news-details
കവർ സ്റ്റോറി

ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് ആവശ്യമുള്ള രേഖകള്‍

1.ഡിസെബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്

ഭിന്നശേഷിയുള്ള വ്യക്തിയുടെ ഭിന്നശേഷി തെളിയിക്കുന്നതിനും ഭിന്നശേഷിയുടെ ശതമാനം, ഭിന്നശേഷി അവസ്ഥ എന്നിവ തെളിയിക്കുന്നതുമായ സര്‍ട്ടിഫിക്കറ്റ് ആണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്. മെഡിക്കല്‍ ബോര്‍ഡ് കൂടിയിട്ടാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വ്യക്തിയെ തിരിച്ചറിയപ്പെടുന്ന അടയാളം, ഡിസെബിലിറ്റിയുടെ അവസ്ഥ, ശതമാനം എന്നിവയാണ് ഡിസെബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്തി യിട്ടുള്ളത്.

മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കാലാവധി:

ഏത് സമയത്താണോ ഒരു ഭിന്നശേഷിയുള്ള വ്യക്തി മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ ഹാജരാകുന്നത് ആ സമയത്തെ അവസ്ഥയാണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നത്. ചിലര്‍ക്ക് താല്‍ക്കാലികം ആയതും ചിലര്‍ക്ക് സ്ഥിരമായതുമായ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക. താല്‍ക്കാലിമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ നിശ്ചിത കാലയളവിനുശേഷം പുതുക്കേണ്ടതായിട്ടുണ്ട്, നിശ്ചിത കാലയളവ് തീരുമാനിക്കുന്നത് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ ആണ്. ആദ്യമായി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഹാജരാകുന്ന സമയത്ത് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ഭിന്നശേഷിതത്വം കൂടുവാനോ അഥവാ കുറയുവാനോ ഉള്ള സാധ്യത ഉണ്ടെന്ന് കണ്ടെത്തുവാന്‍ കഴിയുന്ന സാഹചര്യത്തില്‍ ആണ് താല്‍ക്കാലികമായ സര്‍ട്ടിഫിക്കറ്റ് നല്കുന്നത്. നിശ്ചിത കാലയളവിന് ശേഷം പുനഃപരിശോധന നടത്തി സ്ഥിരമായ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. താല്‍ക്കാലികമായ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഓരോ വ്യക്തികള്‍ക്കും പുതുക്കുവാന്‍ നിശ്ചയിച്ചിരിക്കുന്ന നിശ്ചിത കാലയളവ് വ്യത്യാസപ്പെട്ടിരിക്കും, ചിലര്‍ക്ക് പതിനെട്ടാം വയസ്സില്‍ പുനപ്പരിശോധന നടത്തണമെങ്കില്‍ ചിലര്‍ക്ക് അഞ്ചുവര്‍ഷത്തിനു ശേഷം അല്ലെങ്കില്‍ പത്തുവര്‍ഷത്തിനുശേഷം ആയിരിക്കും.

ഈ നിശ്ചിത കാലയളവ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കുന്നത് ഭിന്നശേഷിവ്യക്തിയുടെ നിലവിലെ ഭിന്നശേഷി ശതമാനം, നിലവിലെ പ്രായം, കൂടാതെ ഭിന്നശേഷി കൂടുവാനോ കുറയുവാനുള്ള സാധ്യത പരിഗണിച്ചാണ് താല്‍ക്കാലികമായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. താല്‍ക്കാലികമായി ലഭിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മുന്നോട്ടുള്ള കാലയളവില്‍ ഭിന്നശേഷി കൂടുവാന്‍ അല്ലെങ്കില്‍ കുറയുവാനുള്ള സാധ്യതയും നിലവിലെ ശതമാനവും കൃത്യമായി രേഖപ്പെടുത്തി ഉണ്ടായിരിക്കും. കൂടാതെ സര്‍ട്ടിഫിക്കറ്റ് കാലാവധിയും എത്ര കാലയളവിന് ശേഷം ആണ് പുനഃപരിശോധനയ്ക്ക് വരേണ്ടത് എന്നു മുള്ള നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2.യൂണിക്ക് ഡിസെബിലിറ്റി ഐഡന്‍റിറ്റി കാര്‍ഡ് (യുഡിഐഡി )

ഇന്ത്യ മുഴുവന്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഏകീകൃതകാര്‍ഡ്ആണ് യു ഡി ഐ ഡി കാര്‍ഡ്. അടിസ്ഥാന രേഖയായ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച വ്യക്തികള്‍ക്ക് ആണ് കാര്‍ഡിന് അപേക്ഷിക്കുവാന്‍ സാധിക്കുക. ഐഡന്‍റിറ്റി കാര്‍ഡ്, ഫോട്ടോ, മെഡിക്കല്‍ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് യു ഡി ഐ ഡി കാര്‍ഡിന് അപേക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പലതരം തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് പകരം യു ഡി ഐ ഡി കാര്‍ഡ് ഉപയോഗിച്ച് മാത്രം അവരുടെ ഗവണ്‍മെന്‍റ് അംഗീകൃത തിരിച്ചറിയല്‍ രേഖ ആയി ഉപയോഗിക്കുവാന്‍ സാധിക്കും. ഗവണ്‍മെന്‍റ്  ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനു യു ഡി ഐ ഡി കാര്‍ ഡുകള്‍ സഹായകമാകും.

3. ലീഗല്‍ഗാര്‍ഡിയന്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ്

നാഷണല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റാണ് ലീഗല്‍ ഗാര്‍ഡിയന്‍ ഷിപ്പ് സര്‍ട്ടിഫിക്കറ്റ്. എല്ലാത്തരം ഭിന്ന ശേഷിയുള്ളവര്‍ക്കും ആവശ്യമില്ല. മറിച്ച് ഓട്ടിസം, ഇന്‍റലെക്ച്ചല്‍ ഡിസെബി ലിറ്റി, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നീ നാല് വിഭാഗക്കാര്‍ക്ക് മാത്രമാണ് ലീഗല്‍ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യം വരുന്നത്. 18 വയസ്സ് കഴിഞ്ഞ മേല്‍പ്പറഞ്ഞ വൈകല്യങ്ങളുള്ള ഏതൊരു വ്യക്തിക്കും അവരുടെ ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിനോ സ്വത്ത് കച്ചവടങ്ങള്‍ നടത്തുന്നതിനോ സഹായകമാണ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്.

ആര്‍ക്കൊക്കെയാണ് ഭിന്നശേഷിയുള്ള ഒരു  വ്യക്തിയുടെ ലീഗല്‍ഗാര്‍ഡിയന്‍ ആകുവാന്‍ സാധിക്കുക ?

രക്തബന്ധമുള്ള വ്യക്തികള്‍ക്കോ അവരുടെ അഭാവത്തിലോ മറിച്ച് അവര്‍ കൃത്യമായി സംരക്ഷിക്കപ്പെടാത്ത സാഹചര്യത്തിലോ ഭിന്നശേഷിയുള്ള വ്യക്തിയെ പരിചരിക്കാനും സംരക്ഷിക്കുവാനും തയ്യാറാകുന്ന ആര്‍ക്കും ലോക്കല്‍ ബോഡി കമ്മിറ്റിയുടെ അംഗീകാരത്തോടെ ഗാര്‍ഡിയന്‍ ഷിപ്പ് ഏറ്റെടുക്കാന്‍ സാധിക്കുന്നതാണ്. ഭിന്നശേഷിയുള്ള വ്യക്തികളുടെ സംരക്ഷണം ഏറ്റെടുക്കാനാണ് ലോക്കല്‍ ബോഡി ലീഗല്‍ ഗാര്‍ഡിയനെ ചുമതലപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ലോക്കല്‍ ബോഡിയുടെ  പരിസര പരിധിയില്‍ താമസിച്ചു വരുന്നവര്‍ക്ക് മാത്രമേ ലോക്കല്‍ ഗാര്‍ഡിയന്‍ ആകുവാന്‍ സാധിക്കുള്ളൂ. ലോക്കല്‍ ഗാര്‍ഡിയന്‍ ആസ്ഥാനത്ത് തുടരുവാന്‍ സാധിക്കാതെവരുന്ന സാഹചര്യങ്ങളില്‍ ലോക്കല്‍ കമ്മറ്റി കൂടിയിട്ട് മറ്റൊരു അനുയോജ്യമായ വ്യക്തിയെ നിയമിക്കു കയും ചെയ്യാം. മറ്റൊരു വ്യക്തികളും തന്നെ സംരക്ഷണം ഏറ്റെടുക്കാന്‍ സാധ്യതയില്ലാത്ത വ്യക്തികള്‍ക്ക് നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകള്‍ക്കും ലോക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തോടുകൂടി ലോക്കല്‍ ഗാര്‍ഡിയന്‍ഷിപ്പ് ചുമതല ഏറ്റെടുക്കാന്‍ സാധിക്കുന്നതാണ്.

You can share this post!

പരിമിതികളുള്ള വിദ്യാര്‍ത്ഥികളെ കോളേജ് വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ 51 കാരണങ്ങള്‍

ഡോ. പവന്‍ ജോണ്‍ ആന്‍റണി (മൊഴിമാറ്റം - ടോം മാത്യു)
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts