news-details
മറ്റുലേഖനങ്ങൾ

ആനന്ദത്തിലേക്ക് പതിനാലുപടവുകള്‍ അടിസ്ഥാനമനോനിലകള്‍

ശാന്തം

ശാന്തം എന്ന വാക്ക് സാന്ദ്രമാണ്. ആ വാക്ക് തന്നെ ശാന്തി പകരുന്നു. ശാന്തം പ്രസാദാത്മകമാണ്. ശാന്തിയിലായിരിക്കാന്‍ നാമെല്ലാം ഇഷ്ടപ്പെടുന്നു.
ശാന്തിയുടെ ചിന്ത
ശാന്തമായ മനസ്സ് നല്ലതുമാത്രം ചിന്തിക്കുന്നു. ശാന്തമായ മനസ്സില്‍ ചിന്ത യുക്തിഭദ്രമായിരിക്കും, സഹാനുഭൂതമായിരിക്കും. ഒന്നിനാലും സ്വാധീനിക്കപ്പെടാതെ ദൂരക്കാഴ്ചയോടെ, നിശ്ചയദാര്‍ഢ്യത്തോടെ, ഏകാഗ്രതയോടെ ചിന്തിക്കാന്‍ ശാന്തമനസ്സിന് കഴിയുന്നു. ജോലി നന്നായി ചെയ്യാന്‍, ആളുകളെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍, കാര്യങ്ങള്‍ സംയമനത്തോടെ ഗ്രഹിക്കാന്‍ ശാന്തമായ മനസ്സ് നമ്മെ അനുവദിക്കുന്നു. കോടതിമുറികളിലും ഗ്രന്ഥശാലകളിലും പഠനമുറികളിലും ശാന്തമായ അന്തരീക്ഷം രൂപപ്പെടുന്നത് യാദൃശ്ചികമല്ല.

വായിക്കാനും പഠിക്കാനും പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും കളിക്കാനും പാട്ടുകേള്‍ക്കാനും നാട്ടിന്‍പുറത്തുകൂടി നടക്കാനും പ്രകൃതിയുമായി ഒന്നുചേരാനും പറ്റിയ മനോനിലയാണ് ശാന്തം. വിജയകരമായ ഒത്തുതീര്‍പ്പുകള്‍ക്ക് ശാന്തം അനിവാര്യമത്രേ. ഇരുപക്ഷത്തേയും ഒരുപോലെ കേള്‍ക്കാന്‍ ശാന്തതയുടെ ഫലമായ സംയമനത്തിന് മാത്രമേ കഴിയൂ. ഭാവി ആസൂത്രണം ചെയ്യാന്‍, വര്‍ത്തമാനം കാതലായ തീരുമാനങ്ങളുടേതാക്കാന്‍, കഴിഞ്ഞകാലത്തില്‍ നിന്ന് പഠിക്കാന്‍ ശാന്തമായ മനോനില സഹായിക്കുന്നു. ശാന്തമായ മനോനിലയിലേ പ്രണയവും ശൃംഗാരവും സാധ്യമാകൂ. ശാന്തതയും ശ്രദ്ധയും നിങ്ങളെ അനായാസതയോടെ നിങ്ങള്‍ ആയിരിക്കാന്‍ പ്രാപ്തമാക്കുന്നു.

ശാന്തിയുടെ ആശയവിനിമയം

'സംഘര്‍ഷവുമായി സംവാദം സാധ്യമല്ല' എന്ന് കൗണ്‍സിലിംഗില്‍ ഒരു ചൊല്ലുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശാന്തമായ സംവാദത്തിലൂടെയും ആത്മാര്‍ത്ഥമായ ഇടപഴകലിലൂടെയും മാത്രമേ പ്രസാദാത്മകമായ, ഗുണപരമായ സമീപനവും അതുവഴി ഒരാള്‍ക്ക് സഹായകരമായ അന്തരീക്ഷവും സംജാതമാകൂ.

ശാന്തതയുടെ ആശയവിനിമയം വ്യക്തവും സാവകാശവും ആയിരിക്കും. കാര്യങ്ങള്‍ ഗ്രഹിക്കുകയും ഗ്രഹിപ്പിക്കുകയുമാണ് അതിന്‍റെ ലക്ഷ്യം. അനുസരിപ്പിക്കുക എന്നതല്ല. എന്നാല്‍ അത് ആധികാരികമായിരിക്കുകയും ചെയ്യും. ആധികാരികമായ അന്തരീക്ഷം സൃഷ്ടിക്കാനും മനോനിലയില്‍ സ്ഥിരത നിലനിര്‍ത്താനും നേതാക്കള്‍ക്ക് ശാന്തത ഉപകരിക്കുന്നു. അനുയായികളെ ആവേശത്തിലേക്ക് ഉയര്‍ത്താനും കര്‍മ്മോത്സുകരാക്കാനും എന്നപോലെ കാര്യഗൗരവമുള്ള കാര്യങ്ങളില്‍ ശാന്തരാക്കാനും അവര്‍ക്ക് അറിയാം.

സംഘര്‍ഷത്തിലായ സ്വന്തം കുഞ്ഞുങ്ങളെ ശാന്തരാക്കുന്ന മാതാപിതാക്കള്‍ നല്ല മാതാപിതാക്കളാണെന്നു മാത്രമല്ല മുതിരുമ്പോള്‍ അപകടകരവും അപരിചിതവുമായ സന്ദര്‍ഭങ്ങളെ എങ്ങനെ നേരിടണമെന്ന് ബോധ്യമുള്ള ഒരു വ്യക്തിയെ വാര്‍ത്തെടുക്കുന്നവര്‍ കൂടിയാണ്. ആര്‍ക്കും അവനവന്‍റെയോ അപരന്‍റെയോ ജീവിതത്തില്‍ നിന്ന് അപകടങ്ങളെ ഒഴിച്ചുനിര്‍ത്താനാവില്ല. പക്ഷേ ശാന്തമായിരിക്കുന്നതിലൂടെ അപകടങ്ങളെ അനായാസം തരണം ചെയ്യാന്‍ അവര്‍ക്ക് കഴിയും.

ശാന്തിയുടെ ആസ്വാദനം

സമകാലിക ജീവിതത്തില്‍ ശാന്തത അവഗണിക്കപ്പെട്ടിരിക്കുന്നു. ശാന്തത ഭ്രാന്തില്‍നിന്ന് നിങ്ങളെ രക്ഷിക്കുന്നു. ആനന്ദത്തിലായിരിക്കാന്‍ സഹായിക്കുന്നു. ആഴമുള്ള ഒരു അവബോധവും മൂല്യബോധവും അതു നിങ്ങള്‍ക്ക് നല്‍കുന്നു. ആനന്ദത്തിലേക്ക് കര്‍മ്മോത്സുകമായ മാനസികനിലയില്‍ നിന്ന് വ്യത്യസ്തമായ ഒരു പാത നിങ്ങള്‍ക്ക് കാണിച്ചുതരുന്നു.

കൂട്ടുകാരുടെ കാരുണ്യത്തെ, പ്രകൃതിയെ, പ്രകൃതിയുടെ സൗന്ദര്യത്തെ സൗമ്യമായി ധ്യാനാത്മകമായി ഉള്‍ക്കൊള്ളാന്‍ ശാന്തത നമുക്ക് കരുത്താകുന്നു. ആനന്ദാത്മകവും പ്രസാദാത്മകവുമായ ഏക മനോനില ശാന്തമാണ്. സമകാലിക പാശ്ചാത്യ ജീവിതരീതിയുടെ തിരക്കിട്ട, കര്‍മോത്സുകമായ, സമ്മര്‍ദ്ദപൂര്‍ണമായ സമയക്രമത്തില്‍ ഇന്ന് നാം ശാന്തതയെ അവഗണിക്കുന്നു.

ശാന്തര്‍ സന്തോഷം അനുഭവിക്കുന്നു. ശാന്തരായവര്‍ സമീപത്തുള്ളപ്പോള്‍ നമുക്ക് സ്വാസ്ഥ്യം അനുഭവപ്പെടുന്നു. ശാന്തത അതില്‍ തന്നെ അനായസതയാണ്. ആ അനായാസത അത് ലോകത്തിനും സമ്മാനിക്കുന്നു. ശാന്തത സൗമ്യവും നിശ്ശബ്ദവുമാണ്.  അടുപ്പത്തിന്‍റെയും അയവിന്‍റെയും സൗഖ്യത്തിന്‍റെയും തറവാടാണ് ശാന്തത, വിശ്രമിക്കാനും ധ്യാനിക്കാനും പ്രാര്‍ത്ഥിക്കാനും ആശ്വസിക്കാനുമുള്ള ഇടമാണ് ശാന്തത. നമ്മുടെ കുടുംബത്തെയും കൂട്ടുകാരെയും ആഴത്തില്‍ മൂല്യത്തില്‍ നാം തിരിച്ചറിയുന്നത് ശാന്തതയിലാണ്. നമ്മുടെ ഉള്‍വിളി നാം വ്യക്തമായി കേള്‍ക്കുന്നതും നമ്മുടെ അകം സുഖമാകുന്നതും  ശാന്തതിയലത്രേ. പരിഭ്രാന്തിയിലാണ്ട കുഞ്ഞിനെയും പാടേ ക്ഷുഭിതനായ ഉപഭോക്താവിനെയും നീരസത്തിലാണ്ട ബന്ധുവിനെയും ശാന്തത സമചിത്തതയോടെ കൈകാര്യം ചെയ്യുന്നു.

ശാന്തത ആധികാരികമാണ്, ഉറപ്പുള്ളതാണ്. ആവേശം, ഉത്കണ്ഠ, വിഷാദം എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ശാന്തത സ്വയം കൈകാര്യം ചെയ്യുന്നു. അധികാരത്തിനോ അടിച്ചമര്‍ത്തലിനോ മറ്റേതെങ്കിലും ഭീഷണിക്കുമുന്നിലോ അടിയുറച്ചു നില്‍ക്കാന്‍ ശാന്തതയ്ക്കു മാത്രമേ കഴിയൂ.

ശാന്തത സുരക്ഷിതമാണ്. മനോനില വ്യതിയാനമുള്ള, വിരുദ്ധധ്രുവ മാനസിക വ്യതിയാനമുള്ള ആളുകള്‍ക്കുവരെ ഏറ്റവും സുരക്ഷിതമായ മനോനില ശാന്തതയാണ്. ശാന്തമായിരിക്കുമ്പോള്‍ നിങ്ങള്‍ സുഖമായിരിക്കുന്നു. നിങ്ങളുടെ മനോനില നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കുന്നു, ഇവിടെ നിങ്ങള്‍ തികച്ചും സുരക്ഷിതമായിരിക്കുന്നു. 'ആയിരിക്കുന്ന' മനോനിലയാണത്. 'ചെയ്തു' കൊണ്ടിരിക്കുന്ന മനോനിലയല്ല.

ശാന്തതയുടെ അനുഭൂതി സ്നേഹമാണ്. സ്നേഹം സ്വസ്ഥതയും സുഖവും സന്തോഷവും കൊണ്ടുവരുന്നു. ഭയത്തിന്‍റെ മറുപുറമാണ് സ്നേഹം. സ്നേഹം കിട്ടാത്ത കുട്ടികള്‍ ഭയത്തിലും ഉത്കണ്ഠയിലും ചാഞ്ചല്യത്തിലും അരക്ഷിതത്വത്തിലും ഉന്മാദത്തിലും ആക്രമണോത്സുകതയിലും  വളരുന്നു. കുട്ടിക്കാലത്ത് കിട്ടുന്ന സ്നേഹം സുരക്ഷിതത്വവും ആത്മവിശ്വാസവും നല്കുന്നു. അത് ജീവിതകാലമത്രയും നിലനില്‍ക്കുന്നു.

ശാന്തിയുടെ പെരുമാറ്റം

ശാന്തര്‍ സ്വച്ഛരായിരിക്കും. അവര്‍ സാവകാശം സഞ്ചരിക്കുന്നു. വ്യക്തതയും കൃത്യതയും അവരുടെ മുഖമുദ്രകളായിരിക്കും. അവര്‍ എല്ലാക്കാര്യങ്ങളും തികഞ്ഞ ബോധ്യത്തോടെ ചെയ്യുന്നു. എല്ലാറ്റിലും മിതത്വം പാലിക്കുന്നു. അവരുടെ മുഖം സൗമ്യവും ഭാവം ശാന്തവും പക്ഷേ ദൃഢവുമായിരിക്കും, താന്‍ ജീവിക്കുന്ന ഇടത്തോടും പരിസരത്തോടും അവര്‍ ആദരവും കൃതജ്ഞതയും പുലര്‍ത്തുന്നു. ചുറ്റും എന്തു സംഭവിച്ചാലും സാഹചര്യങ്ങള്‍ എന്തായിരുന്നാലും അവര്‍ സ്ഥിതപ്രജ്ഞരായിരിക്കും.

ശാന്തര്‍ അക്ഷോഭ്യരായിരിക്കും, സമാധാനകാംക്ഷികളായിരിക്കും. അഗ്നിപരീക്ഷണങ്ങളില്‍ ശാന്തരായിരിക്കുന്നവരും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നിറവേറ്റുന്നവരും വസ്തുനിഷ്ഠവും ഫലപ്രദവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരുമാണ് യഥാര്‍ത്ഥ നേതാക്കള്‍.

ശാന്തിയിലെ ജീവിതം

വിശ്വാസ്യതയുടെയും സുരക്ഷിതത്വത്തിന്‍റെയും  പ്രത്യാശയുടെയും മനോനിലയാണ് ശാന്തത. ആത്യന്തികമായി എല്ലാം നന്നായി നടക്കുമെന്ന വിശ്വാസമാണ് ശാന്തത. എന്തു നടന്നാലും അതെല്ലാം നല്ലതിനെന്ന മനോഭാവമാണ് ശാന്തത. ആത്മീയതയുടെ മനോനിലയാണ് ശാന്തത. ആത്മീയത വെടിഞ്ഞ പടിഞ്ഞാറ് ശാന്തതയെയും കൈവെടിഞ്ഞിരിക്കുന്നതായി കാണാം. നൂറ്റാണ്ടുകളായി ആത്മീയഗുരുക്കള്‍ വാഗ്ദാനം ചെയ്ത ശാന്തിയെ കൈവെടിഞ്ഞ് കുളിപ്പിച്ച വെള്ളത്തിനൊപ്പം കുഞ്ഞിനെയും എറിഞ്ഞുകളഞ്ഞതു പോലെയായിരിക്കുന്നു. ബുദ്ധദര്‍ശനം ധ്യാനത്തിലൂടെയും ക്രൈസ്തവികത പ്രാര്‍ത്ഥനയിലൂടെയും പൊറുതികളിലൂടെയും ശാന്തി വാഗ്ദാനം ചെയ്യുന്നു.

ജീവിതത്തില്‍ നിന്ന് ശാന്തി നഷ്ടമാകുന്നതിലൂടെ വിശ്വാസവും ബന്ധങ്ങളും സൗഖ്യവും ആരോഗ്യവും കൃത്യതയും വ്യക്തതയും നഷ്ടമാകുന്നു. നമുക്ക് നമ്മെ നിയന്ത്രിക്കാനാവുന്നില്ല. തുടങ്ങിവച്ചതൊന്നും മുഴുമിക്കാനാവുന്നില്ല, പ്രത്യേകിച്ച് കുടുംബകാര്യങ്ങള്‍. ഭൗതികമായി സമ്പന്നമായ സമയദാരിദ്ര്യം കലശലായി അനുഭവപ്പെടുന്ന നമ്മുടെ സമൂഹത്തില്‍ പലരും ഏറ്റെടുത്ത ദൗത്യങ്ങള്‍ പാതിവഴിയില്‍ കിടക്കുന്നു. ശാന്തത തിരക്ക് കൂട്ടുന്നില്ല. ഭ്രാന്തമായ തിരക്കില്‍, നേട്ടങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ആദ്യം നഷ്ടമാകുക ശാന്തിയത്രേ.

You can share this post!

ആരാണീ വിശുദ്ധര്‍

റോയ് പാലാട്ടി CMI
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts