news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

അര്‍ജന്‍റിനിയന്‍ സംവിധായകനായ പാബ്ലോ അഗ്യൂറോയുടെ 2015ല്‍ പുറത്തിറങ്ങിയ ഒരു പരീക്ഷണചിത്രമുണ്ട്, ഈവ ഉറങ്ങുന്നില്ല  (Eva No Dureme) എന്ന പേരില്‍. ശൈശവവും ബാല്യവും കൗമാരവും മാത്രമുള്ള, വാര്‍ദ്ധക്യം സ്പര്‍ശിക്കാന്‍ മടിച്ച അപൂര്‍വ്വ ജന്മമായിരുന്നു ഈവ പെറോണിന്‍റേത്. യൗവ്വനത്തിന്‍റെ സമൃദ്ധിയില്‍, പ്രതാപത്തിന്‍റെ അത്യുച്ചകോടിയില്‍ത്തന്നെ അവള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. എന്നാല്‍ അര്‍ജന്‍റിനയിലെ ദരിദ്രന്‍റെയും അതിസാധാരണക്കാരുടെയും മനസ്സില്‍ മരിച്ച് കാല്‍നൂറ്റാണ്ടിനിപ്പുറവും ജീവസ്സുറ്റതായി നിലനില്‍ക്കുന്ന ആ മൃതശരീരത്തിന്‍റെ കഥയാണ് ഈവ ഉറങ്ങുന്നില്ല എന്ന ചലച്ചിത്രത്തിന്‍റെ പ്രമേയം. ചലച്ചിത്രത്തിന്‍റെ കഥയില്‍ പകുതിയേ സത്യമുള്ളു. എന്നാല്‍ കേവലം മുപ്പത്തിമൂന്ന് സംവത്സരങ്ങള്‍ കൊണ്ട് അസാധാരണമായ തിളക്കത്തോടെ ജ്വലിച്ചടങ്ങിയ ഒരു രക്തനക്ഷത്രം തന്നെയായിരുന്നു ഈവ പെറോണ്‍.

അര്‍ജന്‍റിനയില്‍, ബ്യുനസ് അയേഴ്സ് പ്രവിശ്യയിലെ ലോസ് ടോള്‍ഡോസ് എന്ന ദരിദ്രഗ്രാമത്തില്‍ ജുവാന്‍ ദുആര്‍തെയുടെയും ജുവാന ഇബാഗുരെന്‍റെയും അഞ്ചുമക്കളില്‍ ഏറ്റവുമിളയവളായി 1919 മെയ് 7 നാണ്  മരിയ ഈവ ദുആര്‍തെ ജനിക്കുന്നത്. ജുവാനും ജുവാനയും നിയമപരമായി വിവാഹിതരായിരുന്നില്ല. ജുവാന് മറ്റൊരു ഭാര്യയുമുണ്ടായിരുന്നു. ഈവയുടെ ഏഴാം വയസ്സില്‍ ഒരു കാറപകടത്തില്‍ അച്ഛന്‍ മരിച്ചതോടെ സാമ്പത്തികമായി മെച്ചമല്ലായിരുന്ന ആ കുടുംബം കൊടിയ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. ഗത്യന്തരമില്ലാതെ ജുവാന മക്കളെയും കൂട്ടി അടുത്തുള്ള പട്ടണമായ ജൂനിനിലേക്ക് ചേക്കേറി. അമ്മയും സഹോദരങ്ങളും വിവിധ തൊഴിലുകളിലേര്‍പ്പെട്ടെങ്കിലും ദാരിദ്ര്യം അവരെ വിട്ടുമാറിയില്ല.

സുന്ദരിയായിരുന്നു എവിറ്റ എന്ന് ഓമനപ്പേരുള്ള ഈവ. ഹൈസ്കൂള്‍ കാലം രണ്ടു കൊല്ലം പിന്നിട്ടതോടെ തല്‍ക്കാലം പഠിത്തമൊക്കെ മതിയാക്കി നാടകനടിയാവുക എന്ന അഭിലാഷവുമായി അവള്‍ ബ്യൂണസ് അയേഴ്സിലേക്ക് വണ്ടികയറി. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം നഗരത്തിലെ തിയറ്റര്‍ ഗ്രൂപ്പുകളില്‍ വിവിധവേഷങ്ങള്‍ കൈകാര്യം ചെയ്തു. അങ്ങനെയിരിക്കെ 1937ല്‍ ആദ്യമായൊരു ചലച്ചിത്ര വേഷം അവളെ തേടിയെത്തി. തുടര്‍ന്ന് റേഡിയോ അവതാരകയായും ഗായികയായും ഈവ ശ്രദ്ധിക്കപ്പെട്ടു. അരങ്ങിലും വെള്ളിത്തിരയിലും റേഡിയോയിലുമൊക്കെ ഒരേസമയം നിറഞ്ഞുനിന്ന ഈവ, ഇരുപതാം വയസ്സില്‍ ഒരു വിനോദവ്യവസായ സംരംഭകയായി മാറി. ദി കമ്പനി ഓഫ് ദി തിയേറ്റര്‍ ഓഫ് ദി എയര്‍ എന്ന ആ റേഡിയോ പ്രൊഡക്ഷന്‍ സംരംഭം ചില വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അന്നാട്ടിലെ ഏറ്റവും ശ്രദ്ധേയമായ പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായി മാറുകയായിരുന്നു. 1943ല്‍ ചരിത്രത്തിലെ പ്രമുഖ വനിതകളുടെ ജീവിതം അവതരിപ്പിക്കുന്ന ഒരു റേഡിയോ പരമ്പരയുടെ കരാറിലൊപ്പിടാനായത് വന്‍ വിജയമായി. ക്യൂന്‍ എലിസബത്തിനെയും കാതറിന്‍ ദി ഗ്രേറ്റിനെയുമൊക്കെ അവതരിപ്പിച്ച ഈവ ശ്രോതാക്കളുടെ മുക്തകണ്ഠമായ പ്രശംസ നേടി.

നാടക-ചലച്ചിത്ര നടി, റേഡിയോ അവതാരക, സംരംഭക എന്നതിനൊക്കെയപ്പുറം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും ഈവ തല്‍പ്പരയായിരുന്നു. ബ്യൂനസ് അയേഴ്സ് പ്രവിശ്യയില്‍ വനിതകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനും അര്‍ജന്‍റിനയിലാകെ നിറഞ്ഞുനിന്ന ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള ആഹ്വാനങ്ങളുമായി ജനകീയസമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഈവ മുന്നിട്ടിറങ്ങി. അക്കാലത്താണ് ഈവയുടെ ജീവിതത്തെയാകെ മാറ്റിമറിച്ച ആ ചരിത്രപരമായ സമാഗമം ഉണ്ടാകുന്നത്. ഒരല്‍പ്പം പിന്നാമ്പുറം പറഞ്ഞിട്ട് അതിലേക്ക് വരാം.

1944ല്‍ അര്‍ജന്‍റിനയില്‍ അധികാരത്തിലെത്തിയ സൈനികനേതാവായിരുന്നു ജൂലിയന്‍ ഫാരെല്‍. രണ്ടാം ലോകയുദ്ധകാലത്ത് അച്ചുതണ്ട് ശക്തികള്‍ക്കൊപ്പമായിരുന്ന അര്‍ജന്‍റിനയെ സഖ്യ കക്ഷികള്‍ക്കൊപ്പം ചേര്‍ത്തത് ഫാരെലായിരുന്നു. ഫാരെല്‍ ഗവണ്മെന്‍റില്‍ (മുന്‍ ഗവണ്മെന്‍റിലും)  തൊഴിലാളി ക്ഷേമത്തിന്‍റെയും ട്രേഡ് യൂണിയ നുകളുടെയുമൊക്കെ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ജ്യുവാന്‍ ഡോമിംഗോ പെറോണ്‍ ആയിരുന്നു. പ്രസിഡന്‍റിന്‍റെ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും പെറോണ്‍ പ്രവര്‍ത്തിച്ചിരുന്നു. തൊഴിലാളി ക്ഷേമകരമായ ഒട്ടനവധി പരിഷ്ക്കാരങ്ങളിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയും സാധാരണക്കാരായ തൊഴിലാളികളുടെ പ്രശംസയും പ്രീതിയും സമ്പാദിക്കാനായതോടെ, ജനനേതാവായി മാറിയ പെറോണ്‍ സൈനികനേതാവായ ഫാരലിന്‍റെ ശത്രുവായി. ഫാരല്‍ അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി തടവിലിട്ടു. ഇതിനെതിരേ ഈവ ദുവാര്‍തെയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭമുയര്‍ന്നു. 1945 ഒക്ടോബറില്‍ ബ്യൂനസ് അയേഴ്സിനെ പ്രകമ്പനം കൊള്ളിച്ച വന്‍ പ്രകടനത്തിനും തുടര്‍പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ പെറോണിനെ തടവില്‍ നിന്ന് മുക്തനാക്കാനും പഴയ സ്ഥാനം തിരികെ നല്‍കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

അതിനും രണ്ടു വര്‍ഷം മുമ്പുതന്നെ അടുപ്പത്തിലായിരുന്ന പെറോണും ഈവയും വൈകാതെ വിവാഹിതരായി. വിഭാര്യനായിരുന്ന പെറോണിന്‍റെ രണ്ടാം വിവാഹമായിരുന്നു അത്.

തുടര്‍ന്ന് പെറൊണിന്‍റെ ജനകീയ അടിത്തറ അതിശക്തമാവുകയും 1946 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം അര്‍ജന്‍റിനയുടെ പ്രസിഡന്‍റായി അധികാരത്തിലെത്തുകയും ചെയ്തു.  ജനനേതാവെന്ന നിലയില്‍ പെറോണിന്‍റെ വളര്‍ച്ചയുടെ ചാലകശക്തിയായിരുന്ന ഈവ തന്നെയായിരുന്നു രാജ്യത്തിന്‍റെ പ്രഥമപുരുഷനായപ്പോഴും പെറോണിന്‍റെ വിശ്വസ്തയായ രാഷ്ട്രീയ സഖാവ്. അര്‍ജന്‍റിനയുടെ പ്രഥമവനിത എന്ന നിലയില്‍ അസാമാന്യമായ ജനകീയ ഇടപെടലുകള്‍ അവള്‍ നടത്തി. തെരഞ്ഞെടുപ്പിനു മുമ്പ് പെറോണ്‍ വാഗ്ദാനം ചെയ്തിരുന്ന വനിതകളുടെ വോട്ടവകാശത്തിനായി ഈവ പെറോണ്‍ മുന്നിട്ടിറങ്ങി. അങ്ങനെ 1947ല്‍ അര്‍ജന്‍റിനിയന്‍ ചരിത്രത്തിലാദ്യമായി വനിതകളുടെ വോട്ടവകാശം നിയമമായി.

ഈവ പെറോണ്‍ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട എവിറ്റയ്ക്ക് അടങ്ങിയിരിക്കാനാകുമായിരുന്നില്ല. അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ അതിജീവന പ്രശ്നങ്ങളിലേക്കിറങ്ങിച്ചെല്ലാനും അവയ്ക്ക് പരിഹാരം കാണാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ അവള്‍ മുഴുകി. അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് അവര്‍ക്ക് ന്യായമായ വേതനവും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കുവാനായി തന്‍റെ എല്ലാ സ്വാധീനവും അവള്‍ ഉപയോഗപ്പെടുത്തി. അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയെന്ന നിലയില്‍ ജനകീയപ്രശ്നങ്ങളെ കണ്ടറിയാനും അവയെ പരിഹരിച്ചുകൊണ്ട് മുന്നേറാ നുമുള്ള അസാമാന്യമായ കഴിവും ഇച്ഛാശക്തിയും എവിറ്റ കാഴ്ചവച്ചു. എല്ലാ ദിവസവും ആശുപത്രികളും അനാഥാലയങ്ങളും തൊഴില്‍ശാലകളും സന്ദര്‍ശിക്കുന്നതിനും പാവപ്പെട്ടവരെ സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ കേട്ടറിയുന്നതിനുമായി നിരവധി മണിക്കൂറുകള്‍ അവള്‍ കരുതിവച്ചു. ഒരു അസാമാന്യ പ്രഭാഷക കൂടിയായിരുന്നു അവള്‍.

അര്‍ജന്‍റിനയില്‍ ആരോഗ്യവകുപ്പ് സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കാനും അതിന്‍റെ കീഴില്‍ സാധാരണക്കാര്‍ക്കായി നിരവധി ആശുപത്രികളും രോഗനിര്‍മ്മാര്‍ജ്ജന പദ്ധതികളുമൊക്കെ ആവിഷ്കരിക്കാനും അവള്‍ക്ക് കഴിഞ്ഞത് അര്‍ജന്‍റിനിയന്‍ ചരിത്രത്തിലെതന്നെ നിര്‍ണ്ണായകമായ ജനകീയ ഇടപെടലായി.

1947ല്‍ രൂപീകരിച്ച മരിയ ഈവ ദുവാര്‍തെ ഡി പെറൊണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഈവയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി. ട്രേഡ് യൂണിയനുകളില്‍ നിന്നും വ്യവസായികളില്‍നിന്നും കച്ചവടക്കാരില്‍ നിന്നുമൊക്കെ സംഭാവനയായും നിര്‍ബ്ബന്ധിച്ചുമൊക്കെ പണം പിരിച്ചുകൊണ്ട് രാജ്യത്തുടനീളം പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നുമൊക്കെ വിതരണം ചെയ്യാന്‍ ഈ സംഘടന മുന്നിട്ടിറങ്ങി. സമീപരാജ്യങ്ങളിലെ  ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കും ഈ സംഘടന സഹായമെത്തിച്ചു.

അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ പ്രശ്നങ്ങളില്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലുകളിലൂടെ സാധാരണക്കാരുടെയാകെ സ്നേഹവും പിന്തുണയും നേടിയെടുക്കാനും അത് രാജ്യം ഭരിക്കുന്ന പെറോണ്‍ ഗവണ്മെന്‍റിന് മുതല്‍ക്കൂട്ടാക്കാനും ഈവയ്ക്കായി. അത് നിരവധി ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ തന്‍റെ അദ്വിതീയമായ വ്യക്തിത്വവും കര്‍മ്മശേഷിയും കൊണ്ട് അവള്‍ ശത്രുക്കളെപ്പോലും തന്‍റെ ആരാധകരാക്കിമാറ്റുകയായിരുന്നു

അര്‍ജന്‍റിനിയന്‍ വനിതകള്‍ ആദ്യമായി വോട്ട് ചെയ്ത 1951ലെ ആ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുമ്പോഴാണ് താന്‍ കാന്‍സര്‍ ബാധിതയാണെന്ന വേദനിപ്പിക്കുന്ന സത്യം ഈവ മനസ്സിലാക്കുന്നത്. പിന്നെ അധികകാലമുണ്ടായിരുന്നില്ല. 1952ല്‍ തന്‍റെ ഭര്‍ത്താവിന്‍റെ രണ്ടാം അധികാരാരോഹണ ച്ചടങ്ങിലാണ് അവസാനമായി അവള്‍ പങ്കെടുത്തത്. പിറ്റേമാസം, 1952 ജൂലൈ 26 ന് ഈവ പെറോണ്‍ അന്തരിച്ചു. കേവലം 33 വയസ്സായിരുന്നു മരിക്കുമ്പോള്‍ അവള്‍ക്ക് പ്രായം. രാഷ്ട്രം അന്നുവരെ കണ്ടിട്ടില്ലാത്തത്ര വികാരതീവ്രവും ജനകീയവുമായ ഒരു അന്ത്യയാത്രയ്ക്കാണ് ബുണസ് അയേഴ്സ് സാക്ഷ്യം വഹിച്ചത്. സമൂഹത്തിന്‍റെ നാനാതുറകളിലുള്ള അതിസാധാരണക്കാരുള്‍പ്പെടുന്ന ജനതതി അവളെ ഒടുവിലായൊന്നു കാണാനും അന്ത്യാഭിവാദ്യമേകാനും അവിടേെക്കാഴുകിയെത്തി. മരണത്തിന് ആറുമാസം മുമ്പ് രാജ്യത്തിന്‍റെ ആത്മീയനേതാവ് എന്ന സവിശേഷ പദവി നല്‍കി അര്‍ജന്‍റിന അവളെ ആദരിച്ചിരുന്നു.

കഥയവിടെ കഴിഞ്ഞില്ല. 1955ല്‍ ഒരു സൈനിക നടപടിയെത്തുടര്‍ന്ന് ജുവാന്‍ പെറോണ്‍ അധികാരഭ്രഷ്ടനായി. മരിച്ചിട്ടും അവളെ അവര്‍ ഭയപ്പെട്ടു. ജനത്തെ സ്വാധീനിക്കുമെന്ന് ഭയന്ന് സൈനിക ഭരണകൂടം അവളുടെ എംബാം ചെയ്ത് സൂക്ഷിച്ചിരുന്ന മൃതശരീരം മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയി ഒളിപ്പിച്ചുവച്ചു. പിന്നീട് 1974 ല്‍ അത് കണ്ടെടുക്കുകയായിരുന്നു.

അതെ, ഈവ ഒരു രക്തനക്ഷത്രമായിരുന്നു. രാവും പകലും തിളങ്ങുന്ന രക്ത നക്ഷത്രം. അര്‍ജന്‍റിനയുടെ ഒരുപക്ഷേ ലോകത്തെല്ലായിടത്തുമുള്ള അതിസാധാരണക്കാരുടെ ഹൃദയാകാശങ്ങളില്‍ മരിച്ചിട്ടും  മരിക്കാതെ അവള്‍ പ്രചോദനത്തിന്‍റെ പ്രഭചൊരിയുന്നു. 

You can share this post!

വിശ്വാസിയും സോഷ്യല്‍മീഡിയ ഫോബിയയും

വിപിന്‍ വില്‍ഫ്രഡ്
അടുത്ത രചന

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
Related Posts