news-details
കാലികം

കൊലയാളികളായി മാറിയ കൗമാരക്കാരികള്‍

സ്ലെണ്ടെര്‍ മാന്‍ എന്ന ഒരു കഥാപാത്രത്തിന്‍റെ പ്രീതിക്ക് പാത്രമാകുവാന്‍ അമേരിക്കയിലെ വിസ്കോസിനില്‍ പന്ത്രണ്ടുവയസുള്ള രണ്ടു പെണ്‍കുട്ടികള്‍ തങ്ങളുടെ സഹപാഠിയായ പെണ്‍കുട്ടിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി തലക്കടിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു. 19 തവണയാണ് ഈ കുട്ടിയെ അവര്‍ അടിച്ചത്. തങ്ങളുടെ കൂട്ടുകാരി കൊല്ലപ്പെട്ടതില്‍ സ്ലെണ്ടെര്‍ മാന്‍ തങ്ങളില്‍ സംപ്രീതനായി എന്ന സന്തോഷത്തില്‍ അവര്‍ തിരിച്ചുപോയി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഈ കുട്ടിയെ ഒരു സൈക്കിള്‍ യാത്രക്കാരന്‍ കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഈ കുട്ടി അപകടനില തരണം ചെയ്തു. പക്ഷെ മറ്റേ രണ്ടു കുട്ടികള്‍ക്ക് 65 വര്‍ഷമാണ് കോടതി തടവ് വിധിച്ചത്.

അല്‍പ്പം ബ്ലൂവെയില്‍ ചരിത്രം

നിങ്ങളുടെ പൊന്നോമനകളെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ ആരും കാണാതെ അവരുടെ കമ്പ്യൂട്ടറിലോ   സെല്‍ഫോണിലോ  പതുങ്ങി എത്തുന്ന മരണത്തിന്‍റെ ദൂതന്‍. മോമൊ ഗെയിം. ബ്ലൂവെയിലിന്‍റെ പിന്‍ഗാമി. അതെപ്പോള്‍  വരുമെന്നും, എങ്ങനെ വരുമെന്നും ആര്‍ക്കും അറിയില്ല

whatsapp  വഴി പ്രചരിക്കുന്ന പുതിയ ഭീകരനാണ് മോമൊ ഗെയിം. അര്‍ജന്‍റീനയില്‍ പന്ത്രണ്ട്വയസുള്ള ഒരു കുട്ടിയുടെ ആത്മഹത്യക്ക് കാരണമായി ഈ ഗെയിം ചൂണ്ടികാണിക്കപ്പെടുന്നു. ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ഈ ഗെയിമിന്‍റെ ചിത്രമായി കൊടുത്തിരിക്കുന്നത് ഒരു പെണ്‍കുട്ടിയുടെ, ബീഭത്സമായ, മുടികള്‍ ചിതറി, കണ്ണുകള്‍ തുറിച്ച, വികൃതമായ ഒരു ചിത്രമാണ്. ഇത് വാസ്തവത്തില്‍ എന്താണെന്ന് അറിയേണ്ടേ?  സിനിമക്കുവേണ്ടി സ്പെഷ്യല്‍ ഇഫെക്റ്റ് ഉണ്ടാക്കുന്ന ഒരു ജാപ്പനീസ് കമ്പനി നിര്‍മ്മിച്ചെടുത്ത ഒരു ചിത്രം മാത്രമാണിത്. അല്ലാതെ ഇത്  പൈശാചികമായ ഒരു കഥാപാത്രത്തിന്‍റെയും ചിത്രമല്ല.

