news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

അറിവുകൊണ്ട് ഉയിര്‍ത്തവള്‍ ഉയിര്‍പ്പിച്ചവള്‍!

വീണാധരി എന്നാല്‍ സരസ്വതി. ഭാരത സംസ്കാരത്തിലെ അറിവിന്‍റെയും സംഗീത ത്തിന്‍റെയും ദേവത. നികൃഷ്ടരും അസ്പൃശ്യരുമായിക്കണ്ട് സമൂഹം അതിന്‍റെ പുറമ്പോക്കില്‍ തള്ളിയ അനേകര്‍ക്ക് ആശ്വാസത്തിന്‍റെയും കനിവിന്‍റെയും കരുതലിന്‍റെയും സംഗീതമായിരുന്നു, വീണാധരി. ഒടുവില്‍, തന്നെ ബാധിച്ച ആ മാരകരോഗത്തിനു തന്നെ കീഴടങ്ങി 45ാം വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ അവളുടെ ശബ്ദം, ആ സ്നേഹം തൊട്ടറിഞ്ഞ അനേകരുടെ  നെഞ്ചില്‍ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു; 'മാറാരോഗിയായിപ്പോയെങ്കിലെന്ത് ഞാന്‍ ജീവിക്കുക തന്നെ ചെയ്യും'.

കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഹൊസങ്കടിയിലെ ഉള്‍ഗ്രാമമായ വൊര്‍ക്കാടിയില്‍ കുലീനമായൊരു കുടുംബത്തിലാണ് വീണാധരി ജനിച്ചത്. അച്ഛന്‍ വെങ്കിടേഷ് റാവു, അമ്മ ലളിത. പത്താം ക്ലാസ് പാസായതോടെ സംഗീതം പഠിക്കുകയായി ലക്ഷ്യം.  നേരെ തിരുവനന്തപുരത്തേക്കു പോന്നു. സംഗീത കോളേജില്‍ ചേര്‍ന്ന് ഗാനഭൂഷണം പാസായി. തുടര്‍ന്ന് മംഗലാപുരത്ത് പനമ്പൂരില്‍ സംഗീതാധ്യാപികയായി ജോലി നേടി. ആകാശവാണിയിലും ചില സംഗീതപരിപാടികള്‍ അവതരിപ്പിച്ചു. വിവാഹിതയായി. ഒരു മകന്‍ പിറന്നു.

ജീവിതം അതിന്‍റെ സഹജമായ താളലയങ്ങളില്‍ മുന്നോട്ടൊഴുകുകയായിരുന്നു. ഭര്‍ത്താവ് രോഗബാധിതനായി കിടപ്പിലായതോടെയാണ് താളപ്പിഴകളാരംഭിച്ചത്. രോഗം വൈകാതെ മൂര്‍ച്ഛിച്ചു. മരണാസന്നനായ ഭര്‍ത്താവിന്‍റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ വേദനയ്ക്കിടയിലും അവര്‍ തയ്യാറായി. അതിനുള്ള പരിശോധനകള്‍ക്കിടെയാണ് ഇടിത്തീയായി ആ സത്യം വെളിപ്പെടുന്നത്. വീണാധരിയുടെ ഭര്‍ത്താവ് എച്ച് ഐ വി പോസിറ്റീവാണ്!. തുടര്‍ന്നുള്ള പരിശോധനകളില്‍ വീണാധരിയും എച്ച് ഐ വി ബാധിതയാണെന്ന് വ്യക്തമായി. തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് ആ കുടുംബം കൂപ്പുകുത്തി. മരണം മുന്നില്‍ക്കണ്ട നാളുകള്‍. കേട്ട വാര്‍ത്തകളൊന്നും പ്രത്യാശയുടെ ചെറുകണിക പോലും നല്‍കുന്നതായിരുന്നില്ല. എല്ലാം എയ്ഡ്സ് എന്ന മഹാരോഗത്തിന്‍റെ ഭീകരതയെയും സംഹാരശേഷിയെയും കുറിച്ചുള്ളതായിരുന്നു.

എന്നാല്‍, ഏറെനേരം തളര്‍ന്നു കിടക്കാന്‍ വീണാധരി തയ്യാറായില്ല. തന്‍റേടത്തോടെ അവള്‍ നിവര്‍ന്നുനിന്നു. തന്നെ ബാധിച്ച രോഗത്തെക്കുറിച്ച് വിശദമായി പഠിച്ചു. എച്ച് ഐ വി ബാധയെന്നാല്‍ എയ്ഡ്സ് അല്ലെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. എച്ച് ഐ വി ബാധിച്ചാലും 10 - 15 വര്‍ഷം പിന്നെയും ജീവിച്ചിരിക്കാനാവുമെന്നും വൈറസ് ബാധ പ്രതിരോധ ശേഷിയെ മുഴുവന്‍ നശിപ്പിക്കുമ്പോഴാണ് അത് എയ്ഡ്സ് എന്ന മാരകരോഗമായി മാറുക എന്നുമുള്ള അറിവ് അവളെ ഉയിര്‍പ്പിച്ചു എന്നുതന്നെ പറയാം.  

അക്കാലത്ത് പത്രങ്ങളില്‍ വന്നിരുന്ന വാര്‍ത്തകള്‍ ഒന്നും നല്ലതായിരുന്നില്ല. ലൈംഗിക അരാജകത്വത്തിനു ലഭിക്കുന്ന ശിക്ഷയാണ് ഈ മാരകരോഗമെന്ന് മുഖ്യധാരാ പത്രങ്ങള്‍ പോലും നിരന്തരം എഴുതിയിരുന്നു. 'എയ്ഡ്സ് രോഗി ആത്മഹത്യ ചെയ്തു', 'എയ്ഡ്സ് രോഗി തൂങ്ങി മരിച്ചു', 'വേശ്യാത്തെരുവുകള്‍ എയ്ഡ്സ് പരത്തുന്നു', 'അനധികൃത ലൈംഗികതയിലൂടെ കര്‍ണ്ണാടകത്തില്‍ 714 എയ്ഡ്സ് രോഗികള്‍' എന്നിങ്ങനെയുള്ള തലക്കെട്ടുകളായിരുന്നു പത്രങ്ങളില്‍ മുഴുവന്‍. ഒടുവില്‍. തന്നെ മരണഭീതിയില്‍ നിന്ന് മുക്തയാക്കിയ അറിവിനെ മറ്റുള്ളവരോട് വിളിച്ചു പറയാന്‍ അവള്‍ ആ വഴി തന്നെ തെരഞ്ഞെടുത്തു. മംഗലാപുരത്ത് ഒരു പത്രസമ്മേളനം വിളിക്കാന്‍ അവള്‍ തീരുമാനിച്ചു. പത്രക്കാരുടെ മുന്നില്‍ തന്‍റെ അനുഭവങ്ങള്‍ അവള്‍ വിശദീകരിച്ചു.

ഇനി വീണാധരി തന്നെ പറയട്ടെ.. 'എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് എന്നെ കേട്ടു. ഒടുവില്‍ ഞങ്ങളൊരുമിച്ച് ഒരു തീരുമാനമെടുത്തു. ഇന്നാട്ടിലെ എച്ച് ഐ വി ബാധിതരുടെ ഭയമകറ്റണം. അവരുടെ ഉള്ളില്‍ വിശ്വാസം നിറയ്ക്കണം. എച്ച് ഐ വി എന്നാല്‍ എയ്ഡ്സ് അല്ലെന്നും എയ്ഡ്സ് എന്നാല്‍ മരണമല്ലെന്നുമുള്ള ബോധം സമൂഹത്തിനു പകര്‍ന്നു നല്‍കണം. പേടിച്ച് മരിക്കാറായവരില്‍ ഞങ്ങളുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ ആത്മബലം പകര്‍ന്നു. സന്നദ്ധ സംഘടനകളും ഡോക്ടര്‍മാരും സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമെല്ലാം തങ്ങളുടെ അന്നോളമുണ്ടായിരുന്ന സമീപനത്തില്‍ മാറ്റം വരുത്തി.'

ഈ പറയുമ്പോലെ ഒട്ടും ലളിതമായിരുന്നില്ല കാര്യങ്ങള്‍. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും രക്തദാതാവില്‍ നിന്നും മുലയൂട്ടലിലും കൂടി മാത്രമേ എച്ച് ഐ വി പകരൂ എന്ന സത്യം ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് നന്നേ കഷ്ടപ്പെടേണ്ടി വന്നു. പല സംഘടനകളെയും സംഘടനാ പ്രവര്‍ത്തകരെയും സമീപിച്ച് നാടെമ്പാടും നിരവധി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. അനേക വേദികളില്‍ സ്വന്തമനുഭവവും അറിവും പങ്കുവച്ചു. എച്ച് ഐ വി ബോധവല്‍ക്കരണത്തിനായി ടെലിവിഷന്‍ പരിപാടി നടത്തി. അനേകരുടെ സംശയങ്ങള്‍ക്ക് അതിലൂടെ മറുപടി നല്‍കി. പലര്‍ക്കും അവള്‍ അമ്മയും ചേച്ചിയും അനിയത്തിയുമായി. 'വേദനിക്കുന്നവര്‍ക്ക് സാന്ത്വനമാകാന്‍ വേദന അനുഭവിക്കുന്ന വ്യക്തിക്കാണ് നന്നായി കഴിയുക' എന്ന തത്ത്വം വീണാധരി ജീവിതം കൊണ്ട് സാര്‍ഥകമാക്കുകയായിരുന്നു.

തുടര്‍ന്ന് മാധ്യമങ്ങളിലൂടെ വീണാധരിയുടെ ജീവിതവും സന്ദേശവും നാടെങ്ങും പരന്നു. അവളുടെ സാന്നിധ്യത്തിനായി രാജ്യത്തെമ്പാടും നിന്ന് ആവശ്യങ്ങളുണ്ടായി. മഹാരാഷ്ട്ര ഗവര്‍ണര്‍ എസ് എം കൃഷ്ണ വീണാധരിയെ വിളിപ്പിച്ച് മുംബൈയില്‍ നടപ്പാക്കേണ്ട എയ്ഡ്സ് വിരുദ്ധ കര്‍മ്മ പദ്ധതിയെപ്പറ്റി അഞ്ചു ദിവസം നീണ്ട സെമിനാര്‍ നടത്തി. ഇന്ത്യയിലെ എല്ലാ പ്രമുഖ പത്രക്കാരെയും വിളിച്ച് അവിടെ പത്രസമ്മേളനം നടത്തി. എയ്ഡ്സ് നിര്‍മ്മാര്‍ജ്ജനത്തിന് വര്‍ഷം തോറും കോടിക്കണക്കിനു ഡോളര്‍ വകയിരുത്തുന്നുണ്ടെന്നും അത് ജനങ്ങളിലെത്തിക്കാന്‍ അനുവദിക്കാതെ മറച്ചു പിടിക്കുന്നവരെ തുറന്നു കാട്ടണമെന്നും രാജ്യത്തെ മാധ്യമങ്ങളോട് അവര്‍ ആവശ്യപ്പെട്ടു. അധികാര കേന്ദ്രങ്ങള്‍ പരിഭ്രാന്തമായി. ഇത്തരം ഫണ്ടുകളെക്കുറിച്ചും അവയുടെ വിനിയോഗത്തെക്കുറിച്ചുമെല്ലാം ജനമറിയാന്‍ തുടങ്ങിയത് വീണാധരിയുടെ ഈ പ്രതികരണത്തിനു ശേഷമായിരുന്നു. എച്ച് ഐ വിയുടെ പേരില്‍ മരുന്നു കമ്പനികളും ഏജന്‍സികളുമൊക്കെ നടത്തുന്ന കൊടിയ ചൂഷണങ്ങള്‍ക്കെതിരേയും അവര്‍ മാധ്യമങ്ങളിലൂടെ ആഞ്ഞടിച്ചു. തന്‍റെ നേട്ടങ്ങളുടെ മുഴുവന്‍ ക്രെഡിറ്റും മാധ്യമങ്ങള്‍ക്ക് നല്‍കാനും അവര്‍ മടിച്ചില്ല.

വേദനയുടെയും നിരാശയുടെയും പടുകുഴിയില്‍ നിന്ന് അനേകര്‍ക്ക് സാന്ത്വനസംഗീതമായി ഉയിര്‍ത്തതിന്‍റെ ചരിത്രം അവര്‍ സ്വന്തം ആത്മകഥയായ  എന്‍റെ കഥ : ഒരു എച്ച് ഐ വി ബാധിതയുടെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.

ഒടുവില്‍ 2007 നവംബര്‍ ഒന്നിന് വീണാധരി ഈ ലോകത്തോട് വിടപറഞ്ഞു. എച്ച് ഐ വി യെയും എയ്ഡ്സിനെയും പറ്റി ജനമനസ്സുകളിലുണ്ടായിരുന്ന കാലുഷ്യത്തെയാകെ അവര്‍ സ്വന്തം ജീവിതം കൊണ്ട് തുടച്ചുനീക്കി. രോഗിയാണെന്നത് അവര്‍ മറച്ചുവച്ചില്ല. അറിവു പകര്‍ന്നുകൊണ്ട് അനേകരെ മരണഭീതിയില്‍ നിന്ന് സ്വതന്ത്രരാക്കി. ജീവിക്കുവാന്‍ ആത്മവിശ്വാസമുള്ളവരാക്കി. കൊടിയ വേദനയിലും ചിരിക്കാന്‍ അവള്‍ അവരെ പഠിപ്പിച്ചു.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
അടുത്ത രചന

ദയയുടെ നദി!

വിപിന്‍ വില്‍ഫ്രഡ്
Related Posts