അനന്തരം "ഭൂമിയില്‍ നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും അതതുതരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളച്ച് വരട്ടെ എന്നു ദൈവം കല്പിച്ചു: അങ്ങനെ സംഭവിച്ചു". എല്ലാം നല്ലതായിത്തന്നെ മൂന്നാം ദിവസവും കഴിഞ്ഞു. ഫലം നല്‍കുക എന്നതു അഴിവില്ലാത്ത ഒരു നിയമമായി ദൈവം പ്രകൃതിക്കു നല്കി എന്നു വി. ബേസില്‍ പറയുന്നു. ഇവയെല്ലാം സൃഷ്ടിക്കപ്പെട്ടത് ആദമിനും മക്കള്‍ക്കും മൃഗജാലങ്ങള്‍ക്കും ജീവിക്കാനുള്ള പരിസരമായിട്ടാണ് എന്നു മാര്‍ അപ്രേം പാടുന്നു. (Commentary On Genesis 1: 22) ഭൂമിയെ സസ്യലതാദികള്‍ കൊണ്ട് അലംകൃതമാക്കിയത് സൂര്യനല്ല; ദൈവം തന്നെയാണ്. കാരണം അടുത്തദിനമാണ് സൂര്യചന്ദ്രാദികളുടെ സൃഷ്ടിനടക്കുന്നത്. സൂര്യനെ ദൈവമാക്കുന്നവരോടുള്ള എതിര്‍പ്പ് വി.ബേസിലും വി. അംബ്രോസും ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്. ആദമിന്‍റെ വീഴ്ചയ്ക്കു ശേഷമാണ് വിഷകരവും മുള്ളുകള്‍ നിറഞ്ഞതുമായ ചെടികളുണ്ടാവുന്നതെന്നു വി. അഗസ്റ്റിന്‍ നിരീക്ഷിക്കുന്നു.
ദൈവമഹത്വത്താല്‍ ഒന്നാം ദിവസത്തെ വെളിച്ചത്തില്‍ ഉരുവാകുകയും വളരുകയും ചെയ്യുന്ന ഒരു ലോക ക്രമത്തെക്കുറിച്ചാണ് ഈ പിതാക്കന്മാരെല്ലാം വാചാലരാകുന്നത്. ഡാര്‍വിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ സൂര്യപ്രകാശമില്ലാതെ എങ്ങനെയാണ് ചെടികള്‍ വളരുക? രാസവളങ്ങളും അന്തകവിത്തുകളുമില്ലാതെ എങ്ങനെയാണ് ഇക്കാലത്ത് വന്‍വിളവുകള്‍ ഉണ്ടാവുക? ഭക്ഷ്യക്ഷാമം തീര്‍ക്കാനാവുക?
ഒരു കൗതുകം കൂടെ ചേര്‍ത്തുവച്ചോട്ടെ. സൂഭാഷ് പലേക്കറുടെ 'സീറോ ബജറ്റ് സ്പിരിച്ച്വല്‍ ഫാമിങ്ങി' നെക്കുറിച്ചാണ്, ഇപ്പോള്‍ ദൈവത്തിന്‍റെ കൃഷിയെക്കുറിച്ചു വായിച്ചുവന്നപ്പോള്‍ മനസ്സില്‍ തോന്നിയത്. ആദിയില്‍ വിഷകരമായതൊന്നും ഉണ്ടാകുന്നില്ല. മീന്‍ ചോദിച്ചാല്‍ പാമ്പിനെയും മുട്ട ചോദിച്ചാല്‍ തേളിനെയും കൊടുക്കേണ്ടി വരുന്നില്ല; അതായതു മക്കള്‍ക്കു വിഷം കൊടുക്കേണ്ടി വരുന്നില്ല. മനുഷ്യര്‍ തോട്ടത്തില്‍ ഇടപെടുംവരെ! ഇടപെട്ട അന്നു മുതല്‍ മുള്ളും പറക്കാരയും ഉണ്ടായി. വന്നുവന്നു ശുദ്ധജലം ചോദിച്ചാല്‍ കോള കൊടുക്കേണ്ടി വരുന്നു. അപ്പം ചോദിച്ചാല്‍ ഷവര്‍മ കൊടുക്കേണ്ടിവരുന്നു; വിഷമയമാണ് സകലതും! പലേക്കര്‍ പറയുന്നത്പോലെ, മണ്ണില്‍ നിന്ന് 1.5 ശതമാനം മൂലകങ്ങള്‍ മാത്രമേ ചെടികള്‍ വലിച്ചെടുക്കുന്നുള്ളു. ബാക്കിയുള്ള 98.5 ശതമാനവും വെള്ളത്തില്‍നിന്നും വായുവില്‍നിന്നും വെളിച്ചത്തില്‍ നിന്നുമാണ് ഓരോസസ്യവും കണ്ടെത്തുന്നതത്രേ! ഇവിടെ ഉല്പത്തിയിലെ കൃഷിയില്‍ സൂര്യവെളിച്ചത്തിനു പകരം ഒന്നാം ദിവസത്തെ Primal Light ആണുള്ളത്. നമ്മള്‍ മുന്നമേ പറഞ്ഞിട്ടുള്ള 'ഉള്‍ വെളിച്ചം' (Inner Light) തന്നെ. അകവെളിച്ചത്തോടെ നടത്തുന്ന കൃഷിയെ ആത്മീയ കൃഷിയെന്ന് വിളിക്കാമെന്നു ഞാന്‍ കരുതുന്നു. ഉള്ളിലിത്തിരി പ്രകാശമുണ്ടെങ്കില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച തൊടികളും കുന്നുകളും നമുക്കിടയില്‍ ഇനിയുമുണ്ടാവുകയില്ല. മെഴുക് പുരട്ടിയ ആപ്പിളും ഈച്ചപോലും ഭയക്കുന്ന മുന്തിരങ്ങകളും നാം ഉല്പാദിപ്പിക്കാനിടയില്ല. ശരിക്കും നല്ല വെളിച്ചക്കുറവുണ്ട് നമ്മുടെ കൃഷിരീതികളില്‍പോലും ഇപ്പോള്‍!
സഖാവേ, ഉട്ടോപ്യന്‍ വിപ്ലവം പറയുകയാണെന്നു കരുതരുതേ! നമ്മുടെ പള്ളിപ്പറമ്പുകളില്‍ പള്ളിമേടകളും കൊടിമരങ്ങളും പണിതു മിച്ചം വരുന്ന സ്ഥലത്തു വെറുതെ ഇന്‍റര്‍ലോക്ക് ഇഷ്ടിക പാകി വെള്ളമിറങ്ങിചാകാന്‍ ഭൂമിയെ അനുവദിക്കാതിരിക്കുന്നതിലും നല്ലതല്ലേ, ഇത്തിരി കപ്പയോ ചേനയോ രണ്ടു വാഴയോ നടുന്നത്? സന്ധ്യാ നേരങ്ങളില്‍ നമ്മുടെ ചെറുപ്പക്കാര്‍ക്കു മണ്ണിനെയും മരങ്ങളെയും മനുഷ്യരെയും ഇന്‍റര്‍നെറ്റിലൂടെയല്ലാതെ ഒന്നു കാണാനുള്ള അവസരവും ഉണ്ടാകുമല്ലോ? നാല്പതുരൂപാ കിലോവിലയുള്ള അരി വിതരണം പള്ളിയ്ക്കു താങ്ങാന്‍ പറ്റാതെ വരുന്നതു കൊണ്ടു നമ്മുടെ ചാരിറ്റിപ്രവര്‍ത്തനം നിന്നു പോകുമെന്ന ഭയം വേണ്ട, പള്ളിയല്ലേ എന്നു കരുതി സഹായം ചോദിച്ചു കയറി വരുന്നവനെ വെറുംകൈയ്യോടെ മടക്കേണ്ടല്ലോ! ചിരിക്കേണ്ടാ ഭായി! ഞാന്‍ നിര്‍ത്തുകയാണ്. ഏദനില്‍ ദൈവം 'തോട്ടമാണ്' ഉണ്ടാക്കിയതു എന്നു നീ മറക്കാതിരുന്നാല്‍ മതി!