news-details
അഭിമുഖം

നന്മയുടെ പെരുക്കങ്ങള്‍

'മാഷേ, ഭക്ഷണം കഴിച്ചോ? എന്താണ് കഴിച്ചത്? സമയത്ത് ഭക്ഷണം കഴിക്കണം, മാഷ് നേരത്തേ കിടന്നുറങ്ങണം, ആരോഗ്യം നന്നായി നോക്കണം കേട്ടോ.'

ആഗോളവല്‍ക്കരണത്തിന്‍റെ അലയൊലികള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചും സംസ്കൃതഭാഷയില്‍ അതുണ്ടാക്കിയ ആന്തരിക സംഘര്‍ഷങ്ങളെക്കുറിച്ചും കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ അവളുടെ അന്വേഷണങ്ങള്‍.

ഉടനെ ആ ചോദ്യത്തിലെ രാഷ്ട്രീയമായി ചര്‍ച്ച. സ്ത്രീ മനസ്സിന് മാത്രം സാധിക്കുന്ന കാരുണ്യമാണ് ഇത്തരം അന്വേഷണങ്ങള്‍ എന്ന താത്വിക അവലോകനങ്ങള്‍ തുടങ്ങി ഇനി സമൂഹത്തിനു വേണ്ടത് ആണത്തം അല്ലെന്നും സ്ത്രീത്വം ആണെന്നും, ബുദ്ധന്‍ ഒരു ബുദ്ധന്‍ ആയത്, സ്ത്രീസഹജമായ കംപാഷനും സ്നേഹവും കാരുണ്യവും, തന്നില്‍ നിറഞ്ഞ് വഴിഞ്ഞൊഴുകിയപ്പോള്‍ ആണെന്നും എല്ലാം താത്വികമായി അവലോകനം നടത്തുമ്പോള്‍ ഒരിക്കലും അറിഞ്ഞില്ല, ഭക്ഷണം കഴിക്കാതെ, ഒഴിഞ്ഞ വയര്‍ നിത്യശീലമായ ഒരാളാണ് എന്നോട് സ്നേഹത്തോടെ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കുന്നത് എന്ന്.

ഒടുവില്‍ യാദൃച്ഛികമായി അത് തിരിച്ചറിഞ്ഞപ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛവും അവജ്ഞയും തോന്നി. കൊട്ടിഘോഷിക്കപ്പെടുന്ന, ഞാന്‍ നടത്തുന്ന യാത്രകള്‍ എല്ലാം എത്രയോ പ്രിവിലേജുകളുടേതാണ്.

സൈക്കിളില്‍ എടുത്താല്‍ പൊങ്ങാത്ത ഭാരവും, മാലിന്യങ്ങള്‍ ചുമക്കുന്നവരും തെരുവിലെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി, തെരുവുകളെ സുന്ദരമാക്കുന്നവരുമല്ലേ ആഘോഷിക്കപ്പെടേണ്ടത്?!

അവര്‍ക്കല്ലേ അംഗീകാരവും പ്രശസ്തിയും പരിഗണനയും സാമ്പത്തികവും എല്ലാം എത്തേണ്ടത്? അവരല്ലേ യഥാര്‍ത്ഥ സാമൂഹ്യ സേവനം നടത്തുന്നവര്‍.
*വൃത്തികേടാക്കുന്നവരെ കാണാന്‍ നല്ല വൃത്തിയാണ് വൃത്തിയാക്കുന്നവരെ കാണാന്‍ ഒരു വൃത്തിയും ഉണ്ടാവില്ല.*

യഥാര്‍ത്ഥ സാമൂഹ്യസേവകരായ ഈ വിഭാഗങ്ങള്‍ പട്ടിണിയിലും അവഗണനയിലും കഴിയുന്നതിന്, ഞാനടക്കമുള്ള സമൂഹം അല്ലേ കാരണം? ഭക്ഷണം കഴിച്ചോ? എന്ന ആ കരുതലിന് പിന്നില്‍ പട്ടിണിയാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍, വിശന്ന വയറിനോടാണല്ലോ വേദാന്തം ഓതിയത്, എന്ന കുറ്റബോധം വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. യാത്ര തുടങ്ങിയെങ്കിലും നിയന്ത്രണാതീതമായ ചില സാങ്കേതിക കാരണങ്ങളാല്‍ രണ്ടുമൂന്ന് ദിവസം കൊച്ചിയില്‍ കുറ്റിയടിക്കപ്പെടേണ്ടി വന്നു.

ലോണെടുത്താണ് യാത്ര നടത്തുന്നതെങ്കിലും, ആരോടും സാമ്പത്തികസഹായം ചോദിക്കാതിരുന്നിട്ട് കൂടി മൂന്നാല് സുമനസ്സുകള്‍ രഹസ്യമായി കുറച്ചു പൈസ തന്നിരുന്നു. ആ സഹായത്തിന് എന്നേക്കാള്‍ എന്തുകൊണ്ടും അര്‍ഹതയുള്ള, സൈക്കിളിനെ ഉപജീവനം ആക്കിയ ആ കുട്ടിക്ക് എന്തായാലും ഒരു നല്ല സൈക്കിള്‍ വാങ്ങിച്ചു കൊടുക്കാം എന്ന് തീരുമാനിച്ചുറപ്പിച്ച്, സൈക്കിള്‍ ഷോപ്പിലേക്ക് വരാന്‍ അവളോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞ, 'മാഷേ ഒരാള്‍ നല്‍കിയ പഴയ സൈക്കിള്‍ എനിക്കുണ്ട്, അത് നല്ല സൈക്കിളാണ് എനിക്കതുമതി. അതിന്‍റെ സീറ്റിന് ചെറിയ complaint ഉണ്ട്, സാധിക്കുമെങ്കില്‍ അതൊന്നു മാറ്റിത്തന്നാല്‍ മതി' എന്ന വിനയം കലര്‍ന്ന മറുപടി വല്ലാതെ ഇരുത്തിച്ചിന്തിപ്പിച്ചു.

സൈക്കിള്‍ പരിശോധിച്ചപ്പോള്‍ രണ്ട് ടയറിനപ്പുറം എല്ലാം പണിമുടക്കില്‍. ഇളകിയാടുന്ന സീറ്റും ഇളകിയ പെഡലും എല്ലാമായി കംപ്ലീറ്റ് പണി മാത്രമുള്ള സൈക്കിള്‍. ആ സൈക്കിളില്‍ പൊരിവെയിലില്‍ അന്നത്തിനായി പണിയെടുക്കുന്ന കുട്ടി. എടുത്താല്‍ പൊങ്ങാത്ത ഭാരം, വളരെ മോശം ബാഗ്, തോളില്‍ ചുമന്ന്, സൈക്കിളും ചവിട്ടി വിട്ടുമാറാത്ത നടുവേദനയുമായി നീങ്ങുന്ന ആ കുട്ടിയെ ഒന്ന് സഹായിക്കുക എന്നത് ഔദാര്യമല്ല കടമയാണ്. അതിനാല്‍ സൈക്കിള്‍ ട്രിപ്പ് ലളിതമാക്കുന്ന കുറച്ചധികം ആക്സസറികളും, നല്ല ബാഗും സൈക്കിള്‍ ബാഗും ലൈറ്റും ബെല്ലും ഹെല്‍മറ്റും മഡ്ഗാര്‍ഡും പിന്നെ നല്ല ഭക്ഷണവും വാങ്ങിച്ചു കൊടുത്തു. വാങ്ങിക്കൊടുത്ത ഭക്ഷണം പലതും ആ കുട്ടി പാഴ്സല്‍ ആക്കി വാങ്ങി പുറത്തു വിശന്നിരിക്കുന്ന ആള്‍ക്ക് നല്‍കുന്നത് കണ്ടപ്പോള്‍, പൊട്ടിക്കരയാതിരിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നു.
*നന്മയുടെ പെരുക്കങ്ങള്‍.*

ഇന്നേവരെ കണ്ടിട്ടുപോലുമില്ലാത്ത ആരൊക്കെയോ എന്നെ സഹായിക്കുന്നു. ഞാനത് എടുത്ത് യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ട അടുത്ത ആള്‍ക്ക് കൈമാറുന്നു. അയാളിലൂടെ അടുത്ത ആളിലേക്ക്.

*നന്മയുടെ സമഗുണിത പ്രോഗ്രഷനുകള്‍.*

ദൈവമേ, ഭൂമി ഇത്ര സുന്ദരമായിരുന്നുവോ? ആ ഭക്ഷണം കഴിക്കുന്ന ചേച്ചിയുടെ ചിരി നല്‍കുന്ന സംതൃപ്തി ഒരു ലംബോര്‍ഗിനിക്കും നല്‍കാനാവില്ല.

നമുക്ക് വേണ്ടാത്തതല്ല, വിട്ടുകൊടുക്കേണ്ടത്, നമുക്ക് പ്രിയപ്പെട്ടത്, മറ്റുള്ളവര്‍ക്കായി നല്‍കുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്!

പണം കൂടിയാല്‍ വലുതാകേണ്ടത് മതിലുകളല്ല, ഡൈനിംഗ് ടേബിളാകട്ടെ, അത് നീണ്ട് നീണ്ട് എല്ലാവരിലേക്കുമെത്തട്ടെ. ലോകം തുറന്നതാകട്ടെ.

തന്‍റെ പിറന്നാളിന് ഗിഫ്റ്റ് ചോദിച്ചതിന് കോടാലിപ്പിടികൊണ്ട് നടുവിന് അടി ഏറ്റുവാങ്ങി, എന്നേക്കുമുള്ള ജന്മദിന സമ്മാനമായി വിട്ടുമാറാത്ത നടുവേദന ലഭിച്ച കുട്ടി??. അന്വേഷണത്തില്‍ മഹാരാജാസില്‍ മാത്രം ഇതിനേക്കാള്‍ ദയനീയമായ അവസ്ഥയില്‍ ധാരാളം പേരുണ്ട്. മാതാപിതാക്കളും വീടും ഒന്നുമില്ലാത്തതിനാല്‍ ഓരോ ദിവസവും ഓരോ കൂട്ടുകാരുടെ വീട്ടില്‍ മാറി മാറിത്താമസിക്കുന്നവര്‍ മുതല്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി നടത്തുന്ന, ഹോട്ടലിലെ കസേരകളില്‍ ഇരുന്നുറങ്ങി നേരം വെളുപ്പിച്ച് അവിടന്ന് കുളിച്ച് ഉറക്കം മാറാത്ത കണ്ണുകളുമായി കോളേജില്‍ പഠനം തുടരുന്നവര്‍, അങ്ങനെ അങ്ങനെ എത്രയെത്ര കുട്ടികള്‍...??. എല്ലാവരെയും സഹായിക്കാന്‍ നമുക്ക് പറ്റില്ല.  പക്ഷേ ഒരാളുടെയെങ്കിലും ജീവിതത്തില്‍ ഒരല്പം വെളിച്ചം ആകാന്‍ നമുക്ക് സാധിക്കില്ലേ?

വിരാമതിലകം: ലോണെടുത്ത പണം യാത്രയ്ക്ക് ഉപയോഗിക്കാതെ വകമാറ്റി ചെലവഴിച്ചത്, യാത്രയുടെ പൊലിമ ഒട്ടും കുറയ്ക്കുകയില്ല.

എല്ലാത്തിനുമിടയിലെ ആശ്വാസമായി താനുപയോഗിക്കുന്ന, പ്രിയപ്പെട്ട ഗിറ്റാര്‍ നന്നാക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ പൊട്ടിപ്പോയി എന്നറിഞ്ഞ് വിഷമിച്ചിരിക്കുന്ന ആ കുട്ടി മറ്റൊരു ഗിത്താറിലേക്ക് വെറുതെ നോക്കുന്നത് കണ്ടപ്പോള്‍ അത് വാങ്ങി നല്‍കുമ്പോഴത്തെ, ആ കുട്ടിയുടെ കണ്ണിലെ നക്ഷത്രത്തിളക്കവും ലോകം കീഴടക്കിയ മുഖഭാവവും മാത്രം മതി 'മ്മടെ' യാത്ര എന്നും തിളങ്ങാന്‍. ഇതല്ലേ 'മ്മടെ' യാത്രയുടെ യഥാര്‍ത്ഥ 'ഫ്ളാഗ് ഓഫ്'. മറ്റതൊക്കെ വെറും 'ഷോ ഓഫ്'.

You can share this post!

മടിശ്ശീല കരുതാത്ത സഞ്ചാരത്തിന്‍റെ ഭൂപടങ്ങള്‍!

ടി.ജെ.
അടുത്ത രചന

മതവും തീവ്രവാദവും

ഫാദര്‍ ഡോ. വിന്‍സന്‍റ് കുണ്ടുകുളം
Related Posts