news-details
കാലികം.

സ്വപ്നഭരിതമീ ജീവിതം

ജീവിതം ഒരു സ്വപ്നമാണ്, ജീവിച്ചിരിക്കുന്നവര്‍ ജീവിതം എന്നു വിളിക്കുന്നതുകൊണ്ടു മാത്രം സ്വപ്നമാണ് എന്നു തിരിച്ചറിയപ്പെടാതെ പോകുന്ന ഒന്ന്.
(ഷെല്ലി)

 സ്വപ്നം എന്നത് കേവലം ഒരു ചെറുവാക്കല്ല. നിത്യജീവിതത്തെക്കാള്‍ മഹത്തരമായ ഏതോ ഒരു അനുഭവത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ സൂക്ഷ്മമായ പ്രാര്‍ഥനയാണ് സ്വപ്നം. ഏറ്റവും ഉദാത്തമായത്. ഭാംഗിയുള്ളത്. ജീവിതത്തെ ജീവനുള്ളതാക്കുന്നത് അതിനുള്ള സ്വപ്നഛായയല്ലാതെ മറ്റൊന്നുമല്ല.  ജീവിതം സ്വപ്നമെന്ന് പറയുമ്പോള്‍ കൂടുതല്‍ മനോഹരമായ, പ്രതീക്ഷാനിര്‍ഭരമായ എന്തോ ഒന്ന് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ തുറസ്സില്‍ ബാക്കിയുണ്ട് എന്നു കൂടി അര്‍ഥമുണ്ട്. സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക് വരുന്ന ഒരു കാലത്തെപ്പറ്റി പറയാന്‍ ക്രിസ്തുവിനു കഴിയുന്നത് ഭൂമിയിലെ മനുഷ്യ ജീവിതത്തിന്‍റെ മുറിവുകള്‍ക്ക് ഉള്ളിലും സ്വപ്നത്തിന്‍റെ വിത്തുകള്‍ അടക്കം ചെയ്തിട്ടുണ്ട് എന്ന ഉജ്വലമായ തിരിച്ചറിവ്  ക്രിസ്തുവിനെ നയിക്കുന്നത് കൊണ്ടാണ്. ബുദ്ധന്‍ കരുണയുടെ കറുകനാമ്പുകള്‍ പോലും കരിഞ്ഞുണങ്ങിയ കാലത്തിന്‍റെ കരയില്‍ നിന്നു കൊണ്ട് കരുണയെ പറ്റിയും അഹിംസയെ പറ്റിയും ചരിത്രത്തെ ഓര്‍മ്മിപ്പിച്ചത് മനുഷ്യരാശിയെ സംബന്ധിച്ച കത്തിജ്വലിക്കുന്ന ഒരു സ്വപ്നം ബുദ്ധനില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതിനാലാണ്.  ക്രിസ്തുവിനെ പരമേശ്വ പവിത്ര പുത്രനെന്നും നബിയെ കരുണാവാന്‍ നബി മുത്തു രത്നം എന്നും അഭിസംബോധന ചെയ്ത നാരായണ ഗുരു മതവും ജാതിയും ദൈവവും മനുഷ്യരെ വിഭജിക്കുകയും മുറിപ്പെടുത്തുകയും മനുഷ്യാന്തസ്സില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്ന ചരിത്രത്തിന്‍റെ അനുഭവ പരിസരത്തില്‍ ജീവിച്ച ആളാണ്. എന്നിട്ടും ഒരു ജാതിയെക്കുറിച്ചും ഒരു മതത്തെക്കുറിച്ചും ഒരു ദൈവത്തെക്കുറിച്ചും അങ്ങനെ നിര്‍മ്മിക്കപ്പെടുന്ന ഒരു മനുഷ്യനെക്കുറിച്ചും ഗുരു കിനാവ് കണ്ടു. കേരളം നാം ഇന്ന് ജീവിക്കുന്ന കേരളമായി മാറുന്നത് ഉന്നിദ്രമായ ഒരു സ്വപ്നത്തെ ജീവിതം കൊണ്ട് പിന്തുടരാന്‍ നാരായണ ഗുരുവിനെയും അയ്യങ്കാളിയെയും സഹോദരന്‍ അയ്യപ്പനെയും പൊയ്കയില്‍ അപ്പച്ചനെയും പോലെയുള്ള മനുഷ്യര്‍ക്ക് കഴിഞ്ഞു എന്നതിനാല്‍ കൂടിയാണ്.  ഗാന്ധിയുടെ ധര്‍മ്മനിഷ്ഠമായ രാമരാജ്യം പോലും അത്തരം ഒരു സ്വപ്നത്തിന്‍റെ പേരായിരുന്നു. ചരിത്രവും മനുഷ്യനും ഇങ്ങനെ ആയത്, നാമിന്ന് കാണുംവിധം ജീവിതം  മനുഷ്യോന്മുഖം ആയത് ഇത്തരം ചില സ്വപ്നങ്ങള്‍ക്ക് മനുഷ്യര്‍ കൂട്ടുപോയപ്പോഴാണ്.  മനുഷ്യ ചരിത്രം വിശാല മാനവികതയുടെ കൊടിയുയര്‍ത്തി ചില കിനാവുകള്‍ക്ക് - വിമോചനത്തിന്‍റെയും വികാസത്തിന്‍റെയും രേണുക്കളുള്ള ചില സ്വപ്നങ്ങള്‍ക്ക് വേണ്ടി മനുഷ്യര്‍ നടത്തിയ പോരാട്ടമാണ് എന്നു വരുന്നു. സ്വര്‍ഗം ഭൂമിയിലേക്ക് ചില മനുഷ്യരുടെ സ്വപ്നസാക്ഷാത്ക്കാരത്തിലൂടെ ഇറങ്ങി വന്നത് കൊണ്ടാണ് നമ്മള്‍ നമ്മളായത് എന്നു തിരിച്ചറിയപ്പെടുന്നു

സ്വപ്നങ്ങളില്ലാ കാലം

ഭരണാധികാരിയുടെ സ്വപ്നങ്ങളിലാണ് ഒരു ജനതയുടെ ഭാവി. ജനാധിപത്യത്തിന്‍റെ ഭാവി തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ തങ്ങളുടെ ജനങ്ങളെ കുറിച്ചു കാണുന്ന സ്വപ്നങ്ങളാണ്. ഭരണാധികാരികള്‍- അധികാരം ഉള്ള മനുഷ്യര്‍ -അധികാരം നല്‍കിയ ജനങ്ങള്‍ക്ക് എതിരെ യുദ്ധം പ്രഖ്യാപിക്കുന്ന കാലത്ത് സ്വപ്നം ഒരു നിഷിദ്ധ പദമാകുന്നു. ജനങ്ങളുടെ സ്വപ്നങ്ങള്‍ - മെച്ചപ്പെട്ട ജീവിതത്തെ കുറിച്ചോ, മാന്യമായ വേതനത്തെ കുറിച്ചോ, സുരക്ഷിതമായ അതിജീവനത്തെ കുറിച്ചോ കാണുന്ന  സ്വപ്നങ്ങള്‍ പോലും നിരോധിക്കപ്പെടുന്നു. ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളിലും, അമേരിക്കയും ബ്രിട്ടനും അടക്കം പല രാജ്യങ്ങളിലും സംഭവിക്കുന്നു എന്നതാണ് ദുരന്തം.

തെലുങ്കാനയില്‍ പ്രിയങ്ക റെഡി എന്ന ഡോക്ടര്‍ ക്രൂരബാലാത്സംഗത്തിനു വിധേയയായി കൊല്ലപ്പെടുമ്പോള്‍, ഉന്നാവായില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പിന്നെയും വേട്ടയാടപ്പെടുമ്പോള്‍, അസിഫ എന്ന പിഞ്ചുകുഞ്ഞു കശ്മീരിലെ താഴ്വാരങ്ങളിലെ പാട്ടുകളില്‍ ചോരയിറ്റിച്ചു മാഞ്ഞു പോകുമ്പോള്‍, വാളയാറില്‍ രണ്ടു പിഞ്ചോമനകള്‍ പിറക്കും മുമ്പേ കൊല്ലപ്പെടുമ്പോള്‍ ഒരു ജനത എന്ന നിലയില്‍ നാം കണ്ട സ്വപ്നങ്ങളുടെ വേര് പൊട്ടുകയാണ്. നമ്മള്‍ സ്വപ്നങ്ങളില്ലാത്ത ഒരു ജനതയായി ഉടഞ്ഞു പോവുകയാണ്.

സ്വപ്നങ്ങളെ വീണ്ടെടുക്കാം

വീടിനുള്ളില്‍, സൗഹൃദങ്ങളില്‍, പ്രണയത്തില്‍, രാഷ്ട്രീയത്തില്‍ ഒക്കെ സ്വപ്നങ്ങള്‍ ഉള്ളവരായി ജീവിക്കുക എന്നത് സുപ്രധാനമാണ്. 'കരുണ ഒരു വിപ്ലവ പ്രവര്‍ത്തനമാണ് 'എന്നു സെയിന്‍റ് അഗസ്റ്റിനും 'ഒരു തുണ്ട് സ്നേഹത്തിന് വേണ്ടിയാണ് ഭൂമിയിലെ വലിയ പങ്കു മനുഷ്യരും കാത്തിരിക്കുന്നതും വേദനിക്കുന്നതും' എന്ന് മദര്‍ തെരേസയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് എല്ലാ കാലത്തെയും സ്വപ്നങ്ങളുടെ അടിസ്ഥാനം കരുണയും സ്നേഹവുമാണ് എന്നു തിരിച്ചറിയുന്നത് കൊണ്ടാണ്. സ്നേഹവും കരുണയും ഇല്ലാത്ത മനുഷ്യരുടെ കാലത്തെ അഭിസംബോധന ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗം സ്നേഹവും കരുണയും ഉപേക്ഷയില്ലാതെ മനുഷ്യരില്‍ നിക്ഷേപിക്കാന്‍ തയ്യാറാവുക എന്നതു മാത്രമാണ്.

സ്വപ്നങ്ങളുടെ പ്രളയകാലം

പ്രളയകാലം പ്രത്യാശയുടെ സ്വപ്നങ്ങള്‍ കേരളത്തിന്‍റെ സ്നേഹവരള്‍ച്ചയിലേക്ക് വിതച്ചത്  പുതിയൊരു സാധ്യതയായി നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം. കഴിഞ്ഞ പ്രളയകാലം നമുക്ക് ജൈസലിനെ തന്നു. ഇന്നോളം അറിയാത്ത മനുഷ്യര്‍ക്ക് പ്രളയ വഴി താണ്ടാന്‍ മനുഷ്യന്‍ പാലമാകുന്ന പാഠം ചരിത്രത്തിലെ ഉജ്വലമായ ഒരേടാണ്. ഈ കഴിഞ്ഞ പ്രളയം നൗഷാദിലൂടെ, ചെരുപ്പ് കുത്തിയായ കോഴിക്കോട്ടെ  ലിസിയിലൂടെ വീണ്ടും ചില സ്വപ്നങ്ങള്‍ക്ക് വിത്തു വിതയ്ക്കുന്നു. നമ്മുടെ ചെറുപ്പം നീതിക്ക് ഒപ്പം ഉണ്ടെന്ന വലിയ സ്വപ്നം കൂടി ഇന്ത്യയിലെ ക്യാമ്പസുകള്‍ പങ്കു വയ്ക്കുന്ന ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ നീതിയെ, കരുണയെ, മനുഷ്യ സ്നേഹത്തെ കിനാവ് കാണുക എന്നതാണ് നമുക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ കാര്യം. കാണുന്ന സ്വപ്നങ്ങള്‍ക്ക് പിന്നാലെ നമുക്ക് നമ്മളെ തന്നെ കയറൂരി വിടാനും കഴിയണം. ജീവിതം സ്വപ്നമാണ്. ആ സ്വപ്നത്തെ ജീവിതമാക്കി മാറ്റും വരെ നമുക്ക് ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും കാവലിരിക്കാം. നീതിയും സ്നേഹവും സാഹോദര്യവും ഘോഷിക്കപ്പെടുന്ന ഒരു തലമുറയ്ക്ക് മാത്രമേ ചരിത്രം നിര്‍മ്മിക്കാനാവൂ. ചരിത്രമല്ലാതെ വര്‍ത്തമാനവും ഭാവിയും അസാധ്യമാണ് എന്നതിനാല്‍ നമുക്ക് ഒന്നിച്ചിരുന്നു സ്വപ്നം കാണാന്‍ തുടങ്ങാം..

You can share this post!

തിന്മകളെ ആഘോഷിക്കുന്ന കാലം

ഡോ. സി. ജെ. ജോണ്‍
അടുത്ത രചന

ശ്രദ്ധ

ഡോ. റോബിന്‍ മാത്യു
Related Posts