news-details
കവർ സ്റ്റോറി

സന്ന്യസ്തരുടെ രഹസ്യജീവിതവും പരസ്യജീവിതവും

(ഫെബ്രു. 2 സമര്‍പ്പിതദിനം)

സന്ന്യാസത്തെക്കുറിച്ച് എഴുതാനെന്നോടു പറഞ്ഞപ്പോള്‍ അതിനുള്ള കരുത്ത് എനിക്കില്ലെന്നാണു തോന്നിയത്. സന്ന്യാസത്തിന്‍റെ ആദ്യ പടവുകളില്‍ത്തന്നെ ഇന്നും നില്ക്കുന്ന ഒരു സന്ന്യാസാര്‍ത്ഥി മാത്രമാണു ഞാനിന്നും. വേണ്ടവിധത്തില്‍ സന്ന്യാസം ഇനിയും ജീവിച്ചിട്ടില്ല ഞാന്‍ എന്ന് ആദ്യമേ ഏറ്റുപറയട്ടെ. എങ്കിലും, പത്തുനാല്പതു കൊല്ലത്തോളം ഒരു സന്ന്യാസ സമൂഹത്തില്‍ അംഗമായിരുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും നിരീക്ഷിച്ചതുമായ ചില കാര്യങ്ങള്‍ മാത്രം ഇവിടെ കുറിക്കുന്നത് അതിസാഹസികതയായി കണക്കാക്കരുത് എന്നപേക്ഷ.

ലോകമെമ്പാടും കത്തോലിക്കാസഭയില്‍ സന്ന്യാസം മാറുകയാണ്, മറ്റെല്ലാറ്റിനെയും പോലെ. സന്ന്യാസം വളരുന്നുണ്ടോ? സന്ന്യാസത്തിനു വളരാനാവില്ലല്ലോ! സന്ന്യസ്തര്‍ക്കാവട്ടെ, സന്ന്യാസത്തില്‍ വളരാനാകും. സന്ന്യസ്തസമൂഹങ്ങള്‍ക്ക് അവബോധത്തിലും അംഗബലത്തിലും വളരാന്‍ കഴിയും. പണ്ടത്തേതിനെക്കാള്‍ അധികമായി സന്ന്യാസത്തില്‍ പ്രതിസന്ധികളുണ്ടോ? മാനുഷിക പ്രസ്ഥാനങ്ങളിലെല്ലാം പ്രതിസന്ധികളുണ്ടാകും. ഓരോ കാലഘട്ടത്തിനും അതതിന്‍റേതായ പ്രതിസന്ധികള്‍! പ്രത്യേകിച്ച് ഈ സമകാലിക ഘട്ടത്തില്‍ കുടുംബം എന്ന സ്ഥാപനവും പൗരോഹിത്യവും സഭയും പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോലെ മാത്രം സന്ന്യാസവും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുണ്ട്. എന്നാല്‍, അതിനെയെല്ലാം പ്രതിസന്ധികളായി വായിക്കുകയെന്നതു കൃത്യതയില്ലാത്ത വായനയായിപ്പോകും. ഞെരുക്കത്തിന്‍റെ ഈ നിമിഷത്തെ മാറ്റത്തിന്‍റെ നിമിഷമായി കാണുകയായിരിക്കും കൂടുതല്‍ കൃത്യമായ വായന എന്നു ഞാന്‍ കരുതുന്നു. ഞണ്ടും വിട്ടിലും പാറ്റയും പാമ്പും പടം പൊഴിച്ചു (molt)  മാറുന്നതു വളരാന്‍ വേണ്ടിയാണ്. മാറ്റത്തോടു പ്രതിരോധിച്ചു മാറാതിരുന്നാല്‍ സ്വയംനാശമായിരിക്കും ഫലം.

ലോകത്തിലെ മിക്ക മതധാരകളിലും സന്ന്യാസത്തിന്‍റെ രൂപഭേദങ്ങള്‍ കാണാനുണ്ട്. പൊതുവായി പറഞ്ഞാല്‍, പൊതുവായ ചില സാമ്യങ്ങള്‍ക്കപ്പുറം ഓരോയിടത്തും ദര്‍ശനങ്ങളിലും ഊന്നലുകളിലും വ്യത്യാസങ്ങളുണ്ട്. കൂടുതല്‍ നിയതമായി കിഴിഞ്ഞു നോക്കിയാല്‍ ഓരോ മതധാരയിലും സന്ന്യാസത്തിന്‍റെ വിവിധ പാരമ്പര്യങ്ങളും സമ്പ്രദായങ്ങളും ഉണ്ടെന്നും കാണാം. താപസന്മാരായി ഒറ്റതിരിഞ്ഞു ജീവിച്ച പാരമ്പര്യത്തെ എറെമിറ്റിക് (eremitic)  സന്ന്യാസജീവിതം എന്നും ഒറ്റയായി വ്യത്യസ്ത ഗുഹകളിലോ പര്‍ണ്ണശാലകളിലോ ജീവിക്കുമ്പോഴും പ്രാര്‍ഥനക്കോ ഭക്ഷണത്തിനോ മാത്രം ഒരുമിച്ചുവരുന്ന പാരമ്പര്യത്തെ ലാവ്റിറ്റിക് (lavritic) സന്ന്യാസജീവിതം എന്നും സമൂഹജീവിതത്തിനു മുന്‍തൂക്കം കൊടുത്തുകൊണ്ടു ജീവിക്കുന്ന പാരമ്പര്യത്തെ സെനൊബിറ്റിക് (coenobitic) സന്ന്യാസജീവിതം എന്നും മൂന്നു ഘട്ടങ്ങളോ, പാരമ്പര്യങ്ങളോ ആയിട്ടാണു സഭാചരിത്രത്തില്‍ പ്രതിപാദിക്കാറ്. സമൂഹജീവിതത്തിനു മുന്‍തൂക്കം ഉള്ള സെനൊബിറ്റിക് സമ്പ്രദായം തന്നെയും പിന്നീടു പല പല മാറ്റങ്ങള്‍ക്കു വിധേയമായി. കൈവിരലില്‍ എണ്ണാന്‍ മാത്രം സന്ന്യാസ സമൂഹ ങ്ങളേ പതിമൂന്നാം നൂറ്റാണ്ടാദ്യം വരെ ഉണ്ടായിരുന്നുള്ളൂ. മോണസ്റ്ററികള്‍ കേന്ദ്രീകരിച്ചുള്ളവയായിരുന്നു അവയെല്ലാം. സ്ഥിരത, ആശ്രമജീവിത രീതിയോടുള്ള വിശ്വസ്തത, അനുസരണം എന്നിവയായിരുന്നു അവയില്‍ ഏറ്റവും പ്രമുഖമായ ബനഡിക്റ്റൈന്‍ സമൂഹത്തിന്‍റെ വ്രതങ്ങള്‍. അസ്സീസിയിലെ ഫ്രാന്‍സിസാണ് തന്‍റെ സമൂഹത്തിനു ബ്രഹ്മചര്യം (Chastity), ദാരിദ്ര്യം (Poverty), അനു സരണം (Obedience) എന്നിവ ആദ്യമായി വ്രതങ്ങളായി ചിട്ടപ്പെടുത്തിയത് എന്നു പറയുന്നവരുണ്ട്. 1209-ല്‍ അദ്ദേഹമെഴുതിയ ആദ്യ നിയമാവലിക്കു (Regula primitiva) മാര്‍പാപ്പായുടെ വാക്കാലുള്ള അംഗീകാരമേ ലഭിച്ചിരുന്നുള്ളൂ എന്നതും ഓര്‍ക്കണം. ഒരാശ്രമത്തില്‍ ചേര്‍ന്ന്, അതില്‍ത്തന്നെ ജീവിതാവസാനംവരെ കഴിയുകയെന്ന മുന്‍കാല രീതികളെയാണു ഫ്രാന്‍സിസിന്‍റേതടക്കമുള്ള ഭിക്ഷാടകസമൂഹങ്ങള്‍ മാറ്റിമറിച്ചത്. തിരുസഭ തന്നെയും പിന്നീടുവന്ന എല്ലാ സന്ന്യാസസമൂഹങ്ങളും സുവിശേഷോപദേശങ്ങളില്‍ അടിസ്ഥാനമിട്ട സന്ന്യാസ പരികല്പന ഏറ്റെടുക്കുകയായിരുന്നു. ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവ സുവി ശേഷോപദേശങ്ങള്‍ അഥവാ എവാഞ്ചലിക്കല്‍ കൗണ്‍സെല്‍സ് എന്നാണറിയപ്പെടുക.  യേശു വിന്‍റെ മുഖ്യകല്പനയിലോ മുഖ്യമായ പ്രബോധനങ്ങളിലോ അവയെ നേരിട്ടു കാണാനാവില്ല. യേശുവിന്‍റെയും ശിഷ്യരുടെയും ജീവിതമാതൃകയിലാണവയുടെ സ്ഥാനം. യേശുവും മിക്കവാറും എല്ലാ ശിഷ്യന്മാരും ലൈംഗികസുഖങ്ങള്‍ ത്യജിച്ചുള്ള ബ്രഹ്മചര്യ ജീവിതമായിരുന്നു ജീവിച്ചത്. 'കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാല്‍, ഷണ്ഡരായി ജനിക്കുന്നവരുണ്ട്, മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്, സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാ ക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ' (മത്താ. 19: 11, 12 ) എന്നത് ദൈവരാജ്യത്തെ പ്രതി  ബ്രഹ്മചര്യം സ്വീകരിക്കുന്നതിനെക്കുറിച്ച് അവിടന്ന് പറഞ്ഞതായിട്ടാണു മനസ്സിലാക്കപ്പെടു ന്നത്.

'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി - തന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടി ത്തന്നെ' (1 കോറി. 8: 9) എന്നതും ഫിലിപ്പിയര്‍ ക്കുള്ള ലേഖനത്തിലെ രണ്ടാം അധ്യായത്തിന്‍റെ ആദ്യഭാഗവും യേശുവിന്‍റെ ദാരിദ്ര്യ ജീവിതത്തെ കാണിക്കുന്നതായിട്ടാണ് മനസ്സിലാക്കിവരിക. സ്നേഹത്തില്‍ പരിപൂര്‍ണ്ണനാകാന്‍ ആഗ്രഹിച്ച ധനികനായ യുവാവിനോട് 'പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക... പിന്നെ വന്ന് എന്നെ അനുഗമിക്കുക' (മത്താ. 19:21) എന്നുപറയുന്ന യേശുവചനം സന്ന്യാസം സ്വീകരിച്ചവരെ കാലാകാലങ്ങളില്‍ സ്വാധീനിച്ചിട്ടുണ്ട്.
'യേശു പറഞ്ഞു: എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം' (യോഹ. 4:34); 'സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല.... കാരണം, എന്‍റെ ഇഷ്ടമല്ല, എന്നെ അയച്ച വന്‍റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്' (യോഹ. 5:30) എന്നതുപോലെ അനുസരണത്തെക്കുറിക്കുന്ന ഒട്ടനവധി വാക്യങ്ങള്‍ യേശുവിന്‍റേതായി വായിക്കാന്‍ കഴിയും. ഏറ്റവും ചുരുക്കത്തില്‍ പറഞ്ഞാല്‍, ആദിമസഭയുടെ കാലം മുതല്‍ താപസ ജീവിതത്തില്‍ ഈ മൂന്നു സുവിശേഷോപദേശ ങ്ങളും സാരവത്തായി കണക്കാക്കി പോന്നിട്ടുണ്ട്.

സഭയുടെ (റോമന്‍) കാനോന്‍ നിയമസംഹിതയില്‍ സമര്‍പ്പിതജീവിതത്തെ നിര്‍വ്വചി ക്കുന്നത് 573-ാം കാനോനയുടെ 1-ാം ഭാഗത്തിലാണ്: "The life consecrated through the (1) profession of the evangelical counsels is a stable form of living by which  the faithful, (2) following Christ more closely under the action of the Holy Spirit, are (3) totally dedicated to God who is loved most of all, os that, having been dedicated by a new and special title (4) to the building up of the Church, (5) and to the salvation of the world, (6) they strive for the perfection of charity in the service of the kingdom of God and, (7) having been made an outstanding sign in the Church, foretell the heavenly glory' (ഇടയ്ക്കുള്ള നമ്പ റിങ്ങ് സ്വന്തം). സന്ന്യാസ ജീവി തത്തിന്‍റെ മാര്‍ഗ്ഗം മൂന്നുകാര്യങ്ങ ളിലൂടെയാണ് നിവര്‍ത്തിത മാകുന്നത്. 1. സുവിശേഷോപദേശങ്ങള്‍ വ്രതമാ യെടുക്കുന്നത്. 2.എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുന്നത്; 3.പരിശുദ്ധാത്മപ്രേരണയാല്‍ ക്രിസ്തുവിനെ ഏറ്റം അടുത്ത് അനുഗമിക്കുന്നത്. ഇക്കാര്യങ്ങള്‍ ചെയ്യുന്നതു മൂന്നു കാര്യങ്ങള്‍ക്കു വേണ്ടിയാണ്. 1. സഭയെ പടുത്തുയര്‍ത്തുന്നതിനു വേണ്ടി 2. ലോകത്തിന്‍റെ രക്ഷക്കുവേണ്ടി 3. ദൈവരാ ജ്യത്തിനു ശുശ്രൂഷ ചെയ്തുകൊണ്ട് സ്നേഹത്തെ പരിപൂര്‍ണ്ണതയിലെത്തിക്കുവാന്‍ പരിശ്രമിക്കുന്ന തിനു വേണ്ടി. ഇത്തരത്തില്‍ സഭയിലെ ദൃശ്യമായ അടയാളങ്ങളായിത്തീര്‍ന്നുകൊണ്ട് അവര്‍ സ്വര്‍ഗ്ഗീയ മഹത്വത്തെ മുന്‍കൂട്ടി ദൃശ്യമാക്കുന്നു. സന്ന്യാസ ജീവിതം ഒരു കൃപയും വിളിയുമാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ദൈവസ്നേഹത്തിലുള്ള ആഴപ്പെടലും ക്രിസ്തുവിനെ അടുത്ത് അനുധാവനം ചെയ്യലുമാണ് അതിന്‍റെ ഏറ്റവും മുഖ്യമാര്‍ഗ്ഗം. അതുവഴിയായി സ്നേഹപരിപൂര്‍ണ്ണത പ്രാപിക്കുകയാണു മുഖ്യലക്ഷ്യം. എന്നാല്‍, ഇക്കാര്യങ്ങളില്‍ എവിടെയെല്ലാമോ ഒക്കെ പതറിച്ചകള്‍ വരുന്നുണ്ട് സന്ന്യസ്തരില്‍. മുഖ്യമാര്‍ഗ്ഗങ്ങളും മുഖ്യലക്ഷ്യ ങ്ങളും അവഗണിക്കപ്പെട്ടു പോകുന്നുവോ എന്നു സംശയം. ക്രിസ്തുവിനെ മറന്നുകൊണ്ട് താന്താങ്ങ ളുടെ സന്യാസ സമൂഹത്തിനു വേണ്ടിയോ സഭ എന്ന സ്ഥാപനത്തിന്‍റെ ചട്ടക്കൂടിനു വേണ്ടിയോ ജീവിതം കളയുന്നതു സന്ന്യാസത്തിന്‍റെ കാമ്പെടുത്തുകളഞ്ഞു പുറംതോട് പേറലാകും. സ്വന്തം സന്ന്യാസസമൂഹത്തിനു വേണ്ടിയോ സ്ഥാപനവത്കൃത സഭക്കുവേണ്ടിയോ മറ്റേതെങ്കിലും തരത്തിലുള്ള സ്ഥാപനത്തിനുവേണ്ടിയോ ശുശ്രൂഷ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. അതു ചെയ്യേണ്ടതുമാണ്. ക്രിസ്തുവിനെ അടുത്തനുധാവനം ചെയ്യുന്നതിനോ സര്‍വതിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുന്നതിനോ കുറവുവരുത്തിയിട്ട് ആവരുത് എന്നുമാത്രം. ആദിമസഭയിലും ഓരോരോ സന്ന്യാസ സമൂഹങ്ങ ളുടെ സ്ഥാപകരുടെ കാലങ്ങളിലും ഈ സെന്‍സിറ്റിവിറ്റി നമുക്കു കാണാനാകും.

ശരീരം ചീത്തയായതു കൊണ്ടോ ലൈംഗികത തിന്മയായതു കൊണ്ടോ അല്ല ഒരാള്‍ ബ്രഹ്മചര്യം സ്വീകരിക്കേണ്ടത്. മറിച്ച് ദൈവത്തെ പൂര്‍ണ്ണ മനസ്സോടെ സ്നേഹിക്കാനും ക്രിസ്തുവുമായി പ്രണയത്തിലാകാനും ദൈവരാജ്യത്തെ പ്രതി സാര്‍വ്വത്രിക സ്നേഹത്തില്‍ വളരുവാനുമാണ് ഒരാള്‍ സ്നേഹത്തിന്‍റെ ലൈംഗികഭാവത്തെ മാത്രം ഉപേക്ഷിക്കുന്നത്. അതു വഴിയായി സ്വന്തം കുടുംബം, സമുദായം, വംശം, വര്‍ഗ്ഗം, ലൈംഗിക താല്പര്യങ്ങള്‍, ലൈംഗിക വ്യത്യാസങ്ങള്‍ എന്നീ വിഭജന രേഖകള്‍ക്കതീതമായി മനുഷ്യരെയും ഈ പ്രപഞ്ചത്തെയും സ്നേഹിക്കാന്‍ ഒരാള്‍ വ്രതം ചെയ്യുകയാണ്. ഭൂതദയയും കാരുണ്യവുമാണ് അതിന്‍റെ മര്‍മ്മം.

ലോകം പാപമായതിനാലോ സമ്പത്തു തിന്മയായതിനാലോ അല്ല ഒരാള്‍ ദാരിദ്ര്യം വ്രതമാ യെടുക്കുന്നത്. ക്രിസ്തുവുമായി പ്രണയത്തിലാകുമ്പോള്‍ ക്രിസ്ത്വാനുകരണം സംഭവിക്കേണ്ടതിനാണത്. സമ്പത്തിനോടും വസ്തുവകകളോടും ഉണ്ടായേക്കാവുന്ന അഭിനിവേശവും ആസക്തിയും തന്‍റെ സാര്‍വ്വത്രിക സ്നേഹത്തിനു തടസ്സമായേക്കരുത് എന്നതിനാലാണ് ഒരാള്‍ ദാരിദ്ര്യം സ്വീകരിക്കുന്നത്. ലളിതമായി ജീവിക്കുന്നതിനും പ്രകൃതിയെ നോവിക്കാതിരിക്കുന്നതിനും വേണ്ടിയാണത്. ക്രിസ്തുവിനെപ്പോലെ സമൂഹത്തിലെ ദരിദ്ര കോടികളോടു സമരസപ്പെടുന്നതിനും അവരുമായി ചങ്ങാത്തത്തിലാകുന്നതിനും വേണ്ടിയാണത്. സ്നേഹം തന്നെയാണു വീണ്ടും ലക്ഷ്യം.
സ്വന്തം തീരുമാനങ്ങളില്‍ പിഴവുകളുള്ളതു കൊണ്ടോ സ്വന്തം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതു പാപമായതുകൊണ്ടോ അല്ല ഒരാള്‍ അനുസരണം വ്രതമായെടുക്കുന്നത്. മറ്റു വ്രതങ്ങളെപ്പോലെ ഇതിനും ദൈവിക ബന്ധത്തിന്‍റെ ഒരു തലവും മാനുഷിക വ്യവഹാരത്തിന്‍റെ ഒരു തലവുമുണ്ട്. യേശുവിനെപോലെ ദൈവഹിതം അനുസരിച്ചു മാത്രം ജീവിക്കാന്‍ വേണ്ടിയാണത്. 'നിങ്ങള്‍ ഇക്കാര്യത്തില്‍ വിജാതീയരെ മാതൃക യാക്കരുത് '. 'നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹി ക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമാകണം' (മത്താ. 20:27). അത്തരം ഒരു ശുശ്രൂഷകസ്ഥാനവും ദാസ്യത്വവും അനുസരണ വ്രതം വഴിയായി കരഗതമാകുന്നുണ്ട്. ഒരാളുടെ നന്മകളും താലന്തുകളും കൂടുതല്‍ ബൃഹത്തായ സമൂഹത്തിനു സമര്‍പ്പിക്കുവാന്‍ അനുസരണവ്രതം ഒരാളെ സഹായിക്കുന്നുണ്ട്. വീണ്ടും, സ്വയം- സ്നേഹത്തില്‍നിന്ന് പുറത്തു കടക്കലും ദൈവ ത്തെയും അവന്‍റെ ജനത്തെയും (സഭയെ എന്ന അര്‍ത്ഥത്തിലല്ല, മനുഷ്യകുലത്തെ എന്ന അര്‍ത്ഥ ത്തില്‍) സ്നേഹിക്കാനും ശുശ്രൂഷിക്കാനും കഴിയുകയെന്നതാണ് ഈ വ്രതത്തിന്‍റെ നേട്ടം. എന്നാല്‍ കാര്യങ്ങള്‍ എല്ലായ്പ്പോഴും ആദര്‍ശാത്മകമായി നടന്നുകൊള്ളണമെന്നില്ല.

 

സര്‍വ്വാത്മദൈവ സ്നേഹത്തിലേക്കും അതിരുകളില്ലാത്ത മാനവസ്നേഹത്തിലേക്കും കൊണ്ടു ചെന്നെത്തിക്കേണ്ട ബ്രഹ്മചര്യവ്രതം പൊതു സമൂഹത്തില്‍നിന്ന് കൂടുതല്‍ കൂടുതല്‍ അകലം പാലിക്കലായി പോകുന്നുണ്ട്. സമൂഹം ഓരം തള്ളിയവരുടെയും വ്യക്തിത്വംപോലും നിഷേധിച്ചവരുടെയും തീണ്ടാപ്പാടകലത്ത് നിര്‍ത്തിയവരുടെയും തോളില്‍ കൈയിടാന്‍ ഒട്ടുമിക്കവരെയും ബ്രഹ്മചര്യവ്രതം സഹായിക്കുന്നുണ്ടെന്നു തോന്നുന്നില്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മൂര്‍ത്തിമത്രൂപങ്ങളാവേണ്ട സന്ന്യസ്തര്‍ അവിടെയൊന്നും എത്താതെ പോകുന്നതു വ്യക്തികളിലെ കുറവുകള്‍കൊണ്ടു മാത്രമല്ല, സന്ന്യാസ സമൂഹം അതിനനുവദിക്കുകയോ അതിലേക്കു വളര്‍ത്തുകയോ ചെയ്യാത്തതുകൊണ്ടു കൂടിയാണ്. ബ്രഹ്മചര്യം വ്രതമായെടുത്തു എന്നുകരുതി എതിര്‍ലിംഗത്തില്‍പ്പെട്ട ഒരാളുമായി ഒരു സൗഹൃദം ഉണ്ടായിക്കൂടാ എന്നില്ല. ഉണ്ടാകുന്നതു തെറ്റല്ല എന്നു മാത്രമല്ല, അങ്ങനെ ഉണ്ടാകുന്നതാണു നല്ലതും. ഒട്ടും വഴിവിടാത്ത കേവലമായ സൗഹൃദം ഒരാളോട് ഉണ്ടായി എന്നതിന്‍റെ പേരില്‍ ശിഷ്ടജീവിതം മുഴുവന്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുള്ളവരെയും ചിലപ്പോഴെങ്കിലും പരിചയപ്പെടാനിടവന്നിട്ടുണ്ട്.


ദാരിദ്ര്യവ്രതം സന്ന്യസ്തരെ ക്രിസ്തുവിന്‍റെ മനോഭാവങ്ങളിലേക്കും ദരിദ്രജനകോടികളോടുള്ള ചങ്ങാത്തത്തിലേക്കും എത്തിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം.  പലവിധ രോഗങ്ങളാലും ശാരീരിക വൈഷമ്യങ്ങളാലും ബുദ്ധിമുട്ടുന്നവര്‍ എല്ലായിട ത്തും സാധാരണമാണ്. ഒരുപക്ഷേ, രോഗാവസ്ഥക്ക് അനുസരിച്ചുള്ള ഭക്ഷണം ലഭിക്കാതെ വരിക, ആഗ്രഹിക്കുന്ന ചികിത്സ ലഭിക്കാതെ വരിക, സമൂഹത്തിനുള്ള സൗകര്യങ്ങള്‍ പോലും തനിക്കു നിഷേധിക്കപ്പെടുന്നതായി ഒരാള്‍ക്കു തോന്നലുണ്ടാവുക എന്നിവയെല്ലാം സന്ന്യാസത്തിലെ കല്ലുകടികള്‍ക്കു കാരണമാകുന്നുണ്ട്. നമ്മുടെ വീടുകളിലെന്ന പോലെ സന്ന്യാസത്തിലും പലര്‍ക്കും രോഗങ്ങളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും വലുതായ അറിവില്ലായ്മ ഉണ്ടെന്നതും ഒരു സത്യം തന്നെ യാണ്. ഒരുദാഹരണം പറഞ്ഞാല്‍, 'സൂര്യന്‍താഴുന്നവരുടെ ലക്ഷണം' എന്നോ മറ്റോ പറയാവുന്ന Sundowners syndrome ഉള്ള ഒരു സഹോദര വൈദികനോടൊപ്പം കുറേനാള്‍ ജീവിച്ചിട്ടുണ്ട്. പകലെല്ലാം വളരെ ഉന്മേഷിയും രസികനും ആയിരിക്കുന്ന അദ്ദേഹം സന്ധ്യയാകുന്നതോടെ ആകാംക്ഷാഭരിതനാവുകയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും, തന്നെ തന്‍റെ ആശ്രമത്തില്‍ കൊണ്ടു പോകണമെന്നാവശ്യപ്പെട്ടു വാശിപിടിക്കുകയും രാത്രികളില്‍ പലപ്പോഴും എഴുന്നേറ്റു നടക്കുകയും ഒക്കെ ചെയ്യും. രാവിലെ സൂര്യനുദിച്ചു കഴിഞ്ഞാല്‍ അദ്ദേഹം വീണ്ടും താനായി മാറും. ഓര്‍മ്മക്ഷയത്തിന്‍റെ ഒരു പ്രത്യേക അവസ്ഥയാണത് എന്നറിയില്ലെങ്കില്‍ 'പ്രാന്ത് അഭിന യിക്കുകയാണ്', 'അങ്ങേര്‍ക്ക് ചെകുത്താന്‍ ബാധയാണ്', 'മറ്റുള്ളവരുടെ ഉറക്കം കെടുത്താന്‍ കിള വന്‍റെ ഓരോരോ കോപ്രാഞ്ചങ്ങളാണ് ' എന്നും മറ്റും കുറ്റപ്പെടുത്താനിടയാവുകയും, കാരുണ്യത്തോടെ അദ്ദേഹത്തോട് പെരുമാറാന്‍ കഴിയാതെ വരികയും ചെയ്തെന്നു വന്നേക്കാം. കാന്‍സര്‍ വന്ന് നിരവധി കീമോതെറാപ്പികള്‍ ചെയ്തു രോഗത്തെ അതിജീവിച്ചവര്‍ സമൂഹങ്ങളില്‍ ഉണ്ടാവുക സ്വാഭാവികം. ചാപ്പലിലും ഊട്ടുമുറിയിലും മറ്റുള്ളവര്‍ക്കു തണുപ്പായിരിക്കുമ്പോഴും ഈ ക്യാന്‍സര്‍ സര്‍വൈവര്‍ ശരീരത്തിന്‍റെ ചൂടുകാരണം വിയര്‍ത്തുകുളിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ 'സമൂഹത്തില്‍ എല്ലാവരും ഒരേപോലെ' എന്നു പറയുന്നത് ഒരിക്കലും യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളലാകില്ലല്ലോ!

എക്കാലത്തും ഇക്കാലത്തും സന്ന്യാസ സമൂഹജീവിതത്തില്‍ ഏറ്റവും പ്രശ്നസങ്കീര്‍ണ്ണമായ വ്രതമേഖല ഏതെന്നു ചോദിച്ചാല്‍, അത് അനുസരണവ്രതവുമായി ബന്ധപ്പെട്ട മേഖലയാ യിരിക്കും എന്നുകാണാം. പൂര്‍വ്വകാലങ്ങളില്‍ സമൂഹത്തില്‍ ചെറിയൊരു ന്യൂനപക്ഷത്തിനു മാത്രമേ വിദ്യാഭ്യാസവും അക്ഷരജ്ഞാനവും ഉണ്ടായിരുന്നുള്ളൂ എന്നറിയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടതില്ല. അതിനാല്‍ത്തന്നെ അക്കാലങ്ങളില്‍ എല്ലാവര്‍ക്കും സന്ന്യാസ സമൂഹത്തിന്‍റെ നേതൃസ്ഥാനത്തേക്കു വരാന്‍ കഴിയുമായിരുന്നില്ല. വിശുദ്ധിയോ വിജ്ഞാനമോ ആയിരുന്നു ആ കാലങ്ങളിലെ സന്ന്യാസ സമൂഹങ്ങളുടെ നേതൃഗുണങ്ങള്‍. ചക്രവര്‍ത്തി/രാജഭരണങ്ങള്‍ നിലനിന്ന അക്കാലങ്ങളില്‍, പൊതുവേ എല്ലാവരുംതന്നെ അനുസരണവ്രതം പാലിച്ചു. സ്വയം അച്ചടക്കം ശീലിക്കുന്നതിന്‍റെ ഭാഗമായി എല്ലാവരും തന്നെത്താന്‍ ചമ്മട്ടിയടിക്കുക സമൂഹങ്ങളുടെ കൂട്ടക്രമത്തിന്‍റെ ഭാഗമായിരുന്നു. തെറ്റുചെയ്തവര്‍ക്കു സുപ്പീരിയര്‍ കൂടുതല്‍ നേരം സ്വയം ചമ്മട്ടിയടി വിധിച്ചിരുന്നു. എന്നിട്ടും അനുസരണമില്ലാത്ത വരെയും മറുതലിക്കുന്നവരെയും  പൂട്ടിയിട്ട് ശിക്ഷിക്കാന്‍ അക്കാലങ്ങളില്‍ കൊവേന്തകളില്‍ തടവറകള്‍ പോലും ഉണ്ടായിരുന്നു! ഇന്നതെല്ലാം പഴയ കഥകള്‍. ഇന്ന് ഒട്ടെല്ലാ സന്ന്യാസ സമൂഹങ്ങളിലും അംഗങ്ങള്‍ സാമാന്യം നല്ല വിദ്യാഭ്യാസം ഉള്ളവരാണ്. ഒരുപക്ഷേ, പല സ്ഥാപനങ്ങളിലും നേതൃത്വം കൊടുക്കുന്നവരുമാകും. അതു കൊണ്ടുതന്നെ, അനുസരണം പാലിക്കലും പാലിപ്പിക്കലും ബുദ്ധിമുട്ടുള്ളതാകുന്നുണ്ട്. എങ്കിലും പൊതുവേ സന്ന്യസ്തര്‍ അനുസരണം പാലിക്കുന്നവര്‍ തന്നെയാണ്. അപ്പോഴും, ചില ദുഷ്പ്രവണതകള്‍ സമകാലിക സന്ന്യാസത്തില്‍ മുമ്പത്തെക്കാള്‍ കൂടുതലായി കാണാനുണ്ട്.  

സുവിശേഷോപദേശങ്ങളായ ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവ എല്ലാ സന്ന്യസ്തരും വ്രതം ചെയ്യണമെന്നു മുമ്പ് പറഞ്ഞല്ലോ. എന്നാല്‍, മൂന്നു വ്രതങ്ങളേ പാടുള്ളൂ എന്നൊന്നുമില്ല. പല സന്ന്യാസ സമൂഹങ്ങള്‍ക്കും അവയുടേതായ നാലാമതൊരു വ്രതം കൂടി ഉണ്ട്. എന്നാല്‍, വിദേശരാജ്യങ്ങളില്‍ ചില സമൂഹങ്ങളിലെങ്കിലും ഒരേ സമൂഹ ത്തിലെ അംഗങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ പ്രത്യേക വിളിക്കനു സരിച്ച് നാലോ ചിലപ്പോള്‍ അഞ്ചോ വ്രതങ്ങളെടുക്കുന്നതായും വായിച്ചറിഞ്ഞിട്ടുണ്ട്. 'നീതിയോടെ വിശ്വാസം ജീവിക്കുക'; 'ദരിദ്രരെയും രോഗിക ളെയും വിദ്യാവിഹീനരെയും ശുശ്രൂഷിച്ച് ജീവി ക്കുക'; 'യേശുവിന്‍റെ അഹിംസ പാലിച്ചു ജീവി ക്കുക'; 'നീതിയിലും സമാധാനത്തിലും അടിയുറച്ച് ജീവിക്കുക'; 'പ്രകൃതിയെ പരമാവധി പരിക്കേല്പി ക്കാതെയും അവളെ പരിചരിച്ചും ജീവിക്കുക' എന്ന തെല്ലാം സമകാലിക യുഗത്തിലെ സന്ന്യസ്തരുടെ നാലാം വ്രതങ്ങളായിത്തീരുന്നുണ്ട്. മാറ്റങ്ങളെക്കു റിച്ചു പറയുമ്പോള്‍ പലയിടത്തും സംഭവിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു മാറ്റത്തെക്കുറിച്ചുകൂടി പറയാതാവില്ല. ബ്രഹ്മചര്യത്തിലുള്ള ഏകത്വജീ വിതം (Single life) പോലെതന്നെ ലോകത്തില്‍ ജീവിക്കുന്ന 'സമര്‍പ്പിതരായ കന്യകകള്‍' (Consecrated Virgins) ലോകമെമ്പാടും ഇന്നുണ്ട്. ഏതാനും പേരെയെങ്കിലും ഈയുള്ളവനു വ്യക്തിപരമായി അറിയാം. സമര്‍പ്പിതജീവിത ത്തെക്കുറിച്ചു മാത്രം പ്രതിപാദിക്കുന്ന വി. ജോണ്‍ പോള്‍ II പാപ്പായുടെ 'വിത്താ കോണ്‍സെക്രാത്ത' എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ ഏഴാം നമ്പറായി ഇത്തരം ജീവിതത്തെക്കുറിച്ചു കൃത്യമായി പറയുന്നുണ്ട്. സ്വന്തമായി ജോലി ചെയ്ത്, മറ്റുള്ളവര്‍ക്കു ശുശ്രൂഷ ചെയ്ത്, എല്ലാ ദിവസവും പള്ളിയില്‍ പോയി വി.ബലിയില്‍ പങ്കെടുത്ത്, ധാരാളം സമയം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച്, വലിയ ആരവങ്ങളില്ലാതെ, ലളിതമായി അവര്‍ ലോകത്തില്‍ ജീവിക്കുന്നു. രൂപതാധ്യക്ഷന്‍റെ സമ്മതത്തോടെ രണ്ടു വര്‍ഷമെങ്കിലും നീളുന്ന വ്യക്തിപരമായ ഒരു പരിശീലനത്തിന് അവര്‍ സ്വയം വിധേയരാകുന്നു. ശിഷ്ടജീവിതം കന്യാത്വം, ദാരിദ്ര്യം, സുവിശേഷാനുസരണം എന്നീ (വേറെയും ആകാം) വ്രതങ്ങളോടെ ജീവിക്കാന്‍ പ്രാപ്തിയായി എന്നു തോന്നുമ്പോള്‍ കത്തീഡ്രല്‍ പള്ളിയില്‍ വച്ച് ഒരു വ്രതവാഗ്ദാന-സമര്‍പ്പണ ചടങ്ങോടെ അവര്‍ സമര്‍പ്പിതജീവിതം ആരംഭിക്കുന്നു. ഇഴപിരിച്ചു നോക്കിയാല്‍ സത്യത്തില്‍ ഇത് നമ്മളാദ്യം കണ്ട തപസ്വികള്‍ ജീവിച്ച എരെമിറ്റിക് ജീവിതമാണ്. അവര്‍ ജീവിച്ചതു പ്രകൃതിയിലെ ഫലമൂലാദികളും ഭക്തജനങ്ങള്‍ നല്കുന്ന ഭക്ഷണവും കൊണ്ടായിരുന്നു. ഈ തപസ്വികള്‍ മിക്കവാറും സ്വന്തം അധ്വാനത്താലെ ജീവിക്കുന്നു. അന്നവര്‍ ജീവിച്ചത് ലോകംവിട്ടോടി വിജനതയിലും മരുഭൂമിയിലുമായിരുന്നെങ്കില്‍ നമ്മുടെ സമകാ ലികരായ ഈ തപസ്വികള്‍ ലോകത്തിന്‍റെ നടുവില്‍ ചെറിയൊരു വീട്ടിലോ ഒറ്റമുറി ഫ്ളാറ്റിലോ ആണെന്നതുമാണ് വ്യത്യാസങ്ങള്‍ (30 വയസ്സ് കഴിഞ്ഞിരിക്കണം എന്നൊരു നിബന്ധനയുണ്ട്).

നമ്മുടെ സന്ന്യാസ സമൂഹങ്ങളുടെ കാര്യ ത്തിലേക്കു തിരിച്ചുവന്നാല്‍, അര്‍ത്ഥികളുടെ സ്വീകരണത്തിലും അംഗങ്ങളുടെ അനുശീലനത്തിലും വരുന്ന അവധാനതയില്ലായ്മ വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്നതു നാം കണ്ടിട്ടുണ്ട്. അനുശീലനത്തിലെ കുറവുകളും പോരായ്മകളും കാര്യങ്ങള്‍ അവതാളത്തിലാക്കും. നല്കപ്പെടുന്ന അനുശീലനത്തോട് ഒരാള്‍ മനസ്സാ ചെറുത്തുനിന്നാല്‍, എന്നിട്ടും അയാള്‍ സന്ന്യാസ സമൂഹത്തില്‍ വ്രതംചെയ്ത് ഇടംനേടിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാക്കാന്‍ മറ്റൊന്നും വേണ്ടിവരില്ല. ഒരാളുടെ മാനസികാരോഗ്യത്തിന്‍റെ കുറവും വൈകാരികമായ പക്വതയില്ലായ്മയും സമൂഹജീവിതത്തെ താറുമാറാക്കാം.

നമ്മുടെ നാട്ടില്‍ വൈദിക - സന്ന്യാസ പരിശീ ലന ഘട്ടങ്ങളില്‍ ഒരു ആത്മീയ ഉപദേഷ്ടാവിനെ സ്വീകരിക്കുന്നരീതി പരിചയപ്പെടുത്താറും നിഷ്കര്‍ഷിക്കാറുമുണ്ട്. എന്നാല്‍, നിത്യവ്രത വാഗ്ദാനം കഴിഞ്ഞാല്‍ ഒട്ടുമിക്കവരും അത്തരം കീഴ്വഴക്കങ്ങള്‍ ഉപേക്ഷിക്കുന്നതായാണ് കണ്ടിട്ടുള്ളത്.

സമൂഹജീവിതം മാനുഷികമായിരിക്കണം; മാനവീകരിക്കുന്നതുമാകണം അത്. സ്നേഹ ശുശ്രൂഷകള്‍ ചെയ്യാനും സ്നേഹത്തില്‍ വളരാനും ഓരോ സന്യസ്ത വ്യക്തിക്കും സമൂഹം പ്രചോദനം നല്കണം.  സന്ന്യാസത്തിന്‍റെ പ്രവാചകധര്‍മ്മം പുനരുജ്ജീവിപ്പിക്കപ്പെടണം.
അവസാനമായും ഏറ്റവും പ്രധാനമായും, സുവിശേഷ ഉപദേശങ്ങള്‍ സന്ന്യസ്തരുടേതു മാത്രമല്ല. ചാസ്റ്റിറ്റി - Chastity  എന്ന വ്രതം ബ്രഹ്മചര്യം എന്നോ കന്യാത്വം എന്നോ ആണ് മലയാള ത്തില്‍ ഭാഷാന്തരം ചെയ്യാറ്. അര്‍ത്ഥത്തില്‍ ഏതാണ്ട് അടുത്തുവരുമെങ്കിലും വിവാഹിതര്‍ തങ്ങളുടെ ജീവിതപങ്കാളിയോടു വിശ്വസ്തതയോടെ, എന്നാല്‍ ആസക്തികളില്ലാതെ (Lustfulness) ജീവിക്കുക എന്നതാണ് മാരിറ്റല്‍ ചാസ്റ്റിറ്റി. സമര്‍പ്പിതനോ സമര്‍പ്പിതയോ തന്‍റെ പ്രണയിനിയായ ക്രിസ്തുവിനെ മാത്രം നോക്കി, ലൈംഗിക സ്നേഹം ത്യജിച്ചു ജീവിക്കുക എന്നതാണു കോണ്‍സെക്രേറ്റഡ് ചാസ്റ്റിറ്റി. അതിനാല്‍ എല്ലാ ജീവിതാവസ്ഥക്കാര്‍ക്കും ചാസ്റ്റിറ്റി എന്നത് ഒരു പുണ്യമാണ്. ആര്‍ഭാടങ്ങള്‍ പരമാവധി ഒഴിവാക്കി, ലളിതമായി ജീവിക്കുക എന്നതാണു ക്രൈസ്തവ ജീവിതം. അത് സന്ന്യസ്തര്‍ക്കു മാത്രമുള്ളതല്ല. ക്രിസ്തുവിന്‍റെ സുവിശേഷം അനുസരിച്ചു ജീവിക്കുക - ദൈവത്തിന്‍റെ ഇഷ്ടം അനുസരിച്ചു ജീവിക്കുക എന്നതാണ് എല്ലാ ക്രൈസ്തവരും ചെയ്യേണ്ടത്. അതിനാല്‍ അനുസരണ വ്രതവും സന്ന്യസ്തരുടേതു മാത്രമല്ല. സമൂഹത്തിലാകെ സുവിശേഷോപദേശങ്ങളുടെ സംക്രമണം നടത്തുന്നില്ലെങ്കില്‍ സന്ന്യാസം മലയിലുയര്‍ത്തിയ നഗരമാവില്ല. അതിനു വലിയ പ്രസക്തിയുമുണ്ടാവില്ല.

You can share this post!

സമര്‍പ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികള്‍

ഡോ. മാര്‍ട്ടിന്‍ N ആന്‍റണി O. de M
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts