news-details
എഡിറ്റോറിയൽ

“The main objective of teaching is not give explanations but to knock at doors of the mind.”     (Tagore)

അധ്യാപനത്തെ ആദരവോടെ കണ്ടിരുന്ന കാലത്തില്‍നിന്ന് വ്യത്യസ്തമായി മനുഷ്യത്വത്തിലും ആദര്‍ശത്തിലും അധ്യാപകര്‍ക്ക് അപഭ്രംശം സംഭവിച്ചതായി ഇന്ന്  ജനം വിധിയെഴുതുന്നു. അറിവുനല്‍കേണ്ടവര്‍, മാതൃക കാണിക്കേണ്ടവര്‍ എതിര്‍സാക്ഷികളാകുന്നുവെന്ന് സമൂഹം വിലയിരുത്തുന്നു. ഏതാനും ചിലരുടെ നിസ്സംഗതയും ആത്മാര്‍ത്ഥതയില്ലായ്മയും അധ്യാപകസമൂഹത്തെ ഒന്നാകെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. മാസം കൃത്യമായി ശമ്പളം കിട്ടുന്ന തൊഴിലും, സാമൂഹിക അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള മാര്‍ഗ്ഗവുമായി കുറച്ചുപേര്‍ അധ്യാപനത്തെ കരുതുമ്പോള്‍, ആത്മാര്‍ത്ഥത എന്നത് കേവലം വാക്കുകളില്‍ ചുരുങ്ങുന്നു. അധ്യാപകരും മാനേജ്മെന്‍റും സ്കൂളുകളുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ളതാണ് എന്ന ബോധ്യം മങ്ങിപ്പോകുമ്പോള്‍, ദേവാലയങ്ങളായി ഉയരേണ്ട വിദ്യാലയങ്ങള്‍ കച്ചവടസ്ഥലങ്ങളായ് തരംതാഴ്ത്തപ്പെടുന്നു. മൂല്യബോധവും ആദര്‍ശങ്ങളും ക്രിയാത്മകതയുമുള്ള അധ്യാപകര്‍പോലും ഇത്തരം സാഹചര്യത്തില്‍ നിസ്സംഗരായി നിലകൊള്ളുന്നു.

അധ്യാപകരൊക്കെ ധാര്‍മ്മികതയില്ലാത്തവര്‍ എന്നു വരുത്തിതീര്‍ക്കാനല്ല, ഉള്‍ക്കാഴ്ചയും പ്രതിബദ്ധതയും ഇല്ലാത്തവര്‍ നന്മയുള്ള അധ്യാപക സമൂഹത്തെയും കളങ്കപ്പെടുത്തുന്നു എന്ന് ഓര്‍മ്മിപ്പിക്കാനാണിത്.  അറിവു പകരേണ്ടവര്‍ ബലഹീനരായി പോകുന്ന നിസ്സഹായാവസ്ഥ മറ്റേതു മേഖലയിലുമെന്നപോലെ അധ്യാപകര്‍ക്കിടയിലും ഇത്തിള്‍ക്കണ്ണിപോലെ പടര്‍ന്നുപിടിച്ചുവെന്ന യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുന്നതിനാണിത്.

പരീക്ഷക്കിടയില്‍ ക്രമക്കേട് നടത്തിയതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനി പിടിക്കപ്പെടുന്നു. ഏറ്റവും ഇഷ്ടമുള്ള അവളുടെ ക്ലാസധ്യാപകനെ നേരിട്ടുകണ്ടപ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിയുന്നതായി അവള്‍ക്ക് തോന്നി. ഒരു വാക്ക് കൊണ്ടുപോലും അവളെ വേദനിപ്പിക്കാത്ത അധ്യാപകന്‍ തന്‍റെ മൗനംകൊണ്ട് അവളുടെ ഹൃദയത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചു. വീട്ടിലേക്കു തിരികെ നടക്കുന്നതിനുമുമ്പ് അധ്യാപകന്‍റെ കൈയില്‍ ഒരു പേപ്പറില്‍ എഴുതിക്കൊടുത്തു: 'അധാര്‍മ്മികമായതൊന്നിനോടും ഞാന്‍ ചേര്‍ന്നുനില്‍ക്കില്ല, എന്‍റെ മരണംവരെ'.

കണ്ണീരുകൊണ്ടും പുഞ്ചിരികൊണ്ടും മാതൃകകൊണ്ടും വിദ്യാര്‍ത്ഥികളെ നല്ലവരാക്കാമെന്ന് ഓര്‍മ്മിപ്പിക്കുന്നു ഇത്തരത്തിലുള്ള അധ്യാപകര്‍. ദൈവവിളിപോലെ പ്രാധാന്യമുള്ളതായി അധ്യാപകവൃത്തിയെ ശുശ്രൂഷാമനോഭാവത്തോടെ സ്വീകരിക്കുന്നവരുണ്ട്. ഭക്ഷണം കഴിക്കാത്ത ഒരു കുട്ടിപോലും ഉണ്ടാവരുതെന്ന് ശാഠ്യം പിടിക്കുന്ന അധ്യാപകരുണ്ട്. അവനവന്‍റെ കുഞ്ഞിനെപ്പോലെ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ തീക്ഷ്ണമായി യത്നിക്കുന്നവരുണ്ട്. അറിവു പകരുന്നതോടൊപ്പം രക്ഷിതാവും കൂടിയാണ് എന്ന ബോധ്യം കിട്ടിയവരുമുണ്ട്. അറിവിലൂടെയും അനുഭവങ്ങളിലൂടെയും ശിഷ്യനെ രൂപപ്പെടുത്താന്‍ സ്വയം വ്യയം ചെയ്യുന്നവരുണ്ട്. പഠിപ്പിച്ചുതീര്‍ക്കാനുള്ള വ്യഗ്രതകള്‍ക്കിടയിലും, കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഭാരമായി മാറുമ്പോഴും, മാത്സര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള മനുഷ്യത്വത്തെ വികലമാക്കുമ്പോഴും, പ്രബോധനംകൊണ്ടും ജീവിതംകൊണ്ടും ശിഷ്യരുടെ മനുഷ്യത്വത്തെ തളിര്‍പ്പിച്ചെടുക്കുന്നവരുമുണ്ട്.

അധ്യാപനശൈലിക്ക് തന്നെ മാറ്റം വന്നുതുടങ്ങിയിരിക്കുന്നു. മുന്നില്‍നിന്ന് പഠിപ്പിച്ച് തനിക്കറിയാവുന്നതെല്ലാം ശരിയെന്ന് സമര്‍ത്ഥിച്ചെടുക്കുന്നതിനു ബദലായി, പിറകില്‍നിന്നു പഠിപ്പിച്ച് മുന്നിലേക്ക് നയിക്കുന്ന ശൈലിയും രൂപപ്പെട്ടു വരുന്നു. ചോദ്യങ്ങള്‍ ചോദിക്കാനും ചോദ്യം ചെയ്യാനും സ്വതന്ത്രമായി ചിന്തിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ശൈലി. ബഹുമാനിക്കേണ്ടത് പ്രായത്തെയല്ല മനുഷ്യത്വത്തെയും അറിവിനെയും ധാര്‍മ്മികതെയുമാണെന്ന് പഠിപ്പിക്കുന്ന അധ്യാപനശൈലി കുട്ടികളെയും മുതിര്‍ന്നവരെയും വ്യക്തികളായി കാണാനും കുട്ടികളെ ബഹുമാനിക്കാനുമുള്ള അവബോധം സൃഷ്ടിക്കാനും ഉതകുന്നു.

ഹെലന്‍ കെല്ലറിന്‍റെ അധ്യാപികയായിരുന്ന അന്‍ സുള്ളിവനും, ടോട്ടോചാനിലെ കൊബയാഷി മാസ്റ്ററും താരെ സെമിന്‍പര്‍ എന്ന സിനിമയിലെ രമേശനും ഇരുളിനെ അകറ്റി സ്വന്തമായ ആകാശം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികളെയും ഒരു ജനതയെയും പഠിപ്പിച്ചവരാണ്.

അറിഞ്ഞതിന്‍ പാതി പറയാതെപ്പോയി
പറഞ്ഞതിന്‍ പാതി പതിരായും പോയി
പകുതി ഹൃത്തിനാല്‍ വെറുക്കുമ്പോള്‍
നിങ്ങള്‍ പകുതി ഹൃത്തിനാല്‍ പൊറുത്തുകൊള്‍ക
ഇതെന്‍റെ രക്തമാണിതെന്‍റെ
മാംസമാണെടുത്തുകൊള്‍ക
(ചുള്ളിക്കാട്, 18 കവിതകള്‍)

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതയില്‍ ഓര്‍മ്മിപ്പിക്കുന്നതുപോലെ, അധ്യാപകര്‍ ഈ പുതുവര്‍ഷത്തില്‍ ഒരു പ്രതിജ്ഞ എടുക്കട്ടെ. ഇതെന്‍റെ ശരീരം, ഇതെന്‍റെ രക്തം. അറിവിന്‍റെ, അനുഭവത്തിന്‍റെ, മാതൃകയുടെ, ധാര്‍മ്മികതയുടെ, അവബോധത്തിന്‍റെ ശരീരവും രക്തവും. വിദ്യാര്‍ത്ഥികളെ വരുവിന്‍... ഭക്ഷിക്കുവിന്‍... കുടിക്കുവിന്‍.

ഈ ലക്കത്തില്‍ വിദ്യാര്‍ത്ഥിനികളായ ആന്‍മേരിയും അഞ്ജലിയും, അധ്യാപികയായ ഗീതയും തങ്ങളുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് അധ്യാപകസമൂഹത്തിന്‍റെ  നന്മ വേര്‍തിരിച്ചുകാണാനും പുഴുക്കുത്തുകളെ തുറന്നുകാട്ടാനുമുള്ള ശ്രമം നടത്തിയിട്ടുണ്ട്. രാജ്യം നേരിടുന്ന പ്രശ്നങ്ങളെ The Night  എന്ന പുസ്തകത്തോടു ചേര്‍ത്ത് ഉയര്‍ത്തികാട്ടുവാന്‍ രാഹുലും, സ്വപ്നം കണ്ട് പുതുവര്‍ഷത്തെ വരവേല്ക്കാന്‍ നൗഫലും ഉദ്ബോധിപ്പിക്കുന്നു.

*** *** ***

രാജ്യം ആശങ്കകളിലൂടെയും അരക്ഷിതാവസ്ഥകളിലൂടെയും കടന്നുപോകുന്ന കാലഘട്ടമാണിത്. മതവും ജാതിയും രാഷ്ട്രീയവും മനുഷ്യത്വത്തിലേക്കും സാഹോദര്യത്തിലേക്കും നയിക്കുന്നില്ലെങ്കില്‍ അതില്‍ത്തന്നെ സാരമായ പ്രശ്നങ്ങളുണ്ടെന്ന് കരുതിക്കൊള്ളുക. നാം എല്ലാവരും മനുഷ്യരാണെന്നും ഇന്ത്യ പുലര്‍ത്തിപ്പോരുന്ന ഏകത്വം മനുഷ്യത്വത്തിലും ബന്ധങ്ങളിലും അടിയുറച്ചതാണെന്നുമുള്ള ബോധ്യത്തെ ഊട്ടിയുറപ്പിക്കാതെ, മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും വേര്‍തിരിവുകൊണ്ട് ഇതിനെ തകര്‍ക്കുന്നുവെങ്കില്‍ ഇപ്രകാരമുള്ള മതവിശ്വാസവും രാഷ്ട്രീയവും അധഃപതിച്ചാതാണന്നോര്‍മ്മിക്കുക.

പുതുവര്‍ഷം ഭാരതത്തിന്‍റെ അഖണ്ഡത ഉയര്‍ത്തിപ്പിടിക്കാനും സമാധാനത്തില്‍ ജീവിക്കാനും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ആശംസിക്കുന്നു.


എല്ലാവര്‍ക്കും അസ്സീസി കുടുംബത്തിന്‍റെ പുതുവര്‍ഷാശംസകള്‍

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts