news-details
മറ്റുലേഖനങ്ങൾ

ഉത്ഥാനത്തിന്‍റെ ശക്തിയും വി. ഫ്രാന്‍സിസും

യേശുവാകട്ടെ, തന്നില്‍നിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞ് പെട്ടെന്ന് ജനക്കൂട്ടത്തിനുനേരെ തിരിഞ്ഞ് ചോദിച്ചു: ആരാണ് എന്‍റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത്.

സാധാരണ ജനങ്ങളുടെ ധാരണയില്‍ ശക്തി, ബലം, കൃപ, വരപ്രസാദം തുടങ്ങിയ വാക്കുകള്‍ക്കു ഏതാണ്ട് ഒരേ അര്‍ത്ഥമാണ്. ദൈവപുത്രനായ യേശുവിന്‍റെ പുനരുത്ഥാനം അര്‍ത്ഥമാക്കുന്നത് പീഡാസഹനവും മരണവും സംസ്കാരവും കഴിഞ്ഞ് അവിടുന്ന് ഉയിര്‍ത്ത് ജീവനിലേക്കു തിരിച്ചുവന്ന ആ മഹാസംഭവമാണ്. ഇതിനു പിറകിലെ ദൈവികശക്തിയെ സൂചിപ്പിക്കുകയാണ് ദൈവപുത്രന്‍റെ ഉത്ഥാനത്തിന്‍റെ ശക്തി. ജീവിക്കുന്ന ദൈവത്തിന്‍റെ അനന്യമായ ജീവശക്തിയാണ് നസ്രത്തിലെ യേശുവില്‍ കാണപ്പെട്ടത് എന്നതിനു സംശയമില്ല. ഉയിര്‍ത്തെഴുന്നേററ ക്രിസ്തു അവിടുത്തെ ശിഷ്യരെ ശാക്തീകരിച്ചതും തന്‍റെ ശക്തി അവരിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ടാണല്ലോ. ഇതേ ജീവശക്തിയാണല്ലോ വിശ്വാസികളുടെ ജീവിതത്തില്‍ അന്നും ഇന്നും എന്നും പ്രവര്‍ത്തിക്കുന്നത്. നിത്യം ജീവിക്കുന്ന അവിടുത്തെ മരണമില്ലാത്ത ജീവന്‍റെ പ്രവര്‍ത്തനശേഷി മനുഷ്യബുദ്ധികൊണ്ട് അളക്കാവുന്നതല്ല. വിശ്വസിക്കുന്നവര്‍ക്കാകട്ടെ അനുഭവിക്കാന്‍ കഴിയുന്നു. ഈ ദൈവികശക്തി അസ്സീസിയിലെ ഫ്രാന്‍സീസിന്‍റെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചതും അദ്ദേഹം പ്രത്യുത്തരിച്ചപ്പോള്‍ സംഭവിച്ച കാര്യങ്ങളും ഇവിടെ ചിന്താവിഷയമാക്കുകയാണ്.

