news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

ലാവണ്യം നിന്‍റെ അധരങ്ങളില്‍

കാലമെത്തുന്നതിനും നാലു മാസം മുമ്പ് പിറന്ന തങ്ങളുടെ ആദ്യസന്തതിയെ കാട്ടി ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ആ മാതാപിതാക്കളുടെ കാതില്‍ ഇന്നും മുഴങ്ങുന്നുണ്ട്. 'കുഞ്ഞിന് തീരെ ആരോഗ്യമില്ല. ആയുസ്സിനെക്കുറിച്ച് ഒന്നും പറയാനാവില്ല. ഇനി രക്ഷപ്പെട്ടുകിട്ടിയാല്‍ത്തന്നെ ഇവള്‍ക്ക് നടക്കാനാകുമെന്നോ സംസാരിക്കുമെന്നോ ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ല'. ഡോക്ടര്‍മാരെ തെറ്റുപറയാനാകുമായിരുന്നില്ല. ആറാം മാസത്തില്‍ ജനിക്കുമ്പോള്‍ കുഞ്ഞിന് കേവലം 1.2 കിലോഗ്രാം മാത്രമായിരുന്നു ഭാരം. വല്ലാത്തൊരു മനുഷ്യക്കോലം. ഏത് അമ്മയുടെയും അച്ഛന്‍റെയും ചങ്കു തകര്‍ക്കുന്ന ആ വാക്കുകള്‍ കേട്ടിട്ടും അവര്‍ ദൈവത്തോടു കലഹിച്ചില്ല. എന്തിനീ ദുരിതം നീ ഞങ്ങള്‍ക്ക് കാത്തുവച്ചു എന്ന് കരഞ്ഞതുമില്ല. ആ മകളെ ആവോളം സ്നേഹവും കരുതലും നല്‍കി അവര്‍ വളര്‍ത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം, ലോകത്തിലെ പ്രഭാഷകപ്രതിഭകള്‍ മാത്രം സംസാരിക്കുന്ന റ്റെഡ് (TED) എന്ന വേദിയില്‍ 'നിങ്ങളെങ്ങനെ നിങ്ങളെത്തന്നെ നിര്‍വ്വചിക്കുന്നു' എന്ന വിഷയത്തില്‍ യാതൊരു കുറിപ്പും കയ്യിലില്ലാതെ, നടന്നുകൊണ്ട് സംസാരിക്കുന്ന സ്വന്തം മകളെ നിറഞ്ഞ കണ്ണുകളോടെയല്ലാതെ എങ്ങനെയാണ് ആ അമ്മയ്ക്കും അച്ഛനും കാണാനാവുക!

ടെക്സസിലെ ഓസ്റ്റിനില്‍ റീത്ത  ഗാഡലുപ് വെലെസ്ക്വെസ് ദമ്പതികളുടെ മകളായി 1989 മാര്‍ച്ച് 13 നാണ് ലിസി വെലെസ്ക്വെസ് പിറന്നത്. ലോകത്ത് മൂന്നു പേരില്‍ മാത്രം കണ്ടെത്തിയിട്ടുള്ള ഒരപൂര്‍വ്വ രോഗം ജന്മനാ അവളെ ബാധിച്ചിരുന്നു. കൊഴുപ്പ് അല്‍പ്പം പോലും ശേഖരിച്ചുവയ്ക്കാന്‍ അവളുടെ ശരീരത്തിന് കഴിയില്ല. എന്തു ഭക്ഷണം കഴിച്ചാലും അത് ശാരീരിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യില്ല. രോഗപ്രതിരോധശേഷി ഇല്ലെന്നുതന്നെ പറയാം. തീര്‍ന്നില്ല, നിരവധി പ്രശ്നങ്ങള്‍ വേറെയുമുണ്ടായിരുന്നു. വലത്തേക്കണ്ണിന് ജന്മനാ കാഴ്ച്ചയില്ല. 4 വയസ്സുമുതല്‍ പുക മൂടിത്തുടങ്ങിയ ഇടത്തേക്കണ്ണിനും ഇപ്പോള്‍ കാഴ്ച്ച നന്നേ കുറവാണ്. ചെറുപ്രായത്തില്‍ത്തന്നെ വാര്‍ദ്ധക്യലക്ഷണങ്ങള്‍ പ്രകടമാകുന്ന അപൂര്‍വ്വ രോഗവും ലിസിയെ ബാധിച്ചിരിക്കുന്നു. അഞ്ചടി 2 ഇഞ്ചുയരമുള്ള ലിസിക്ക് ഈ ഇരുപത്തേഴാം വയസ്സില്‍ ഭാരം കേവലം 27 കിലോഗ്രാം മാത്രമാണ്.

നഴ്സറി ക്ലാസ്സില്‍ ചേര്‍ന്ന ദിവസം, കൂടെയുള്ള കുട്ടികള്‍ തന്നെക്കണ്ട് പേടിച്ചുപിന്മാറുന്നത് കണ്ടപ്പോഴാണ് സ്വന്തം രൂപത്തിന്‍റെ അസ്വാഭാവികതയെപ്പറ്റി ലിസി ആദ്യമായി തിരിച്ചറിയുന്നത്. ആ 4 വയസ്സുകാരിക്ക് അതൊരു വലിയ ആഘാതമായിരുന്നു. വീട്ടിലെത്തി ഇതെപ്പറ്റി പറഞ്ഞുകരഞ്ഞ മകളെ അമ്മയും അച്ഛനും ആശ്വസിപ്പിച്ചു. 'മോള് അവരെക്കാളൊക്കെ ചെറുതായതുകൊണ്ടാ അങ്ങനെ.. ഞങ്ങളുടെ മോള് മിടുക്കിയും സുന്ദരിയുമാണല്ലോ..' പിന്നീട് വൈരൂപ്യത്തിന്‍റെയും ബലഹീനതയുടെയും പേരില്‍ തനിക്കു നേരെ ഉയര്‍ന്ന നിലയ്ക്കാത്ത കളിയാക്കലുകളെയും അതിക്രമങ്ങളെയും പതറാതെ അതിജീവിക്കാന്‍ ഇന്ധനമായത് അച്ഛനമ്മമാരും ഇളയസഹോദരങ്ങളും തന്ന അളവില്ലാത്ത ഈ പിന്തുണയും കരുതലുമാണെന്ന് ലിസി ഓര്‍ത്തെടുക്കുന്നു. 'സ്കൂളിലും നിരത്തിലും, ഏത് കളിയാക്കലുകള്‍ക്ക് നടുവിലും തലയുയര്‍ത്തി നടക്കുവാന്‍ അവരെന്നെ പഠിപ്പിച്ചു.'

ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ലിസിയുടെ ജീവിതത്തെ കീഴ്മേല്‍ മറിച്ച ആ സംഭവമുണ്ടാകുന്നത്. സ്കൂള്‍ വിട്ടുവന്ന് കുറച്ചു നല്ല പാട്ടുകള്‍ കേള്‍ക്കാന്‍ കമ്പ്യൂട്ടറിനുമുമ്പില്‍ ഇരുന്നതായിരുന്നു അവള്‍. യൂട്യൂബ് തുറന്ന് പാട്ടുകള്‍ക്കായി പരതുമ്പോഴാണ് ആ ടൈറ്റിലില്‍ കണ്ണൂടക്കിയത്. World's Ugliest Woman ലോകത്തിലേറ്റവും വിരൂപയായ പെണ്‍കുട്ടി. ലിങ്കില്‍ ക്ലിക്ക് ചെയ്ത അവള്‍ തരിച്ചിരുന്നുപോയി. അത് മറ്റാരോ ഷൂട്ട് ചെയ്ത് യുട്യൂബിലിട്ട അവളുടെ തന്നെ വിഡിയോ ആയിരുന്നു. താനറിയാതെ ആരോ ചെയ്ത പണി!. 40 ലക്ഷത്തോളം പേര്‍ അതിനകം തന്നെ ആ വിഡിയോ കണ്ടിരുന്നു. മരവിച്ച മനസ്സോടെ കമന്‍റുകളിലേക്ക് കണ്ണോടിച്ച അവള്‍ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നു പോയി. 'പോ..പോയി തോക്കെടുത്ത് സ്വന്തം തലയ്ക്ക് വെടിവച്ച് ചാക്! എന്തിനാ ഈ കോലത്തില്‍ ജീവിക്കുന്നെ?' 'ഇതിന്‍റെയൊക്കെ മാതാപിതാക്കളെന്താ ജനിച്ചപ്പഴേ ഇതിനെ കൊന്നുകളയാത്തത്! എന്തൊരു കോലമാ ഇത്!', 'ഇവളെന്തിനാ ജീവിക്കുന്നത്! പോയി ചത്തൂടേ..!' എന്നിങ്ങനെയായിരുന്നു അവിടെക്കണ്ട നൂറുകണക്കിന് കമന്‍റുകളില്‍ ചിലത്.

'വൈരൂപ്യത്തെപ്രതി ദിനവും കളിയാക്കലുകള്‍ കേട്ടിരുന്നെങ്കിലും ഇത് എന്നിലെ പതിനേഴുകാരിക്ക് ഒട്ടും താങ്ങാനാകുമായിരുന്നില്ല. ജീവിതം ഇതാ ഇവിടെ അവസാനിച്ചു എന്നുതന്നെ ഞാന്‍ കരുതി. അനേകം രാവുകളില്‍ എന്‍റെ തലയിണ കണ്ണീരില്‍ കുതിര്‍ന്നു. ഇതിനെപ്പറ്റി ആരോടും ഒന്നും പറയാന്‍ പോലും പറ്റാത്ത അവസ്ഥയിലായിപ്പോയി ഞാന്‍. കണ്ണാടിക്കു മുന്നില്‍ നിന്ന് ഞാന്‍ കൊതിച്ചു, ഈ വൈരൂപ്യം ഒന്നു കഴുകിക്കളയാനായെങ്കില്‍..'

'ആത്മാവിന്‍റെ ആ ഇരുണ്ട രാവു'കള്‍ക്കിപ്പുറം അവള്‍ പതിയെ ഉയര്‍ത്തെഴുന്നേറ്റു. അച്ഛനും അമ്മയും കൂടപ്പിറപ്പുകളും അവള്‍ക്ക് താങ്ങായി. യുട്യൂബ് വഴി വന്ന അടിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അവള്‍ തയ്യാറായി. സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി അതിലൂടെ, 'നിങ്ങള്‍ പറഞ്ഞ, ലോകത്തിലെ ഏറ്റവും വിരൂപയായ ആ പെണ്ണ് ഞാനാണ്' എന്ന് അവള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. സ്വന്തം രൂപത്തെയോ തൊലിനിറത്തെയോ ചൊല്ലി ആകുലരാകരുതെന്നും ആത്മവിശ്വാസം കൈവിടരുതെന്നും അവള്‍ ഉദ്ബോധിപ്പിച്ചു. തികച്ചും സ്വാഭാവികവും സരസവുമായ അവളുടെ വര്‍ത്തമാനം അനേകര്‍ കേട്ടു.

പിന്നീട് അവള്‍ ടെക്സസില്‍ കമ്മ്യൂണിക്കേഷന്‍ ബിരുദത്തിനു ചേര്‍ന്നു. പ്രചോദാത്മക പ്രഭാഷണത്തില്‍ തല്‍പ്പരയായി. ലോകമെമ്പാടുമുള്ള വിഖ്യാതരായ പ്രഭാഷകരെപ്പറ്റി വായിക്കുകയും അവരെ കേള്‍ക്കുകയും ചെയ്തു. ധാരാളം പുസ്തകങ്ങള്‍ വായിച്ചു. ക്രമേണ പ്രഭാഷണകലയില്‍ അവള്‍ സ്വന്തം വഴി കണ്ടെത്തി. ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ പ്രചോദനാത്മക പ്രഭാഷകരില്‍ ഒരാളാണ് ലിസി വെലെസ്ക്വെസ് ഇന്ന്. ഓണ്‍ ലൈനിലും അല്ലാതെയും ലക്ഷക്കണക്കിനു പേരാണ് ലിസിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നത്. ഇന്ന് ആറുലക്ഷത്തോളം പേര്‍ ലിസിയുടെ യുട്യൂബ് ചാനലില്‍ സ്ഥിരം വരിക്കാരായുണ്ട്. ആദ്യം സൂചിപ്പിച്ച,  2013 ലെ ആ 'റ്റെഡ് പ്രഭാഷണം' ശ്രവിച്ചത് ഒന്നരക്കോടിയിലേറെപ്പേരായിരുന്നു.

ഇന്ന്, ബലഹീനര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ലിസി സംസാരിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയാണ് ലിസിയുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘം.

2010 ല്‍ ഘശ്വ്വശല ആലമൗശേളൗഹ: Lizzie Beautiful: The Lizzie Velásquez Story എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് കൗമാരക്കാര്‍ക്കായി Be Beautiful Be you, Choosing Happiness എന്നിങ്ങനെ രണ്ടു പുസ്തകങ്ങളുമെഴുതി.

A Brave Heart: The Lizzie Velasquez Story എന്ന ഡോക്യുമെന്‍ററി ലിസിയുടെ കഥ പറയുന്നു.

'ആ എട്ടു സെക്കന്‍റ് ദൈര്‍ഘ്യം മാത്രമുള്ള യുട്യൂബ് വിഡിയോയാണ് എന്‍റെ ജീവിതം മാറ്റിമറിച്ചത്. രണ്ട് സാധ്യതകളാണ് പിന്നെ എന്‍റെ മുന്നില്‍ ഉണ്ടായിരുന്നത്. സ്വയം ശപിച്ചും കരഞ്ഞും ലോകത്തിന്‍റെ ഒരു മൂലയ്ക്കൊതുങ്ങുക എന്നതായിരുന്നു ഒന്ന്. മറ്റേത് അതിവിശാലമായ, ഇന്നു ഞാന്‍ ജീവിക്കുന്ന ഈ ലോകവും. എന്‍റെ തെരഞ്ഞെടുപ്പായിരുന്നു ശരി. മറ്റൊരാളുമായി സ്വയം താരതമ്യം ചെയ്ത്, എനിക്കതുണ്ടായിരുന്നെങ്കില്‍ ഞാന്‍ അങ്ങനെയായിരുന്നെങ്കില്‍ എന്നൊക്കെ വ്യാകുലപ്പെടുന്നതിനെക്കാള്‍ എനിക്കിതൊക്കെയുണ്ട് ഞാനിങ്ങനെയൊക്കെയാണ് എന്ന് സന്തോഷിക്കുന്നതല്ലേ എന്തുകൊണ്ടും നന്ന്?'

വേദിയില്‍ ഉലാത്തിക്കൊണ്ട് ചിരിച്ച മുഖത്തോടെ ലിസി വെലെസ്ക്വെസ് സംസാരിക്കുകയാണ്. കാതോര്‍ക്കാന്‍ ഈ ലോകമാകെയുണ്ട്!

 

(എത്ര ഹൃദ്യവും പ്രചോദനാത്മകവുമാണ് ലിസിയുടെ പ്രഭാഷണമെന്നറിയാന്‍ ഇതൊന്നുമാത്രം കേട്ടാല്‍ മതി. ലിങ്ക് : https://youtu.be/QzPbY9ufnQY))

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
അടുത്ത രചന

ദയയുടെ നദി!

വിപിന്‍ വില്‍ഫ്രഡ്
Related Posts