വാസ്തവത്തില്‍ ഇങ്ങനെയൊരു ഗെയിം ഉണ്ടോ? ഉണ്ട് എന്നൊരു തെളിവോ സ്ഥിതീകരണമോ ഇല്ല.  ബ്ലൂവെയില്‍ എന്ന മുന്‍ഗാമിയെപോലെതന്നെ ഒരു കെട്ടുകഥയോ കബളിപ്പിക്കലോ മാത്രമാകുവാനാണ് സാധ്യത. പക്ഷെ അതുകൊണ്ട് മാത്രം ഇതില്‍ അപകടമൊന്നുമില്ല എന്നു പറഞ്ഞുകൂടാ. സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ക്കുവേണ്ടി മനുഷ്യര്‍ സ്വയം മരിക്കുകയോ, കൊല്ലുകയോ ചെയ്യുന്നത് അത്ര വിരളമായ കാര്യമൊന്നുമല്ല.

ഒരു പക്ഷെ ഒരിക്കലും ഇല്ലാത്ത ഒരു കാര്യത്തിന് ഏറ്റവുമധികം പ്രചാരം ലഭിച്ച ഒരു കാര്യമായിരിക്കും  ബ്ലൂ വെയില്‍ ചലഞ്ച്. ഈ അടുത്തകാലത്തു നടന്ന സകല കൗമാര ആത്മഹത്യകളും ബ്ലൂവെയില്‍ എന്ന സാങ്കല്‍പ്പിക ഗെയിമില്‍ ആരോപിച്ചിരിക്കുകയാണ്.
  കേട്ടുകേള്‍വികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയില്‍ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാന്‍ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജന്‍സികള്‍ക്കും കഴിഞ്ഞിട്ടില്ല.  

ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്‍റെ റഷ്യയിലെ മൊത്തക്കച്ചവടക്കാരായ Novaya Gazetta എന്ന  പത്രം   2016 മെയ് മാസത്തില്‍ സംഭ്രമജനകമായ ഒരു ലേഖനത്തിലൂടെ ലോകത്തെ ആകെ ഞെട്ടിച്ചു.   പൂര്‍ണ്ണമായും ഊഹാപോഹങ്ങളുടെ അടിസ്ഥാന ത്തില്‍ തയ്യാറാക്കിയ ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ റഷ്യയിലെ വിവിധ കുറ്റാന്വേഷക ഏജന്‍സികളും സൈബര്‍ സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമെല്ലാം അന്വേഷിച്ചു എങ്കിലും ഇതില്‍ വലിയ വാസ്തവമൊന്നുമില്ലെന് കണ്ടത്തി. മാത്രമല്ല ഈ ലേഖനത്തില്‍ പറയുന്ന ആത്മഹത്യകളില്‍ ഒരെണ്ണംപോലും ബ്ലൂവെയില്‍ ചലഞ്ചുമായി ബന്ധിപ്പിക്കാനുള്ള യാതൊരുവിധ തെളിവുകളും കണ്ടുപിടിക്കാനായില്ല.

എന്താണ് ബ്ലൂവെയില്‍ ചെയ്യുന്നതെന്നും  പറഞ്ഞിരിക്കുന്ന വെല്ലുവിളികള്‍  എന്തെല്ലാമാണെന്നും, എന്തൊക്കെ തരത്തിലുള്ള ഫോട്ടോകളാണ് പുറത്തുവിട്ടിരിക്കുന്നത് അവസാനത്തെ ചലഞ്ച് ആത്മഹത്യ ചെയ്യുകയാണെന്നതുമെല്ലാം ഒരു പകല്‍പോലെ വ്യക്തമാണ്. ഇന്‍റര്‍നെറ്റ് ഉള്‍പ്പെടെ യുള്ള മാധ്യമങ്ങളിലെല്ലാം ഇത് ലഭ്യവുമാണ്. അപ്പോള്‍ എങ്ങനെയാണ് ഇത് ഒരു ചലഞ്ച് ആകുന്നത്?  മുകളില്‍ പറഞ്ഞ 50 നിര്‍ദ്ദേശങ്ങളാണ് ഒരാള്‍ തരാന്‍ പോകുന്നതെന്നും, അവസാനം നമ്മള്‍തന്നെ പോയി സ്വന്തം ചെലവില്‍ മരിക്കണം എന്നും പറയുന്ന ഒരാളുടെ കൂടെ എത്ര പേര്‍ കൂടും?

ഞാന്‍ അവസാനം നിങ്ങളെ കൊന്നു തരാം എന്നായിരുന്നു വാഗ്ദാനം എങ്കില്‍  കുറച്ച് ആളുകള്‍  ഏങ്കിലും കൂടെ കൂട്ടുമായിരുന്നു എന്നു വിചാരിക്കാം..

ഡീപ് വെബ്

നമ്മള്‍   പുറത്തുകാണുന്ന അധോതലത്തിലുള്ള ഇന്‍റര്‍നെറ്റിനേക്കാളും വളരെ വലുതാണ്  ഡീപ് വെബ്. ആകെ ഇന്‍റര്‍നെറ്റിന്‍റെ 85%ല്‍ അധികം ഡീപ് വെബ് ആണത്രേ.ഉദാഹരണമായി ഫേസ്ബുക്കിലെ പ്രൈവറ്റ് ഷെയറുകള്‍, പ്രൈവറ്റ് ചാറ്റുകള്‍, ക്ലോസ്ഡ് ഗ്രൂപ്പുകള്‍. വാട്സാപ്പ് മെസ്സേജുകള്‍, ടെലഗ്രാം ചാറ്റുകള്‍ തുടങ്ങി ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ഡാറ്റകള്‍, പാസ്വേര്‍ഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്ന ചര്‍ച്ചാ ഫോറങ്ങള്‍, സര്‍വ്വകലാശാല ഗവേഷണ വിവരങ്ങള്‍, സര്‍ക്കാര്‍ വിവരങ്ങള്‍, സൈനിക വിവരങ്ങള്‍ തുടങ്ങി വിവിധഭാഷകളില്‍ വിവിധ സ്വകാര്യആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്തതുമായ എല്ലാ വിവരങ്ങളും ഡീപ്പ് വെബ്ബിലാണ് ഉള്ളത്.

ഡീപ്പ് വെബ്ബില്‍ ഉള്ള അധോലോകമാണ് ഡാര്‍ക്ക് നെറ്റ്. കൂടുതലായും നിയമവിരുദ്ധമായ വ്യാപാരമാണ് ഇവിടെ നടക്കുന്നത്. അടുത്തയിടെ ഒരു ഡാര്‍ക്ക്നെറ്റ് കോടീശ്വരനെ  പോലീസ് കുടുക്കിയിരുന്നു. നിയമവിരുദ്ധ വ്യാപാരങ്ങള്‍, മയക്കുമരുന്ന്, വേശ്യാവൃത്തി, ആയുധവ്യാപാരം, വാടക കൊലകള്‍,ആയുധങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ഇവിടെ  നടക്കുന്നത്. എന്നാല്‍ ബ്ലൂവെയില്‍ ചലഞ്ച് അത്തരത്തില്‍ ഒന്നും പെടുന്നുമില്ല. ഇവിടെ ആര്‍ക്കുമൊരു പ്രയോജനവും കിട്ടുന്നുമില്ല.

ബ്ലൂവെയില്‍/മാമോ അപരന്‍

ബ്ലൂവെയില്‍ ചലഞ്ച് എന്ന ഒന്ന് യഥാര്‍ത്ഥത്തില്‍ ഉള്ള ഒന്നല്ല എന്ന കേരളാപോലീസിന്‍റെ സൈബര്‍ മേധാവി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍തന്നെ ഇത്തരമൊരു പ്രചാരത്തെ മുതലെടുത്ത് അതിന്‍റെ മറവില്‍  ചില ആളുകള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ കുടുക്കുവാനുള്ള ഒരു ഉപാധിയായി ഇതിനെ മുതലെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മനോവിഭ്രാന്തിയോ, മറ്റ്  മനശ്ശാസ്ത്ര വൈകല്യമോ ഉള്ള  കുറ്റവാളികള്‍  ഈ ഒരു അവസരം എങ്ങനെ മുതലെടുക്കും എന്നും പറയാന്‍  സാധിക്കില്ല..

ഇപ്പോള്‍ നടന്നിരിക്കുന്നത് റഷ്യയില്‍നിന്ന് മരിച്ചു എന്നു പറയുന്ന 150 പേരുടെ മരണത്തിന്‍റെ ഉത്തരവാദിത്തം ബ്ലൂവെയില്‍ ചലഞ്ച് എന്ന ഒരു സാങ്കല്‍പ്പിക പ്രശ്നത്തിലാണ് ആരോപിക്കപ്പെടുന്നത്. എങ്കിലും ഓര്‍ക്കുക   അതൊന്നും ഒരു സര്‍ക്കാര്‍ ഏജന്‍സിയും  സ്ഥിരീകരിച്ചിട്ടുള്ള കാര്യമല്ല. അപ്രകാരം തന്നെ ഇനിയും കൊലപാതകങ്ങളോ, ആത്മഹത്യകളോ  ഒക്കെ അരങ്ങേറുകയും അതൊക്കെ മോമൊ  ഗെയിമിന്‍റെ ലേബല്‍ ഒട്ടിച്ചു വരികയും ചെയ്തുകൂടായ്കയില്ല.

സാങ്കേതികവിദ്യ നമ്മുടെ ശത്രുവോ?  

ഇന്‍റര്‍നെറ്റിന്‍റെയും സെല്‍ഫോണിന്‍റെയും മറ്റേത് സാങ്കേതിവിദ്യയെയും  ഒരു ശത്രുവായി കാണാന്‍ ഉള്ള പ്രേരണ ഇങ്ങനെയുള്ള അവസരങ്ങളില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഓര്‍ക്കുക നമ്മള്‍ ഇന്നനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളുടെയും  അടിസ്ഥാനം ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും അതിന്‍റെ  ഫലപ്രദമായ ഉപയോഗവും  ആണ്. ഒരു കത്തി കയ്യില്‍ എടുത്ത് ഇത് കഴുത്ത് അറക്കുവാനുള്ള  ഉപകരണം മാത്രമാണ് എന്ന് പറയുന്നതുപോലെ തന്നെയാണ് സാങ്കേതികവിദ്യ  ഒഴിവാക്കാന്‍ ശ്രമിക്കുന്നത്..

 അപകടം ഒരു നിഴലായി  അടുത്തുണ്ട്...

നിങ്ങളുടെ കുട്ടി വളര്‍ന്നുവരുമ്പോള്‍ ചുറ്റുമുള്ള അപകടങ്ങളും കൂടും. കുട്ടികള്‍ വീട്ടിനുള്ളിലോ വീടിനുപുറത്തോ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുക. അവരുമായി ശരിയായ ആശയ വിനിമയം നടത്തുക. അവര്‍ക്ക് ധൈര്യവും മനസ്സുറപ്പും സ്വന്തമായി കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രോത്സാഹനവും നല്‍കുകയും ചെയ്യുക. നിങ്ങളുടെ സകല ശ്രദ്ധയുടെയും കേന്ദ്രം അവരാണെന്ന ചിന്ത ഒരിക്കലും അവരില്‍ ഉണ്ടാക്കിവെക്കരുത്.

 വളരെ ചെറുപ്പംമുതല്‍തന്നെ അവരെ ചെറിയ ചെറിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക. കമ്പ്യൂട്ടറിന്‍റെയും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ യുമെല്ലാം ഉപയോഗം നിരീക്ഷിക്കുകയും അവ നിരീക്ഷിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ശാസ്ത്രീയ മനോഭാവവും, പൗരബോധവും, നല്ല ജീവിതശൈലിയും അവരെ കൃത്യമായി പരിശീലിപ്പിക്കുക.

 
 

You can share this post!

സെല്‍ഫി ഭ്രമം

ഡോ. റോബിന്‍ കെ. മാത്യു
Related Posts