ജീവിതത്തില്‍ ഫ്രാന്‍സീസ് അനുഭവിച്ച ശക്തി

വിളിച്ച ദൈവത്തോട് വിശ്വസ്തതയോടെ പ്രത്യുത്തരിച്ചുകൊണ്ട് ഫ്രാന്‍സീസ് യേശുവിനെ അനുകരിക്കാനായി തന്നെ മുഴുവനായി ദൈവതൃക്കരങ്ങളില്‍ ഏല്‍പ്പിച്ചു. ഒരസാധാരണ പ്രകാശം തന്നെ വലയം ചെയ്തതായും തന്‍റെ എല്ലാപാപങ്ങളും, ഏററവും ചെറുതുപോലും, ദൈവം ക്ഷമിച്ചുവെന്ന് ഉറപ്പുലഭിച്ചതായും ഒരനുഭവമുണ്ടായി. മാനസാന്തരത്തിനുശേഷമുള്ള അദ്ദേഹത്തിന്‍റെ ജീവിതം മുഴുവനും ഉയിര്‍ത്തെഴുന്നേററ ക്രിസ്തുവിന്‍റെ ചൈതന്യത്താല്‍ ശാക്തീകരിക്കപ്പെട്ട ഒന്നായിത്തീര്‍ന്നു. സ്പോളേറേറായില്‍വച്ച് വിളി ലഭിച്ചതുമുതല്‍ യേശുവിനെ അങ്ങേയററം കൃത്യമായി അനുകരിക്കുന്നതിനുവേണ്ടി വശുദ്ധ സുവിശേഷത്തിന്‍റെ ശൈലിയിലുള്ള ജീവിതത്തിനായി ഫ്രാന്‍സീസ് സമ്പൂര്‍ണ സമര്‍പ്പണം ചെയ്തു. ക്രിസ്തുവിന്‍റെ രക്ഷാകര പ്രവൃത്തിയാല്‍ നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിച്ചുകൊണ്ട് മുന്നേറണമെന്ന് അത്യുന്നതന്‍റെ വെളിപാടുകിട്ടി. അന്നുമുതല്‍ ദിവ്യഗുരു നല്‍കുന്ന പുതുജീവനുവേണ്ടി സര്‍വ്വശക്തിയോടെ പ്രയത്നിച്ചിരുന്നു. തല്‍ഫലമായി താന്‍ ക്രിസ്തുവില്‍ ഒരു നവ്യസൃഷ്ടിയായെന്നും പാപത്തില്‍നിന്നും മാറി ദൈവത്മാവിനാല്‍ നയിക്കപ്പെട്ടുവെന്നും അദ്ദേഹം സക്ഷ്യപ്പെടുത്തി. പിന്നീട് ഫ്രാന്‍സീസിന്‍റെ ശ്രദ്ധയും പരിശ്രമവുമെല്ലാം കേന്ദ്രീകരിച്ചിരുന്നത് പാപത്തോടു മരിച്ച് ദൈവത്തിനായി ജിവിക്കാനും വിശുദ്ധിയില്‍ വളര്‍ന്ന് അങ്ങയെ മഹത്വപ്പെടുത്തുവാനും മാത്രമായിരുന്നു.

വിശ്വാസത്തോടെ സുവിശേഷം വായിച്ചു ധ്യാനിച്ചപ്പോള്‍ ഫ്രാന്‍സീസിനു ഒരുള്‍ക്കാഴ്ച ലഭിച്ചു. ദുര്‍ബലമനുഷ്യനു ക്രിസതുവിന്‍റെ ഉത്ഥാനത്തിന്‍റെ ശക്തിയാല്‍ മരണവും ഉയിര്‍പ്പും യാത്ഥാര്‍ത്ഥ്യമായി ഇഹലോകത്തില്‍ വച്ചുതന്നെ അനുഭവിക്കാനാവും. ക്രിസ്തുവിന്‍റെതുപോലൊരു ജീവിതസാഫല്യമാകുമത്. പരിശുദ്ധാത്മാവിന്‍റെ ശക്തി തന്നില്‍ പ്രവൃത്തിക്ഷമമാണെന്നും ദൈവകരങ്ങള്‍ തന്നെ നയിക്കുകയാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ ദൈവഹിതം കണ്ടെത്താന്‍ അദ്ദേഹം തീവ്രമായി അന്വേഷിച്ചു. എത്തിപ്പിടിക്കാനുള്ള ലക്ഷ്യവുമായി തുലനം ചെയ്യുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്ന ഞെരുക്കവും കഷ്ടപ്പാടുകളും ചെയ്യേേണ്ടിവരുന്ന ത്യാഗങ്ങളും തീരെ തുഛമായി ഫ്രാന്‍സീസ് പരിഗണിച്ചു.

ദൈവത്തിന്‍റെ ആത്മാവ് മനുഷ്യനില്‍ വസിക്കുന്നതുകൊണ്ട് മനുഷ്യപ്രകൃതിക്കു അനന്തമായ സാദ്ധ്യതകള്‍ ഉണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.(30) ദൈവം നല്‍കുന്ന കൃപയോട് പൂര്‍ണ്ണമായി സഹകരിക്കുന്നതിന് അറുതിയില്ലാത്ത സഹിഷ്ണുത അത്യാവശ്യമാണെന്നും അദ്ദേഹമറിഞ്ഞിരുന്നു. അങ്ങനെ മാത്രമേ ഉത്ഥാനത്തിന്‍റെ ശക്തിയായ ആയുധംകൊണ്ട് പാപത്തിന്‍റെയും തിന്മയുടെയും സ്വാര്‍ത്ഥതയുടെയും ശക്തികളെ ഉന്‍മൂലനം ചെയ്യാനാകൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ദൈവം നല്‍കുന്ന ബലത്തിന്‍റെ അങ്ങേയററം മുന്നേറുവാന്‍ ഫ്രാന്‍സിസ് സന്നദ്ധനായിരുന്നു. ഒന്നിനും നശിപ്പിക്കുവാന്‍ കഴിയാത്ത ഈ ദൈവികശക്തി ജ്ഞാനസ്നാനം സ്വീകരിച്ച ഏവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹത്തിന് പരമമായ ബോദ്ധ്യമുണ്ടായിരുന്നു. കര്‍ത്താവ് ആവശ്യപ്പെട്ടതിന്‍ പ്രകാരം സുവിശേഷത്തിന്‍റെ ശൈലിയില്‍ ജീവിക്കുവാനും സ്വര്‍ഗീയപിതാവിന്‍റെ പൂര്‍ണ്ണത കൈവരിക്കുവാനും ഈ ഉത്ഥാനത്തിന്‍റെ ശക്തി തന്നെ പ്രാപ്തനാക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് ഈ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ താന്‍ ചെയ്തിരുന്നപോലെ എല്ലാ സഹോദരന്മാരോടും എല്ലാത്തിനും ഉപരിയായി കര്‍ത്താവിന്‍റെ ചൈതന്യവും അതിന്‍റെ പ്രവര്‍ത്തനവും അന്വേഷിക്കുവാന്‍ നിയമാവലിയിലൂടെ ഫ്രാന്‍സീസ് ആജ്ഞാപിച്ചു.

ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്ന എല്ലാവരിലും ഉത്ഥാനത്തിന്‍റെ ശക്തി കര്‍മ്മനിരതമായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമായിരുന്നു. ഉയിര്‍ത്തെഴുന്നേററ ക്രിസ്തു തിരശ്ശിലക്കപ്പുറം കടന്ന് സ്വര്‍ഗസ്ഥനായ പിതാവിനെ മുഖാഭിമുഖം കണ്ടതുപോലെ ജേതാവായ ക്രിസ്തുവിനോടു യോജിച്ചു ജീവിച്ചാല്‍ തനിക്കും സ്വര്‍ഗീയ പിതാവിനെ കാണുവാന്‍ കഴിയുമെന്ന് ഫ്രാന്‍സീസ് വിശ്വസിച്ചു. അദ്ദേഹത്തിന്‍റെ പ്രബോധനങ്ങളും ജീവചരിത്രവും ശ്രദ്ധയോടെ വായിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമാകുന്നതാണ്. സഹകരിക്കുന്ന മനുഷ്യവ്യക്തിക്കു ഈ ദൈവിക ശക്തി അനുഭവിക്കാനാകും എന്നറിഞ്ഞ അദ്ദേഹം അതീവ തീ്ക്ഷ്ണതയുള്ളവനായി മാറി. ക്രൂശിതനും ഉത്ഥാനം ചെയ്തവനുമായ ക്രിസ്തുവിനെ ജീവിതത്തിലൂടെ പകര്‍ത്തിയെടുക്കുവാന്‍ ദൈവമുമ്പില്‍ നിശ്ചയിച്ചുറച്ചുകൊണ്ടായിരുന്നു പിന്നീടുള്ള ജീവിതമത്രയും.

ലോകരുടെ മുമ്പില്‍ പങ്കുവച്ച ജീവിതദര്‍ശനം

തന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടു എന്നുറപ്പു കിട്ടിയപ്പോള്‍ അനുഭവിച്ചുതുടങ്ങിയ ആനന്ദം ഫ്രാന്‍സീസിന്‍റെ ജീവിതാന്ത്യംവരെ നീണ്ടുനിന്നു എന്നത് വാസ്തവമാണ്. എന്നാല്‍ നന്ദി നിറഞ്ഞ ഫ്രാന്‍സീസ് ഒരു മഹാകാര്യത്തിനു തുനിഞ്ഞുവെന്നത് രെുപക്ഷെ ആരെയും വിസ്മയിപ്പിച്ചേക്കും. കുരിശുമരണത്തിലൂടെ യേശു അനുഭവിച്ചതെല്ലാം അതേപടി അനുഭവിക്കുവാന്‍ ദാഹിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു. കുരിശില്‍ മരിച്ച ദിവ്യനാഥാ, അങ്ങു് അനുഭവിച്ച ആ പീഡാനുഭവത്തിന്‍റെ വേദനയും പാപികളോടുള്ള സ്നേഹത്തിന്‍റെ തീവ്രതയും ഒരു നിമിഷനേരം അനുഭവിക്കുവാന്‍ എനിക്കു കൃപ നല്‍കണേയെന്ന്. മിസ്ററിക് രീതിയില്‍ തനിക്കും ക്രൂശിതനോടു സാല്‍മീകരണം പ്രാപിക്കുവാന്‍ കഴിയുമെന്ന് ഫ്രാന്‍സീസിന് അത്രയേറെ ഉറച്ചവിശ്വാസമായിരുന്നു. പഞ്ചക്ഷതമെന്ന അത്യപൂര്‍വ്വ ദാനത്തിലൂടെ, ഒരു വിശ്വാസിക്കു څഭൂമുഖത്ത് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒന്നിനും നശിപ്പിക്കാനാവാത്ത ഉത്ഥാനത്തിന്‍റെ ശക്തി അനുഭവിക്കുക സാദ്ധ്യമാണെന്ന് ദൈവം വെളിപ്പെടുത്തുകയായിരുന്നു എന്നു കരുതാം. വിശുദ്ധ പൗലോസിലും ഇതാണല്ലോ നമുക്കു കാണാന്‍ കഴിയുക. ക്രിസ്തുവിനെ അറിഞ്ഞതിനുശേഷം ഇനി തന്‍റെ ഹൃദയദാഹം അവിടുത്തെ ഉത്ഥാനത്തിന്‍റെ ശക്തി അനുഭവിച്ചറിയുകയും ക്രിസ്തുവില്‍ ഒന്നായി തീരുകയും മാത്രമാണെന്ന് ജീവിതാന്ത്യത്തില്‍ അദ്ദേഹം സാക്ഷ്യം നല്‍കി.

ക്രിസ്തുവിനോടുള്ള കൂട്ടായ്മയും അവിടുത്തെ സ്വയം ശൂന്യവത്കരണത്തോടുള്ള സാത്മീകരണവും വഴിയാണ് ഉത്ഥാനത്തിന്‍റെ ശക്തി ഒരു വിശ്വാസിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ കടന്നുവരിക. മരണത്തില്‍ ഒരാള്‍ നിശ്ചയദാര്‍ഢ്യത്തോടെ യേശുവിനെ അനുകരിക്കുന്നെങ്കില്‍ ഇഹത്തില്‍വച്ചു തന്നെ യേശുവിന്‍റെ ജീവന്‍ അയാളുടെ ജഡത്തില്‍ പ്രത്യക്ഷപ്പെടും. എന്തെന്നാല്‍ കര്‍ത്താവിനോടു ഐക്യപ്പെട്ടിരിക്കുന്നവന്‍ അവിടുത്തെ ആത്മാവിനോടു ഒന്നായിത്തീര്‍ന്നിരിക്കുന്നു. ജീവിക്കുന്ന ദൈവത്തിന്‍റെ വിരല്‍ ക്രൂശിതനായ ക്രിസ്തുവിന്‍റെ പ്രതിരൂപം ഫ്രാന്‍സീസിന്‍റെ ശരീരത്തില്‍ വരച്ചു ചേര്‍ത്തുവെന്ന് ബൊനവെന്തൂരാ പുണ്യവാന്‍ സാക്ഷ്യപ്പെടുത്തി എന്നതും വളരെ ശ്രദ്ധേയമാണ്. ക്രൂശിതനുമായുള്ള താദാത്മ്യം പ്രാപിക്കലാണ് ഒരു ദൈവശിശുവിന്‍റെ വ്യക്തിത്വവികാസത്തിന്‍റെ പരിപൂര്‍ണ്ണതയെന്ന് ഫ്രാന്‍സീസിന് ബോദ്ധ്യമുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ജീവിതത്തിലും പ്രബോധനങ്ങളിലും ജനങ്ങളുമായുള്ള ഇടപെടലുകളിലും വ്യക്തമാണ്. ലോകരുടെ മുമ്പില്‍ ഒരു കാര്യം തെളിവായി കാണപ്പെട്ടു: അതായത്, ഫ്രാന്‍സീസിന്‍റെ ബോധത്തില്‍ ദൈവാത്മാവിന്‍റെ പ്രകാശം ലഭിച്ചതുമുതല്‍ അദ്ദേഹത്തിന്‍റെ എല്ലാ പ്രയത്നങ്ങള്‍ക്കും ഒരേ ഉദ്ദേശമായിരുന്നു. ദൈവകൃപയുടെ ശക്തിയും മനുഷ്യപ്രകൃതിയുടെ ശക്തിയും ഒന്നുചേര്‍ന്നാല്‍ എവിടംവരെ എത്താമോ അതിന്‍റെ അങ്ങേയററം വരെ പോവുകതന്നെ, അതേ ക്രിസ്തുവില്‍ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താന്‍ വേണ്ടി.

പിതാവിന്‍റെ തിരുമനസ്സിനോടുള്ള പരിപൂര്‍ണ്ണ അനുസരണംവഴി യേശുവിനെ പിന്‍ചെല്ലുക മാത്രമാണ് ഫ്രാന്‍സീസിനെ തൃപ്തിപ്പെടുത്തുക. ശരീരത്തിന്‍റെ ക്ഷേമത്തെപററി വ്യഗ്രത വര്‍ദ്ധിക്കുന്തോറും ലൗകികമോഹങ്ങള്‍ പെരുകിക്കൊണ്ടേയിരിക്കും. ആകയാല്‍ സമ്പൂര്‍ണമായ ആശാനിഗ്രഹം മാത്രമേ ക്രിസ്തുവിന്‍റെ കല്‍പന പാലിക്കല്‍ പ്രായോഗികമാക്കൂ. എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിക്കട്ടെ എന്ന് ആഹ്വാനം ചെയ്ത യേശുവിനെ പിന്‍ചെല്ലുക എന്ന ലക്ഷ്യം മുന്‍നിറുത്തി തന്നെത്തന്നെ പരിത്യജിക്കുവാന്‍ ഫ്രാന്‍സീസ് എന്ത് കഷ്ടപ്പാടും ഏറെറടുക്കുമായിരുന്നു. വിശുദ്ധ പൗലോസിനെപോലെ ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും, അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെ അറിയുന്നതിനും അവന്‍റെ മരണത്തോടു താദാത്മ്യപ്പെടുന്നതിനും വേണ്ടി എന്തും സഹിക്കുവാനും ഫ്രാന്‍സീസ് സന്നദ്ധനായിരുന്നു.

ശാരീരികമായി യേശുവിനോടുള്ള അനുരൂപണം പരമകാഷ്ഠയിലെത്തിയത് ലവേര്‍ണായിലെ മിസ്ററിക് അനുഭൂതിയിലൂടെ പഞ്ചക്ഷതങ്ങള്‍ ഏററുവാങ്ങിക്കൊണ്ടാണ് അതായത് ക്രൂശിതനായ ക്രിസ്തു അവിടുത്തെ അഞ്ചു തിരുമുറിവുകള്‍ ഫ്രാന്‍സീസിന്‍റെ ശരീരത്തില്‍ ഉളവാക്കിക്കൊണ്ട്. അഞ്ചുമുറിവുകള്‍ സ്വീകരിച്ചശേഷം അധികം താമസിയാതെ ഫ്രാന്‍സീസ് പരിശുദ്ധത്രിത്വത്തെ ക്രിസ്തുവിനോടോപ്പം മുഖാഭിമുഖം കണ്ട് അങ്ങയെ മഹത്വപ്പെടുത്തുന്ന മിസ്ററിക് കീര്‍ത്തനം രചിച്ചുവെന്നത് സവിശേഷശ്രദ്ധയര്‍ഹിക്കുന്ന സംഗതിയത്രെ. തന്‍റെ പുതിയ ജീവിതത്തില്‍ ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ ശക്തിയെപ്പററി ഫ്രാന്‍സീസിന് നിരന്തരമായ അവബോധമുണ്ടായിരുന്നവെന്നു മാത്രമല്ല, സ്നേഹപൂര്‍ണ്ണവും ആനന്ദനിര്‍ഭരവുമായ വിധത്തില്‍ ജീവന്‍റെ അതിനാഥനായ കര്‍ത്താവിനു സമ്പൂര്‍ണ്ണ സ്വയംസമര്‍പ്പണം നടത്തിക്കൊണ്ട് ആ ശക്തിക്കു സാക്ഷ്യം നല്‍കുകയും ചെയ്തു. 

You can share this post!

ആരാധനയുടെ ആന്തരികത

ഫാ. ജോസ് വള്ളിക്കാട്ട്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts