news-details
മറ്റുലേഖനങ്ങൾ

ഫ്രാന്‍സിസിന്‍റെ ദര്‍ശനരേഖകളിലൂടെ

ആയുസ്സിന്‍റെ പുസ്തകത്തില്‍ ഹ്രസ്വമായ 44 വര്‍ഷക്കാലം ജീവിച്ച് ചരിത്രത്തിന്‍റെ താളുകളില്‍ വജ്രരേഖകള്‍കൊണ്ട് തന്‍റെ നിറസാന്നിധ്യം കോറിയിട്ട് അരങ്ങൊഴിഞ്ഞതായിരുന്നു അസ്സീസിയിലെ നിസ്വന്‍റെ ജീവിതം. സൃഷ്ടപ്രപഞ്ചത്തെ പുതുചൈതന്യത്തോടെ ഹൃദയത്തിലാവഹിച്ച്, വേറിട്ട ദര്‍ശനകോണുകള്‍ പ്രദാനം ചെയ്തവനാണ് അസ്സീസിയിലെ ഫ്രാന്‍സിസ്. സനാതനസത്യങ്ങളെ മറ്റൊരു രീതിയിലും ഹൃദ്യമാക്കാമെന്ന് ആ മനീഷിയുടെ ജീവിതരേഖ ഓര്‍മ്മപ്പെടുത്തുന്നു. ബന്ധങ്ങള്‍ക്ക് നീളവും വീതിയുമില്ലാത്ത അളവുകോലുകള്‍ അവന്‍ സമ്മാനിച്ചു. ബന്ധങ്ങളെ കടപ്പാടിന്‍റെ ബന്ധനങ്ങളില്‍ നിന്നും വിമോചിപ്പിച്ച് ഭാരരഹിത സ്വാതന്ത്ര്യത്തിലേക്ക്, അതുവഴി ആഴമായ ദൈവാനുഭവത്തിലേക്ക് അസ്സീസിയിലെ കുറിയ മനുഷ്യന്‍ നടന്നുകയറി. വസ്ത്രത്തിന്‍റെ ഭാരംപോലും ബന്ധനത്തിലാക്കാന്‍ അനുവദിച്ചുകൂടായെന്ന ഉള്‍വെളിച്ചം പരസ്യമായ വസ്ത്രനിഷിധത്തിലേക്ക് അവനെ നയിച്ചു. ബന്ധപ്പാടുകളിലേക്ക് കൂച്ചുവിലങ്ങിട്ടിരുന്ന ഉടുവസ്ത്രത്തിനുപകരം തോട്ടക്കാരന്‍റെ വസ്ത്രത്തിലേക്കുള്ള കൂടുമാറ്റം, സ്വാതന്ത്ര്യത്തിലേക്കുള്ള  പറന്നുയരലായിരുന്നു. തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയ. ഒത്തിരിയേറെ ചിന്തിച്ചശേഷമുള്ള പറിച്ചെറിയലായിരുന്നില്ല അപ്പന്‍റെ ഔദാര്യമായ ഉടുവസ്ത്രം. മറിച്ച് യഥാര്‍ത്ഥപിതാവിന്‍റെ കാരുണ്യകുപ്പായത്തിലേക്കുള്ള അഭയം തേടലായിരുന്നു.

 

സ്വര്‍ണവര്‍ണ്ണമായ വൃക്ഷത്തണലുകള്‍ സ്വാഗതമരുളുന്ന ഗോള്‍ഡന്‍ ഒക്ടോബറില്‍ വീണ്ടും വന്നെത്തുന്നു മറ്റൊരു അസ്സീസി ദിനം കൂടി. പരിധിയില്ലാത്ത മുഴക്കോലുകള്‍ കൊണ്ട് അപരനിലേക്കും പ്രപഞ്ചത്തിലേക്കും പുതിയ ദൂരങ്ങള്‍ അളക്കാന്‍ പഠിപ്പിച്ചവനാണ് ഫ്രാന്‍സിസ്. ആ നിസ്വന്‍റെ ദര്‍ശനവിരുന്നുകളിലേക്ക്  ഒരു ചെറിയ ക്ഷണം.  ത്രിവിധ തലങ്ങളിലായി വിരിയുന്ന ആത്മീയാനുഭവമാണ് ഫ്രാന്‍സിസ്. ഓരോ പ്രാവശ്യവും ഫ്രാന്‍സിസിനെക്കുറിച്ച് ചെറുകുറിപ്പുകള്‍ കോറിയിടുമ്പോള്‍ തെളിയുന്നത് മിഴിവാകുന്ന പുതിയ വിബോധനിറവുകളാണ്.

 

ഈശ്വരദര്‍ശനം

അമൂര്‍ത്തമായി സര്‍വ്വചരാചരങ്ങളിലും സദാസന്നിഹിതനായ ആദിസ്രോതസ്സിനെ ഫ്രാന്‍സിസ് രുചിച്ചത് തീക്ഷ്ണമായ ആത്മനിഷ്ഠാനുഭവവെളിച്ചത്തില്‍ നിന്നാണ്. കേട്ടറിഞ്ഞ അനുഭവങ്ങള്‍ക്കപ്പുറം, പ്രഘോഷിക്കപ്പെട്ട ദൈവത്തിനുപരിയായി, അനുസ്യൂതമായ വ്യക്ത്യാനുഭവങ്ങളാല്‍ അനുദിനം ഉലയ്ക്കപ്പെട്ടതായിരുന്നു ആ ജീവിതം. അഞ്ചാംനൂറ്റാണ്ടുമുതല്‍ നവോത്ഥാന കാലഘട്ടംവരെ വ്യാപിച്ചു കിടന്ന മധ്യശതകകാലങ്ങളിലെ ക്രൈസ്തവാധിഷ്ഠിത ആകാശദൈവസങ്കല്പങ്ങളെ, മണ്ണിലേക്ക് ആവാഹിച്ചവനാണ് ഫ്രാന്‍സിസ്.   അംബ്രോസിന്‍റെയും (339) വിക്ടോറിനൂസിന്‍റെയും (304) അഗസ്റ്റിന്‍റെയും (354) നിയോപ്ലേറ്റോണിക് തത്വചിന്തയില്‍ അധിഷ്ഠിതമായിരുന്നു മധ്യശതകങ്ങളിലെ ദൈവസങ്കല്പം. ക്രൈസ്തവികതയെ പേഗണ്‍ ഫിലോസഫിയുടെ ഉടുപ്പില്‍ അവതരിപ്പിച്ചപ്പോള്‍ ദൈവത്തിന് മനുഷ്യഗന്ധങ്ങള്‍ നഷ്ടമായി. മനുഷ്യഗന്ധങ്ങളുടെ സൗരഭ്യം വെളുപ്പെടുത്തി മനുഷ്യാവതാരം ചെയ്ത അദൃശ്യ ദൈവത്തെ വീണ്ടും ആകാശത്തിനപ്പുറം dogma കള്‍ പ്രതിഷ്ഠിച്ചപ്പോള്‍, ഫ്രാന്‍സിസ് ക്രിസ്തുവിന്‍റെ ഗന്ധങ്ങള്‍ വീണ്ടും മനുഷ്യനു സംലഭ്യമാക്കി! അകത്തിരുത്തി വിസ്മയത്തോടെ ആരാധിക്കേണ്ടതാണ് ദൈവമെന്ന് അവന്‍ ഓര്‍മ്മപ്പെടുത്തി. അകത്തിരിക്കുന്ന ആദിചൈതന്യം ഒരുവനെ എപ്രകാരം സ്ഫുടം ചെയ്തെടുക്കുന്നുവെന്ന് ഫ്രാന്‍സിസ് സ്വയം വെളിപ്പെടുത്തുന്നു. അകതാരില്‍ കുടികൊള്ളുന്നവന്‍റെ മാധുര്യം രുചിച്ചറിഞ്ഞ ഫ്രാന്‍സിസ്, അവന്‍റെ രുചിഭേദങ്ങള്‍, അതിന്‍റെ ശ്രേഷ്ഠതയെ വര്‍ണ്ണിക്കാനാവാതെ, വാക്കുകളുടെ പരിമിതികളില്‍ കിടന്നു പിടയുന്നത് ചരിത്ര സാക്ഷ്യം. സ്നേഹം സ്നേഹിക്കപ്പെടുന്നില്ലയെന്നു പറഞ്ഞ് അസ്സീസിയുടെ തെരുവോരങ്ങളില്‍ തലങ്ങും വിലങ്ങും ഭ്രാന്തമായി ഓടിനടന്നു. ഉള്ളിലിരിക്കുന്നവന്‍റെ ചൂട് നന്നായി അവനെ പൊള്ളിച്ചിരുന്നു. ആ സുഖകരമായ പൊള്ളലുകള്‍ അപരന്‍റെ പരിഹാസശരങ്ങളെ ചെറുചിരിയോടെ നേരിടാന്‍ അവനെ പ്രാപ്തനാക്കി. അനുദിനം അനുസ്യൂതം ആസ്വദിക്കേണ്ടതാണ് ദൈവമെന്ന യാഥാര്‍ത്ഥ്യം സ്വാനുഭവവെളിച്ചത്തില്‍ അവന്‍ ഉദ്ഘോഷിച്ചിരുന്നു. ദൈവഗന്ധങ്ങളെ മണ്ണിന്‍ വീഴ്ത്തിയ ക്രിസ്തുവിനെ അവന്‍ ഗാഢമായി കൊണ്ടുനടന്ന് അവന്‍റെ മുറിവുകള്‍ ലെവേര്‍ണമലയില്‍ അവന്‍ ഏറ്റുവാങ്ങി. മനുഷ്യദൈവഗന്ധങ്ങള്‍ ഒന്നായ, ദൈവമനുഷ്യകണങ്ങള്‍ ഒരുമിച്ച പുണ്യഭൂമിയാണ് ഫ്രാന്‍സിസ്. ക്രിസ്തുവിന്‍റെ രക്തമാണ് ഫ്രാന്‍സിസിന്‍റെ മുറിവുകളിലൂടെ കിനിഞ്ഞിറങ്ങിയത്.

അപരദര്‍ശനം

അതിജീവന പ്രക്രിയയില്‍ അപരനെ നരകമാക്കി കാണുന്ന ലോകത്ത്, അവനെ ആദിസ്രോതസ്സിന്‍റെ വ്യാപനം (Extention) എന്ന ഉള്‍വെളിച്ചത്തിലേക്ക് മിഴിതുറന്നവനാണ് ഫ്രാന്‍സിസ്. ഉപയോഗിച്ചെറിയേണ്ട വസ്തുവാണ് അപരന്‍ എന്നതിനു പകരം ദൈവചൈതന്യം കുടിയിരിക്കുന്ന സക്രാരിയാണ് അപരന്‍ എന്ന വേറിട്ട കാഴ്ച ഫ്രാന്‍സീസ് പ്രദാനം ചെയ്തു. നെഞ്ചോടു ചേര്‍ന്നു നില്‍ക്കുന്നവരും, അകൃത്യങ്ങളാല്‍ അകന്നു നില്ക്കുന്നവരും  ഈശ്വരചൈതന്യവാഹകരാണ് എന്ന് ഫ്രാന്‍സിസ് തിരിച്ചറിയുന്നുണ്ട്. ഈ തിരുവെളിവ് അപരനെ സഹോദരാ എന്ന പൊതുവിളിപ്പേരിലേക്ക് ആനയിച്ചു. ഈ വിബോധങ്ങള്‍ ആശ്രമഭേദനം നടത്തിയ തസ്കരന്മാരെയും, ഗുബിയോയിലെ കൂട്ടുകാരുടെ സ്നേഹവലയങ്ങളില്‍ നിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ട ചെന്നായയേയും (ഒരു മനുഷ്യനാകാം) സഹോദരായെന്നു വിളിക്കാന്‍ ഫ്രാന്‍സിസിനെ ഒരുക്കി. അപരന്‍റെ ആസുരതകള്‍, നിഷേധിക്കപ്പെട്ട സ്നേഹസ്പര്‍ശനങ്ങളുടെ ഫലമാണെന്ന തിരിച്ചറിവിലേക്ക് ഫ്രാന്‍സിസും ഉയര്‍ന്നു. വ്യതിചലിക്കപ്പെട്ട ജന്മങ്ങള്‍ക്ക് ഇനിയും നന്മയിലേക്കുയരാനുള്ള സാധ്യത ഉണ്ടെന്ന് ഫ്രാന്‍സിസ് മനസ്സിലാക്കി. അപരനില്‍ മറഞ്ഞിരിക്കുന്ന സാധ്യതകളെ സഹോദരായെന്ന സാന്ത്വനവിളിയാല്‍ സാക്ഷാത്കരിച്ചവനാണ് ഫ്രാന്‍സിസ്. ചുറ്റുവട്ടങ്ങളിലുള്ളവരിലെ കളകളിലായിരുന്നില്ല ഫ്രാന്‍സിസിന്‍റെ കണ്ണ്, മറിച്ച് അവരുടെ വിളവാകാനുള്ള സാധ്യതകളിലായിരുന്നു അവന്‍റെ ഉള്‍ക്കണ്ണുകള്‍ ഇറങ്ങിച്ചെന്നിരുന്നത്.

അപരസ്നേഹമെന്നത് അപരനോടുള്ള നീതിയിലധിഷ്ഠിതമായ കരുതലാണ് എന്ന തിരിച്ചറിവോടെ ഫ്രാന്‍സിസിനെയൊന്നു വീക്ഷിക്കാം. അപരസ്നേഹത്തിന്‍റെ അനന്യത അപരന്‍റെ സങ്കടത്തില്‍ ചങ്കുലയുകയും, അപരന്‍റെ സന്തോഷങ്ങളില്‍ ആഹ്ലാദിക്കുകയും ചെയ്യുകയാണ്. അപരന്‍റെ ഉയര്‍ച്ചയില്‍ വേദന തോന്നുന്നതിനുപകരം അവനോടൊത്ത് സന്തോഷിക്കണമെന്ന് ഫ്രാന്‍സിസ് പഠിപ്പിക്കുന്നു. അപരന്‍റെ കൊച്ചുവേദനകള്‍ക്കുപോലും കാതോര്‍ത്തവനാണ് ഫ്രാന്‍സിസ്. കഠിനമായ ഉപവാസത്താല്‍ വിശന്നുവലഞ്ഞവനെ ഒപ്പം ഊട്ടുമുറിയുടെ സമൃദ്ധിയിലേക്ക് ആനയിക്കുന്നതായിരുന്നു ഫ്രാന്‍സിസിന്‍റെ അപരദര്‍ശനം. തപശ്ചര്യമില്ലാത്തവരെ കുറ്റപ്പെടുത്താതെ,  താഴ്ത്തിക്കെട്ടാതെ സ്വയം ആത്മനിഷേധങ്ങള്‍ക്കു ഔദാര്യപൂര്‍വ്വം വിരുന്നൊരുക്കുന്നവനായിരുന്നു. തന്‍റെ തപശ്ചര്യകള്‍ അപരനു വിദ്വേഷഹേതുവാകാന്‍ ഫ്രാന്‍സിസ് ഇടം നല്കിയിരുന്നില്ല. വിശുദ്ധിയിലേക്ക് ഒരു വഴി മാത്രമല്ല മറിച്ച് പലവഴികളാണന്ന പാഠം ഉള്‍ക്കൊണ്ടവനാണ് ഫ്രാന്‍സിസ്. അതുകൊണ്ടാകാം വ്രതത്രയങ്ങളെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചവന്‍ ബ്രഹ്മചര്യത്തെ സദാദൈവാനുഭവത്തിലായിരിക്കുകയെന്നും, ദാരിദ്യത്തെ ദൈവത്തോടും മനുഷ്യരോടുമുള്ള പരിധികളില്ലാത്ത സംലഭ്യതയെന്നും, അനുസരണത്തെ ഈശ്വരഹിതത്തിനായുള്ള വിട്ടുകൊടുക്കലുമെന്നൊക്കെ രേഖപ്പെടുത്തിയത്.

അപരന്‍റെ വിശുദ്ധിക്ക് ജാഗ്രതയോടെ വെള്ളവും വളവും നല്കുന്നതിനേക്കാള്‍ സ്വയവിശുദ്ധീകരണത്തിന്‍റെ വേരുകള്‍ ബലപ്പെടുത്തുകയെന്നതാണ് ഫ്രാന്‍സിസിന്‍റെ ആത്മീയ വീക്ഷണം. അമിതമായ ദൈവാനുഭവ വര്‍ണ്ണനകളില്‍ നിന്നും അവന്‍ അര്‍ത്ഥപൂര്‍ണ്ണമായ മൗനം പാലിച്ചിരുന്നു. ഇതു നന്നായി ഗ്രഹിച്ചതുകൊണ്ടാകാം 'എന്തിനെക്കുറിച്ച് നിനക്ക് വിവരിക്കാന്‍ സാധിക്കാതെ വരുമോ അപ്പോള്‍ നീ നിശബ്ദനാകുക' എന്ന് ലുഡ്വിക് വിറ്റിങ്ങ്സ്റ്റൈന്‍ രേഖപ്പെടുത്തിയത്.  വര്‍ണ്ണിക്കേണ്ടത് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ മതിവരില്ലയെന്ന തിരിച്ചറിവില്‍ ഫ്രാന്‍സിസ് മൗനത്തിന്‍റെ മഹാഗുഹകളിലേക്ക് ഉള്‍വലിഞ്ഞു. ഉള്ളിലിരിക്കുന്നവന്‍റെ മാധുര്യം വര്‍ണ്ണിക്കാനുള്ള ടൂള്‍ മഹാമൗനമാണെന്ന ഉള്‍വെളിച്ചം ഫ്രാന്‍സിസിനും ലഭിച്ചു. വര്‍ണ്ണിക്കുന്തോറും വാക്കുകളുടെ പരിധികളാണ് അവന് കൂടുതല്‍ വെളിപ്പെട്ടത്.

ഈശ്വരന്‍ ഫ്രാന്‍സിസിന് ആകാശങ്ങള്‍ക്കപ്പുറം അധിവസിക്കുന്ന അദൃശ്യശക്തിയായിരുന്നില്ല മറിച്ച് അകതാരില്‍ സംലഭ്യമായ അനുഭവമായിരുന്നു. മിസ്റ്റീരിയും ട്രെമന്തും (Mysterium tremendum) എന്ന ഭീതിയുടെ ചിട്ടവട്ടങ്ങളില്‍ നിന്ന് മിസ്റ്റീരിയും ഫാസിനാന്‍സ് (Mysterium fascinans) എന്ന വിസ്മയകൂടാരങ്ങളിലേക്ക് ദൈവത്തെ ആവാഹിച്ചവനാണ്. ഈ ചൈതന്യത്തെ അനുഭവിക്കാനുള്ള  മാധ്യമം പ്രണിധാന പ്രാര്‍ത്ഥനയെന്ന തിരിച്ചറിവില്‍, മഹാമൗനത്തില്‍ ഈശ്വരനെ നിതിദ്ധ്യാസനം ചെയ്യാന്‍ ഫ്രാന്‍സിസ് സഹോദരങ്ങളെ ഉദ്ബോധിപ്പിച്ചു. ആരവങ്ങള്‍ക്കും ശബ്ദകോലാഹലങ്ങള്‍ക്കപ്പുറം ദൈവത്തെ തേടാന്‍ അവന്‍ പഠിപ്പിച്ചു. മഹാസമുദ്രത്തില്‍ നദികള്‍ മൗനമായി ലയിക്കുന്നതുപോലെ, മഹാമൗനമായ ഈശ്വരനില്‍ മൗനപ്രാര്‍ത്ഥനയില്‍ ലയിച്ചു ചേര്‍ന്നവനാണ് ഫ്രാന്‍സിസ്. ആ വഴിയിലൂടെ അതിവേഗം, ആവേശത്തോടെ മറ്റെല്ലാം വിസ്മരിച്ച് യാത്രയായി. ആ യാത്രയില്‍ ഭാരമായതെല്ലാം വലിച്ചെറിഞ്ഞു. രോധരഹിത ദൈവാനുഭവത്തിന് കാപ്പിക്കപ്പുവരെ തടസ്സമാകുമെന്നു കണ്ടപ്പോള്‍ മറുചിന്തയില്ലാതെ നെരിപ്പോടിനു അവയെ ഭക്ഷണമായി നല്കിയവനാണവന്‍.
ചലിക്കാതെ ചലിപ്പിക്കുന്നവനെന്ന അരിസ്റ്റോട്ടേലിയന്‍ ദൈവസങ്കല്പത്തെ, ഒപ്പം ചലിച്ചുകൊണ്ട് ചലിപ്പിക്കുന്നവനെന്ന് ഫ്രാന്‍സിസ് പൊളിച്ചെഴുതി. ആകാശത്തിലിരുന്ന ദൈവത്തെ മണ്ണില്‍ വിരല്‍ പിടിച്ചു നടന്നു ഫ്രാന്‍സിസ്.

അപരദര്‍ശനത്തില്‍ എടുത്തുപറയേണ്ട ഒരു അധ്യായമാണ് ഫ്രാന്‍സിസിന്‍റെ സ്ത്രീവീക്ഷണം.  സ്ത്രീചിന്തകളെ സമൂഹം ഉള്‍ക്കൊള്ളണമെന്ന് മേരി വുള്‍സ്മണ്‍ ക്രാഫ്റ്റ് പറയുന്നതിനു മുമ്പേ തന്നെ സ്ത്രീ ബോധ്യങ്ങളെ ആശ്രമത്തിന്‍റെ അകത്തളത്തില്‍, ജക്കോബയെന്ന സഹോദരിയിലൂടെ സ്വാഗതമരുളിയവനാണ് ഫ്രാന്‍സിസ്. ലിംഗപരമായി സ്ത്രീകളെ സമൂഹം വേരിതിരിച്ച് മാറ്റിനിര്‍ത്തിയപ്പോള്‍, സമഭാവനയോടെ ക്ലാരയേയും സഹസന്യാസികളെയും വിശുദ്ധിയുടെ തീരങ്ങളിലേക്ക് ഒരുമിച്ച് സഹയാത്രികരാക്കിയവനാണ് ഫ്രാന്‍സിസ്. യുക്തിപരമായ അത്മാവ് (rational soul) സ്ത്രീയില്‍ ഇല്ലായെന്ന അരിസ്റ്റോട്ടേലിയന്‍ വാദം പ്രബലമായിരുന്ന മധ്യശതകത്തില്‍ ക്ലാരയുടെയും കൂട്ടരുടെയും ശ്രേഷ്ഠതയെ പ്രഘോഷിച്ചു ഫ്രാന്‍സിസ്. സ്ത്രീകള്‍ അപൂര്‍ണ്ണസൃഷ്ടികളെന്ന (St. Augustine) വാദങ്ങളെ ബലഹീനമാക്കി സ്ത്രീയും പുരുഷനും ദൈവീക കൂടാരങ്ങളാണെന്ന തിരിച്ചറിവ് ഫ്രാന്‍സിസ് ലോകത്തിന് നല്കി. വിരുദ്ധ ജോഡികള്‍ എന്ന സങ്കല്പത്തേക്കാള്‍ പരസ്പരപൂരകമായ വിശുദ്ധ ജോഡികള്‍ എന്ന് ഫ്രാന്‍സിസും ക്ലാരയും ലോകത്തെ പഠിപ്പിച്ചു. ഒന്ന് മറ്റോന്നിനെക്കാള്‍ ശ്രേഷ്ഠമല്ല; മറിച്ച് എല്ലാം ഒരുപോലെ ശ്രേഷ്ഠമെന്ന് അവന്‍ ലോകത്തെ കാണിച്ചു. സ്ത്രീയെ ലൈംഗികതയുടെയും, ഊര്‍വ്വരത(fertility)യുടെയും പേരില്‍ മാത്രം വീക്ഷിക്കപ്പെടേണ്ടതല്ല മറിച്ച് ആദിസ്രോതസ്സിന്‍റെ ഭൂമിയിലെ ഏറ്റവും പാവനമായ വ്യാപനം (extention) എന്ന് കാണാന്‍ ഫ്രാന്‍സിസ് പ്രചോദിപ്പിക്കുന്നു.

പ്രപഞ്ചദര്‍ശനം

ഒരേ ഉണ്മയുടെ വകഭേദങ്ങളിലുള്ള വ്യാപനമാണ് പ്രപഞ്ചമെന്ന അദ്വൈതദര്‍ശനങ്ങളുടെ സാരാംശമാണ് ഫ്രാന്‍സിസിന്‍റെ പ്രപഞ്ചദര്‍ശനം. ആദിസ്രോതസ്സിന്‍റെ അരൂപിയിലും പദാര്‍ത്ഥത്തിലുള്ള വകഭേദങ്ങളാണ് പ്രപഞ്ചത്തിലെ ഓരോ മൂലകണവുമെന്ന് ഫ്രാന്‍സിസ് തിരിച്ചറിഞ്ഞു. ജൈവ അജൈവ കണങ്ങള്‍ ഒരേ ഊര്‍ജ്ജത്തിന്‍റെ തുടര്‍ച്ചയും താങ്ങുമെന്ന് തിരിച്ചറിഞ്ഞ ഫ്രാന്‍സിസ് സചേതനവും അചേതനവുമായ യാഥാര്‍ത്ഥ്യങ്ങളെ 'സഹോദരാ' 'സഹോദരി'യെന്നു അഭിസംബോധന ചെയ്തു. പരസ്പരം നിരന്തരം ആശയവിനിമയത്തിലായിരിക്കുന്നു സര്‍വ്വചരാചരവുമെന്ന് അവന്‍ തിരിച്ചറിഞ്ഞു. അതിന്‍റെ കാരണം സകല ഉണ്മയുടെ ഉറവിടം ആദിസ്രോതസാണെന്നതാണ്. സ്വത്തയിലുള്ള ഈ താദാത്മ്യമാണ് അജൈവകണങ്ങളെ സോദരായെന്നു വിളിക്കാന്‍ ഫ്രാന്‍സിസിനെ പ്രചോദിപ്പിച്ചത്. ഈ വെളിച്ചം, പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളും അവനെ ശ്രവിക്കുവാന്‍ ഒത്തു കൂടിയതിന്‍റെ പൊരുള്‍ വെളിവാക്കുന്നു. ഒരേതരംഗദൈര്‍ഘ്യമുള്ളവ പരസ്പരം സംവേദിക്കുമെന്ന Mirco സാധ്യതയേ ഫ്രാന്‍സിസ് വെളിപ്പെടുത്തി.  കുരങ്ങുകള്‍ തമ്മിലുള്ള കലഹത്തിനു മധ്യസ്ഥം വഹിച്ച അരുണാചല മലയുടെ അടിവാരങ്ങളെ വിശുദ്ധിയുടെ സുഗന്ധങ്ങള്‍ പടര്‍ത്തിയ രമണ മഹര്‍ഷിയും ഇത് വെളിപ്പെടുത്തുന്നു.

'ആക്രമിച്ച് കീഴടക്കുക' എന്ന പ്രാകൃത ഗോത്രവീക്ഷണത്തില്‍ നിന്നും വിഭിന്നമായി 'ആദരവോടെ കീഴ്പ്പെടുക' എന്ന ഔന്നത്യത്തിലേക്ക് ഫ്രാന്‍സിസ് ലോകത്തെ കൈപിടിച്ചുയര്‍ത്തി. വെട്ടിമുറിക്കേണ്ടതല്ല മറിച്ച് തൊട്ടുസുഖപ്പെടുത്താനുള്ളതാണ് പ്രപഞ്ചസൃഷ്ടികളെന്ന വെളിപാട് ഫ്രാന്‍സീസിലൂടെ ലോകം തിരിച്ചറിഞ്ഞു.

ഫ്രാന്‍സിസ് ഒരു തിരിച്ചെഴുത്താണ്. ദൈവസങ്കല്പങ്ങളെയും അപരദര്‍ശനങ്ങളെയും, പ്രപഞ്ചവീക്ഷണത്തേയുമെല്ലാം അവന്‍ തിരിച്ചെഴുതി. ആകാശങ്ങള്‍ക്കപ്പുറം പ്രതിഷ്ഠിച്ച ദൈവത്തെ, ഹൃദയകൂടാരങ്ങളിലേക്ക് ആവാഹിച്ചിരുത്തി. അതിജീവനപോരാട്ടത്തില്‍ ചവിട്ടുപടിയായ അപരനെ, വിശുദ്ധഗിരിയിലേക്കുള്ള പ്രയാണത്തില്‍ സഹയാത്രികനാക്കി. ഉപയോഗിച്ച് വലിച്ചെറിയേണ്ടതല്ല പ്രപഞ്ചം മറിച്ച് ആദിസ്രോതസ്സിന്‍റെ വകഭേദങ്ങളിലുള്ള വ്യാപനമാണ് എന്ന് വെളിപ്പെടുത്തി ഫ്രാന്‍സിസ്. യാഥാര്‍ത്ഥ്യം ഒന്നുമാത്രമല്ലയെന്നു വാദിക്കുന്ന ഈ സത്യാനന്തര കാലഘട്ടത്തില്‍ ആത്മീയത ഒരു നിവേഗനമാണോ (Induction) അതോ ഒരു വ്യവകലനമാണോ (deduction)എന്ന ചോദ്യത്തിനുത്തരം ആണ് ഫ്രാന്‍സിസ്.

NB: അവന്‍ എന്നത് വിശുദ്ധിയില്‍ ഗാലക്സികള്‍ക്കപ്പുറവും, പ്രായത്തിന്‍ ഇളയവരെന്ന ജ്യേഷ്ഠസ്വാതന്ത്ര്യത്തിന്‍റെ വിളിപ്പവകാശമായി മാത്രം കാണുക.

You can share this post!

ഫ്രാന്‍സിസിന്‍റെ വോള്‍ട്ടിറ എഴുത്ത് (Volterra Text...) ഒരു പുതുവായന

ഡോ. ജെറി ജോസഫ് OFS
അടുത്ത രചന

ഫൈബ്രോമയാല്‍ജിയ

ഡോ. അരുണ്‍ ഉമ്മന്‍ (Senior Consultant Neurosurgeon VPS Lakeshore Hospital Kochi)
Related Posts