1. മെഴുകുതിരിക്കാലുകള്‍
പകലുള്ളപ്പോള്‍ ഈ മെഴുകുതിരിക്കാലുകള്‍ ഒരു അഭംഗിയാണ്.
പക്ഷേ,
ഒഴിവാക്കാനാവില്ലല്ലോ....
രാത്രി വരുമെന്നും, ചിലപ്പോള്‍ വെളിച്ചം മുടങ്ങുമെന്നും നമുക്കറിയാം.....
മനുഷ്യന്‍ കണ്ടുപിടിച്ച് മനുഷ്യനാല്‍ നിയന്ത്രിക്കപ്പെടുന്ന വെളിച്ചമല്ലേ......?
അതിന്‍റെ കാര്യം ഒന്നും പറയാനാവില്ല..
അതുകൊണ്ടീ തിരിക്കാലുകള്‍ ഇങ്ങനെ കരുതിവയ്ക്കുക തന്നെ....
ഉരുകിവീണ് നിറമല്ലാത്ത നിറവും ഷേയ്പ് ഇല്ലാത്ത ഷേയ്പും ആയി.. അഭംഗിയാണ്...
വരട്ടെ, നിത്യവെളിച്ചത്തിന്‍റെ നാട്ടിലെത്തുമ്പോള്‍,
നമുക്കീ തിരിക്കാലുകള്‍ ഉപേക്ഷിക്കണം...
ഈ മെഴുതിരിക്കാലുകള്‍....
നിത്യവെളിച്ചത്തിന്‍റെ നാട്ടിലെത്തുമ്പോള്‍…..
2. രോഗം
മറ്റുള്ളവര്‍ ചിരിക്കുന്ന കാര്യങ്ങളിലാണ് നീ കരയുന്നത്.. എന്നതാണ് നിന്‍റെ രോഗമെന്ന്, നീ കരുതുന്നുണ്ട്, അല്ലേ....?
ശരിതന്നെ, രോഗമാണ്...
പക്ഷേ, നിന്‍റെയല്ല, അവരുടെ...
കാരണം, നിന്‍റെ കഷ്ടതകളിലേക്കും കഠിനതകളിലേക്കും നോക്കിയാണല്ലോ അവര്‍ ചിരിക്കുന്നത്....
നമ്മള്‍ കരയുന്ന കാര്യങ്ങളില്‍ അവര്‍ ചിരിക്കുന്നു, എന്നതല്ലേ കൂടുതല്‍ ശരി.... ?
പക്ഷേ, അവര്‍ കരഞ്ഞപ്പോള്‍ നമ്മള്‍ ചിരിച്ചില്ലല്ലോ.... സങ്കീര്‍ത്തകന്‍ പറഞ്ഞതുപോലെ...
'സ്നേഹിതനെയും സഹോദരനെയും പോലെ നമ്മള്‍ കരഞ്ഞില്ലേ....?'
അതെ, അതായിരുന്നു നമ്മുടെ രോഗം....
അവിടെയൊക്കെയാണല്ലോ നമ്മള്‍ നോര്‍മ്മലല്ലെന്നു തെളിയിച്ചത്….
ശരിതന്നെ, രോഗമാണ്...
പക്ഷേ, നിന്‍റെയല്ല, അവരുടെ...
കാരണം, നിന്‍റെ കഷ്ടതകളിലേക്കും കഠിനതകളിലേക്കും നോക്കിയാണല്ലോ അവര്‍ ചിരിക്കുന്നത്....
നമ്മള്‍ കരയുന്ന കാര്യങ്ങളില്‍ അവര്‍ ചിരിക്കുന്നു, എന്നതല്ലേ കൂടുതല്‍ ശരി.... ?
പക്ഷേ, അവര്‍ കരഞ്ഞപ്പോള്‍ നമ്മള്‍ ചിരിച്ചില്ലല്ലോ.... സങ്കീര്‍ത്തകന്‍ പറഞ്ഞതുപോലെ...
'സ്നേഹിതനെയും സഹോദരനെയും പോലെ നമ്മള്‍ കരഞ്ഞില്ലേ....?'
അതെ, അതായിരുന്നു നമ്മുടെ രോഗം....
അവിടെയൊക്കെയാണല്ലോ നമ്മള്‍ നോര്‍മ്മലല്ലെന്നു തെളിയിച്ചത്….
3. ഗുരുവും ശിഷ്യനും
"അങ്ങനെയിരിക്കുമ്പോള്‍.... ഉറഞ്ഞു പോകുന്ന ഒരു രോഗമുണ്ടെനിക്ക്....
അങ്ങെന്താണെന്നെ തൊട്ടു സുഖപ്പെടുത്താത്തത്?" ശിഷ്യന്‍ ചോദിച്ചു.
ഗുരു പറഞ്ഞു: "അതു വേണ്ട, നിനക്കെന്‍റെ കൃപ മതി.."
"എന്നാലും ഈ ആതുരതകളുംകൊണ്ട് യാത്ര അത്ര എളുപ്പമല്ല...."
അപ്പോള്‍ ഗുരു പതിയെ പറഞ്ഞു:
"സാരമില്ല, എല്ലാ കുറവുകളും സുഖപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ, നീ വല്ലാതെ നോര്‍മ്മല്‍ ആയിപ്പോകും. പിന്നെ, നീ ഉണ്ടോ?"
പിന്നെ ഗുരു മെല്ലെ മന്ത്രിച്ചു:
"കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാവണ്ട...."
ഒരിക്കല്‍ ശിഷ്യന്‍ പറഞ്ഞു: "വല്ലാത്ത ശൂന്യതയാണ്.. ഏകാന്തതയും...."
"അതല്ലേ നല്ലത്....?" ഗുരു ചോദിച്ചു.
അതെങ്ങനെ നല്ലതാവും, എന്ന് ശിഷ്യന്‍....
"ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ നിന്നെ ഞാന്‍ കണ്ടെത്തി എന്നാണ് വചനം. ഈശ്വരന്‍ കാത്തിരിക്കുന്ന ഇടം ഈ ശൂന്യതയാണ്... അല്ലാതെ ആള്‍ക്കൂട്ടത്തിനിടയിലും ബഹളത്തിലും വച്ച് ഈശ്വരന്‍ നിന്നെ കാണാതെ പോയാലോ? നിനക്കു പോലും നിന്നെ നഷ്ടമാവുന്ന ഇടങ്ങളല്ലേ അത്... അതുകൊണ്ട് കാത്തിരിക്കുക.. ശൂന്യതയാണ് നല്ലത്... തികച്ചും.... "
ചമാറുകള്‍
അതെ, അങ്ങനെതന്നെയാണ്....
അഷ്ടാവക്രനാണങ്ങനെ വിളിച്ചത്...
ഒരു പണ്ഡിത സദസ്സിലേക്ക്, എണ്ണത്തില്‍ കുറേപ്പേരുണ്ടായിരുന്ന ഒരു പണ്ഡിത സദസ്സിലേക്ക്, കയറിച്ചെന്നതാണ് അഷ്ടാവക്രന്‍ എന്ന മഹാപണ്ഡിതന്‍. എട്ടോളം വളവുള്ള ആ ശരീരത്തെ നോക്കി അപഹസിച്ച് ചിരിച്ചു കളഞ്ഞു ആ പണ്ഡിതരെല്ലാം...
എട്ടോളം വളവുകളുള്ള ശരീരമായിരുന്നു അയാളുടേത്.. അങ്ങനെയാണത്രേ അഷ്ടാവക്രന്‍ എന്ന പേരു വീണത്. പക്ഷേ, അപാരമായ പാണ്ഡിത്യത്തിനുടമയായിരുന്നു അയാള്‍...
ആ പണ്ഡിത സദസ്സിലുള്ളവരെ 'ചമാറുകള്‍' എന്ന് വിശേഷിപ്പിച്ചിട്ട് ഇറങ്ങിപ്പോന്നുവത്രേ അഷ്ടാവക്രന്‍.
'കശാപ്പുകാര്‍' എന്നാണാ വാക്കിനര്‍ത്ഥം...
ഉരുവിന്‍റെ തടി മാത്രം നോക്കുന്നത്, അവരാണല്ലോ.. ഇറച്ചിവെട്ടുകാര്‍!
അങ്ങനെയൊരു മഹാപണ്ഡിതന്‍ വന്നു സന്ദര്‍ശിച്ചിട്ടു പോയിക്കഴിഞ്ഞപ്പോഴാണ് അതുവരെ പണ്ഡിതരെന്നു എണ്ണിയിരുന്ന കുറേപ്പേര്‍ കശാപ്പുകാരായത്...
ചമാറുകള്‍....
ആത്മാവിലേക്കിറങ്ങിയ ഒരാള്‍ക്കു മാത്രമെ എന്‍റെയും നിന്‍റെയും ഉള്ളു കാണാന്‍ കഴിയൂ...
അങ്ങനൊരാള്‍ വന്നപ്പോഴാണ് വിശുദ്ധിയുടെയും ദൈവികതയുടെയും പരിവേഷം ചാര്‍ത്തിയിരുന്ന ചിലരെല്ലാം ശവക്കുഴികളായി മാറിയത്...
ഫരിസേയരും നിയമജ്ഞരും ഒക്കെ...
അങ്ങനെതന്നെ വിളിച്ചു കളഞ്ഞു, ക്രിസ്തു അവരെ, 'വെള്ളയടിച്ച കുഴിമാടങ്ങളേ' എന്ന്...
നിയമം പാലിച്ച് നീറ്റായി നടന്നവരൊക്കെ അപ്പോള്‍ മുതല്‍ കൊതുകിനെ അരിച്ചു നീക്കി ഒട്ടകത്തെ വിഴുങ്ങുന്നവരായി...
അന്ധരെ നയിക്കുന്ന അന്ധരായി. മൂഢരായി... പിന്നെ, കാണെക്കാണെ, സര്‍പ്പങ്ങളും അണലിസന്തതികളുമായി (മത്താ. 23: 13-36).
അതങ്ങനെയാണ്, ഇപ്പോള്‍ നമ്മെ നോക്കുന്നവരൊന്നും ആത്മാവില്‍ നിന്നൊന്നുമല്ല, ഒക്കെ ചമാറുകളാണ്. നമ്മുടെ ഭൗതികതയില്‍ നമ്മെ വിധിക്കുകയും, വിലയിടുകയും, സ്വീകരിക്കുകയോ മാറ്റിനിര്‍ത്തുകയോ ഒക്കെ ചെയ്യുകയും... ഒന്നും ആത്മാവിലല്ല.
അല്ലെങ്കില്‍... അഞ്ചാറുപേര്‍ ഒന്നിച്ചൊരു പണ്ഡിതനെ സന്ദര്‍ശിക്കുമ്പോള്‍ അയാളുടെ നോട്ടം കേന്ദ്രീകരിക്കപ്പെടാന്‍ പോകുന്നത് എവിടെയാവും, മിക്കവാറും ഏറ്റവും നല്ല ഫിസിക്കല്‍ അപ്പിയറന്‍സ് ഉള്ള ആളില്‍.. അല്ലാതെ ഏറ്റവും നല്ല ആത്മാവിലോ അന്തര്‍ജ്ഞാനത്തിലോ ഒന്നുമല്ല...
അതാണ്, ഒക്കെ ചമാറുകളാണ്....
സാരമില്ല... ഒരിക്കല്‍ അദ്ദേഹം വരുമല്ലോ... അന്ന്... അന്നാണ് ചില പണ്ഡിതന്മാര്‍ പാമരന്മാരായും യജമാനന്മാര്‍ അടിമകളായും ധൈര്യശാലികള്‍ ഭീരുക്കളായും.. മാറ്റി നിര്‍ത്തപ്പെട്ടവര്‍ സ്വീകാര്യരായും... ഒക്കെ മാറാന്‍ പോകുന്നത്. അതാണല്ലോ അദ്ദേഹം പറഞ്ഞത്, മുമ്പന്മാര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമായി പരിണമിക്കുമെന്ന്...
അതെ, അദ്ദേഹം വരട്ടെ,.... എന്നു തന്നെയല്ല, അദ്ദേഹം ഒന്നു വന്നോട്ടെ....