ഇത്രമാത്രം പാവമായൊരെന്നെ 
എത്രകാലം കൂടിയാണ് കാണുന്നതെന്നോ!!
ഞാന്‍ കണ്ട കാലത്തൊക്കെ 
ഒതുങ്ങാനെനിക്ക് മനസ്സില്ലെന്ന്
തട്ടിത്തെറിപ്പിച്ച് നടന്നുപോയിട്ടേയുള്ളൂ
അടുപ്പം കാട്ടാതെ ശ്രദ്ധിച്ചപ്പോഴൊക്കെ
കൂര്‍ത്തനോട്ടം കൊണ്ടെന്നെ പൊള്ളിച്ചിട്ടേയുള്ളൂ
തെറിച്ചതാണെന്നും തന്‍റേടിയാണെന്നും
കേട്ടുകേട്ട് തഴമ്പിച്ചുപോയതാണ്
എന്നിട്ടുമെന്നിട്ടും 
എവിടെവെച്ചാണ് തലയിങ്ങനെ കുനിഞ്ഞുപോയതെന്ന്!!
 
കാറ്റുപോലെയും കടലുപോലെയുമായിരുന്നു
കെട്ടായ കെട്ടൊക്കെ അറുത്തോ മുറിച്ചോ കളഞ്ഞിട്ടേയുള്ളൂ
എന്നിട്ടുമെന്നിട്ടും 
പുറമേക്കു കാണാത്തവണ്ണം ബന്ധനത്തിലായിപ്പോയതെങ്ങനെയാണ്!
 
കോര്‍ത്തുപിടിക്കാന്‍ കൈയൊരിക്കലും നീട്ടിയിട്ടില്ല
രണ്ടു കൈയും ആട്ടിനടന്നാലേ നടപ്പാകൂ എന്ന്
പതറാത്ത ചുവട് കണ്ടെന്‍റെ നെഞ്ചിടറിപ്പോയിട്ടുള്ളതാണ്
എന്നിട്ടുമെങ്ങനാണ് 
ഒന്നു കുതറിപ്പോലും നോക്കാതെയായിപ്പോയതെന്നാണ്!
 
ഇലകളോടും പൂക്കളോടും പറയുന്നതെന്താണെന്ന്
മറഞ്ഞുനിന്നു കേട്ടിട്ടും മനസ്സിലാവാത്തതാണ്
ഒരു ചിരികൊണ്ട് വെറുതെയെന്നെ പുച്ഛിച്ചുകളഞ്ഞിട്ടുള്ളതാണ്
ഇപ്പോഴെന്താണ്
ചുറ്റുമൊന്നു നോക്കുകപോലും ചെയ്യാത്തതെന്നാണ്!
മഴയത്ത് മതിലുപോലെയായിരുന്നു
വെയിലെന്ന് വാടിപ്പോകാത്ത സൂര്യകാന്തിയും
എന്നിട്ടിപ്പോള്‍
മഴവില്ലുപോലും കാണാതെയായിപ്പോയതെന്താണെന്നാണ്!
 
എന്‍റെ ഞാനേയെന്ന്
നെഞ്ചോടു ചേര്‍ത്തുവെച്ചേ കാണാറുള്ളൂ
എന്നിട്ടെവിടെയാണ് 
ഇവള്‍ക്കിവളെ കളഞ്ഞുപോയതെന്നാണ്!
 
വരിതെററാതെ നടന്നുപോകുന്ന വഴിയില്‍നിന്ന്
നിര്‍ബന്ധിച്ചു വലിച്ചുകൊണ്ടുപോന്നതാണ്
ഇതിലുമധികം നോക്കിനില്ക്കാന്‍ 
അല്ലെങ്കിലാരെക്കൊണ്ടാണ് പറ്റുക?
 
അമ്മാറ്റൈറ്റെന്ന് വിളിച്ചു പറഞ്ഞ്
തല മേലാക്കം മറിച്ച്
കൈ പിന്നോട്ടും  കെട്ടി
കൈയില്‍ നിന്ന് തെന്നിക്കളഞ്ഞ വട്ടിനെ
കളം തെററാതെ ചവിട്ടാനുള്ള പോക്കാണ്
പാവങ്ങളില്‍ പാവമായൊരെന്നെക്കൊണ്ട്
ഞാനെന്തുചെയ്യാനാണ്!

You can share this post!

നിഷേധിക്ക് ഒരു സ്തുതിഗീതം

ലിയോ ഫ്രാന്‍സിസ്
അടുത്ത രചന

സ്റ്റാറ്റസ് കീപ്പ് ചെയ്യാന്‍

രാജന്‍ ചൂരക്കുളം
Related Posts