news-details
മറ്റുലേഖനങ്ങൾ

ഒരുവന്‍റെ സാധ്യതകളുടെ ലോകവും അവന്‍റെ ജ്ഞാനവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. ശരിക്കും ജ്ഞാനിയായ ഒരു മനുഷ്യന്‍റെ സാധ്യതകളുടെ ലോകം പരിധികളില്ലാത്തതാണ്. ഒരുവനിലെ ജ്ഞാനം എത്രമാത്രം ശുഷ്കമാണോ അത്രമാത്രം അവന്‍റെ സാധ്യതകളുടെ ലോകവും ശുഷ്കമായിരിക്കും.

 

താനെന്താണോ അതിനപ്പുറമുള്ള ഒന്നിനെക്കുറിച്ചും ജ്ഞാനിയല്ലാത്ത ഒരുവനു ചിന്തിക്കാനേയാവില്ല. ഉദാഹരണത്തിന്, പൂര്‍ണ്ണ സസ്യഭുക്കായ ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല എന്നതിന്‍റെ പേരില്‍ മാത്രം അങ്ങനെയൊരു സാധ്യതയെ ഞാന്‍ നിരാകരിച്ചാല്‍, അത്തരമൊരു വ്യക്തിയായിത്തീരാനുള്ള എന്‍റെ സാധ്യതയെത്തന്നെ ഞാന്‍ ഇല്ലാതാക്കുകയാണ്. ഞാന്‍ എന്നെ മതിലുകെട്ടി സംരക്ഷിക്കുകയാണ്. തന്‍റെ അറിവുകളുടെ മതിലിനപ്പുറത്തേയ്ക്ക് ഒരുവനെ നയിക്കുന്നത് ജ്ഞാനമാണ്. തനിക്കറിയാവുന്നതിനുമപ്പുറത്ത് യാഥാര്‍ത്ഥ്യമുണ്ടെന്നും, തന്‍റേതില്‍നിന്നും വ്യത്യസ്തമായരീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ജീവിക്കാനും ആകുമെന്നും അംഗീകരിക്കാന്‍ ഒരു ജ്ഞാനിക്കേ ആകൂ.

 

എന്‍റെ ജീവിതത്തില്‍ ഞാനത്  അനുഭവിച്ചില്ലെങ്കില്‍കൂടി അതിനെ ഒരു സാധ്യതയായിട്ടെങ്കിലും അംഗീകരിക്കാന്‍ എനിക്കാകേണ്ടതുണ്ട്. അതിനു നമുക്ക് ബൗദ്ധികമായ ഒരു വിനയഭാവം ഉണ്ടാകേണ്ടതുണ്ട്. ആ വിനയം ഉണ്ടെങ്കില്‍ എന്‍റെ അറിവിന്‍റെ പരിമിതകളെക്കുറിച്ച് ഞാന്‍ ബോധവാനാകും. എല്ലാമറിയാനുള്ള കഴിവില്ല എന്ന് ഞാന്‍ മനസ്സിലാക്കുമ്പോഴാണ് അനന്തസാധ്യതകളുടെ അനന്തലോകം എന്‍റെ മുമ്പില്‍ തുറക്കപ്പെടുക.

 

ഒരുവന്‍റെ ജ്ഞാനവും ഭാവനാവൈഭവവും തമ്മിലും ഗാഢമായ ബന്ധമുണ്ട്. ഒരുവന്‍റെ വര്‍ത്തമാനകാലത്തെ ഭൂതവും ഭാവിയുമായി ബന്ധിപ്പിക്കുന്നത് അവന്‍റെ ഭാവനാവൈഭവമാണ്. താനായിരിക്കുന്നതിനപ്പുറത്ത് ഇനി വരാനിരിക്കുന്നവയെക്കുറിച്ചുള്ള കാഴ്ചയാണ് ഭാവന. ഒരു കാര്യം ഇല്ലാത്തപ്പോഴും അതിനെ ഭാവനയില്‍ കാണുക, ഇനിയും വരാനുള്ളവയെക്കുറിച്ചു സങ്കല്‍പ്പിക്കുക - ഇതിനുള്ള കഴിവ് ഏറുംതോറും ഒരാളുടെ ജ്ഞാനവും ഏറിയിരിക്കും.

 

ഒരുകാര്യം  സംഭവിച്ചതിനുശേഷം അതിനെക്കുറിച്ച് വിലയിരുത്താന്‍ ജ്ഞാനത്തിന്‍റെ ആവശ്യമൊന്നുമില്ല, വെറും അറിവു മതി. പണി കഴിഞ്ഞ കെട്ടിടത്തെക്കുറിച്ച്, അവതരിപ്പിക്കപ്പെട്ട കലാപരിപാടിയെക്കുറിച്ച് ഒക്കെ അഭിപ്രായം പ്രകടിപ്പിക്കാന്‍ എത്രവേണമെങ്കിലും ആളുകളുണ്ട്. പക്ഷേ, ഒരു കെട്ടിടത്തിന്‍റെ പ്ലാന്‍ വരക്കാന്‍, ഒരു കലാപരിപാടി ആവിഷ്കരിക്കാന്‍ നമുക്ക് ഭാവനാ വൈഭവമുണ്ടാകണം. മുന്നേക്കൂട്ടി അതിനെ 'കാണാന്‍' കഴിയണം. ഇത്തരം 'കാഴ്ച'യുടെ അടിസ്ഥാനത്തിലാണ് ഒരുവന്‍ ആസൂത്രണം നടത്തുന്നത്. തൊട്ടടുത്തുള്ളതിനെ മാത്രമേ കാണാന്‍ ഒരുവനു കഴിവുള്ളൂ എങ്കില്‍ അവന്‍റെ വളര്‍ച്ച മുരടിച്ചു പോയിരിക്കും. സംസ്കാരം പുരോഗമിച്ചതും മാനവകുലം മുമ്പോട്ടു പോയതും ലോകമാകെ വികസിച്ചതും ഭാവനാവൈഭവമെന്ന ജ്ഞാനം ചിലരിലെങ്കിലും ഉണ്ടായിരുന്നതുകൊണ്ടാണ്.

ഇന്നില്‍ മാത്രം ജീവിക്കുന്നവരും മതിലുകള്‍ കെട്ടി സുരക്ഷിതരായിരിക്കുന്നവരും ഇന്നേറുകയാണ്. ചെറിയ കാഴ്ചകളുള്ള ചെറിയ മനുഷ്യര്‍. സ്വന്തം കുടുംബം, ഗ്രാമം, ജാതി, മതം, രാജ്യം... ഈ മതിലുകള്‍ക്കപ്പുറത്തേക്ക് പലരുടെയും കാഴ്ചകള്‍ നീളുന്നില്ല. ലോകം ആഗോളഗ്രാമമാകുമ്പോള്‍ ഇത്തരം മതിലുകളെ നാം തകര്‍ക്കേണ്ടതുണ്ട്. നമ്മുടെ സാധ്യതകളുടെ ചക്രവാളങ്ങളെ വികസിപ്പിക്കേണ്ടതുണ്ട്. ആഴത്തില്‍ ജ്ഞാനമുള്ള മനുഷ്യരായിത്തീരേണ്ടതുണ്ട്. അങ്ങനെ ആഗോളഗ്രാമത്തിലെ ഒരംഗമായി ഞാന്‍ മാറേണ്ടതുണ്ട്.

You can share this post!

പാരിജാതം പോലൊരു പെണ്‍കുട്ടി

ആന്‍റണി അല്‍ഫോന്‍സ് കപ്പൂച്ചിന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts