news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

മുറിവുണക്കിയവള്‍

ഇക്കഴിഞ്ഞ ജൂണ്‍ 30 ഇംഗ്ലണ്ടിന്‍റെ ചരിത്രത്തിലെ അനിതരസാധാരണമായ ഒരു ദിവസമായിരുന്നു. യു. കെ.യുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്തവര്‍ഗ്ഗക്കാരിയുടെ പൂര്‍ണ്ണ കായപ്രതിമ ലണ്ടന്‍ പാര്‍ലമെന്‍റ് മന്ദിരത്തിനു മുന്നില്‍ അനാച്ഛാദനം ചെയ്യപ്പെട്ടു. പ്രതിമയ്ക്ക് പിന്നിലെ വെങ്കലഫലകത്തില്‍ ഇങ്ങനെ രേഖപ്പെടു ത്തിയിരുന്നു.'I trust that England will not forget one who nursed her sick, who sought out her wounded to aid and succour them, and who performed the last offices for some of her illustrious dead'. വിക്ടോറിയന്‍ യുഗത്തില്‍ ക്രിമിയന്‍ യുദ്ധകാലത്ത് പരിക്കേറ്റ നൂറുകണക്കിന് ബ്രിട്ടിഷ് സൈനികര്‍ക്ക് കാരുണ്യത്തിന്‍റെ തൂവല്‍സ്പര്‍ശമേകിയ ആ ജമൈക്കന്‍ വനിതയുടെ പേര് മേരി സീകോള്‍ എന്നായിരുന്നു.

ആധുനിക നഴ്സിംഗിന് അടിത്തറ പാകിയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ ആതുരസേവനത്തിന്‍റെ വിളക്കേന്തിയ അതേ ക്രിമിയന്‍ യുദ്ധകാലത്ത് തന്നെയാണ് മേരിയും തന്‍റെ സാന്ത്വനസേവനം നാടിനു സമര്‍പ്പിക്കുന്നത്.  ഏറെക്കാലം ആ സേവനം മനപ്പൂര്‍വ്വമായോ അല്ലാതെയോ വിസ്മൃതമായിരുന്നു. ഒരുനൂറ്റാണ്ടിനിപ്പുറം വീണ്ടൂം മേരിയും അവളുടെ ജീവിതവും ഓര്‍മ്മിക്കപ്പെടുകയാണ്.

1805ല്‍ ജമൈക്കയിലെ കിംഗ്സ്റ്റണിലാണ് മേരി ജെയിന്‍ ഗ്രാന്‍റ് ജനിക്കുന്നത്. അച്ഛന്‍ സ്കോട്ലന്‍ഡുകാരനായ സൈനികഓഫീസറായിരുന്നു.  ജമൈക്കന്‍ വംശജയായിരുന്നു അമ്മ. ബ്ലന്‍ഡെല്‍ ഹാള്‍ എന്ന പേരില്‍ ഒരു ബോര്‍ഡിംഗ് ഹൗസ് നടത്തിയിരുന്ന അവര്‍, കരീബിയന്‍ ആഫ്രിക്കന്‍ നാട്ടുവൈദ്യങ്ങളില്‍ പ്രവീണയായിരുന്നു. കുഞ്ഞാ യിരിക്കുമ്പോള്‍ത്തന്നെ അമ്മയില്‍നിന്ന് വൈദ്യം പഠിക്കാന്‍ മേരി താല്പര്യം കാട്ടി. ബാല്യത്തില്‍ ചില വര്‍ഷങ്ങള്‍ മേരി, അവളുടെ തന്നെ വാക്കില്‍ പറഞ്ഞാല്‍ - കരുണാമയിയായ ഒരു രക്ഷിതാവിന്‍റെ വീട്ടില്‍ താമസിച്ചിരുന്നു. ആ നല്ല സ്ത്രീ അവളെ വീട്ടിലെ ഒരംഗത്തെപ്പോലെ കരുതുകയും മികച്ച വിദ്യാഭ്യാസം നല്‍കുകയും ചെയ്തു.  അവരുടെ സഹായത്താല്‍ നഴ്സിംഗ് പരിശീലനം നേടാനും അവള്‍ക്കായി.

വിദ്യാഭ്യാസകാലത്തിനുശേഷം പതിനാറാം വയസില്‍ ലണ്ടനിലെത്തിയ മേരി, വെസ്റ്റ് ഇന്‍ഡ്യന്‍ അച്ചാറുകളുടെയും സുഗന്ധദ്രവ്യങ്ങളുടെയുമൊക്കെ ചെറിയൊരു വ്യാപാരസംരംഭം തട്ടിക്കൂട്ടി.  ആദ്യകാലത്ത് ചില ബന്ധുക്കളുടെ സഹായം തേടിയെങ്കിലും വൈകാതെ അവള്‍ തികച്ചും സ്വതന്ത്രയായി പ്രവര്‍ത്തിക്കാനാരംഭിച്ചു.  മോശമല്ലാത്ത തരത്തില്‍ ആ സംരംഭം മുന്നേറുമ്പോള്‍ അഞ്ചുവര്‍ഷത്തിനു ശേഷം 1825ല്‍ അവള്‍ ജമൈക്കയില്‍ തിരികെയെത്തി. അപ്പോഴേക്കും അവളുടെ സ്നേഹമയിയായ ആ രക്ഷാകര്‍ത്രി രോഗിണിയായിക്കഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള ചില വര്‍ഷങ്ങള്‍ ശയ്യാവലംബിയായ അവരെ ശുശ്രൂഷിക്കാനായി അവള്‍ മാറ്റിവച്ചു. ആ വന്ദ്യവനിതയുടെ മരണത്തെത്തുടര്‍ന്ന് ചില വര്‍ഷങ്ങള്‍ക്കുശേഷം, മേരി തന്‍റെ കുടുംബവീട്ടിലേക്ക് മടങ്ങിയെത്തി. ബ്ലന്‍ഡെല്‍ ഹാളിന്‍റെ നടത്തിപ്പില്‍ അമ്മയെ സഹായിക്കാന്‍ തുടങ്ങി. ഒപ്പം ഇടയ്ക്കൊക്കെ സമീപത്തെ ബ്രിട്ടിഷ് സൈനികാശുപത്രിയില്‍ സഹായിയായും പോയിത്തുടങ്ങി.

1936 നവംബറോടെ മേരി വിവാഹിതയായി. മുമ്പ് നാവിക ഉദ്യോഗസ്ഥനായിരുന്ന എഡ്വിന്‍ ഹൊരാഷ്യോ സീകോള്‍ ആയിരുന്നു വരന്‍.  നവദമ്പതികള്‍ ജമൈക്കയിലെ ബ്ലാക്  റിവര്‍ പ്രദേശത്ത് താമസമാക്കി. അവിടെയവര്‍ ഒരു പലചരക്കുകട തുറന്നെങ്കിലും അത്ര വിജയമായില്ല. അങ്ങനെ 1940 ന്‍റെ തുടക്കത്തോടെ അവര്‍ ബ്ലന്‍ഡെല്‍ ഹാളിലേക്ക് തന്നെ മടങ്ങി.

1843 മുതല്‍ രണ്ടുകൊല്ലക്കാലം മേരിക്ക് വലിയനഷ്ടങ്ങളുടേതായിരുന്നു. അഗ്നിബാധയെ ത്തുടര്‍ന്ന് മേരിയും അമ്മയും കൂടി നടത്തിയിരുന്ന ആ ബോര്‍ഡിംഗ് ഹൗസ് ഏതാണ്ട് പൂര്‍ണ്ണമായി കത്തിനശിച്ചു. കഠിനമായി അധ്വാനിച്ച് പഴയ ബ്ലന്‍ഡെല്‍ ഹാളിന്‍റെ സ്ഥാനത്ത് പൂര്‍വ്വാധികം ഭംഗിയായി ഒരു ന്യൂ ബ്ലന്‍ഡെല്‍ ഹാള്‍ പണിതെടുത്തെങ്കിലും ദുരന്തങ്ങള്‍ അവസാനിച്ചില്ല. ആദ്യം അമ്മയും പിന്നാലെ ഭര്‍ത്താവും മരണമടഞ്ഞ തോടെ മേരി ആകെ തകര്‍ന്നുപോയി. എന്നാല്‍ തായ്‌വഴിയായി കിട്ടിയ, 'ഏത് മുറിവിനെയും ഉള്ളില്‍ നിന്നുണക്കിയെടുക്കുന്ന' ആ വെസ്റ്റ് ഇന്‍ഡ്യന്‍ ഗോത്രരക്തത്തിന്‍റെ പാരമ്പര്യം കൊണ്ടാകാം, അവള്‍ ഉയര്‍ത്തെഴുന്നേറ്റു. അമ്മ നടത്തിയിരുന്ന ആ ബോര്‍ഡിംഗ് ഹൗസ് അവളേറ്റെടുത്ത് നടത്താന്‍ തുടങ്ങി. അക്കാലത്ത്, ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ഏറ്റവും വലിയ പുറംവിപണികളിലൊന്നായിരുന്നു ജമൈക്ക. ബ്രിട്ടന്‍റെ മൂന്നിലൊന്ന് വരുന്ന വാണിജ്യത്തിന്‍റെ കേന്ദ്രമെന്ന നിലയില്‍ ബ്രിട്ടിഷ് സൈനികസാന്നിധ്യവും ജമൈക്കയില്‍ ശക്തമായിരുന്നു. വൈകാതെ യൂറോപ്യന്‍ സൈനിക ഓഫീസര്‍മാരുടെ ഒരു ഇഷ്ടസങ്കേതമായി ബ്ലന്‍ഡെല്‍ ഹാള്‍ മാറി.

1950ല്‍ ജമൈക്കയില്‍ കോളറ മരണതാണ്ഡവമാടി. 32000 ലേറെപ്പേര്‍ കോളറ ബാധിച്ച് മരണമടഞ്ഞു. നാട്ടില്‍ പകര്‍ച്ചവ്യാധി ദുരിതം വിതയ്ക്കുമ്പോള്‍ താനാര്‍ജ്ജിച്ച വൈദ്യപരിചയവുമായി മേരി ശുശ്രൂഷാരംഗത്തിറങ്ങി. നിരവധി പേരെ മരണവക്ത്രത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അവള്‍ക്കായി. വരുന്ന അഞ്ചുവര്‍ഷങ്ങളിലെ ആതുരസേവനസപര്യയുടെ നാന്ദിയായിരുന്നു അത്.  അടുത്ത വര്‍ഷം മേരി പനാമയിലുള്ള തന്‍റെ സഹോദരന്‍റെ അടുത്തേക്ക് യാത്രയായി. അവിടെയെത്തി വൈകാതെ ആ പ്രദേശത്തും കോളറ വ്യാപിച്ചു. ആദ്യം ചികിത്സിച്ച രോഗിതന്നെ സൗഖ്യം പ്രാപിച്ചതോടെ മേരിയുടെ ഖ്യാതി നാടെങ്ങും പരക്കുകയായിരുന്നു. നിരവധി പേര്‍ അവള്‍ക്കരികില്‍ ചികിത്സ തേടിയെത്തി. പണമുള്ളവര്‍ ഫീസ് നല്‍കി. ദരിദ്രരെ അവള്‍ സൗജന്യമായി ചികിത്സിച്ചു.  1852 ഓടെ അവള്‍ ജമൈക്കയിലേക്ക് മടങ്ങി. അവിടെ മഞ്ഞപ്പനി പടര്‍ന്ന കാലമായിരുന്നു അത്. ആരോഗ്യവകുപ്പധികൃതര്‍ മേരിയുടെ സേവനം തേടിയെത്തി. തന്‍റെ ആതുരശുശ്രൂഷാസപര്യ അവിടെയും അവള്‍ തുടര്‍ന്നു.

തൊട്ടടുത്ത വര്‍ഷമാണ് ക്രിമിയന്‍ യുദ്ധം ആരംഭിച്ചത്.  ക്രിമിയന്‍ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യന്‍ ശ്രമത്തിനെതിരെ ബ്രിട്ടനും ഫ്രാന്‍സും തുര്‍ക്കിയുമൊക്കെ ചേര്‍ന്ന് നടത്തിയ ആ യുദ്ധം മൂന്നുവര്‍ഷത്തിലേറെ നീണ്ടു.  വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനു സൈനികര്‍ ക്രിമിയന്‍ യുദ്ധമേഖലയില്‍ തമ്പടിച്ചു. വൈകാതെ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുകയായി. കോളറയായിരുന്നു അതില്‍ മുഖ്യം. നൂറുകണക്കിന് സൈനികര്‍ക്ക് ജീവഹാനിയുണ്ടായി.  ആതുരാലയങ്ങളില്‍ എത്തിയവര്‍ക്കും രക്ഷയുണ്ടായില്ല. യുദ്ധത്തില്‍ പരുക്കേറ്റവരെക്കൊണ്ട്  നേരത്തെ തന്നെ ആശുപത്രികള്‍ നിറഞ്ഞിരുന്നു.

അക്കാലത്ത് ലണ്ടനിലുണ്ടായിരുന്ന മേരി യുദ്ധത്തെക്കുറിച്ചും യുദ്ധമേഖലയിലെ അപര്യാപ്തമായ ചികിത്സാ സാഹചര്യങ്ങളെക്കുറിച്ചുമറിഞ്ഞ് അവിടേക്ക് പോകാനൊരുങ്ങി. എന്നാല്‍ അവളുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. തന്‍റെ ആതുര ശുശ്രൂഷാരംഗത്തെ പരിചയസമ്പത്തും സൈനിക ഓഫീസര്‍മാരോടുള്ള പരിചയവുമൊന്നും അവളെ തുണച്ചില്ല. ഫ്ളോറന്‍സ് നൈറ്റിംഗേല്‍  നഴ്സിംഗ് വിഭാഗവും തന്‍റെ സേവനാപേക്ഷയെ തിരസ്കരിച്ചതോടെ മേരി ആകെ തകര്‍ന്നുപോയി.  ഇതെന്താണിങ്ങനെ!? വര്‍ണ്ണവിവേചനത്തിന്‍റെ അമേരിക്കന്‍ വേരുകളാണോ ഇവിടെയുമുള്ളത്? എന്നിലൊഴുകുന്ന രക്തം അവരുടേതിനെക്കാള്‍ ഇരുണ്ട തൊലിക്കു കീഴിലായതുകൊണ്ടാണോ ഈ സ്ത്രീകള്‍ എന്നെയിങ്ങനെ മാറ്റിനിര്‍ത്തുന്നത്? ഹതാശയായ അവള്‍ തെരുവില്‍നിന്ന് പൊട്ടിക്കരഞ്ഞുപോയി.

എന്നാല്‍ തന്‍റെ ഇച്ഛാശക്തി അവള്‍ കൈവിട്ടില്ല. അകന്നബന്ധുവായ ഡേയുമൊത്ത് ക്രിമിയന്‍ മേഖലയിലെ ബ്രിട്ടിഷ് സൈനിക ക്യാമ്പിനുസമീപം ഒരു ഹോട്ടല്‍  തുടങ്ങാന്‍ മേരി തയ്യാറെടുത്തു. തന്‍റെ അന്‍പതാം വയസ്സില്‍ ഒരു വലിയ മരുന്നുസഞ്ചിയുമായി മേരി യുദ്ധമുഖത്തേക്കെത്തി. സൈനികരെ അനുഗമിച്ച് അവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന ഒരാളായി അവള്‍ മാറി. നിരവധി രോഗികളും മുറിവേറ്റവരും അപ്പോള്‍ അവിടെയുണ്ടായിരുന്നു. 1955 ലെ വേനല്‍ക്കാലത്ത് ബ്രിട്ടിഷ് ഹോട്ടല്‍ എന്ന തന്‍റെ പുതുസംരംഭം ആരംഭിക്കാന്‍ മേരിക്കായി.  ഒട്ടും വൈകാതെ സീകോള്‍ അമ്മയെപ്പറ്റി ബ്രിട്ടീഷ് സൈനികര്‍ അറിഞ്ഞു. അവര്‍ അവള്‍ക്ക് മക്കളായി.

വില്യം ഹൊവാര്‍ഡ് റസ്സല്‍ എന്ന ആധുനിക യുദ്ധവാര്‍ത്താ റിപ്പോര്‍ട്ടിംഗിലെ ആദ്യപഥികനാണ് മേരി സീകോളിനെക്കുറിച്ച് ലോകത്തെയറിയിച്ചത്. അദ്ദേഹമെഴുതി, 'സ്നേഹനിധിയും പ്രഗല്‍ഭയുമായ ചികിത്സകയാണവള്‍. എല്ലാത്തരത്തിലുമുള്ള രോഗികളെ വളരെ വിജയകരമായി അവള്‍ ചികിത്സിക്കുന്നു. എല്ലായ്പ്പോഴും യുദ്ധമുഖത്ത് അവളുണ്ട്; മുറിവേറ്റവര്‍ക്ക് ആശ്വാസമായി, വേദനിക്കുന്ന നിരവധിപേരുടെ അനുഗ്രഹങ്ങള്‍ക്ക് പാത്രമായി'.

എന്നാല്‍ യുദ്ധം മേരിയുടെ സാമ്പത്തിക നില തകര്‍ത്തുകളഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്ക് വിലയേറിയതോടെ കച്ചവടം തകര്‍ന്നു. കടംകയറി അക്ഷരാര്‍ഥത്തില്‍ നിസ്വയായി മാറിയ മേരി ഇംഗ്ളണ്ടിലേക്ക് മടങ്ങി. ക്രിമിയന്‍ യുദ്ധത്തില്‍ കമാന്‍ഡര്‍മാരായിരുന്ന റോകെബി പ്രഭുവും പാഗെറ്റ് പ്രഭുവും ചേര്‍ന്ന് മേരിക്കായി ഒരു ധനശേഖരണ ആഘോഷം സംഘടിപ്പിച്ചു. ആയിരത്തിലേറെ കലാകാരന്മാര്‍ ആ ആഘോഷം ഗംഭീരമാക്കി മാറ്റി. തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ ആ ഫണ്ട് അവളെ സഹായിച്ചു. 1957ല്‍ മേരി സീകോള്‍ തന്‍റെ ആത്മകഥ -The Wonderful Adventures of Mrs Seacole in many lands പുറത്തിറക്കി.

കഥയിങ്ങനെയൊക്കെയാണെങ്കിലും ഇംഗ്ലണ്ട് വൈകാതെ മേരി സീകോളിനെയും അവരുടെ അനുപമമായ സേവനത്തെയും മറന്നു. ജീവിതത്തില്‍ ഒടുവിലെ കാല്‍നൂറ്റാണ്ടോളം ഏറെക്കുറെ അജ്ഞാതയായി അവര്‍ ജീവിച്ചു. 1881 മെയ് 14ന് മേരി സീകോള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

ഒരു നൂറ്റാണ്ടിലേറെ വിസ്മൃതയായിരുന്ന മേരി സീകോള്‍ 2004 ല്‍ നടന്ന 100 Great Black Britons എന്ന ഓണ്‍ലൈന്‍ പോളിംഗില്‍ ഏറ്റവുമധികം വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് ലോകശ്രദ്ധയിലേക്ക് തിരികെയെത്തുന്നത്.

മേരിയുടെ ആത്മകഥയുടെ അവതാരികയില്‍  വില്യം ഹൊവാര്‍ഡ് റസ്സല്‍ എഴുതിയ ആ വരികള്‍ അന്വര്‍ഥമാണ്.  രോഗശയ്യയില്‍ തന്നെ ശുശ്രൂഷിച്ച, മുറിവുണക്കിയ, കൊടിയ വേദനയില്‍ സാന്ത്വനത്തിന്‍റെ പൂന്തെന്നലായ ഒരുവളെ എങ്ങനെയാണ് ഒരു രാജ്യത്തിന് മറക്കാനാവുക, ലോകത്തിനും...

You can share this post!

വിശ്വാസിയും സോഷ്യല്‍മീഡിയ ഫോബിയയും

വിപിന്‍ വില്‍ഫ്രഡ്
അടുത്ത രചന

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
Related Posts