news-details
കവർ സ്റ്റോറി

ഇനി നമുക്ക് ഒരല്പം സ്ത്രീ'വിരുദ്ധ'രായാലോ?

 ഫെമിനിസ്റ്റ് ആണോ എന്നു ചോദിക്കുമ്പോള്‍, "അയ്യേ, ഞാനോ? അനാവശ്യം പറയരുത്" എന്നോ അല്ലെങ്കില്‍ ആ മട്ടിലോ ആയിരിക്കും പലരുടെയും മറുപടി. ഫെമിനിസം എന്നാല്‍ സ്ത്രീകള്‍ക്കു പുരുഷനെ ഭരിക്കാന്‍ അവകാശം നല്കുന്ന എന്തോ ഒന്ന് എന്നാണ് പലരും മനസ്സിലാക്കിയിരിക്കുന്നത്. മനുഷ്യനു കിട്ടുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും സ്ത്രീക്കും അര്‍ഹതയുണ്ട് എന്നു മാത്രമേ ഫെമിനിസം കൊണ്ട് അര്‍ഥമാക്കുന്നുള്ളു. ഫെമിനിസം എന്നത് മറ്റെന്തോ അധികാരമാണെന്നു ധരിച്ചിരിക്കുന്ന ചിലര്‍ ഫെമിനിസ്റ്റ് എന്ന ലേബലില്‍ രംഗത്തിറങ്ങുമ്പോള്‍ അത് ഫെമിനിസത്തിനു തന്നെ തിരിച്ചടിയാവുന്നുമുണ്ട് എന്നതാണു സത്യം. 

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി തന്‍റെ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ടു നടത്തിയ പ്രണയം തെറ്റായിരുന്നു എന്നും അതു വഴി അവള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നും നിയമം കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു സ്വാതന്ത്ര്യം കൊടുക്കുന്നതിനെ തിരെയുള്ള വാദഗതികളെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയായവള്‍ പ്രണയത്തെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അനുവദിക്കുന്നുവെങ്കില്‍ അതിന്‍റെ പേരില്‍ പിന്നെ നഷ്ടം കണ്ടെത്തലും പരിഹാരം കൊടുക്കലും ഒന്നും ആവശ്യമില്ല.

ഫെമിനിസത്തെക്കുറിച്ചു പൊതുജനത്തിനുള്ള തെറ്റിധാരണ പോലെ, എന്താണു സ്ത്രീസൗഹൃദം, എന്താണു സ്ത്രീ വിരുദ്ധത എന്നീ കാര്യങ്ങളില്‍ ഫെമിനിസ്റ്റുകള്‍ക്കും ചില തെറ്റിധാരണകളില്ലേ എന്ന സംശയവും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. 

ആര്‍ത്തവത്തിനു സ്ത്രീകള്‍ക്ക് ഒരു ദിവസം അവധി കൊടുത്ത് ഒരു സ്വകാര്യ സ്ഥാപനം 'വിപ്ലവകരമായ' പ്രഖ്യാപനം നടത്തിയപ്പോള്‍ അതു സ്ത്രീസൗഹൃദ തീരുമാനമായാണു പലരും അവതരിപ്പിച്ചുകണ്ടത്. തികച്ചും മല്‍സരം നിറഞ്ഞു നില്ക്കുന്ന ഈ കാലത്തു സ്ത്രീസംവരണം നിര്‍ബന്ധമല്ലാത്ത തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കു മാസത്തില്‍ ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കുമ്പോള്‍ അതു തൊഴില്‍മേഖലയില്‍ നിന്നു സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ വഴി വയ്ക്കുമെന്നല്ലാതെ മറ്റെന്തു മെച്ചമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല, ആര്‍ത്തവ ദിവസം സ്ത്രീ ജോലിക്കു പ്രാപ്തയല്ല എന്നു പ്രഖ്യാപിക്കുമ്പോള്‍ അത് ഏതു തരത്തിലുള്ള സ്ത്രീശാക്തീകരണമാണു സൃഷ്ടിക്കുന്നത്? തങ്ങളുടെ ശരീരത്തെക്കുറിച്ചു പെണ്‍കുട്ടികളില്‍ ഒരു അപകര്‍ഷതാ ബോധം ഉണ്ടാക്കാനല്ലാതെ അതു മറ്റൊന്നിനും ഉപകരിക്കില്ല. അപ്പോള്‍, സ്ത്രീസൗഹൃദം എന്നു പറയുന്ന തീരുമാനങ്ങളെല്ലാം വെറും സ്ത്രീസൗഹൃദം മാത്രമല്ല. അതില്‍ ഒരു സ്ത്രീവിരുദ്ധത ഒളിഞ്ഞിരിപ്പുണ്ടോ എന്നു കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്.   

 ബസില്‍ രണ്ടു പേര്‍ക്കിരിക്കാവുന്ന ജനറല്‍ സീറ്റില്‍ ഒറ്റയ്ക്കിരിക്കുന്ന പുരുഷനോട്, 'മാറി ഇരിക്കാമോ?' എന്നു ചോദിച്ചെത്തുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. ആവശ്യപ്പെടേണ്ട താമസം അവര്‍ക്കുവേണ്ടി ഭവ്യതയോടെ സീറ്റ് ഒഴിഞ്ഞുകൊടുക്കുന്ന പുരുഷന്മാരെയും കാണാം. സ്ത്രീക്കു വേണ്ടി ജനറല്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നതല്ല സ്ത്രീ സൗഹൃദം. തന്നോടൊപ്പമിരിക്കുന്ന സ്ത്രീയോട് മനുഷ്യനോടെന്നപോലെ മര്യാദയോടെ പെരുമാറാനുള്ള ആര്‍ജവമുണ്ടായിരിക്കലാണ് സ്ത്രീസൗഹൃദം. 

 പുരുഷനെ മാറ്റി ഇരുത്തുന്നതല്ല ഫെമിനിസം എന്നാണ് സ്ത്രീകളോടും പറയാനുള്ളത്. പുരുഷന് അടുത്തിരിക്കുമ്പോള്‍ അവര്‍ മോശമായി പെരുമാറിയാല്‍ അതിനെ നേരിടലാണ് ഫെമിനിസം. സ്ത്രീകള്‍ക്കു വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കുമ്പോള്‍ പുരുഷന്‍ പറയാതെ പറയുന്ന കാര്യം, നിങ്ങള്‍ക്കടുത്ത് സംയമനത്തോടെ ഇരിക്കാന്‍ എനിക്കു ശേഷിയില്ല എന്നു കൂടിയാണ്. മാന്യമായി സ്ത്രീക്കൊപ്പം ഇരിക്കാന്‍ കഴിയുന്ന പുരുഷന്‍ അവള്‍ക്കു വേണ്ടി മാറി ഇരിക്കരുത്. അവള്‍ അപ്പുറത്തിരുന്നോട്ടെ എന്നു തീരുമാനിക്കുകയാണു വേണ്ടത്. 

 ഇനി സ്ത്രീസൗഹൃദം എന്നു കരുതുന്ന നിയമങ്ങളിലുമില്ലേ സ്ത്രീവിരുദ്ധത? സ്ത്രീവിരുദ്ധ നിയമങ്ങളല്ലേ പലപ്പോഴും സ്ത്രീകള്‍ ആയുധമാക്കിക്കൊണ്ടു നടക്കുന്നത്? സ്ത്രീവിരുദ്ധത ആയുധമാക്കുമ്പോള്‍ അതു വരും തലമുറ പെണ്‍കുട്ടികളില്‍ തങ്ങളുടെ ശരീരത്തെക്കുറിച്ചു വീണ്ടും അപകര്‍ഷതാബോധം വളര്‍ത്തുകയല്ലേ ചെയ്യുന്നത്? 

 വിവാഹവാഗ്ദാനം നല്കി പീഡനം എന്ന തരത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായി പലപ്പോഴും പത്രങ്ങളില്‍ വാര്‍ത്ത കാണുന്നുണ്ട്. പീഡനം ഒരു ക്രിമിനല്‍ കുറ്റമാണ്. അത്, വിവാഹ വാഗ്ദാനം നല്‍കിയിട്ടായാലും അല്ലെങ്കിലും. അപ്പോള്‍പ്പിന്നെ, വിവാഹവാഗ്ദാനം നല്കി എന്നൊരു മുഖവുരയോടെ പീഡനത്തെ അവതരിപ്പിക്കുന്നതെന്തിന്? അത് സാധാരണയായി നാം പറയുന്ന അര്‍ഥത്തിലുള്ള പീഡനമല്ല എന്നു വ്യക്തം. സംഗതി ലൈംഗികബന്ധമാണ്; ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം. 

ഒരു വാഗ്ദാനം നല്കിക്കൊണ്ടു വാങ്ങുന്ന സമ്മതം, വാഗ്ദാനം പിന്‍വലിക്കപ്പെടുന്നതോടെ റദ്ദാക്കപ്പെടുന്നു എന്നതാണു നിയമം ഇതിനായി പറയുന്ന ന്യായം. അതു സമ്മതിക്കാം. പക്ഷേ, അപ്പോഴും ചില ചോദ്യങ്ങള്‍ വീണ്ടും ഉയരുന്നുണ്ട്. 

 സ്ത്രീ, ലൈംഗികബന്ധത്തിനു ശേഷം വാഗ്ദാനത്തില്‍ നിന്നു പിന്മാറിയാല്‍ പീഡനമായി കേസ് രജിസ്റ്റര്‍ ചെയ്യാത്തതെന്താണ്? വാഗ്ദാനം നല്കി വാങ്ങിക്കുന്ന സമ്മതം വാഗ്ദാനം പിന്‍വലിക്കപ്പെടുന്നതോടെ ഇല്ലാതാവുന്നു എന്ന ന്യായം ഇവിടെ നടപ്പിലാവാത്തതെന്താണ്? പുരുഷന്‍ പിന്മാറുമ്പോള്‍ മാത്രമാണ് പീഡനമായി കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. 

 അതിന് സ്ത്രീപക്ഷവാദികള്‍ക്കു മറ്റൊരു ന്യായമുണ്ട്. ലൈംഗികബന്ധം കഴിഞ്ഞ സ്ത്രീയുടെ സാമൂഹിക പദവിയില്‍ ഇടിച്ചില്‍ സംഭവിക്കുന്നുണ്ട്, വിവാഹം വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ സ്ത്രീ തന്‍റെ ജീവിതം അയാളെ ആശ്രയിച്ചു മുന്നോട്ടുപോകാമെന്ന പ്രതീക്ഷയില്‍ ക്രമപ്പെടുത്തുന്നുണ്ട്... ഇക്കാരണങ്ങളാല്‍ പുരുഷന്‍ വിവാഹവാഗ്ദാനത്തില്‍ നിന്നു പിന്മാറുന്നതും സ്ത്രീ വിവാഹവാഗ്ദാനത്തില്‍ നിന്നു പിന്മാറുന്നതും രണ്ടാണ് എന്നു പറയുന്നു ഫെമിനിസ്റ്റ് സുഹൃത്തുക്കള്‍. 

 ഈ വാദഗതികളെ പൂര്‍ണമായും സമ്മതിക്കുന്നു. പക്ഷേ, രസകരമായ സംഗതി, സാമൂഹിക പദവിയില്‍ ഇടിച്ചില്‍ സംഭവിച്ചു എന്നു പറഞ്ഞാലോ താന്‍ തന്‍റെ ജീവിതം തന്‍റെ കാമുകനെ ആശ്രയിച്ചു മുന്നോട്ടുപോകാമെന്നു പ്രതീക്ഷിച്ചിരുന്നു എന്നു പറഞ്ഞാലോ പീഡനക്കേസ് നിലനില്ക്കില്ല എന്നതാണ്. 

 ഞങ്ങള്‍ രണ്ടുപേരും ചായ കുടിച്ചു നടന്നു, പലയിടത്തും യാത്ര പോയി അതിനാല്‍ സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ താന്‍ മോശക്കാരിയായി, ഇനി എനിക്കു വേറെ വിവാഹം നടക്കില്ല എന്ന് ഒരു പെണ്‍കുട്ടി പറഞ്ഞാല്‍ കേസ് സാധുവാകുന്നില്ല. താന്‍ ഇയാളെ ആശ്രയിക്കാമെന്നു കരുതി, അതുകൊണ്ട് എനിക്ക് ഇയാളെ കെട്ടിച്ചു തരണം എന്നു പറഞ്ഞു പരാതി കൊടുത്താലോ? ആ കേസും സാധുവാകില്ല. പക്ഷേ, ലൈംഗികബന്ധം നടന്നു എന്നു പറഞ്ഞാല്‍ നിയമത്തിന്‍റെ സ്വഭാവം മാറുന്നു; കേസ് ആവുന്നു; കോടതിയില്‍ വാദപ്രതിവാദമാവുന്നു. 

 അപ്പോള്‍, സാമൂഹിക പദവിയോ, ആശ്രയിക്കാമെന്ന പ്രതീക്ഷയോ ഒന്നുമല്ല ഫെമിനിസ്റ്റുകളേ, പീഡനക്കേസിന്‍റെ അടിസ്ഥാനം; സ്ത്രീയുടെ ശുദ്ധി മാത്രമാകുന്നു കേസിന് ആശ്രയം. 

 തന്‍റെ ശുദ്ധി  നഷ്ടപ്പെട്ടെന്ന് ഒരു പുരുഷന്‍ പരാതി കൊടുത്താല്‍ കേസ് നിലനില്ക്കില്ല. അതായത്, ഈ ശുദ്ധി (ഫ്രഷ്നെസ്) സ്ത്രീക്കു മാത്രമാണെന്നു കോടതി തന്നെ അംഗീകരിച്ചുകൊടുക്കുകയാണ്. ഇതാണു സ്ത്രീവിരുദ്ധത എന്നു പറയുന്നത്. 

 ഇനി, സമ്മതം റദ്ദാകുന്നതിനെപ്പറ്റി ചിലത്. വിവാഹവാഗ്ദാനത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ ഒരു ടൂര്‍ പോയി എന്നിരിക്കട്ടെ. ഒരാള്‍ വാഗ്ദാനം പിന്‍വലിക്കുന്നതോടെ അത് തട്ടിക്കൊണ്ടുപോകലായി കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ല. വിവാഹവാഗ്ദാനത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍  ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചാല്‍ വാഗ്ദാനം പിന്‍വലിക്കുന്നതോടെ സമ്മതം റദ്ദായെന്നും അതു നിര്‍ബന്ധിച്ചു തീറ്റിച്ചതാണെന്നും പറഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ല. അപ്പോള്‍, സമ്മതം റദ്ദാകുന്നു എന്നത്, നിയമത്തിന്‍റെ കാഴ്ചപ്പാടില്‍ സ്ത്രീയുടെ ശാരീരികബന്ധവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന ഒരു സംഗതിയാണ് എന്നു വ്യക്തം. 

 ശാരീരികബന്ധത്തിലൂടെ പുരുഷനു നഷ്ടപ്പെടാത്ത എന്തോ ഒന്ന് സ്ത്രീക്ക് നഷ്ടപ്പെട്ടതായി നിയമം തന്നെ അംഗീകരിക്കുകയാണിവിടെ. നിയമം തന്നെ അങ്ങനെ പറയുമ്പോള്‍ വളര്‍ന്നുവരുന്ന ഒരു പെണ്‍കുട്ടിയോട് നമ്മള്‍ എങ്ങനെയാണു സ്ത്രീയുടെ ശരീരത്തിന്‍റെ ശുദ്ധിയെക്കുറിച്ചുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ തെറ്റിധാരണയാണെന്നു പറയുക? സ്ത്രീശരീരത്തില്‍ എന്തോ വിശുദ്ധി ഉണ്ടെന്നും അതു നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതാണെന്നും ഒരു ചിന്തയാണു നിയമം പറയാതെ പറഞ്ഞുവയ്ക്കുന്നത്. 

 സ്ത്രീകളുടെ കന്യാകാത്വം സംബന്ധിച്ചു സാമൂഹിക കാഴ്ചപ്പാടുകള്‍ നിലനില്ക്കുന്നുണ്ട് എന്നതു ശരി തന്നെ. പക്ഷേ, നിയമം ആ സാമൂഹിക കാഴ്ചപ്പാടിനൊപ്പം നില്ക്കണമോ എന്നതാണു ചോദ്യം. വിവാഹിതരല്ലാത്ത, പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധം സാമൂഹിക നിയമങ്ങള്‍ അനുസരിച്ചു തെറ്റാണ്. പക്ഷേ, അതില്‍ തെറ്റില്ല എന്നാണു കോടതി പറയുന്നത്. അങ്ങനെയാണു പറയേണ്ടതും. ബലാല്‍സംഗത്തിനിരയായ സ്ത്രീയെക്കുറിച്ചും സാമൂഹിക കാഴ്ചപ്പാടില്‍ വലിയ മാറ്റമൊന്നുമായിട്ടില്ല. അവള്‍ക്ക് എന്തോ ശുദ്ധി നഷ്ടപ്പെട്ടു എന്നാണ് സമൂഹം കരുതുന്നത്. അവളെ അവന്‍ നശിപ്പിച്ചു എന്നൊക്കെയുള്ള പഴയ സിനിമാ ഡയലോഗുകള്‍ക്കൊപ്പം തന്നെയാണ് ഇപ്പോഴും പൊതുബോധം. 'നാശനഷ്ടങ്ങള്‍' എന്ന ആ ബോധം തന്നെയാണ് വാഗ്ദാനം നല്കി പീഡനം പോലുള്ള കേസുകളും ആത്യന്തികമായി ഉണ്ടാക്കുന്നത്. 

 സ്ത്രീകള്‍ക്കു മാത്രം ശുദ്ധി വേണമെന്നു കോടതി പോലും അംഗീകരിക്കുന്നതു സ്ത്രീവിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരിടപെടല്‍ ആണ് ഫെമിനിസ്റ്റുകളുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്. ഇത്തരത്തിലുള്ള പരാതികള്‍ക്കെതിരെയാവണം സ്ത്രീപക്ഷ വാദികള്‍ നിലകൊള്ളാന്‍. 

 പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി തന്‍റെ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ടു നടത്തിയ പ്രണയം തെറ്റായിരുന്നു എന്നും അതു വഴി അവള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നും നിയമം കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു സ്വാതന്ത്ര്യം കൊടുക്കുന്നതിനെതിരെയുള്ള വാദഗതികളെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രായപൂര്‍ത്തിയായവള്‍ പ്രണയത്തെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അനുവദിക്കുന്നുവെങ്കില്‍ അതിന്‍റെ പേരില്‍ പിന്നെ നഷ്ടം കണ്ടെത്തലും പരിഹാരം കൊടുക്കലും ഒന്നും ആവശ്യമില്ല. അല്ലെങ്കില്‍, പ്രായപൂര്‍ത്തിയായാലും പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ അവകാശമില്ല എന്നു സമ്മതിക്കേണ്ടി വരും. സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ട ശുദ്ധിയും ഒന്നിച്ചുപോകില്ല. 

 മറ്റൊരു പ്രശ്നം, ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുന്ന ഒരു സ്ത്രീയെയും ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്ത്രീയെയും പീഡനത്തിനിരയായവര്‍ എന്ന ഒറ്റ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുന്നതിലെ അയുക്തി ആണ്. ക്രൂരമായി പീഡനത്തിനിരയായവരോടു ചെയ്യുന്ന ഒരു നിന്ദ കൂടി ആയിരിക്കും അത് എന്നു പറയാതെ വയ്യ. 
പുരുഷാധിപത്യം എതിര്‍ക്കപ്പെടേണ്ടതു തന്നെ. പക്ഷേ, അതിനു സ്ത്രീവിരുദ്ധ നിയമങ്ങളെ സ്ത്രീകള്‍ തന്നെ ആയുധമാക്കിക്കൂട. 

You can share this post!

തീവ്രമാണ് സഭയില്‍ സമാധാനത്തിനായുള്ള അഭിലാഷം

മാത്യു പൈകട കപ്പൂച്ചിന്‍
അടുത്ത രചന

ഒരു അതിജീവനത്തിന്‍റെ യാത്ര (The journey of a suicide survivor)

ഷെറിന്‍ നൂര്‍ദീന്‍
Related Posts