news-details
ധ്യാനം

 ഒരുവര്‍ഷം കൂടി നമ്മോടു യാത്രപറയുന്നു. കഴിഞ്ഞവര്‍ഷം വന്നുപോയ തെറ്റുകള്‍ തിരുത്തി നവമായ ചൈതന്യത്തോടെ നവവത്സരത്തിലേക്കു നമുക്കു പ്രവേശിക്കാം. പാപങ്ങളെക്കുറിച്ച് അനുതപിച്ച് നവജീവിതത്തിലേക്കു പ്രവേശിക്കുവാനുള്ള വിളിയാണ് പുതുവത്സരം നമുക്കു നല്‍കുന്നത്. തിന്മയുടെ വഴികളില്‍ നിന്നും പിന്തിരിഞ്ഞു നന്മയിലേക്കു മുന്നേറുവാനുള്ള ഒരു ക്ഷണം ദൈവം നമുക്കു നല്‍കുന്നു. അനുതാപം പ്രകടിപ്പിക്കുവാനുള്ള മനസ്സു നമുക്കുണ്ടാവണം. നമ്മുടെ അനുതാപം എപ്രകാരമുള്ളതാണെന്ന് ഒരു ആത്മശോധന നമുക്കു നടത്താം. പലവിധം അനുതാപങ്ങളെ വിശുദ്ധ ബൈബിള്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ ഏതില്‍പ്പെടും നമ്മുടെ അനുതാപമെന്ന് ഒന്നു പരിശോധിക്കാം.
അനുതപിക്കുന്ന ഫറവോനെ ബൈബിളില്‍ നാം കാണുന്നുണ്ട്. കൊടുങ്കാറ്റു വരുമ്പോള്‍ അനുതപിക്കുകയും അതു ശാന്തമാകുമ്പോള്‍ പഴയ തെറ്റിലേക്ക് തിരിച്ചുപോവുകയും ചെയ്തവനാണ് ഫറവോന്‍. തല്‍ക്കാല ശിക്ഷക്കുവേണ്ടിയുള്ള അനുതാപമാണിത്. ഇതു ശരിയായ അനുതാപമല്ലാത്തതിനാല്‍ ഇതിനെ വിളിക്കുന്ന പേരാണ് 'ഹൃദയം കഠിനമാക്കുന്ന അവസ്ഥ'. പലപ്പോഴും ഇത്തരത്തിലുള്ള അനുതാപമാണ് നാം പ്രതീക്ഷിക്കുന്നത്. സംഖ്യയുടെ പുസ്തകത്തില്‍ 22-ാമധ്യായത്തില്‍ ബാലാമിന്‍റെ അനുതാപത്തെപ്പറ്റി നാം ധ്യാനിക്കുന്നുണ്ട്. ബാലാമിന്‍റെ മുമ്പില്‍ ഒരു കഴുത വന്നു നില്‍ക്കുന്നു. തിന്മയുടെ വഴിയില്‍ മുന്നേറിയ ബാലാമിനെ കഴുത തടയുന്നു. ബുദ്ധിയില്ലാത്ത ജീവിയായ കഴുത ബുദ്ധിയുണ്ടെന്നു കരുതിയ ബാലാമിനെ നിറുത്തുന്നു. ദൈവദൂതന്‍ ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്നത് ബാലാം കണ്ടു. തന്‍റെ പ്രവൃത്തികളെക്കുറിച്ചു അനുതപിച്ചു അവന്‍ നിന്നു. തടസ്സം മാറിയപ്പോള്‍ ബാലാം മുന്നോട്ടുപോയി. ഒരിക്കല്‍ പാപവഴികളെ ഉപേക്ഷിക്കുന്നവരുണ്ട്. അല്പം കഴിയുമ്പോള്‍ ആ വഴിയെ തന്നെ മുമ്പോട്ടുപോയി പഴയ വഴികളെ പുണരുന്ന മനോഭാവമാണിത്. നമ്മില്‍ പലരുടെയും അനുതാപം ഇത്തരത്തിലുള്ളതല്ലേ?
1 സാമുവേല്‍ 15-ാമധ്യായത്തില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയാതെ വന്ന സാവൂള്‍ രാജാവ് സാമുവേലിന്‍റെ മുമ്പില്‍ സ്വന്തം പാപങ്ങള്‍ ഏറ്റുപറയുന്നുണ്ട്. പശ്ചാത്തപിക്കുന്നതുപോലെ തോന്നിയാലും വീണ്ടും ദാവീദിനെ കൊല്ലുവാനുള്ള തന്ത്രങ്ങളുമായി അയാള്‍ മുന്നോട്ടുപോയി. അഭിനയം കാണിക്കുന്ന പശ്ചാത്താപമാണിത്. വഞ്ചനയുടെ ഒരു ധ്വനി ഇവിടെ നാം കാണുന്നു. യഥാര്‍ത്ഥമായ അനുതാപമല്ലിത്. യൂദാസിന്‍റെ അനുതാപം നാം ധ്യാനിക്കുന്നുണ്ട്. സ്വന്തം പാപത്തെക്കുറിച്ച് അവന് അനുതാപമുണ്ടായി. അതിന്‍റെ ഫലം കരഞ്ഞു അനുതപിച്ചു. പക്ഷേ പാപത്തെ ഉപേക്ഷിച്ചില്ല. സ്വന്തം അവസ്ഥയെക്കുറിച്ചു അനുതപിച്ചപ്പോഴും ദൈവത്തിന്‍റെ ക്ഷമിക്കുന്ന സ്നേഹത്തെ മറന്നു. സ്വന്തം ശക്തിയിലും വീഴ്ചയിലും ശ്രദ്ധിച്ച യൂദാസ് ആത്മഹത്യയിലേക്ക് തിരിഞ്ഞു. സത്യസന്ധമല്ലാത്ത അനുതാപം തകര്‍ച്ചയിലേയ്ക്കു മാത്രമേ നയിക്കൂ.
ജ്വോഷ്വായുടെ പുസ്തകത്തില്‍ 7-ാമധ്യായത്തില്‍ ആഖാന്‍റെ അനുതാപം നാം കാണുന്നു. മോഷ്ടിച്ച വസ്തുക്കള്‍ പിടികൂടിയപ്പോള്‍ ആഖാന്‍ അനുതാപം പ്രകടിപ്പിച്ചു. പിടിക്കപ്പെടുമ്പോഴുണ്ടാകുന്ന അനുതാപം യഥാര്‍ത്ഥ അനുതാപമല്ല. ലൂക്കാ സുവിശേഷം 15-ാമധ്യായത്തിലെ ധൂര്‍ത്തപുത്രന്‍റെ അനുതാപമാണ് യഥാര്‍ത്ഥ പശ്ചാത്താപം. പാപവഴികളെ വെടിഞ്ഞ് പിതൃസന്നിധിയിലെത്തുന്ന പുത്രനെയാണ് കാണുന്നത്. അകന്നുപോയ ദൂരം തിരിച്ചു നടന്നു ധൂര്‍ത്ത പുത്രന്‍. വീണുപോയ കുഴിയില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റ ധൂര്‍ത്തപുത്രന്‍. എത്രദൂരം ദൈവത്തില്‍ നിന്നകന്നോ അത്രയും ദൂരം തിരിച്ചു നടക്കുക.
ഏശയ്യ 59-ല്‍ പറയുന്നു: ഏറ്റു പറഞ്ഞു ഉപേക്ഷിക്കാത്ത പാപങ്ങള്‍ പ്രാര്‍ത്ഥനയ്ക്കു തടസ്സമായി നില്‍ക്കുന്നു. ദൈവത്തേക്കാളുപരിയായ എന്തിനോടെങ്കിലും മമത കാണിച്ചാല്‍ ആത്മീയ ജീവിതത്തിന് തടസ്സമുണ്ടാവും. നമ്മള്‍ മുകളില്‍ കണ്ട കഥാപാത്രങ്ങളില്‍ ധൂര്‍ത്തപുത്രനൊഴികെയുള്ളവരെല്ലാം ദൈവത്തേക്കാളുപരി സ്വത്തിലും, സ്വാര്‍ത്ഥതയിലും അഭയം വച്ചവരാണ്. പുതിയ വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നാം ഓരോരുത്തരും ആത്മശോധന നടത്തണം. ഹൃദയങ്ങളില്‍ ഒരു പരിവര്‍ത്തനം അനിവാര്യമാണ്. മുഖം മൂടികളില്ലാത്ത ആത്മാര്‍ത്ഥമായ അനുതാപം നമ്മില്‍ നിറയട്ടെ. ലോകത്തിന്‍റെ വശീകരിക്കുന്ന വലകളില്‍ നിന്നും ദൈവത്തിന്‍റെ വിശാല ലോകത്തിലേക്കു പ്രവേശിക്കാം. ആകാശംപോലെ വിശാലമായ ദൈവിക മഹിമയില്‍ അഭയം പ്രാപിക്കാം. തെറ്റുപറ്റാത്ത മനുഷ്യരാരുമില്ല. വന്നുപോയ തെറ്റുകളെക്കുറിച്ചു നവജീവിതത്തിലേക്കു തിരിയുന്നതാണ് വിശുദ്ധി. ആ വിശുദ്ധിയില്‍ ജീവിക്കുവാന്‍ പുതുവര്‍ഷത്തില്‍ നമുക്കു സാധിക്കട്ടെ.

You can share this post!

ജ്ഞാനികളുടെ ആരാധന

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ബുദ്ധിക്കപ്പുറം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts