്ത്. എന്നാലും അവരിങ്ങനെയൊക്കെ പറയുന്നുവല്ലോ എന്ന വിഷമം മറ്റൊരുഭാഗത്ത്.
പെട്ടെന്ന് ഓര്‍മ്മ വന്നത് ലാവോത്സുവിനെ യാണ്. എനിക്കേറെ പ്രിയപ്പെട്ട ദാര്‍ശനികന്‍. അദ്ദേഹം പറയുന്നുണ്ട്; ചളിയൂറുന്നതുവരെ കാത്തിരിക്കൂ. കര്‍മ്മനിരതമാകേണ്ട സമയംവരെ നിശ്ചലമാകൂ എന്ന്.
വായിക്കാനും ആസ്വദിക്കാനും മറ്റുള്ളവരോടു പറയാനും എളുപ്പമാണ്. എന്നാല്‍ ഒരനുഭവത്തിനു മുന്നില്‍ അത് പ്രയോഗിക്കാന്‍ ശ്രമിക്കുമ്പോഴാണ് അതത്ര എളുപ്പമല്ലെന്ന് ബോദ്ധ്യമാകുക. എങ്കിലും പിടിച്ചിരുന്നു. പ്രാണഗതിയെ സൗമ്യമാക്കി കണ്ണടച്ച് ഇരുന്നു. മനസ്സ് അടങ്ങുന്നേയില്ല. അമര്‍ഷം പൊന്തിപ്പൊന്തി വരികയാണ്. ന്നാലും അവര്‍...
ഞാന്‍ എന്നോട് പറഞ്ഞു: എത്രയോ തവണ ഇതുപോലുള്ള അവസ്ഥകളിലൂടെ കടന്നു പോയതല്ലേ? നിയന്ത്രണമില്ലാതെ പ്രതികരിച്ചതു കൊണ്ട് എന്തു പ്രയോജനമാണുണ്ടായിട്ടുള്ളത്? അങ്ങനെയൊക്കെ പ്രതികരിച്ചതിനെപ്രതി എത്രമാത്രം കുറ്റബോധത്തിന് വിധേയമാകേണ്ടി വന്നിട്ടുണ്ട്. ഇനി ഒന്നു മാറ്റിപ്പിടിച്ചു നോക്കൂ. കുറച്ചുസമയം കൊടുക്കൂ. കോപത്തിന് ഒരിക്കലും സമാധാനത്തെ പ്രദാനം ചെയ്യാനായിട്ടില്ലെന്ന റിയാന്‍ സ്വാനുഭവങ്ങള്‍ തന്നെ ധാരാളമല്ലേ?!
ഒന്നുകൂടി ശ്വാസംവലിച്ചുവിട്ട് നീണ്ടുനിവര്‍ന്ന് ഇരുന്നു. കണ്ണുകളടച്ചു. അകമേ ഒരു പ്രാര്‍ത്ഥന നിറഞ്ഞു. ഞാന്‍ എന്നോടുതന്നെ ചെയ്യുന്ന പ്രാര്‍ത്ഥന:പ്രിയപ്പെട്ട ഷൗക്കത്ത്, നീ അവരെ വെറുക്കുന്നതിനുമുമ്പ്, അവരെ ഒഴിവാക്കുന്ന തിനുമുമ്പ്, അവരോടുള്ള പ്രതികാരാഗ്നി ആളിക്കത്താന്‍ അനുവദിക്കുന്നതിനുമുമ്പ്, ആദ്യ മൊന്നു ശാന്തമാകൂ. ശാന്തമാകൂ.. ശാന്തമാകൂ..
മറ്റൊരു വഴിയുമില്ലെന്ന് ഉറപ്പുണ്ട്. ഈ വഴി അത്ര എളുപ്പമല്ലെന്ന് അനുഭവിക്കുന്നുമുണ്ട്. എങ്കിലും ഇരുന്നുകൊടുത്തേ പറ്റൂ. ചിന്തകളുടെ നൂലാമാലകളിലൂടെ പായുന്ന മനസ്സിനെ വശത്താക്കുകയെന്നത് എളുപ്പമല്ലെന്ന് ആ ഇരിപ്പിലാണ് നാം അറിയുക. പക്ഷേ, പതിവു വഴിയിലൂടെയുള്ള സഞ്ചാരത്തെ അനുവദിക്കാതി രിക്കേണ്ടതുണ്ട്. പുതുവഴി എത്രമാത്രം ശരിയെന്ന് അറിയില്ല. എന്നാലത് അറിയാതെ പോകുന്നതും ശരിയല്ല. അതാണ് ധീരത. അതിനാകുമ്പോഴാണ് നാം ധീരരാകുന്നത്.
സമയം ഇഴഞ്ഞിഴഞ്ഞ് നീങ്ങി. വലിഞ്ഞു മുറുകുന്ന നാഡീഞരമ്പുകള്‍. ആകെപ്പാടെ സമ്മര്‍ദ്ദം. കുറച്ചു കഴിഞ്ഞതോടെ വലിഞ്ഞുമുറുക ലുകള്‍ക്ക് ചെറിയ അയവു വന്നു. ചിന്താകാലുഷ്യം ബാധിച്ച ബോധം ഒന്നു തണുത്തു. അതോടെ വിചാരം ചെയ്യാനുള്ള ഒരിടം കിട്ടിയതുപോലെ യായി. ഉള്ളിലിരുന്ന് ആരോ സംസാരിച്ചു തുടങ്ങി. ഞാന്‍ എന്‍റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തു.
ഷൗക്കത്തേ, നിങ്ങളും അങ്ങനെ കൂട്ടുകാരോട് പൊതുസുഹൃത്തിനെകുറിച്ച് സംസാരിച്ചിട്ടില്ലേ? അവരുടെ ന്യൂനതകളെ എടുത്തുപറഞ്ഞ് വിമര്‍ശിച്ചിട്ടില്ലേ? നിങ്ങള്‍ അങ്ങനെ സംസാരിക്കു ന്നത് ആ ആള്‍ കേട്ടിരുന്നെങ്കില്‍ എന്തായിരിക്കും വിചാരിക്കുക? സത്യത്തില്‍ നിങ്ങള്‍ക്ക് അയാളോടുള്ള വെറുപ്പോ വിദ്വേഷമോ അല്ലല്ലോ അങ്ങനെ പറയിപ്പിച്ചത്? സാന്ദര്‍ഭികമായി ഒരു വിഷയം വന്നപ്പോള്‍ പറഞ്ഞുപോയതു മാത്രമല്ലേ അത്? അതിനര്‍ത്ഥം നിങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നില്ലെന്നാണോ? സ്നേഹിക്കുന്നി ല്ലെന്നാണോ? അല്ലല്ലോ?
നാം ഒരാളെ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തു കയോ ചെയ്യുമ്പോള്‍ അയാളെ മൊത്തമായല്ല അങ്ങനെ പറയുന്നതെന്ന് നിങ്ങള്‍ക്കറിയാം. പ്രത്യേ കിച്ച് അത് നിങ്ങളുടെ ഒരു സുഹൃത്താണെങ്കില്‍. ഏതെങ്കിലും ഒരു വിഷയവുമായി ബന്ധപ്പെട്ടു മാത്രം നടത്തുന്ന പരാമര്‍ശമായിരിക്കും അത്. അല്ലേ?
ആ വാക്കുകള്‍ കേട്ടപ്പോള്‍ അതെ, അതെ! എന്നു മൂളുക മാത്രം ചെയ്തു. അങ്ങനെ പറയാനിടയായ അനേകം സന്ദര്‍ഭങ്ങളും സുഹൃത്തുക്കളുടെ മുഖങ്ങളും മനസ്സില്‍ വന്നു നിറഞ്ഞു. അവരെല്ലാം അന്നും ഇന്നും ഏറെ പ്രിയപ്പെട്ടവര്‍തന്നെ. എന്‍റെ ചിന്ത ഒന്നടങ്ങിയ പ്പോള്‍ ആ ശബ്ദം തുടര്‍ന്നുപറഞ്ഞു: നീ ഇപ്പോള്‍ അമര്‍ഷത്തോടെ വെറുക്കാനും അകറ്റാനും തീരുമാനിക്കുന്ന നിന്‍റെ സുഹൃത്തിന്‍റെ വാക്കുക ളെയും അങ്ങനെ കണ്ടാല്‍പോരേ? അവര്‍ക്ക് നിന്നെക്കുറിച്ചുള്ള അഭിപ്രായമല്ല അതെന്നും ഒരു വിഷയവുമായി മാത്രം ബന്ധപ്പെട്ട കുറ്റപ്പെടുത്ത ലാണെന്നും മനസ്സിലാക്കി ആ അമര്‍ഷത്തെ ഒഴിവാക്കുകയല്ലേ വേണ്ടത്. അതങ്ങ് അവഗണിച്ചു കളയുകയല്ലേ വിവേകം.
അതെ. അതാണ് സത്യം. അതുതന്നെയാണ് ചെയ്യേണ്ടത്! എന്‍റെ മനസ്സ് ഉറച്ച തീരുമാനത്തോടെ പറഞ്ഞു. ആ തീരുമാനത്തോടെ മനസ്സ് ശാന്തമായി. കുളിരാര്‍ന്ന ഒരു പ്രശാന്തി വന്നു നിറഞ്ഞു. ഉടനെ അവര്‍ രണ്ടാളോടും സംസാരിക്കാന്‍ മനസ്സു വെമ്പി. ഫോണെടുത്ത് വാട്സ്ആപ് മെസേജ് അയച്ച സുഹൃത്തിനെ വിളിച്ചു. അങ്ങേത്തലയ്ക്കല്‍ മൗനം. ഹലോ എന്ന് പറഞ്ഞിട്ട് അനക്കമില്ല.
ഫോണ്‍ കട്ട് ചെയ്ത് വെറുതെയങ്ങനെ കട്ടി ലില്‍ ചാഞ്ഞുകിടക്കുമ്പോള്‍ അവന്‍ തിരിച്ചു വിളിച്ചു. ഇടറിയ സ്വരത്തില്‍ അവന്‍ പറഞ്ഞു: "നീ ക്ഷമിക്കണം. പറഞ്ഞു പോയത് ഒരിക്കലും പൊറുക്കാനാവാത്തതാണ്. അത് അബദ്ധത്തില്‍ നിന്നിലേക്കെത്തിയത് ഒരു വലിയ പാഠമായി. എന്തു പറയണമെന്നറിയില്ല. നിന്നോടുള്ള ബഹുമാനക്കുറ വല്ല ആ വാക്കിനു പിന്നിലെന്ന് പറഞ്ഞാല്‍ അതൊരു ന്യായീകരണമേയാകൂ. മാപ്പു തരണം. ഞങ്ങളില്‍നിന്ന് അകന്നു പോകരുത്. നീ ഞങ്ങള്‍ക്ക് അത്രമാത്രം വേണ്ടപ്പെട്ടവനാണ്."
ഞാന്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു: "നീ പറഞ്ഞതില്‍ തെറ്റൊന്നുമില്ല. കുറെയൊക്കെ ശരിയുമാണ്. നമ്മളും ഇതുപോലെ എത്രയോ പേരെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അത് അവരോട് സ്നേഹമില്ലാത്തതുകൊണ്ടാണോ? അല്ലല്ലോ? അതെനിക്കു മനസ്സിലാകും. ഇതിനി ഉള്ളിലിട്ട് കലുഷമാക്കണ്ട. വിട്ടേക്ക്. നമുക്ക് നാളെ കാണാം. ഒന്നിച്ചിരുന്ന് ചായ കുടിക്കാം. അവനോടും വരാന്‍ പറയണം."
അവന്‍റെ ഹൃദയം ശാന്തമാകുന്നതും ആശ്വാസം നിറയുന്നതും അറിഞ്ഞു. അവനേക്കാള്‍ ആശ്വാസം എനിക്കായിരുന്നു. സുഹൃത്തുക്കള്‍ക്ക് ചെറിയ തെറ്റ് സംഭവിക്കുമ്പോള്‍ നാം എത്രമാത്രമാണ് സങ്കുചിതരായിപ്പോകുന്നതെന്ന് ചിന്തിക്കാന്‍ അത് പ്രേരണയായി. നമ്മോടു ചേര്‍ന്നുനില്ക്കുന്ന എത്രയോ മനുഷ്യരെ, സുഹൃത്തുക്കളെ ചെറിയൊരു പോരായ്മയുടെ പേരില്‍ നാം തള്ളിപ്പറഞ്ഞിട്ടുണ്ട്? അതുവരെ ചെയ്ത നന്മകളെല്ലാം അവഗണിച്ചിട്ടുണ്ട്? അടുത്തു നില്ക്കുന്നവരോടുപോലും നാം അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അടുപ്പമില്ലാത്തവരുടെ പരിമിതികളോട് നമുക്കുള്ള മനോഭാവം പറയേണ്ടതില്ലല്ലോ?!
കുറെനേരം ഞാന്‍ മൗനമായി ഇരുന്നു. നാം നമ്മെ ന്യായീകരിക്കാനായാണ് അറിവുകളെല്ലാം വിനിയോഗിക്കുന്നത്. നമ്മുടെ ശരികളെ പറഞ്ഞുറപ്പിക്കാന്‍ എത്ര ഊര്‍ജ്ജമാണ് നാം ചിലവഴിക്കുന്നത്. വല്ലപ്പോഴെങ്കിലും മറ്റുള്ളവരുടെ പോരായ്മകളെ അവഗണിക്കാനും അവരുടെ വീഴ്ചകളെ സ്നേഹത്തോടെ മനസ്സിലാക്കാനും പൊറുക്കാനും ആ അറിവുകളെ ഉപയോഗിക്കുന്നെങ്കില്‍ ആ അറിവിന് എന്തൊരു വെളിച്ചമായിരിക്കും. അതെത്ര നന്മയായിരിക്കും!
ഒരിക്കലുമത് സ്വാഭാവികമായി സംഭവിക്കില്ലെന്നത് തീര്‍ച്ച. ബോധപൂര്‍വ്വം അതിനായി നാം ശ്രമിക്കുമ്പോള്‍ വന്നു ഭവിക്കുന്ന അനുഭവത്തിന് ജീവിതത്തിലേക്കുള്ള സുഗമമായ വഴികള്‍ ചൊല്ലിത്തരാനാകുമെന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു. ഇനിയും ഇതുപോലുള്ള സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകേണ്ടി വരുമ്പോള്‍ സമചിത്തതയോടെയും സാവകാശത്തോടെയും അതിനോട് അനുനയപൂര്‍വ്വം പ്രതികരിക്കാനുള്ള ഉള്ളം എന്നില്‍ സജീവമായി നില്ക്കണേ എന്ന പ്രാര്‍ത്ഥനയോടെ.... സ്നേഹത്തോടെ... വിനയത്തോടെ....