news-details
കവർ സ്റ്റോറി

ആദിജലമൂലകം, സ്വപ്നം...

നീണ്ടയാത്രകള്‍ കഴിഞ്ഞ് രാത്രിനേരങ്ങളില്‍ ഏറെ വൈകി ഗ്രാമത്തിലുള്ള വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വഴി മുറിച്ചുകടക്കുന്നതിനിടക്ക് തോടിന്‍റെ നീരൊഴുക്കുണ്ടാക്കുന്ന കളകളശബ്ദം എന്‍റെ മനസ്സിനെ പെട്ടെന്ന് ശാന്തവും ശീതളവുമാക്കാറുണ്ട്. ഈ ലോകത്തിന്‍റെ പരുഷമായ മുഴുവന്‍ ശബ്ദങ്ങളും അതിന്‍റെ ദയയറ്റ, ക്രോധം പുരണ്ട ഭ്രാന്തസ്വനങ്ങളും അവ ഉള്ളിലേല്‍പ്പിച്ച മുറിവുകളും ഈ നീരൊഴുക്കിന്‍റെ സരളമായ, താഴ്മയുറ്റ നാദത്തിന് ഇല്ലാതാക്കാന്‍ കഴിയുന്നതിലെ വിസ്മയത്തെപ്പറ്റി ധ്യാനിക്കാന്‍ തുടങ്ങിയതിനുശേഷമാണ് സൂക്ഷ്മമായി മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ഗൗതമബുദ്ധന്‍ ഗ്രാമത്തിലെ ഒരു ഊടുപാതയിലൂടെ ആനന്ദനോടൊപ്പം നടന്നു പോകുകയായിരുന്നു. അവര്‍ ഒരു ചെറുതോട് മുറിച്ചുകടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ ബുദ്ധന്‍ ആനന്ദനോട് പറഞ്ഞു: "നീ പോയി കുറച്ചു വെള്ളം കൊണ്ടുവരണം. വല്ലാതെ ദാഹിക്കുന്നു..."

ആനന്ദന്‍ തോട്ടുവക്കത്തെത്തിയപ്പോള്‍ അതു മുറിച്ചു കടന്നുകൊണ്ട്, വെള്ളം മുഴുവന്‍ കലക്കി മറിച്ചുകൊണ്ട് രണ്ട് കാളക്കൂറ്റന്മാര്‍ അതുവഴിപോയിരുന്നു. ആ കലങ്ങിയ വെള്ളത്തിനു മുന്നില്‍ തെല്ലിടനിന്ന ആനന്ദന്‍ തിരികെ വന്നു; കുറെ അകലത്തുള്ള മറ്റൊരു കുളത്തില്‍നിന്നും വെള്ളമെടുത്തു വരാമെന്നു പറഞ്ഞു. അപ്പോള്‍ ബുദ്ധന്‍ മൊഴിഞ്ഞു: "വേണ്ട, നീ ഇതേ നീര്‍ച്ചാലില്‍ നിന്നു തന്നെ വെള്ളം കൊണ്ടു വരണം. തെല്ലിട അതിന്‍റെ കരയിലിരുന്നാല്‍ അതു തെളിഞ്ഞു വരും."

കുറച്ചുനേരം അവിടെയിരുന്നപ്പോള്‍ നീരൊഴുക്ക് പതുക്കെ തെളിഞ്ഞു വരുന്നത്, ശുദ്ധമാവുന്നത്, ഇലകളും കരടുകളും അഴുക്കുകളുമൊക്കെ അടിത്തട്ടിലേക്കാണ്ടു പോകുന്നത് ആനന്ദന്‍ കണ്ടു. ഒടുവില്‍ നല്ല തെളിമയുള്ള ജലവുമായി ആനന്ദന്‍ ബുദ്ധന്‍റെ മുന്നിലെത്തുന്നു.

ഈ തെളിഞ്ഞ ജലം പോലെ, ശുദ്ധമായ ബോധത്തോടെ ജലത്തെപ്പറ്റി വിചാരിക്കുമ്പോള്‍ ജലം ജീവസാരമായിത്തീരുന്നു.

കാറ്റിന്‍റെ ജ്ഞാനം കേള്‍ക്കാന്‍, വൃക്ഷങ്ങളുടെ ജ്ഞാനത്തിന്, ജലത്തിന്‍റെ ജ്ഞാനത്തിന്, മണ്ണിന്‍റെ ജ്ഞാനത്തിന് നിശ്ശബ്ദമായ ഒരു ഹൃദയമത്രെ വേണ്ടത്. നിശ്ശബ്ദതയുടെ ഈ ഇന്ദ്രിയം പുസ്തകാധിഷ്ഠിതമായ ഒരു ലോകത്തില്‍ നമുക്കെവിടെയോ വച്ച് നഷ്ടമായി. നാം അതിലേക്ക് തിരിച്ചുപോകുന്നതിലൂടെ മാത്രമെ, നമ്മുടെ ഉള്ളിലും പുറത്തുമൊഴുകുന്ന ആ ആദിജലമൂലകത്തെ അറിയുന്നതിലൂടെ മാത്രമെ എല്ലാത്തരം അടിമത്തങ്ങളില്‍ നിന്നും മുക്തമാവാന്‍ നമുക്കാവുകയുള്ളൂ.

ജലമൂലകം ഒരാളുടെ ഉപബോധമത്രെ, ആദിമ ജലതലം. ഇത് മനസ്സിന്‍റെ രഹസ്യപൂര്‍ണ്ണമായ ഉള്‍ക്കാഴ്ചകള്‍, അന്തര്‍ദര്‍ശനങ്ങള്‍, കരുണാമയമായ വിചാരപ്രവാഹങ്ങള്‍ ആയി മാറുന്നു. ഉള്‍ജലം, ഉള്‍ക്കടല്‍ തിരയിളകിവരുന്നതുപോലെ ഭിന്നഭാവങ്ങള്‍ ഉണര്‍ത്തുന്നു. ബന്ധങ്ങളെ ഊട്ടുകയും ഉറപ്പിക്കുകയും ചെയ്യുന്നു. ഉള്‍ജലത്തിന്‍റെ തുലനം സമമായിരിക്കെ ഒരാള്‍ ബന്ധങ്ങളില്‍, കര്‍മ്മങ്ങളില്‍ നേരെയായിരിക്കുന്നു. ഇതിന്‍റെ തിരയടികള്‍, അനിരുദ്ധമായ പ്രക്ഷുബ്ധത വ്യക്തികളെ മതിഭ്രമങ്ങളിലേക്ക് എടുത്തെറിയുന്നു. ദേഹത്തില്‍ ജലത്തിന്‍റെ ധ്യാനപരത സ്നേഹം, സൗഹൃദം, സ്വരൈക്യം ഉണ്ടാക്കുന്നു. മനുഷ്യന്‍റെ ഉള്ളിലെ ജലസ്വത്വം മിത്ത്, സംഗീതം, കവിത ആയി പ്രതിസ്പന്ദിക്കുന്നു. ഈ ജലമൂലകം സ്വപ്നങ്ങള്‍, ദര്‍ശനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതൊരാളുടെ അലിവ്, മറ്റൊരാളുടെ ഉള്ളറിയാനുള്ള ധാരണാശക്തി, ഒരു സാഹചര്യത്തിന്‍റെ അടിയൊഴുക്കിനെ, അര്‍ത്ഥത്തെ തിരിച്ചറിയാനുള്ള അന്തര്‍ദര്‍ശനപരത വളര്‍ത്തുന്നു. അതുകൊണ്ട് 'കൗണ്‍സലിങ്' ചെയ്യുന്നവരില്‍, ചികിത്സ നടത്തുന്നവരില്‍ ഗാഢമായ ജലതലം ഉണ്ടായിരിക്കണം എന്ന് പുരാതന ശുശ്രൂഷാവിധികള്‍ പറയുന്നുണ്ട്.

ഒന്നരപ്പതിറ്റാണ്ട് മുമ്പ് ഒരു രാത്രിയില്‍ ജലമാണ് മരുന്ന്, ജലമാണ് ദൈവം എന്നറയിക്കുന്ന ഒരനുഭവമുണ്ടായി. ചുട്ടുതിളയ്ക്കുന്ന ഏപ്രിലില്‍ ഒരു വൈകുന്നേരം ഏറെ ദൂരം ഒരു പാടുനേരം അലഞ്ഞുതിരിഞ്ഞ്, ഉദ്ദേശിച്ച കാര്യം നടക്കാതെ, ദേഹവും മനസ്സും തപിച്ചും ക്ഷീണിച്ചും വീട്ടിലെത്തിയ ഞാന്‍, അടുപ്പത്തു തിളച്ചുമറിയുന്ന ശര്‍ക്കരയിട്ട മല്ലിക്കാപ്പി തിടുക്കത്തില്‍ ഇറക്കിവയ്ക്കുന്നതിനിടക്ക്, പാത്രം വഴുതി അരക്കുതാഴോട്ട് കലശലായി പൊള്ളുകയും ഒരു മൃഗത്തെപ്പോലെ വേദന സഹിക്കാനാവാതെ പുളഞ്ഞ് വെള്ളത്തിന്‍റെ അടുത്തേക്കോടുകയും അവിടെ കണ്ട വെള്ളം വേഗം പൊള്ളിയ ഭാഗത്തൊഴിച്ചുകൊണ്ടരിക്കുകയും ചെയ്തു. പൊള്ളിയപ്പോള്‍ ദേഹത്ത് പൊള്ളലേറ്റ ഭാഗത്ത്  ജലം വിണ്ടുകീറുകയും ദേഹമാകെയുള്ള ജലമൂലകം സ്തബ്ധമാകുകയും അതുണ്ടാക്കിയ അസഹനീയമായ വേദന ദേഹത്തെ ഒന്നായി ഉലയ്ക്കുകയും ചെയ്തത്, വെള്ളം ദേഹത്ത് സ്പര്‍ശിച്ചതോടെ സഹനീയമാവുകയായിരുന്നു. തുടര്‍ന്ന് നാലഞ്ചാളുകള്‍ ചേര്‍ന്ന് കിണറിലെ വെള്ളം കോരിക്കൊണ്ടു വരികയും ഒരു നിമിഷം മുടങ്ങാതെ  വെള്ളം ധാരചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. ഇടയ്ക്ക് ഒരരനിമിഷം ഇടവേള വരുമ്പോള്‍ അനുഭവിക്കുന്ന വേദന, വിറയല്‍ കാണുന്നവര്‍ക്കൊക്കെയും വിഷമമുണ്ടാക്കുന്നതായിരുന്നു. ഇങ്ങനെ ഒരു മണിക്കൂറോളം പോയി. വേദനയ്ക്ക് ഒരു മാറ്റവുമില്ല. അപ്പോഴാണ് 'സ്പൈനല്‍ ബാത്ത് ടബ്ബി'ന്‍റെ കാര്യം ഓര്‍മ്മ വന്നത്. ഉടനെ അതു കൊണ്ടുവന്നു. അതില്‍ വെള്ളം നിറച്ച്, വെള്ളത്തിന് പുറത്തു വീണുപോയ പരല്‍മീന്‍ വെള്ളത്തിലേക്ക് ചാടുന്നതുപോലെ, ചിന്തിക്കാതെ തന്നെ സിങ്കുകൊണ്ടുണ്ടാക്കിയ ബാത്ത് ടബ്ബിലെ തണുത്ത ജലത്തില്‍ കയറിക്കിടന്നതും ഉടന്‍ തന്നെ വേദന ഗണ്യമായി കുറഞ്ഞതും ശ്വാസഗതി സ്വാഭാവികമായതും പതുക്കെ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ശരീരം സ്വാഭാവികതയിലേക്കു വന്നതിന്‍റെ ഒരു സൂചനയായിരുന്നു. ശരീരത്തിനുള്ളിലെ ജലം അനുഭവിക്കുന്ന തീച്ചൂട് അല്പം തണുക്കാന്‍ തുടങ്ങിയതപ്പോഴാണ്. ഇത്തരം വേദയുടെ മൂര്‍ദ്ധന്യനിമിഷങ്ങളില്‍ മനസ്സ് നിലച്ചുപോകുന്നു, സ്ഥലകാലങ്ങളില്ലാതാകുന്നു, ഭൂതഭാവികള്‍ മാഞ്ഞു പോകുന്നു.
അല്‍പ്പനേരത്തിനിടക്ക് ടബ്ബിലെ വെള്ളത്തിന്‍റെ തണുപ്പുപോകുകയും അത് വെള്ളമല്ലാതാകുകയും വീണ്ടും വേദന തിരയടിക്കുകയും ചെയ്തപ്പോള്‍ ആ വെള്ളം മാറ്റി വേറെ വെള്ളം ഒഴിച്ചു. ഇങ്ങനെ നാലോ അഞ്ചോ തവണ ചെയ്തതോടെ ശരീരത്തിലെ വേദന സഹിക്കാവുന്ന തരത്തിലായി. തുടര്‍ന്ന് ഓരോരുത്തരെയും ഉറങ്ങാന്‍ പറഞ്ഞയച്ചു. ഞാന്‍ ജലത്തില്‍തന്നെ കിടക്കുകയും അതില്‍തന്നെ ഉറങ്ങിപ്പോകുകയും  ചെയ്തു. ഒരു മണിക്കൂറോളം ഉറങ്ങി, പെട്ടെന്ന് ഉണര്‍ന്നപ്പോഴാണ് ഞാന്‍ വെള്ളത്തില്‍ ഉറങ്ങുകയാണെന്നറിഞ്ഞത്. തലഭാഗം ഉയര്‍ത്തിവെച്ച്, അതുപോലെ ഇരു കൈകളും കാലുകളും ജലസ്പര്‍ശമേല്‍ക്കാതെ പുറത്തേക്കിട്ട് ദേഹത്തിന്‍റെ ബാക്കിഭാഗം മുഴുവന്‍ വെള്ളത്തില്‍ ആഴ്ത്തി വച്ചുകൊണ്ടുള്ള ആ കിടത്തം, അറിയാതെ വന്ന ഉറക്കം എന്‍റെ ആന്തരികതയില്‍, അസ്തിത്വത്തില്‍ ഉള്ള ശരീരത്തിന്‍റെ 70% ത്തിലേറെ വരുന്ന ജലമൂലകത്തെ ശാന്തമാക്കി, സ്വസ്ഥവും. തുടര്‍ന്ന് മൂന്നാഴ്ചയോളം പഴവര്‍ഗ്ഗങ്ങള്‍ മാത്രം കഴിച്ചും 'ജല ചികിത്സ' ചെയ്തുമാണ് ചര്‍മ്മത്തിന്‍റെ മൂന്നാം പാളിയെവരെ ബാധിച്ച പൊള്ളലിന്‍റെ വ്രണത്തെ ശമിപ്പിച്ചത്.

എഴുപതുകളില്‍ ഒരു രാത്രി കവി കെ. ജി. ശങ്കരപ്പിള്ള വീട്ടില്‍ വന്നു. 'പ്രസക്തി' മാസിക തുടരാന്‍ കഴിയാത്ത ചില സാഹചര്യങ്ങള്‍ വന്നു കഴിഞ്ഞിരുന്നു, ഉള്ളിലെ ചിന്തകളും അതുണ്ടാക്കുന്ന തീയും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. 'സ്പൈനല്‍ ബാത്ത്ടബ്ബി' ല്‍ തണുത്ത ജലത്തില്‍ അരമണിക്കൂര്‍ കിടന്ന് കുളികഴിഞ്ഞു വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ദേഹവും മനസ്സും തണുത്ത് സ്വസ്ഥമായിരുന്നത് ഓര്‍ക്കുന്നു. വിസ്മയകരമായ ഒരു മാറ്റമാണ് ഇത്തരത്തിലുള്ള ഒരു കുളി തന്നിലുണ്ടാക്കിയതെന്ന് അദ്ദേഹം പറയുകയും ഇത്തരമൊരുപകരണം തനിക്കുവേണമെന്ന് വളരെ താത്പര്യത്തോടെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ടാഗോറിന്‍റെ 'വസുന്ധര' കെ. ജി. എസ്സിന് ഇഷ്ടപ്പെട്ട ഒരു കവിതയാണ.് അത് പലതവണ അദ്ദേഹം ചൊല്ലിത്തന്നിട്ടുണ്ട.് അന്ന് അതൊരിക്കല്‍ക്കൂടി പാടിത്തരണമെന്ന് പറയാന്‍ തോന്നിയെങ്കിലും അപ്പോള്‍ ഒരു തരത്തിലും അദ്ദേഹത്തെ ശല്യം ചെയ്യാതെ സ്വസ്ഥമായി ഉറങ്ങാന്‍ വിടുകയായിരുന്നു.

അടിയന്തരാവസ്ഥാക്കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഉപവാസം നടത്തിയ ഞങ്ങളുടെ നേരെ ജയിലധികൃതരും സര്‍ക്കാരും കാണിച്ച ദയാശൂന്യമായ ജലനിഷേധം മറക്കാനാവാത്ത ഓര്‍മ്മയാണ്. ഉപവാസ നോട്ടീസുകൊടുത്തു കഴിഞ്ഞിട്ടും ഞങ്ങള്‍ക്കു മുന്നില്‍ മൂന്നു നേരവും പതിവു ഭക്ഷണമെത്തി. "ഞങ്ങള്‍ക്കു കുടിക്കാനുള്ള വെള്ളം വേണം" എന്നു പറഞ്ഞപ്പോള്‍ "നിങ്ങളോട് ഭക്ഷണം കഴിക്കാനാണ് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം" എന്ന മറുപടിയാണ് ഉണ്ടായത്. അന്നു കാലത്തു മുതല്‍ പാതിരാവരെ തൊണ്ട നനയ്ക്കാനുള്ള ഒരു തുള്ളി വെള്ളവും തരാതെ ഞങ്ങളുടെ നേരെ ക്രൂരമായി പെരുമാറിയ ജയിലധികൃതര്‍ ഞങ്ങളുടെ ദാഹശനത്തിനുവേണ്ടിയുള്ള അവകാശ സ്വരത്തിനു നേരെ, "വെള്ളം തരില്ല മൂത്രമെടുത്തു കുടിച്ചോളൂ" എന്നുവരെയുള്ള കഠിന വാക്കുകള്‍ പറഞ്ഞത്, ഞങ്ങളുടെ ബ്ലോക്കിലെ മുന്നൂറോളം രാഷ്ട്രീയത്തടവുകാര്‍ വെള്ളം കുടിക്കാന്‍ പറ്റാത്തതിന്‍റെ പേരില്‍ ശാരീരികമായും മാനസികമായും തകര്‍ന്ന നിലയിലായത് ഇന്നലെ കഴിഞ്ഞപോലെ മനസ്സിലുണ്ട്. അന്നു രാത്രി പലര്‍ക്കും ഛര്‍ദ്ദിയും ശ്വാസംമുട്ടും അനുഭവപ്പെട്ടു. പുലരാന്‍ നേരം ഒരു വാര്‍ഡന്‍ വന്ന് മേലുദ്യോഗസ്ഥന്മാരുടെ സമ്മതമില്ലാതെ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും കുടിക്കാനുള്ള വെള്ളം തന്നത്, ആ വെള്ളം കുടിച്ചപ്പോഴുണ്ടായ പുതുജീവന്‍... ഒന്നും മറക്കില്ല.

ജയിലില്‍ വേനലില്‍ കുളിയെന്നത് പേരിനു മാത്രമായി മാറി. ഒരു ചെറിയ കലത്തില്‍ മൂന്നു ലിറ്ററോളം വെള്ളമാണ് ഞങ്ങള്‍ക്കു കുളിക്കാന്‍ വീതിച്ചു കിട്ടിയിരുന്നത്. ജലത്തിന്‍റെ അമൂല്യത സ്വയം മനസ്സിലാക്കാന്‍ മൂന്നുദിവസം ജലം ഉപയോഗിക്കാനാവാത്ത ഒരവസ്ഥയില്‍ സ്വയം ജീവിച്ചു നോക്കാനായി  ഉത്തര അമേരിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരില്‍ ഒരാള്‍ പറഞ്ഞതോര്‍ക്കുന്നു. അത്തരം ഒരനുഭവത്തിലൂടെ കടന്നുപോയ ഒരാളുടെ മുന്നില്‍ ജലമെത്തുമ്പോള്‍, ഒരു തുള്ളിവെള്ളം ചുണ്ടുകളെ നനച്ച് ഉള്ളിലെത്തുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ജലത്തിന്‍റെ വില ഒരാളെ അറിയിക്കുന്നു.

ജലത്തിന്‍റെ മഹിമയറിയിക്കുന്ന ഒരു സെന്‍ ബുദ്ധകഥയുണ്ട്. കടുത്ത ജലക്ഷാമമുള്ളതുകൊണ്ട് ആശ്രമത്തിന്‍റെ തലവനായ വൃദ്ധന്‍ വളരെ കരുതലോടെയാണ് ജലം ഉപയോഗിച്ചിരുന്നത്. പാത്രം കഴുകുമ്പോഴും വായ് വൃത്തിയാക്കുമ്പോഴും പല്ലുതേയ്ക്കുമ്പോഴും അലക്കുമ്പോഴുമെല്ലാം ഒരൊറ്റതുള്ളി ജലം പോലും അധികമായുപയോഗിക്കാതെ വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം ജലം ഉപയോഗിച്ചിരുന്നത്. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ തൊണ്ടയിലൊഴിച്ചു കൊടുക്കാനുള്ള അവസാനത്തെ ഒരു തുള്ളി ജലം പോലും ഇല്ലാതായേക്കാവുന്ന അത്യാസന്നമായ ഒരു ജലദൗര്‍ലഭ്യത്തിന്‍റെ നിമിഷങ്ങളില്‍ ജീവിക്കുന്ന ഒരാളെപ്പോലെയായിരുന്നു അദ്ദേഹം.

ഒരിക്കല്‍ പുതുതായി ധ്യാനകേന്ദ്രത്തിലെ അന്തേവാസിയായി മാറിയ യുവഭിക്ഷു, ഗുരു കുളിച്ചതിനുശേഷം ബക്കറ്റിന്‍റെ അടിയില്‍ ബാക്കിവെച്ചിരുന്ന ഇത്തിരിജലം തറയിലൊഴിച്ച് ബക്കറ്റ് കമഴ്ത്തിയിട്ടു. ആ വെള്ളം മുറ്റത്ത് ഉണങ്ങിക്കൊണ്ടിരിക്കുന്ന ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാനായി ഗുരു വന്നു നോക്കിയപ്പോള്‍ ബക്കറ്റ് കമഴ്ത്തിയിട്ടതാണ് കണ്ടത്. എത്രയോ നാളായി ഉച്ചത്തിലൊന്നു ചുമയ്ക്കുക പോലും പതിവില്ലാത്ത ഗുരു "ആരാണീ വെള്ളം ഒഴിച്ചു കളഞ്ഞത്?" എന്ന് കോപം പുരണ്ട ശബ്ദത്തില്‍ ഉറക്കെ ചോദിച്ചു. തെറ്റു ചെയ്ത ശിഷ്യന്‍ ഉടനെയോടി വന്നു കുറ്റം ഏറ്റു പറഞ്ഞപ്പോള്‍ ഗുരു ചോദിച്ചു: "ഒരു തുള്ളി വെള്ളത്തിന് എന്തു വിലയുണ്ടെന്ന് നിനക്കറിയുമോ?" ഇതു ചോദിക്കുമ്പോള്‍ 'ഒരു തുള്ളി വെള്ളം' എന്ന വാക്ക് ഉപയോഗിച്ചതില്‍ അദ്ദേഹം കൊടുത്ത ഊന്നലും ഭാവവും അസാധാരണമായിരുന്നു. അതു കേട്ടുനിന്ന യുവഭിക്ഷുവിന് ആ നിമിഷംതന്നെ ബോധോദയമുണ്ടായത്രെ! ഈ ഗുരു പിന്നീട് സെന്‍ ചരിത്രത്തില്‍ 'ഒരു തുള്ളിവെള്ളം' എന്ന പേരിലറിയപ്പെട്ടു.

'ഒരാള്‍ രണ്ടുവട്ടം ഒരേ നദി മുറിച്ചു കടക്കുന്നില്ല' എന്ന് ഹിറാക്ലീറ്റസ്. അതുപോലെ ദേഹത്തിലെ ജലമൂലകം ഒരാളില്‍ ഒരിക്കലും ഒരു പോലിരിക്കാത്തതുകൊണ്ട് ജീവിതത്തില്‍ ഒരാളൊരിക്കലും ഒരുപോലെയല്ല! ഒരു ജീവിതകാലത്ത് ഒരിയ്ക്കല്‍ ഒരു നിമിഷം പോലും ഒരു പോലെ ഒരാളില്‍ ആവര്‍ത്തിക്കുന്നില്ല.

You can share this post!

സമര്‍പ്പിത ജീവിതത്തിലെ ആന്തരിക വെല്ലുവിളികള്‍

ഡോ. മാര്‍ട്ടിന്‍ N ആന്‍റണി O. de M
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts