news-details
കവർ സ്റ്റോറി

നോമ്പുകാലം: ആലസ്യത്തില്‍ നിന്ന് ഉണരാനും വിശപ്പുകളെ തിരിച്ചറിയാനുമുള്ള സമയം.
ആലസ്യത്തില്‍ നിന്ന് നമ്മെ വീണ്ടുമുണര്‍ത്താന്‍, ദൈവകൃപയാല്‍, നോമ്പുകാലം വരുന്നു -

ഫ്രാന്‍സിസ് പാപ്പയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത വാക്കുകള്‍. സ്വതന്ത്രവും ശാന്തവുമായി ഒഴുകുന്ന ഒരു നദി, ഗതിയുടെ ഒരു സ്ഥാനത്തെത്തുമ്പോള്‍, ശക്തമായ കുത്തൊഴുക്കായി മാറി, ചുറ്റിലുമുള്ള സകലതിനെയും പ്രകമ്പനം കൊള്ളിക്കുമാറ്, ചടുലമായി വെള്ളച്ചാട്ടമായ് രൂപാന്തരപ്പെട്ട്, എല്ലാത്തിനെയും തട്ടിത്തെറിപ്പിച്ച്, കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ, ചുറ്റുമുള്ളവയെ നനച്ചുകുതിര്‍ത്ത്, മുന്നേറുന്നതുപോലെ, ഒരു ക്രിസ്തു ശിഷ്യന്‍റെ മയങ്ങിയൊഴുകുന്ന ആത്മീയനദിക്ക് ഉത്സാഹവും പ്രസരിപ്പും നല്‍കി, അവന്‍റെ ഹൃദയത്തെ  വിത്തുവീഴാന്‍ കാത്തിരിക്കുന്ന ഒരുക്കിയ നിലംപോലെയാക്കുന്ന ആദ്ധ്യാത്മീകാനുഭവമാണ് ഓരോ നോമ്പുകാലവും.

ഈ നോമ്പുകാലത്തിന്‍റെയും ദൗത്യം വിഭിന്നമല്ല. നമുക്കു സംഭവിച്ചിരിക്കുന്ന മന്ദോഷ്ണ തയെയും നിശ്ചലാവസ്ഥയെയും അവസാനിപ്പിച്ച്, നമ്മെ, വ്യക്തിപരമായും ഒരു സമൂഹമായും ഇളക്കുവാനും ചലിപ്പിക്കുവാനും ഈ നോമ്പിന് കഴിയുമോ എന്നതാണു ഗൗരവമായ ചോദ്യം. അതിനു, നമ്മള്‍ ആസ്വദിക്കുന്ന ആലസ്യങ്ങളുടെ സുഖങ്ങളെ ഉപേക്ഷിക്കാന്‍ നമുക്കു സാധിക്കുമോ? എങ്കില്‍ മാത്രമേ ഈ നോമ്പ് ഗൗരവമായ ഒരു ആത്മീയാനുഭവത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോവുകയുള്ളൂ. ഇനിയും, നാമായിരിക്കുന്ന ആലസ്യവും, ഒഴുക്കുനഷ്ടപ്പെട്ട മന്ദതയുമാണ് നമ്മെ തൃപ്തിപ്പെടുത്തുന്നതെങ്കില്‍ ഈ നോമ്പും ഉപരിപ്ലവമായ അനുഷ്ഠാനങ്ങളോടെ കടന്നു പോകും. മൃതാവസ്ഥയിലുള്ള നമ്മുടെ ആത്മാവിന്‍റെ മുകളിലേക്കു കപടതയുടെ പുതപ്പു വലിച്ചിട്ടു നമുക്ക് ആലസ്യത്തില്‍ തുടരാം.

നോമ്പുകാലം, ദൈവവചനം നമ്മുടെ ജീവിതത്തിലേക്കു തുളഞ്ഞുകയറാനും, നാം ആരാ ണെന്നും, നാം എവിടെനിന്നാണു വരുന്നതെന്നും, എങ്ങോട്ടാണു പോകേണ്ടതെന്നും, ജീവിതത്തില്‍ ഏതു വഴിയാണു തിരഞ്ഞെടുക്കേണ്ടതെന്നുമുള്ള മൗലികസത്യങ്ങള്‍ അറിയാനും നമ്മെ പ്രേരിപ്പി ക്കുന്നു (ബെനഡിക്ട് പാപ്പാ). ഒരു ജ്ഞാനവൃദ്ധന്‍ കൂടി നമുക്കായി ശബ്ദിക്കുന്നുണ്ട്. വന്നയിടവും പോകേണ്ടയിടവും മറന്നുപോയി വഴിയില്‍ ഒറ്റപ്പെട്ടുപോയ അല്‍ഷിമേഴ്സ് രോഗിയുടെ ദൈന്യത നമ്മുടെ ഓരോരുത്തരുടെയും ആത്മീയ കണ്ണുകളില്‍ നിന്ന് മായ്ക്കാന്‍ ഒരു ന്യൂജന്‍ അഞ്ജനത്തിനും ആവുകയില്ല. ആ ദൈന്യതയുടെ ബഹിര്‍സ്ഫുരണങ്ങള്‍ സമൂഹത്തിന്‍റെ മുന്‍പില്‍ നമ്മെയെല്ലാം കോമാളിയാക്കുന്നുണ്ട്. ഇനിയെങ്കിലും ആലസ്യം ഉപേക്ഷിക്കേണ്ടതുണ്ട്.
ഇതുവരെ ആധ്യാത്മികതയുടെയും ധാര്‍മികതയുടെയും ചൂണ്ടുപലകകള്‍ ആകാന്‍ കഴിഞ്ഞി രുന്ന നമുക്ക്, ഇന്നു സമൂഹത്തിന്‍റെ 'പരിഗണന' പോലും കിട്ടാതാകുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നമ്മുടെ വഴിവിളക്കുകളില്‍ ഉണ്ടായിരുന്ന അവസാനതരി വെളിച്ചവും നഷ്ടപ്പെട്ടുപോയി എന്നാണ്. ഇനി ആരുടെയും വഴിതെളിക്കാനാവില്ല എന്നതിനേക്കാളും ഭീകരമായതു നമുക്കു മുന്‍ പോട്ടു പോകാനും ഇനി ആ വിളക്കില്‍ വെളിച്ചം അവശേഷിക്കുന്നില്ല എന്നതാണ്. ഇതു പരീക്ഷിക്കപ്പെട്ടവനോട് അനുരൂപപ്പെടുവാനുള്ള സമയമാണ്. അവനും നാമും തമ്മില്‍ ഒരു വ്യത്യാസമേയുള്ളൂ. അവന്‍ പരീക്ഷകളെ അതിജീവിച്ചു, ഈയാമ്പറ്റ വിളക്കിനുചുറ്റും പറന്ന് അവസാനം ആ വിളക്കിന്‍റെ തീയില്‍ത്തന്നെ അവസാനിക്കുന്നതുപോലെ  നാം പ്രലോഭനങ്ങളുടെ ചുറ്റും പറന്ന് അവയുടെ കനലില്‍ എരിഞ്ഞൊടുങ്ങുന്നവരാകുന്നു.

യേശുവിനുണ്ടായ, മണല്‍ക്കാട്ടിലെ പരീക്ഷണങ്ങള്‍ ധ്യാനിച്ചുകൊണ്ടാണു നാം നോമ്പുകാലത്തിലേക്കു പ്രവേശിക്കുക. ജോര്‍ദ്ദാനിലെ വെള്ളത്തില്‍  മുങ്ങിയെഴുന്നേറ്റവന്‍ കേള്‍ക്കുന്നത് ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നുവെന്ന സ്നേഹത്തേന്‍ ഇറ്റു വീഴുന്ന വാക്കുകളാണ്. പിന്നീട് ആത്മാവ് അവനെ നയിക്കുന്നതു മണല്‍ക്കാട്ടിലേക്കാണ്. നീണ്ട സമയം അവന്‍ പിതാവുമായി സല്ലപിക്കുന്നു, ശക്തിയാര്‍ജ്ജിക്കുന്നു. കൂട്ടിരിപ്പിന്‍റെ ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ അവനു വിശക്കുകയാണ്. അതുവരെ അവനു വിശക്കാതിരുന്നതല്ല, അവന്‍റെ വിശപ്പിനേക്കാളും ശ്രേഷ്ഠമായ ഒന്ന് - പിതാവുമായുള്ള സഹവാസം - അവിടെ ഉണ്ടായിരുന്നു. അതവനെ വിശപ്പറിയാന്‍ അനുവദിച്ചില്ല.

വിശക്കുന്നവന്‍ പോലുമറിയാതെ അവന്‍റെ വിശപ്പിനെയോര്‍ത്ത് ഒരുവന്‍ അവിടെയുണ്ടായി രുന്നു. പ്രലോഭകന്‍ എന്നാണു സുവിശേഷകന്‍ അവനു നല്‍കുന്ന പേര്. മരുഭൂമിയിലെ ഊഷരതയില്‍ ഒന്നും കിട്ടില്ലെന്നറിയാവുന്ന പ്രലോഭകന്‍ അവനു ഉപായം നിര്‍ദ്ദേശിക്കുന്നു, നീ  കല്ലുകളോട് അപ്പമാകാന്‍ പറയുക. ക്രിസ്തു അതില്‍ സംതൃ പ്തനാകുന്നില്ല. നാല്പതുദിവസം ഭക്ഷണമില്ലാതെ കൂട്ടിരിക്കാന്‍ കൃപ നല്‍കുന്നവന് ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിയുമെന്ന് അവനറിയാമായി രുന്നു.  തന്‍റെ വിശപ്പുമാറ്റാനായി പിശാചിനെ അനുസരിക്കുന്നവനാകാനും അവനു താല്പര്യമില്ലായിരുന്നു.
ശരീരത്തിലും മനസ്സിലും വിശപ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നാം ചുറ്റിലും കണ്ണുകള്‍ തുറന്നു നോക്കണം, തീര്‍ച്ചയായും നമുക്കു പ്രലോഭകനെ കാണാനാകും. വിശക്കുമ്പോള്‍ അവന്‍ ചുറ്റിലു മുണ്ട്. എന്‍റെ വിശപ്പുകള്‍ ശമിപ്പിക്കാനുള്ള മാര്‍ഗ്ഗവും അവന്‍ പറഞ്ഞുതരാനുണ്ടാകും. അലറുന്ന സിംഹത്തെപ്പോലെ അവന്‍ എന്നിലെ വിശപ്പുക ളിലേക്കു നോക്കുന്നുണ്ട്. കാരണം എന്‍റെ വിശപ്പുകളില്‍ നിന്നാണ് അവനുള്ള ഭക്ഷണം ലഭിക്കുകയെന്ന് എന്നെക്കാളും നന്നായി അവനറിയാം. എന്‍റെ വിശപ്പിന്‍റെ നിമിഷങ്ങളെ, വീഴ്ചയുടെ അവസരങ്ങളാക്കാന്‍ അവന്‍ കിണഞ്ഞു ശ്രമിക്കും, ഉറപ്പ്.
കല്ലുകളോട് അപ്പമാകാന്‍ പ്രലോഭകന്‍ പറയുമ്പോള്‍ അവന്‍ പ്രലോഭനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഒളിപ്പിച്ചുവച്ചിട്ടുണ്ടതില്‍. നീ ചെയ്യുന്ന പ്രവൃത്തി ആരും കാണില്ലെന്നും, നീ ചെയ്യുന്ന പ്രവൃത്തി ആര്‍ക്കും നഷ്ടമുണ്ടാക്കില്ലെന്നും, ആരും അതു ഗൗനിക്കുകപോലുമില്ലെന്നും അവന്‍ ചെവിയില്‍ ഓതി തരുന്നുണ്ട്. ആരും അറിയാതെ പോകുന്ന, ആര്‍ക്കും നഷ്ടമുണ്ടാക്കാത്ത, ആരും ഗൗനിക്കാത്ത കാര്യങ്ങള്‍ നിനക്കു ചെയ്യാം എന്നാണു അവന്‍ നിന്നോടു പറയാന്‍ ശ്രമിക്കുന്നത്. അല്ലെങ്കിലും പാപങ്ങളുടെ കയത്തിലേക്ക് അവന്‍ മനുഷ്യരെ തള്ളിയിടുന്നതുമുഴുവന്‍ ഈ മൂന്നുകാര്യങ്ങള്‍ പറഞ്ഞ് കബളിപ്പിച്ചുകൊണ്ടായിരിക്കും. ആരും അറിയില്ല, ആര്‍ക്കും  കുഴപ്പമില്ല, ആരും ഗൗനിക്കില്ല.

ക്രിസ്തുവിന്‍റെ നിലപാട് നമ്മെ ഓര്‍മിപ്പിക്കുന്നതു മറ്റൊന്നാണ് - എല്ലാ വിശപ്പുകളും ശമിപ്പിക്കാനുള്ളതല്ല. മനുഷ്യന്‍ ജീവിക്കുന്നതു ചില വിശപ്പുകളെ ശമിപ്പിക്കാനാണ്. അത് ആത്മീയവും ശാരീരി കവും ആത്മീയവുമാകാം. എന്നാല്‍ അനുഭവപ്പെടുന്ന എല്ലാ വിശപ്പുകള്‍ക്കും തൃപ്തി തേടുവാന്‍ സാധിക്കില്ല. 'പിതാവിന്‍റെ ഇഷ്ടം നിറവേറ്റുകയെന്ന' വിശപ്പുമാത്രമേ യേശുവിനു തൃപ്തിപ്പെടുത്താന്‍ ഉണ്ടായിരുന്നുള്ളൂ. എന്‍റെ വിശപ്പുകളുടെ ലിസ്റ്റില്‍ ഞാന്‍ ആദ്യം തൃപ്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിശപ്പ് ഏതാണ് എന്നുള്ളതാണ് ഈ നോമ്പു കാലത്തെ അടയാളപ്പെടുത്തുക. ശരീരത്തിനും മനസ്സിനും അപ്പുറം ആത്മാവെന്ന ഇടമുണ്ടെന്നും അതിനെ പോഷിപ്പിക്കാനും ചൈതന്യവത്താക്കാനും എനിക്കു വിശപ്പനുഭവപ്പെട്ടാല്‍ ഈ നോമ്പു കാലം മുഴുവന്‍ ആത്മീയതയുടെ ഈരടികള്‍ നിങ്ങളെ പിന്തുടരും.

വിശപ്പുകളെല്ലാം നന്മയല്ലെന്നും അതിനൊരു അര്‍ത്ഥതലമുണ്ട്. വിശപ്പുകള്‍ എന്നെ മാത്രം തൃപ്തിപ്പെടുത്തുകയും വേറെ ആര്‍ക്കും യാതൊരു നന്മയും അവശേഷിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ആ വിശപ്പിനെ സൂക്ഷിക്കണം. മറ്റാര്‍ക്കും നഷ്ടങ്ങള്‍ വരുത്താതിരുന്നാല്‍ പോരാ, ആര്‍ക്കെങ്കിലുമൊക്കെ അതില്‍നിന്ന് നന്മ ഉരുത്തിരിയുകയും വേണം.
ക്രിസ്തു വിശപ്പുകളെ അതിജീവിക്കാനുള്ള ശക്തി സമ്പാദിച്ചത് പിതാവുമായുള്ള കൂട്ടിരിപ്പില്‍ നിന്നാണ്. എല്ലാ വിശപ്പുകളെക്കാളും വലിയൊരു വിശപ്പ് എനിക്കുണ്ടാവുക എന്നുള്ളതാണു കരണീയം. ഞാന്‍ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനാണ് എന്നു പറയുന്ന ദേവാലയത്തിലെ ബാലകനെപ്പോലെ എനിക്കും പിതാവിന്‍റെ കാര്യങ്ങള്‍ വലിയ വിശപ്പായാല്‍ ബാക്കിയെല്ലാ വിശപ്പുകള്‍ക്കും നേരെ കണ്ണടയ്ക്കാനാകും.
വിശപ്പുകള്‍ ആരംഭിക്കുന്നത് ഉപവാസങ്ങള്‍ അവസാനിക്കുമ്പോഴാണ് എന്നുകൂടി യേശുവിന്‍റെ മരുഭൂമി പരീക്ഷണം വ്യക്തമാക്കുന്നുണ്ട്. ഉപവസിക്കുക എന്നാല്‍ 'കൂടെ വസിക്കുക' എന്നാണല്ലോ അര്‍ത്ഥവും. പിതാവിനെ കൂടെ കുടിയിരുത്താ നായാല്‍ ഉപവാസങ്ങള്‍ അവസാനിക്കുകയില്ല, എനിക്ക് മറ്റു വിശപ്പുകള്‍ ഉണ്ടാവുകയുമില്ല. നോമ്പ് നമ്മെ ക്ഷണിക്കുന്നത് ചിട്ടയായ വലിയൊരു ആത്മീയ ഉപാസനയിലേക്കാണ് - ദൈവത്തോടു കൂടെയിരിക്കാനുള്ള ക്ഷണം, അതൊരു വിശപ്പാക്കി മാറ്റാനുള്ള അഭ്യര്‍ത്ഥന.

You can share this post!

സമര്‍പ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികള്‍

ഡോ. മാര്‍ട്ടിന്‍ N ആന്‍റണി O. de M
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts