news-details
മറ്റുലേഖനങ്ങൾ

അവര്‍ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.  കാരണം അവന്‍ അവര്‍ക്കു വളരെ പരിചിതനായിരുന്നു. തങ്ങള്‍ക്കു വളരെയടുത്തറിയാവുന്ന ഒരുവന്‍; അതിലുപരി അവന്‍റെ മാതാപിതാക്കളെയും അവര്‍ക്കറിയാം. എന്തെന്നില്ലാത്ത ഒരു മൗനമായിരുന്നു അവിടെയെങ്ങും. കാരണം അവന്‍റെ സംസാരം അധികാരത്തോടുകൂടിയായിരുന്നു. തങ്ങളുടെ റബ്ബിമാരുടെ പ്രഭാഷണത്തെ അതിശയിക്കത്തതായിരുന്നു അവന്‍റെ ഓരോ വാക്കും. അവന്‍ പറഞ്ഞു; കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ ദൈവം എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. മിശിഹാ അവിടെ കൂടിയിരുന്നവരുടെ മുമ്പില്‍ തന്നെത്തന്നെ വെളിപ്പെടുത്തുകയായിരുന്നു. പലര്‍ക്കും അതു ദഹിച്ചില്ല. അവര്‍ പിറുപിറുപ്പാരംഭിച്ചു. അതു വകവയ്ക്കാതെ അവന്‍ തുടര്‍ന്നുകൊണ്ടിരുന്നു. അവന്‍റെ സ്വരത്തില്‍ യാതൊരു പതര്‍ച്ചയുമില്ലായിരുന്നു. കാരണം നിത്യപുരോഹിതനായ അവന്‍റെ ഉള്ളില്‍ സകലരുടെ മോചനദ്രവ്യമായി അര്‍പ്പിക്കപ്പെടുന്ന കുഞ്ഞാട് താന്‍ തന്നെയാണെന്ന ബോധ്യമുണ്ടായിരുന്നു. അവനു ബലിയര്‍പ്പകന്‍റെ മനസ്സായിരുന്നു.

അപൂര്‍ണതകളെ പൂര്‍ണതകളാക്കി മറ്റൊരു ക്രിസ്തുവെന്ന അനുഗ്രഹത്തിന്‍റെ മൂര്‍ത്തീഭാവമായി മാറുന്നതാണ് പൗരോഹിത്യം. അബ്രഹാമിനെ വിളിക്കുമ്പോള്‍ അയാളോടു ദൈവം പറയുന്നതിങ്ങനെയാണ്: "നിന്നെ ഞാന്‍ അനുഗ്രഹിക്കും... അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും." അനുഗ്രഹമായിത്തീരാനുള്ളതാണ് പൗരോഹിത്യം. മാനുഷിക കഴിവുകള്‍ക്കപ്പുറം ദൈവദാനങ്ങളുടെ സമൃദ്ധമായ ആവാസത്തെ പ്രകടമാക്കുന്ന കൂദാശ വഴിയാണിതു സാദ്ധ്യമാകുന്നത്. അതായത് കൃപയുടെ വാഹകരാണു പുരോഹിതര്‍. മിശിഹായില്‍ നിന്നു നന്മകളുടെ നീര്‍ച്ചാലുകള്‍ അപരനിലേക്ക് ഒഴുക്കാനുള്ള വിളിയാണ് പൗരോഹിത്യത്തിലൂടെ ഒരുവന്‍ ഏറ്റെടുക്കുന്നത്. ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാര്‍ അവന്‍റെ അനുഗ്രഹത്തിന്‍റെ കൈവഴികളായിത്തീരുകയായിരുന്നു. അവരുടെ കൈവയ്പുവഴി വളരെപ്പേര്‍ സുഖപ്പെട്ടു. അവരുടെ നിഴലുകള്‍ പതിക്കുവാന്‍ പോലും ജനം തിരക്കുകൂട്ടി. രോഗശാന്തിക്കുപരി മിശിഹായെ അറിയുന്ന ഒരു ജനതയെ വാര്‍ത്തെടുക്കുകയായിരുന്നു അവരുടെ ജീവിതങ്ങളുടെ ആകെത്തുക. അവന്‍റെ ശിഷ്യര്‍ക്ക് തങ്ങളുടെ ഗുരുവിനെ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാനായത് അവനോടൊപ്പമുള്ള മൂന്നു വര്‍ഷങ്ങളുടെ സൗഹൃദത്തിന്‍റെ ബാക്കിപത്രമായിരുന്നു. മൂന്നുവര്‍ഷത്തെ അവരുടെ ജീവിതം മറ്റുള്ളവരില്‍നിന്ന് അവരെ വേര്‍തിരിച്ചു. പരിശുദ്ധനോടൊപ്പമുള്ള നിമിഷങ്ങള്‍ അവരെ മാറ്റിമറിക്കാന്‍ പര്യാപ്തമായിരുന്നു. അവര്‍ അവന്‍റെ കൃപയുടെ വാഹകരായതില്‍ അത്ഭുതപ്പെടാനില്ല.

തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിനോട് ദൈവം ഇങ്ങനെ പറയുന്നു: നിങ്ങള്‍ എനിക്കു സ്വന്തമാകേണ്ടതിന് ഞാന്‍ നിങ്ങളെ മററു ജനതകളില്‍നിന്നു വേര്‍തിരിച്ചിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഈ വേര്‍തിരിവ് സ്വന്തമാക്കലിനുവേണ്ടിയാണ്. മര്‍ക്കോസ് സുവിശേഷകന്‍ അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്ന ഈശോയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്; അവനോടു കൂടെയിരിക്കുവാനാണ് ഈശോ ശിഷ്യരെ മാറ്റിനിര്‍ത്തുന്നതാണ്. മിശിഹായുടെ സത്തയോട് ഒന്നായിച്ചേര്‍ക്കപ്പെടുകയായിരുന്നു അവരപ്പോള്‍. അവന്‍ സ്വന്തമാക്കിയവര്‍ക്കു സ്വന്തമെന്നു പറയാന്‍ മറ്റൊന്നുമില്ലായിരുന്നു. തങ്ങളെക്കുറിച്ചുപോലും അവകാശമുന്നയിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല. കാരണം മിശിഹാ അവരെ മാറ്റിനിര്‍ത്തുകയായിരുന്നു.

പുരാണത്തില്‍ ഇങ്ങനെ ഒരു പ്രാര്‍ത്ഥനയുണ്ട്
മഹാപ്രപഞ്ചത്തെപ്പോലെ
ഭൂമിയെപ്പോലെ, വിശാലമായ പ്രകൃതികണക്കേ
എണ്ണമറ്റ എല്ലാ ജീവജാലങ്ങളെയും
സദാ താങ്ങിനിര്‍ത്താന്‍ എനിക്കു കഴിയുമാറാകട്ടെ.

മിശിഹായുടെ സത്തയോടു സാദൃശ്യപ്പെട്ടവന്‍റെ ഉള്ളില്‍നിന്നും ഇത്തരം പ്രാര്‍ത്ഥനാമന്ത്രങ്ങളാണ് ഉയരേണ്ടത്. ഒരു പക്ഷേ ഇത്തരം പ്രാര്‍ത്ഥനകളാകും കൂദാശ ചെയ്യപ്പെടുന്ന ഓരോ പുരോഹിതാര്‍ത്ഥിയുടെയും മനസ്സിനുള്ളില്‍.

പഴയനിയമ പൗരോഹിത്യം മനുഷ്യമനസ്സിനുള്ളില്‍ നിയമാനുഷ്ഠാനങ്ങള്‍ അടിച്ചുറപ്പിച്ചപ്പോള്‍ മഹാപുരോഹിതനായ ഈശോ നിയമാനുഷ്ഠാനങ്ങളോട് മാനുഷികതയെന്ന വിശിഷ്ടസ്വഭാവവും കൂട്ടിച്ചേര്‍ത്തു. അങ്ങനെ അവന്‍ തീര്‍ത്ത അള്‍ത്താരയില്‍ അവന്‍ തന്നെ മനുഷ്യജന്മങ്ങളെ ആകര്‍ഷിച്ചു. സാധാരണക്കാരോട് സാധാരണക്കാരനായി വര്‍ത്തിക്കുക വഴി അവരുടെ ആത്മാക്കളെ അവന്‍ അനശ്വരതയിലേക്ക് ഉയര്‍ത്തി. അവനൊരുക്കിയ അള്‍ത്താരയില്‍ അവന്‍ തിരഞ്ഞെടുത്തവര്‍ അര്‍പ്പിക്കുന്ന ബലികള്‍ സകലരെയും സ്വര്‍ഗ്ഗീയതയുടെ മനോഹാരിതയിലേക്കു നയിക്കാന്‍ പര്യാപ്തമാണ്. സഭാപിതാവായ ഗ്രിഗറി നസ്സിയാന്‍സെന്‍ പറഞ്ഞതിങ്ങനെയാണ്- "പൗരോഹിത്യമെന്നാല്‍ ആത്മാവിനു ചിറകുകള്‍ നല്കുകയാണ്.' ചിറകുകളടിച്ച് പരിശുദ്ധനിലേക്കുള്ള ആത്മാവിന്‍റെ സഞ്ചാരങ്ങളാണ് പൗരോഹിത്യത്തിന്‍റെ ആത്മസംതൃപ്തി. സുവിശേഷത്തിന്‍റെ വാഹകരാകുന്നവര്‍ തന്നെ വിളിച്ചവനോടുള്ള സ്നേഹത്തിലെരിഞ്ഞ്, അപരന്‍റെ സുഖങ്ങളിലും ദുഃഖങ്ങളിലും പങ്കുപറ്റി അവ നല്ല തമ്പുരാന്‍റെ അള്‍ത്താരകളില്‍ അര്‍പ്പിക്കുന്നവരാകട്ടെ. അവന്‍റെ വക്ഷസ്സില്‍ ചാരിക്കിടന്ന് അവന്‍റെ ഹൃദയത്തിന്‍റെ താളം തിരിച്ചറിയട്ടെ.

സഭയ്ക്കുള്ള മിശിഹായുടെ ദാനമാണു പൗരോഹിത്യം. അവളുടെ പ്രതീക്ഷകളാണ് പൗരോഹിത്യമെന്നു പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. സീറോ മലബാര്‍ കുര്‍ബാന ക്രമത്തിലെ രണ്ടാമത്തെ കൈവയ്പുപ്രാര്‍ത്ഥന സഭയുടെ ഹൃദയാഭിലാഷമാണു വ്യക്തമാക്കുക. സത്യത്തിന്‍റെ വചനം പ്രഘോഷിക്കാനും രോഗികളുടെ മേല്‍ കൈവച്ച് അവരെ സുഖപ്പെടുത്താനും നിര്‍മ്മലമനസ്സാക്ഷിയോടെ വിശുദ്ധ മദ്ബഹായില്‍ ശുശ്രൂഷിക്കാനും പാപമോചകമായ മാമ്മോദീസാത്തൊട്ടി ആശീര്‍വ്വദിക്കാനുമുള്ള അനുഗ്രഹങ്ങളാണ് അവര്‍ പൗരോഹിത്യത്തിനുവേണ്ടി യാചിക്കുന്നത്. ഈശോയുടെയും അവന്‍റെ സഭയുടെയും ഔദ്യോഗിക പ്രതിനിധിയാണ് ഓരോ പുരോഹിതനും. അവനിലാണു സഭയുടെ ശക്തി. പുരോഹിതന്‍റെ അന്തരംഗത്തിന്‍റെ താളക്രമമാണ് അവളില്‍ പ്രതിഫലിക്കുക. അതുകൊണ്ട് പൗരോഹിത്യത്തെക്കുറിച്ച് വിശുദ്ധിയാര്‍ന്ന സ്വപ്നങ്ങളാണ് അവള്‍ക്കുള്ളത്. അവളുടെ സ്വപ്നങ്ങള്‍ക്കു നിറം പകരുവാന്‍ പുരോഹിതര്‍ക്കാകട്ടെ.

പൗരോഹിത്യം ദാസ്യത്തിലേക്കുള്ള വിളിയാണ്. ആ മഹനീയ ദാനം സ്വീകരിക്കുന്നവന്‍റെ ഉള്ളിലും ഈ ചിന്ത പടരണം. അപ്പോള്‍ സേവനം എന്ന പദം അവന്‍റെ ജീവിതത്തിലും പ്രവര്‍ത്തനത്തിലും തെളിഞ്ഞുനില്‍ക്കും. കാര്‍ഡിനല്‍ മര്‍ത്തീനി ഈ സേവനത്തിനു വിശുദ്ധ പൗലോസിനെ കൂട്ടുപിടിച്ച് പുതിയമാനം നല്‍കുന്നുണ്ട്. മിശിഹായെ സേവിക്കുകയെന്നതാണു പ്രഥമ കര്‍ത്തവ്യം. പൗലോസ് തന്നെത്തന്നെ കരുതിയിരുന്നത് എല്ലാറ്റിനുമുപരിയായി മിശിഹായുടെ ദാസനായിട്ടായിരുന്നു. മിശിഹായുടെ സേവകന്‍ സമൂഹത്തിന്‍റെയും സേവകനാണെന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. മിശിഹായുടെ സേവകനാകുന്നവന്‍റെ ഉള്ളില്‍ സമൂഹസേവനം താനേ പടരും. നമ്മള്‍ പലപ്പോഴും സേവനം എന്ന വാക്ക് ഉപയോഗിക്കുന്നത് സഭയെയും രൂപതയെയും സേവിക്കുക എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ പുതിയ നിയമം ഈ പദം മിശിഹായോട് ചേര്‍ത്താണ് ഉപയോഗിക്കുക. വി. പൗലോസ് പലപ്പോഴും 'ഞാന്‍ മിശിഹായുടെ ദാസനാണെന്ന്' പറയുന്നത് ഈ അര്‍ത്ഥത്തിലാണ്. മിശിഹായെ മാറ്റിനിര്‍ത്തിയാല്‍  സാമൂഹ്യസേവനം അപൂര്‍ണമാകും.

നന്ദി നിറഞ്ഞ ഹൃദയത്തോടെ മാത്രമേ മിശിഹായുടെ സ്നേഹത്തില്‍നിന്ന് ഉരുത്തിരിയുന്ന പൗരോഹിത്യത്തെ ഒരുവന് സമീപിക്കാനാകുകയുള്ളൂ. അതും അവന്‍റെ ദാസനെന്ന വികാരവിചാരങ്ങളോടെ മാത്രം. ദാസന്‍ യജമാനന്‍റെ പരിവേഷം ചാര്‍ത്തുമ്പോള്‍ ദാനത്തിന് ലക്ഷ്യാന്തരങ്ങള്‍ സംഭവിക്കും. പൗരോഹിത്യത്തിന്‍റെ ജയാപജയങ്ങള്‍ ദാസ്യഭാവത്തെ ആശ്രയിച്ചാണ്. അങ്ങനെ വരുമ്പോള്‍ മിശിഹാ വിഭജിതനായിത്തീരും. അപ്പോള്‍ എന്‍റെ ഉള്ളിലെ മിശിഹാ അപരന്‍റെ ഉള്ളിലെ മിശിഹായുമായി സംഘട്ടനത്തിലേര്‍പ്പെടുന്ന ദുഃഖനിര്‍ഭരമായ സാഹചര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. ദാസനാകാന്‍ വിളിക്കപ്പെട്ടവന്‍ മിശിഹായുടെ ദാസനാകുക. അപ്പോള്‍ ദാനം എന്ന വാക്കിനു മുന്‍പില്‍ ആമ്മേന്‍ എന്നു പറയാന്‍ സജ്ജരാകും.  

**************************************

വിവേകപൂര്‍വ്വം ഓര്‍മ്മിച്ചുകൊള്ളുക. ദൈവം കുറ്റവിമുക്തനാക്കിയ ഒരാളെ കുറ്റം ചുമത്തനാര്‍ക്കാകും. പൗരോഹിത്യത്തിന്‍റെ അലൗകികമായ കാരുണ്യത്തിലേക്കു പ്രവേശിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഭൂതകാലജീവിതത്തെക്കുറിച്ച് - അതു പാപക്കറപുരണ്ടതാണെങ്കില്‍ കൂടി - ദുഃഖിക്കേണ്ടതില്ല. എന്തെന്നാല്‍ നിങ്ങള്‍ സ്വയം തിരുത്തിയതിനാലും ദൈവകാരുണ്യത്താലും അതു ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ പൗരോഹിത്യസ്വീകരണത്തിനുശേഷം അങ്ങേയറ്റത്തെ ശ്രദ്ധ പുലര്‍ത്തുക. നിങ്ങളുടെ ഭൂതകാല ജീവിതം ചൂണ്ടിക്കാട്ടി ആരെങ്കിലും നിങ്ങളെ കുറ്റപ്പെടുത്തുന്നെങ്കില്‍ അയാള്‍ ഇപ്രകാരമൊരു അശരീരി കേള്‍ക്കും. "ദൈവം ശുദ്ധീകരിച്ചതിനെ അശുദ്ധമെന്നു വിളിക്കരുത്." ഫിലോക്കാലിയ

You can share this post!

കുസൃതി

ജിജി സജി & സജി എം. നരിക്കുഴി
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts